TopTop
Begin typing your search above and press return to search.

പിന്നില്‍ കുത്തുകാരുടെ സ്വന്തം കോട്ടയം

പിന്നില്‍ കുത്തുകാരുടെ സ്വന്തം കോട്ടയം

സന്ദീപ് വെള്ളാരംകുന്ന്

തെരഞ്ഞെടുപ്പ് അടുത്തതോടെ മീനച്ചൂടിനൊപ്പം കോട്ടയത്തിന്റെ രാഷ്ട്രീയ ചൂടും വര്‍ദ്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ധനമന്ത്രി കെ എം മാണിയും ഉള്‍പ്പടെയുള്ള പ്രമുഖരുടെ മണ്ഡലം എന്ന നിലയില്‍ ശ്രദ്ധാ കേന്ദ്രം കൂടിയാണ് കോട്ടയം ജില്ല. എങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പ്രതിസന്ധിയുടെ നടുക്കയത്തില്‍ ഉഴലുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനു ഭീഷണി ഉയര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടതും റബര്‍ വിലയിടിവും കത്തോലിക്കാ സഭയുടെ ഇടപെടലുകളുമൊക്കെ ഇത്തവണ കോട്ടയം ജില്ലയുടെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കുകയെന്നുറപ്പാണ്.

കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, പാല, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി,ഏറ്റുമാനൂര്‍ എന്നീ ഒന്‍പതു നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്. അഞ്ചു നിയമസഭാ മണ്ഡലങ്ങള്‍ കൈവശമുള്ള കേരളാ കോണ്‍ഗ്രസ് എമ്മാണ് ജില്ലയിലെ പ്രബല കക്ഷി. വൈക്കം മണ്ഡലത്തിലെ സിപിഐ എംഎല്‍എയായ കെ അജിത്തും, ഏറ്റുമാനൂര്‍ എംഎല്‍എയായ സുരേഷ് കുറുപ്പുമാണ് ഇടുതുമുന്നണിയുടെ പ്രതിനിധികള്‍. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് കൈവശം വയ്ക്കുന്നു. കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയായി മത്സരിച്ചു ജയിക്കുകയും പിന്നീട് പാര്‍ട്ടിയില്‍ നിന്നു പുറത്താകുകയും എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്ത പിസി ജോര്‍ജ് നിലവില്‍ ജില്ലയില്‍ അനാഥനായ പ്രബല രാഷ്ട്രീയക്കാരനാണ്.

കോട്ടയം മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവുമെന്ന് ഏകദേശം ഉറപ്പിക്കാം. ഇതിനൊപ്പം കേരളാ കോണ്‍ഗ്രസില്‍ നിന്നു പൂഞ്ഞാര്‍ സീറ്റു കൂടി ഏറ്റെടുക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്. ബാര്‍ കോഴ ഇടപാടിലെ അന്വേഷണത്തില്‍ ഇരട്ട നീതിയെന്ന പരിഭവം ഇനിയും മറന്നിട്ടില്ലാത്ത കേരള കോണ്‍ഗ്രസ് എമ്മുകാര്‍ തിരിഞ്ഞു കുത്തുമോയെന്ന പേടിയും കോണ്‍ഗ്രസിനുണ്ട്.

നിലവില്‍ ദുര്‍ബലാവസ്ഥയിലായ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇതിനെ എത്രത്തോളം പ്രതിരോധിക്കാനാവുമെന്നു കാത്തിരുന്നു കാണേണ്ടി വരും.

കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികളായി പാലായില്‍ കെ എം മാണിയും, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും, ചങ്ങനാശേരിയില്‍ സിഎഫ് തോമസും, കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും, ഏറ്റുമാനൂരില്‍ തോമസ് ചാഴിക്കാടനും സ്ഥാനാര്‍ഥികളാവാനാണ് സാധ്യത. ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു വ്യക്തതയൊന്നും വന്നിട്ടില്ല.

യുഡിഎഫിന്റെ പ്രതിസന്ധിയില്‍ നിന്ന് വോട്ടും അതിലൂടെ മണ്ഡലങ്ങളും കൊയ്‌തെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കൂടാതെ ഒറ്റയാനായ പൂഞ്ഞാര്‍ പുലി പി സി ജോര്‍ജ്ജിന്റെ കൂട്ടും മൈലേജ് നല്‍കും. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ് സ്ഥാനാര്‍ഥിയായേക്കുമെന്നത് മാത്രമാണ് ഉറപ്പിക്കാവുന്ന സ്ഥാനാര്‍ത്ഥിത്വം. വൈക്കത്തെ സിറ്റിംഗ് എംഎല്‍എയും സിപിഐ പ്രതിനിധിയുമായ കെ അജിത്തിന്റെ സീറ്റിന്റെ കാര്യത്തില്‍ പോലും ഇത്തവണ ഉറപ്പില്ല താനും. കോട്ടയത്തു വൈക്കം വിശ്വനോ, വിഎന്‍ വാസവനോ സ്ഥാനാര്‍ഥിയായേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകള അപേക്ഷിച്ച് ഇത്തവണ ശക്തമായ പോരാട്ടം നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ബിജെപിയാകട്ടെ പരമാവധി മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ഥികളെ ഇറക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുമെന്നുറപ്പാണ്. കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗവും വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലുള്ളത് വോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അവര്‍. എസ് എന്‍ ഡി പിക്ക് കോട്ടയം ജില്ലയിലുള്ള സ്വാധീനത്തെ മറ്റു പാര്‍ട്ടികള്‍ക്ക് കുറച്ചു കാണാനാകില്ല. ഇരുപാര്‍ട്ടികള്‍ക്കും ബിജെപി സീറ്റുകള്‍ നല്‍കും.

