TopTop
Begin typing your search above and press return to search.

1997 ജനുവരി 19: യാസര്‍ അറാഫത്ത് ഹെബ്രോണില്‍ തിരിച്ചെത്തി

1997 ജനുവരി 19: യാസര്‍ അറാഫത്ത് ഹെബ്രോണില്‍ തിരിച്ചെത്തി

ഇസ്രായേലിനെതിരെ പോരാടുന്നതിന് പാലസ്തീന്‍ വിമോചന സംഘടനയിലെ (പിഎല്‍ഒ) ഒളിപ്പോരാളികള്‍ക്ക് പരിശീലനം നല്‍കി 32 വര്‍ഷങ്ങള്‍ക്ക് ശേഷം, 1997 ജനുവരി 19ന്, പാലസ്തീന്‍ അതോറിറ്റിയുടെ അദ്ധ്യക്ഷനായി യാസര്‍ അറാഫത്ത് ഹെബ്രോണിലേക്ക് മടങ്ങിയെത്തി. പുതുതായി വിഭജിക്കപ്പെട്ട നഗരത്തിലെ ജൂത താമസക്കാര്‍ക്ക് ആശ്വാസ സന്ദേശം നല്‍കാനും തന്റെ മടങ്ങിവരവില്‍ അറാഫത്ത് മറന്നില്ല. അദ്ദേഹത്തിന് വീരോചിതമായ വരവേല്‍പ്പ് നല്‍കാന്‍ ആയിരക്കണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങുകയും പാലസ്തീന്‍ പതാകകളാലും പിഎല്‍ഒ അദ്ധ്യക്ഷന്റെ ചിത്രങ്ങളാലും കെട്ടിടങ്ങളുടെയും ടെലിഫോണ്‍ പോസ്റ്റുകളുടെയും മുകളില്‍ കയറിയ യുവാക്കള്‍ ഉയര്‍ത്തിപ്പിടിച്ച 'ഞങ്ങള്‍ ഒരുപാടുകാലമായി നിങ്ങളെ കാത്തിരിക്കുന്നു,' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളാലും നഗരത്തെ പുതപ്പിക്കുകയും ചെയ്തു. എന്നാല്‍ തൊട്ട് മുമ്പത്തെ ആഴ്ച യുഎസ് മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പിലൂടെ നഗരത്തിന്റെ മറുവശത്ത് അവശേഷിച്ച ഇസ്രായേല്‍ നിയന്ത്രണ പ്രദേശത്ത് 100,000 പാലസ്തീനികള്‍ക്കിടയില്‍ ജീവിച്ച 400 ജൂത താമസക്കാര്‍, ഭീകരവാദത്തിന്റെ വിജയം എന്ന് പറഞ്ഞ് അരാഫത്തിന്റെ വിജയകരമായ മടങ്ങി വരവിനെ തള്ളിക്കളഞ്ഞു.

1993ലും 1995ലുമായി നോര്‍വെയിലെ ഓസ്ലോയില്‍ ഇസ്രായേലും പലസ്തീനുമായി നടന്ന സമാധാന ചര്‍ച്ചകളെ തുടര്‍ന്ന് പലസ്തീന്‍ സ്വയംഭരണത്തിന് കൈമാറപ്പെട്ട വെസ്റ്റ് ബാങ്കിലെ ഏഴ് പ്രധാന പട്ടണങ്ങളില്‍ അവസാനത്തേതായിരുന്നു ഹെബ്രോണ്‍. നേരത്തെ ഇസ്രായേല്‍ സൈനീക അധിനിവേശ കമാന്റിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പാലസ്തീന്റെ പുതിയ പൊലീസ് ആസ്ഥാനത്തിന്റെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് 'ഹെബ്രോണ്‍ ഒരു വിമോചിത നഗരമാണ്,' എന്ന് അരാഫത്ത് ഉറക്കെ പ്രഖ്യാപിച്ചു. പലസ്തീന് കൈമാറപ്പെടുന്നത് വരെയുള്ള 30 വര്‍ഷങ്ങളില്‍ പാലസ്തീന്‍ പ്രവര്‍ത്തകര്‍ ഏറ്റവും പേടിച്ചിരുന്ന തടവറകൂടിയായിരുന്നു കുന്നിന്‍പുറത്ത് നിലനിന്നിരുന്ന ഈ കെട്ടിടം. ഇസ്രായേലിന്റെ കൈവശമുള്ള കൂടുതല്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ച് ലഭിക്കുന്നതിനുള്ള തന്റെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അറബ് യുവാക്കള്‍ പലസ്തീന്‍ പതാക വീശുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നതിനിടയില്‍ ജറുസലേം തലസ്ഥാനമാക്കി കൊണ്ട് പലസ്തീന്‍ രാജ്യം സൃഷ്ടിക്കാനുള്ള തന്റെ സ്വപ്‌നം അദ്ദേഹം ആവര്‍ത്തിച്ചു. 'ഈ സ്വതന്ത്ര പലസ്തീന്‍ രാജ്യം സൃഷ്ടിക്കുന്നതിനായി ഒന്നിച്ച് അണിചേരാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു,' എന്ന് പിന്തുണയുമായി ജനക്കൂട്ടം ആര്‍പ്പുവിളിക്കുകയും ചൂളം വിളിക്കുകയും കൈയടിക്കുകയും ചെയ്യുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. 'ജറുസലേം എത്തുന്നത് വരെ നമ്മള്‍ പോരാട്ടം തുടരും.'

തൊട്ടു തലേയാഴ്ച, യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ പ്രത്യേക മധ്യേഷ്യന്‍ ദൂതന്‍ ഡെന്നീസ് റോസിന്റെ സഹായത്തോടെ ഹെബ്രോണില്‍ ദീര്‍ഘകാലം നീണ്ട ഇസ്രായേലി സേനവിന്യാസം അവസാനിപ്പിക്കാനും 80 ശതമാനത്തിലേറെ വരുന്ന നഗരപ്രദേശങ്ങള്‍ അറബി സ്വയംഭരണത്തിന് കൈമാറുന്നതിനും അറാഫത്തും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹും തമ്മില്‍ ധാരണയായിരുന്നു. ബാക്കിയുള്ള ജൂത സമൂഹം അവിടെ ഉള്ളവരല്ലെന്ന് പിഎല്‍ഒ നേതാവിന്റെ ചില സഹായികള്‍ പരസ്യമായി തന്നെ പറഞ്ഞെങ്കിലും, 'ഞങ്ങള്‍ ഒരു സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് കുടിയേറ്റക്കാരോട് ഞാന്‍ പറയുന്നു,' എന്ന ഒരു അനുനയ സന്ദേശമാണ് മുന്‍ ഗറില്ല നേതാവ് പുറപ്പെടുവിച്ചത്. 1965ലായിരുന്നു അദ്ദേഹം അവസാനമായി ഹെബ്രോണില്‍ എത്തിയത്. പലസ്തീന്‍ രാജ്യത്തെയോ വിഭജിത ജെറുസലേമിനെയോ അംഗീകരിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹ് തയ്യാറായിരുന്നില്ലെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍ ഇസ്രായേലുമായി ഒരു സുസ്ഥിര സമാധാന ഉടമ്പടി ഉണ്ടാക്കാനന്‍ അറാഫത്തിന് സാധിക്കുമെന്ന് ഭൂരിപക്ഷം പലസ്തീനികളും വിശ്വസിച്ചിരുന്നു.


Next Story

Related Stories