TopTop
Begin typing your search above and press return to search.

2.0 മറ്റൊരു ബാഹുബലിയല്ല; അതുക്കും മേലെയാണ്

2.0 മറ്റൊരു ബാഹുബലിയല്ല; അതുക്കും മേലെയാണ്

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ച എത്ര ഉയരത്തില്‍ എത്തിയെന്നു തെളിയിക്കുന്ന രണ്ടു ചിത്രങ്ങളായിരിക്കും ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം ഭാഗമായി 2.0 ഉം രാജമൗലി ചിത്രമായി ബാഹുബലിയുടെ രണ്ടാം ഭാഗവും. നിര്‍മാണ ചെലവുകൊണ്ടും മേക്കിംഗ് രീതികള്‍ കൊണ്ടുമെല്ലാം പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയവയായിരുന്നു യന്തിരനും ബാഹുബലിയും. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളുടെ തുടര്‍ഭാഗങ്ങള്‍ അറിഞ്ഞതിലും വലിയ അനുഭവങ്ങളായിരിക്കും നല്‍കുകയെന്ന് തീര്‍ച്ച.

ഇപ്പോള്‍ ഉയരുന്ന ചോദ്യം ബാഹുബലിയുടെ രണ്ടാംഭാഗമാണോ അതോ 2.0 ആണോ മുന്നില്‍ നില്‍ക്കുന്നതെന്നാണ്. രണ്ടും രണ്ടുതരത്തിലുള്ള ട്രീറ്റുമെന്റുകളായിരിക്കും പ്രേക്ഷകന് അനുഭവപ്പെടുന്നതെങ്കിലും പിന്നണി വാര്‍ത്തകള്‍ അറിഞ്ഞിടത്തോളം ബാഹുബലി രണ്ടാംഭാഗം അതിഗംഭീരമാണെങ്കില്‍ അതുക്കുംമേലെയാണ് ശങ്കറിന്റെ 2.0. അതിനു ചില കാരണങ്ങളുണ്ട്.

ബോളിവുഡിന്റെ ഖിലാഡി
2.0 ലെ നായകന്‍ രജനികാന്ത് ആണെങ്കിലും രജനിയോളം തന്നെ ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രമായി വരുന്നതു ബോളിവുഡിന്റെ സ്വന്തം ഖിലാഡിയും ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളുമായ അക്ഷയ് കുമാറാണ്. ഈ സിനിമ അക്ഷയ് കുമാറിന്റെതാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങില്‍ രജനികാന്ത് തന്നെ പറഞ്ഞിരുന്നു. 2.0 എന്നാല്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രമായ ഡോക്ടര്‍ റിച്ചാര്‍ഡ് ആണ്. നായകന്മാര്‍ ടൈറ്റില്‍ കഥാപാത്രമായി വരുന്ന സിനിമകള്‍ നിരവധി ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു വലിയ താരം വില്ലനും ഒരേസമയം ടൈറ്റില്‍ കഥാപാത്രവുമായി വരുന്ന ആദ്യസിനിമയായിരിക്കും 2.0. ആദ്യമായൊരു തമിഴ് സിനിമ ചെയ്യാന്‍ അക്ഷയ് തയ്യാറായതു തന്നെ ഈ സിനിമയും കഥാപാത്രവും എത്രമേല്‍ അദ്ദേഹത്തെ ആകര്‍ഷിച്ചിരിക്കുന്നു എന്നതിനു തെളിവാണ്. 2.0 യുടെ രചയിതാവായ ജയമോഹന്‍ പറയുന്നത് അക്ഷയ് കുമാറിന്റെ കഥാപാത്രം ക്രിസ്റ്റഫര്‍ നോളന്റെ ബാറ്റ്മാന്‍ ബഡീസ്, ജോക്കര്‍, ബാനെ എന്നിവയിലെ കഥാപാത്രങ്ങളോട് തുല്യം നില്‍ക്കുന്നതെന്നാണ്. ഈ സിനിമയില്‍ അക്ഷയിന്റെ കോസറ്റിയൂം ഇതിനകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു. ഒരു ദിവസവും ആറു മണിക്കൂറാണ് കോസ്റ്റിയുമിനും മേക്കപ്പിനും വേണ്ടി അക്ഷയ് ചെലവഴിച്ചിരുന്നത്.ബഡ്ജറ്റ് അതുക്കുമേലെ
ചരിത്രകഥ പറഞ്ഞ ബാഹുബലി നിരവധി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ചിരുന്നു. അവയില്‍ പ്രധാനം അതിന്റെ ബഡ്ജറ്റ് ആയിരുന്നു. 250 കോടി മുടക്കിയ എടുത്ത സിനിമ ഇന്ത്യയില്‍ അതുവരെ ഉണ്ടായവയില്‍വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. മുടക്കു മുതലിന്റെ ഇരട്ടി തിരിച്ചുപിടിച്ചെന്നുമാത്രമല്ല, മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ നിരവവധി അവാര്‍ഡുകളും അന്താരാഷ്ട്രതലങ്ങളില്‍ തന്നെ വമ്പന്‍ സ്വീകര്യത ഉണ്ടാക്കുകയും ചെയ്തു.

എന്നാല്‍ ബാഹുബലിയുടെ ഒരു റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് പുതിയ ചരിത്രം രചിക്കുകയാണ് ശങ്കറിന്റെ 2.0. ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 350 കോടിയാണ്. ഇത്രയും തുക ചെലവഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒത്തിരി അത്ഭുത കാഴ്ചകള്‍ പ്രേക്ഷകനെ കാത്തിരിപ്പുണ്ടെന്നു തന്നെ വിശ്വസിക്കാം.

വിഎഫ്എക്‌സ്; ഹോളിവുഡ് ലെവല്‍
ബാഹുബലിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ അതിഗംഭീരമായ വിഎഫ്എക്‌സ് ആയിരുന്നു. ലോകത്തിന്റെ പലകോണുകളിലുള്ള പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ച ഘടകവും ബാഹുബലിയിലെ വിഎഫ്എക്‌സ് തന്നെയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായിട്ടായിരുന്നു ഇത്ര മനോഹരമായ വിഷ്വല്‍ എഫക്ടസ് ഉപയോഗിച്ചത്.

എന്നാല്‍ 2.0 വിഎഫ്എക്‌സിന്റെ കാര്യത്തില്‍ ഹോളിവുഡ് ലെവലില്‍ നില്‍ക്കുന്നതാണെന്നാണു വാര്‍ത്തകള്‍ വരുന്നത്. അതായത്, ബാഹുബലിയില്‍ കണ്ടതിനേക്കാള്‍ വലുത്. ബാഹുബലിയിലും യന്തിരനിലും പ്രവര്‍ത്തിച്ച വിഎഫ്എക്‌സ് ഡിസൈനര്‍ വി ശ്രീനിവാസ് മോഹന്‍ തന്നെയാണ് 2.0 ലും വിഷ്വല്‍ എക്ട്‌സ് കൈകാര്യം ചെയ്യുന്നത്. ബാഹുബലിയിലൂടെ ശ്രീനിവാസ് ദേശീയ പുരസ്‌കാരം നേടിയിരുന്നു.അടി തനി ഹോളിവുഡ് സ്‌റ്റൈല്‍
ബാഹുബലിയിലെ യുദ്ധരംഗങ്ങള്‍ പ്രേക്ഷകനെ അമ്പരിപ്പിച്ചെങ്കില്‍ 2.0 ലെ അടി കോരിത്തരിപ്പിക്കുമെന്ന് ഉറപ്പ്. കാരണം ഈ സിനിമയില്‍ സംഘട്ട സംവിധാനം നിര്‍വഹിക്കുന്നയാള്‍ ചില്ലറക്കാരനല്ല. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ കെന്നി ബേറ്റ്‌സ് ആണ്. കെന്നി ചെയ്ത മൂന്നു ചിത്രങ്ങളുടെ പേര് കേട്ടാല്‍ പിന്നെ കൂടുതലൊന്നും ചോദിക്കാന്‍ നില്‍ക്കില്ല ആരും. ആ ചിത്രങ്ങള്‍ ഇവയാണ്- പേള്‍ ഹാര്‍ബര്‍, ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, ഡൈ ഹാര്‍ഡ്.

ഈ കാര്യങ്ങളൊക്കെ തന്നെയാണ് ശങ്കര്‍-രജനി-അക്ഷയ് കുമാര്‍ ചിത്രമായ 2.0 ബാഹുബലിയെക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുമെന്ന തോന്നല്‍ പ്രേക്ഷകരില്‍ നിറയ്ക്കാന്‍ കാരണം. ഇതിനെല്ലാം ഒപ്പം സാക്ഷാല്‍ എ ആര്‍ റഹ്മാന്റെ സംഗീതവും കൂടി ചേരുമ്പോള്‍ പ്രതീക്ഷകള്‍ക്ക് വലിപ്പം വര്‍ദ്ധിക്കുകയേയുള്ളൂ. തന്റെ സംഗീതജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു 2.0 ന്നു റഹ്മാന്‍ പറഞ്ഞതുമാണ്. എന്തായാലും കാത്തിരിക്കാം ഒരു അത്ഭുതതതിനായി.


Next Story

Related Stories