ജില്ലയിലെ പ്രധാന ശക്തിയായ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ നിയമസഭാ തെരഞ്ഞെടുപ്പ് അഗ്നി പരീക്ഷയായിരിക്കും. ബാര്‍ കോഴയില്‍ അകപ്പെട്ട് മുന്നണി ചെയര്‍മാന്‍ കെ എം മാണി തന്നെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജും വക്കച്ചന്‍ മറ്റത്തിലും മുന്‍ എംഎല്‍എ പിസി ജോസഫും ആന്റണി രാജുവും ഉള്‍പ്പെട്ട ഒരു സംഘം പാര്‍ട്ടി വിട്ടത്. ഇതോടൊപ്പം പാര്‍ട്ടിയില്‍ നിന്നുള്ളവരുടെ കൊഴിഞ്ഞുപോക്കു തുടരുകയും ചെയ്യുന്നു. കേരളാ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ഇടതു മുന്നണിയാകട്ടെ ഇതില്‍ നിന്നു പരമാവധി നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലുമാണ്. ഇതോടൊപ്പം റബര്‍ വിലയിടിവു പരിഹരിക്കാന്‍ ഒന്നും ചെയ്തില്ലെന്ന കര്‍ഷക രോഷവും റബറിന്റെ കേന്ദ്രമായ കോട്ടയം ജില്ലയിലെ കര്‍ഷകരില്‍ നിന്നുണ്ടാകുമെന്നുറപ്പാണ്. മാണിയുടെ പല്ലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നുവെന്ന് അവര്‍ക്ക് തെളിയിക്കേണ്ടി കൂടിയിരിക്കുന്നു.

ജോസ് കെ മാണി നടത്തിയ റബര്‍ സമരം ഉള്‍പ്പടെയുള്ളവ പരിഹാസ്യമായി മാറിയ സാഹചര്യത്തില്‍ റബറും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നീറുന്ന വിഷയമാണെന്നുറപ്പാണ്.

ഇതോടൊപ്പം ജോബ് മൈക്കിള്‍ ഉള്‍പ്പടെയുള്ളവര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതും ഇനിയൊരു വെല്ലുവിളി നേരിടാന്‍ തക്കവണ്ണം പാര്‍ട്ടിയുടെ ശക്തി ചോര്‍ന്നതും കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചു പരീക്ഷണങ്ങളാണ്. ഒരു വിഭാഗം പാര്‍ട്ടി വിട്ടിട്ടും ജോസഫ് മാത്രം കേരളാ കോണ്‍ഗ്രസില്‍ തുടരുന്നതും ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നുണ്ട്. പിജെ ജോസഫ് മനസുകൊണ്ടു തങ്ങള്‍ക്കൊപ്പമാണെന്നും വരും നാളുകളില്‍ കൂടുതല്‍ പേര്‍ കേരളാ കോണ്‍ഗ്രസില്‍ നിന്നു പുറത്തുവരുമെന്നുമുള്ള പാര്‍ട്ടി വിട്ടവരുടെ പ്രസ്താവനകള്‍ മാണിയുടെയും ജോസ് കെ മാണിയുടെയും നെഞ്ചിടിപ്പു കൂട്ടുന്നതാണ്.

കത്തോലിക്കാ സഭയുടെ ഇടപെടലാണ് കോട്ടയം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥയെ കുറച്ചെങ്കിലും സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകം. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി രൂപതയുടെ ആശിര്‍വാദത്തോടെ ജോയ്‌സ് ജോര്‍ജിനെ എംപിയാക്കിയ മാതൃകയില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലും ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പാലായില്‍ ഡിജോ കാപ്പനെയും പൂഞ്ഞാറില്‍ ജോര്‍ജ് മാത്യുവിനെയും ഇടതു സ്ഥാനാര്‍ഥികളാക്കാന്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ എത്രകണ്ടു വിജയിക്കുമെന്നതു മാത്രം കാത്തിരുന്നു കാണേണ്ടി വരുമെന്നു മാത്രം.

ഫോട്ടോ: ജോമോന്‍ ജോര്‍ജ്ജ്

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories