TopTop
Begin typing your search above and press return to search.

ആളൊഴിഞ്ഞ യുഡിഎഫ് കപ്പലില്‍ നിന്നു ചില ഏറുപടക്കങ്ങള്‍

ആളൊഴിഞ്ഞ യുഡിഎഫ് കപ്പലില്‍ നിന്നു ചില ഏറുപടക്കങ്ങള്‍

അഴിമുഖം പ്രതിനിധി

ഏതാണ്ട് പൂട്ടിക്കെട്ടി തുടങ്ങിയ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് പരിണാമ ഗുപ്തി കൈവരുമെന്ന് തോന്നിയ സമയത്താണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇമ്മിണി വലിയൊരു സംഘം സീറ്റ് വേട്ടയുമായി രംഗത്ത് എത്തിയത്. ഇവരെ തള്ളാനും കൊള്ളാനും ആകാതെ സിപിഐഎം നില്‍ക്കുമ്പോള്‍ ഘടകകക്ഷികള്‍ പറയുന്നത് വളരെ കിറുകൃത്യമായ കാര്യമാണ്. അട്ടിപ്പേറ്റില്‍ കിടന്ന് തെരഞ്ഞെടുപ്പ് ആയപ്പോള്‍ ചാടി വരുന്നവനെ കൂട്ടത്തില്‍ കൂട്ടിയാല്‍ പണ്ട് അറബി ഒട്ടകത്തിന് സ്ഥലം കൊടുത്ത അവസ്ഥ വരുമെന്നാണ് കൂട്ടത്തില്‍ ചെറുതായി പോയ സിപിഐയും മറ്റുള്ളവരും പറയുന്നത്. ഇതിനിടയില്‍ പുതിയൊരു പ്രത്യാശ നക്ഷത്രവുമായി ജോണി നെല്ലൂരും രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവാണ്. ടി എം ജേക്കബ് മരിച്ചതിനുശേഷം അടുത്തകാലം വരെ പാര്‍ട്ടി നോക്കി നടത്തി പരിപാലിച്ചിരുന്ന ഇയാളും ടിഎം ജേക്കബിന്റെ പുത്രനും മന്ത്രിയുമായ അനൂപ് ജേക്കബും തമ്മില്‍ അത്ര സ്വരചേര്‍ച്ചയില്ലെന്നാണ് കേള്‍ക്കുന്നത്. ഇതാകട്ടെ അനൂപിനെ മന്ത്രിയാക്കിയ കാലം മുതല്‍ വകുപ്പിന്റെ മേല്‍നോട്ടം കൈയാളാനും വിളവ് കൊയ്യാനും ശ്രമിക്കുകയും തന്നെ കുറ്റവാളിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്ന അനൂപിന്റെ കുടുംബ വിചാരങ്ങളില്‍ നിന്ന് ഉയരുന്ന ചില പ്രശ്‌നങ്ങളുമാണ്.

ജോണി നെല്ലൂരിന്റെ പ്രശ്‌നം വളരെ വലുതാണ്. ടിഎം ജേക്കബ് ജീവിച്ചിരുന്ന കാലത്ത് മൂവാറ്റുപ്പുഴയില്‍ നിന്നും മത്സരിച്ചു ജയിച്ച ജോണി നെല്ലൂര്‍ ടി എം ജേക്കബിന്റെ കാലഘട്ടത്തില്‍ തന്നെയാണ് കോണ്‍ഗ്രസിനും യുഡിഎഫിനും വിധേയനായി അങ്കമാലി സീറ്റിലേക്ക് മാറ്റപ്പെട്ടത്. ജോസ് തെറ്റയിലിനോട് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടു എങ്കിലും ജോണി അന്നു മുതല്‍ അങ്കമാലി തന്നെ ശരണം എന്ന് വച്ച് പിടിച്ചു നടന്നയാളാണ്. ഇന്നിപ്പോള്‍ യുഡിഎഫുമായി തുടര്‍ സഹകരണം ഇല്ലെന്ന് പറയുമ്പോഴും ജോണി പറയുന്നതില്‍ ഒരു വാസ്തവം ഉണ്ട്.

