TopTop
Begin typing your search above and press return to search.

24; സൂര്യയുടെ അടിതടകള്‍ക്ക് വേണ്ടി ഒരു സയന്‍സ് ഫിക്ഷന്‍

24; സൂര്യയുടെ അടിതടകള്‍ക്ക് വേണ്ടി ഒരു സയന്‍സ് ഫിക്ഷന്‍

വിക്രം കുമാറിന്റെ 24 സൂര്യയുടെ സയൻസ് ഫിക്ഷൻ സിനിമ എന്ന രീതിയിലാണ് ആദ്യം വാർത്തയിൽ നിറഞ്ഞത്. ഇന്ത്യൻ ജനപ്രിയ സിനിമ അധികം കൈവെച്ചിട്ടില്ല സയൻസ് ഫിക്ഷനിൽ. കാട്, മിസ്റ്റർ ഇന്ത്യ, തൂഫാൻ തുടങ്ങിയവ ആയിരുന്നു അത്തരം വിഷയങ്ങള്‍ പറഞ്ഞ മുന്നേ ശ്രദ്ധ നേടിയ സിനിമകൾ. കോയി മിൽ ഗയ, കൃഷ്‌, യന്തിരൻ, പോലുള്ള വൻകിട പടങ്ങളും അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത പരീക്ഷണ ചിത്രങ്ങളും ഒക്കെ ചേർത്ത് ആകെ 60 ഓളം സയൻസ് ഫിക്ഷൻ പടങ്ങളെ എല്ലാ പ്രാദേശിക ഭാഷകളിലും ചേർന്ന് ഇറങ്ങിയിട്ടുള്ളൂ എന്ന് കണക്കുകൾ. സൂര്യ തന്നെ അഭിനയിച്ച സയൻസ് ഫിക്ഷൻ പടമായിരുന്നു ഏഴാം അറിവ്. ആ പടവുമായി ഒരു തരത്തിലും സാമ്യം ഇല്ലാതെ ഒരു വിനോദ ചിത്രം ഒരുക്കുക എന്നതായിരുന്നു വിക്രം കുമാറിന് നേരിടേണ്ടി വന്ന വെല്ലുവിളി.

സ്വാമിനാഥൻ (സൂര്യ) ഒരു ശാസ്ത്രജ്ഞന്‍ ആണ്. അയാളുടെ പ്രമാദമായ പരീക്ഷണമാണ് പ്രൊജക്റ്റ്‌ 24. സമയത്തെ പിടിച്ചു നിർത്താൻ കഴിവുള്ള ഒരു വാച്ച് ആണത്. ഈ കണ്ടുപിടുത്തം വിജയിച്ചതിന്റെ സന്തോഷം ഭാര്യ പ്രിയയും (നിത്യ മേനോൻ) കൈക്കുഞ്ഞ് മണിയും ആയി പങ്കു വെക്കുന്നതിനിടയിലാണ് വില്ലനും സ്വാമിനാഥന്റെ ഇരട്ട സഹോദരനും ആയ ആത്രേയൻ (സൂര്യ തന്നെ) ആ വാച്ച് തട്ടിയെടുക്കാൻ എത്തുന്നതും അപ്രീക്ഷിത ദുരന്തങ്ങൾ ഉണ്ടാവുന്നതും. 1990 മുതൽ 2016 വരെ ഉള്ള കാലത്ത് അവർ നാലു പേരുടെ ജീവിതത്തിലൂടെ ആണ് സിനിമ നീങ്ങുന്നത് എന്ന് പറയാം. ടൈം ട്രാവലിംഗ് പോലുള്ള വളരെ വിശാലമായ ഒരു ആശയത്തെ ഈ കഥയോട് കൂട്ടി ചേർത്തിരിക്കുന്നു. കാലം സിനിമയിൽ പല രീതിയിൽ മുന്നോട്ടും പിന്നോട്ടും നീങ്ങുന്നു, ചിലപ്പോഴൊക്കെ സമയസൂചി നില്ക്കുക വരെ ചെയ്യുന്നു.ഒരു സയൻസ് ഫിക്ഷൻ എന്ന രീതിയിൽ സിനിമ വിജയിച്ചോ എന്ന് അന്വേഷിച്ചാൽ സമയത്തെ പിടിച്ചു നിർത്തുക എന്നതിനേക്കാളും സമയത്തെയും അടി തടകളുടെ കൂടെ നായകന് വേണ്ടി കൊണ്ടുവരിക എന്ന ദൌത്യമാണ് 24 ചെയ്യുന്നത്. ഇന്ത്യയിലെ പോപ്പുലർ സിനിമകളിൽ സയൻസ് ഫിക്ഷനുകളിൽ സാധാരണ കാണുന്ന അതിവൈകാരികത 24 ലും ഉണ്ട്. അച്ഛൻ സൂര്യ, മകൻ സൂര്യ, വില്ലൻ സൂര്യ ഇവരുടെ അനുചരരും ദാസരും എന്ന് ഈ സിനിമയിലെ കഥാപാത്രങ്ങളെ ചുരുക്കി എഴുതാം. ഇടക്ക് പാട്ടിനും കാഴ്ചക്കും വേണ്ടി സാമന്ത വരുന്നുണ്ട്. സൂര്യക്ക് പുറമേ സിനിമയിൽ ഇത്തിരിയെങ്കിലും ചെയ്യാനുള്ളത് ശരണ്യയുടെ വളർത്തമ്മക്കും അജയ്യുടെ മിത്രനും ആണ്. സമയ ദൂരങ്ങളെ വരുതിയിലാക്കുന്ന നായകൻ ചെയ്യുന്നത് നായികയെ വളക്കുക, അന്തർദേശിയ ക്രിക്കറ്റ്‌ മത്സരത്തിൽ പന്ത് സിക്സ് ലൈൻ ലൈനിൽ എത്തിക്കുക ഒക്കെയാണ്. പ്രൊജക്റ്റ്‌ 24 കേവലാനന്ദത്തിനുള്ള ഉപാധിയാണ് നായകന്. നമുക്കും അത്തരം ഒരു ആനന്ദം പകർന്നു തരിക എന്നതാണ് 24 ന്റെ ലക്‌ഷ്യം.