അങ്കമാലിയില്‍ തോറ്റുപോയെങ്കിലും തുടര്‍ന്ന് അങ്ങോട്ട് അവിടെയൊരു തുടര്‍ മേല്‍വിലാസവും വോട്ടര്‍ പട്ടികയില്‍ പേരും ഉറപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പ് കാലം വരെ കാത്തിരിക്കുകയായിരുന്നു ജോണി. അങ്കമാലി തരുന്നില്ലെങ്കില്‍ തന്റെ പഴയ മൂവാറ്റുപുഴ സീറ്റെങ്കിലും വേണമെന്ന ജോണിയുടെ ആവശ്യം പരിഗണിക്കപ്പെടാതെ വന്നപ്പോഴാണ് ഗാന്ധിയന്‍ മുറയായ നിസ്സഹകരണ പ്രസ്ഥാനവുമായി ജോണി ഇന്ന് പത്ര മാധ്യമങ്ങളെ കണ്ടത്. ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചുവെന്നും തുടര്‍ന്നിനി യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ജോണി പറയുമ്പോള്‍ രാജിക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് അനൂപിന്റെ പ്രതികരണം. ഇതില്‍ നിന്ന് തന്നെ കേരള കോണ്‍ഗ്രസ് ജേക്കബ് വണ്ടി യുഡിഎഫ് കാരവനില്‍ എവിടെയാണ് കൊളുത്തുകയെന്ന സംശയം ബലപ്പെടുന്നു.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ ജയിച്ച എല്ലാ ഘടകകക്ഷികള്‍ക്കും ഓരോ മന്ത്രി സ്ഥാനം വീതം നല്‍കാനുള്ള ഔദാര്യവും സന്മനസ്സും പുതുപ്പള്ളിക്കാരന്‍ ഉമ്മന്‍ചാണ്ടി കല്‍പ്പിച്ചു നല്‍കിയിരുന്നു. അങ്ങനെ ജേക്കബ് മന്ത്രിയായ ഇടത്ത് മകന്‍ അനൂപ് മന്ത്രിയാകുന്നതിന് എതിരെ ചില്ലറ സ്പാനറുകളുമായി ജോണി രംഗത്ത് ഇറങ്ങിയെങ്കിലും അന്നത് ഫലം കണ്ടില്ല.

മറ്റൊരു കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിള്ളയാകട്ടെ മകന്‍ മന്ത്രിക്ക് എതിരെ പണിയാവുന്ന പാരകളൊക്കെ പണിഞ്ഞ് ഇപ്പോള്‍ അസ്വസ്ഥനായി നില്‍ക്കുകയാണ്.

ജോണിയുടെ ആവശ്യം യുഡിഎഫ് എങ്ങനെ പരിഗണിക്കും എന്നത് ഇനിയും വ്യക്തമല്ല. അങ്കമാലി സീറ്റ് കിട്ടാനുള്ള സാധ്യത നന്നേ കുറവാണ്. മൂവാറ്റുപ്പുഴയില്‍ മത്സരിച്ച് ജയിച്ച ജോസഫ് വാഴയ്ക്കന്‍ ആ സീറ്റ് ഒഴിഞ്ഞാല്‍ മാത്രമേ അവിടേയും ഒരു സാധ്യതയുള്ളൂ. തിരുവമ്പാടിയില്‍ കാര്യങ്ങള്‍ മൂത്ത് കുഴഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കെ ഉമ്മര്‍ മാസ്റ്ററെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി, ചെന്നിത്തല, സുധീര ത്രയം കനിഞ്ഞ് നല്‍കുന്ന മറ്റു ചില സീറ്റുകള്‍ ഒരു പക്ഷേ, ജോണി പാര്‍ട്ടിക്ക് കിട്ടികൂടായ്കയില്ല.

ആളൊഴിഞ്ഞുപോയ ഒരു കപ്പലാണ് യുഡിഎഫ്. എന്നിട്ടും പ്രശ്‌നങ്ങള്‍ ഒടുങ്ങുന്നില്ലെന്നതാണ് ഏറ്റവും വലിയ തമാശ. സ്വന്തം നേതാക്കള്‍ക്ക് സിന്ദാബാദ് വിളിക്കാന്‍ നാലാളെ കൂട്ടാന്‍ പറ്റാത്ത ഞാഞ്ഞൂല്‍ പാര്‍ട്ടികള്‍ യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കികൊണ്ടിരിക്കുകയാണ്. രാജ്യസഭാ സീറ്റ് ലഭിച്ചതു കൊണ്ട് എം പി വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി കൂടുതല്‍ ബുദ്ധി മോശം കാട്ടാന്‍ ഇടയില്ല. പക്ഷേ ആര്‍ എസ് പി ഉണ്ടാക്കുന്ന വണ്ടിയും വലിയും കോണ്‍ഗ്രസിന് തീരെ സുഖിക്കുന്നില്ല. ഷിബു ബേബി ജോണ്‍ കൂടി ചേര്‍ന്ന ആര്‍ എസ് പിക്ക് കൂടുതല്‍ സീറ്റുവേണമെന്നാണ് അവരുടെ വാദം. അതും യുഡിഎഫിന്റെ കെയറോഫില്‍ വിജയിക്കാന്‍ പറ്റുന്ന സീറ്റുകള്‍.

സത്യത്തില്‍ അഭയാര്‍ത്ഥികള്‍ കയറിക്കൂടിയിട്ടുള്ള എല്‍ ഡി എഫ് കപ്പല്‍ കണ്ട് യുഡിഎഫ് നേതാക്കള്‍ ചിരിക്കുന്നുണ്ടാകും.


Next Story

Related Stories