24 എന്ന സിനിമയെ സയൻസ് ഫിക്ഷൻ എന്ന രീതിയിൽ നോക്കാതെ ഒരു സൂര്യ സിനിമ എന്ന രീതിയിൽ നോക്കിയാൽ തല്ലിന് തല്ലും മസാലക്കു മസാലയും സസ്പെന്സിനു സസ്പെന്സും എല്ലാം ചേർന്ന ഒരു ടോട്ടൽ അവധിക്കാല പാക്കേജ് ആണ് 24. ഇതേ പ്രമേയത്തിൽ കഴിഞ്ഞ കൊല്ലം റിലീസ് ആയ ഇന്ദ്രു നെട്രു നാളെയുമായി സാമ്യം ഉണ്ടെങ്കിലും മാസ്സ് പടം എന്ന രീതിയിൽ 24 മുന്നില് നില്ക്കുന്നു. സമയത്തെ പിടിച്ചു നിർത്തുക എന്നതല്ല സമയത്തെയും നായകന് കീഴ്പെടുത്തുക എന്നതാണ് 24 ന്റെ ലക്‌ഷ്യം. അത്തരം ഒരു ലക്‌ഷ്യം ഇന്ത്യൻ പോപ്പുലർ സിനിമക്ക് മാത്രം സാധ്യമായ ഒന്നാണ്. അതും ഇന്നോവേറ്റീവ് ആണ് ഒരു തരത്തിൽ പറഞ്ഞാൽ. തല്ലിയും കൊന്നും സൃഷ്ടിക്കുന്ന അതിശയോക്തികൾക്കൊപ്പ0 താരതമ്യേന അതിക്രമം കുറഞ്ഞ ഒന്ന്.

ഒരു ശാസ്ത്ര പരീക്ഷണ സിനിമ എന്ന അർത്ഥത്തിൽ എത്രത്തോളം അടയാളപ്പെടുത്താൻ പറ്റും എന്നറിയിലെങ്കിലും അത്ര തെളിച്ചത്തിൽ അല്ലാത്ത സൂര്യ എന്ന താരത്തെ നോക്കി കയ്യടിക്കാൻ ഈ സിനിമ അവസരം തന്നേക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories