അഴിമുഖം പ്രതിനിധി
ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഗുജറാത്ത് സ്വദേശിയെ നിയമിച്ചു. പോര്ബന്തറുകാരനായ 32 വയസ്സുള്ള അജയ് ലാല്ചേതയാണ് ഒമാന്‍ ക്യാപ്റ്റനായി നിയമിതനായത്. കഴിഞ്ഞ മാസം ധരംശാലയില്‍ നടന്ന ടി20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ അയര്‍ലണ്ടിനെതിരായി ഒമാന്‍ നേടിയ വിജയത്തില്‍ അജയ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മത്സരത്തില്‍ ഒമാന്‍ ഒട്ടും സാധ്യത കല്‍പ്പിച്ചിരുന്നില്ല.
സൗരാഷ്ട്രയുടെ അണ്ടര്‍ 16, 19, 22 ടീമുകളില്‍ അദ്ദേഹം കളിച്ചിട്ടുള്ള അജയ് ഇടംകൈയന്‍ ബാറ്റ്സ്മാനും ഇടംകൈയന്‍ ഓര്‍ത്തോഡോക്സ് ബൗളറുമാണ്.
2006-ലാണ് അദ്ദേഹം ഒമാനിലേക്ക് തൊഴില്‍ തേടിയെത്തിയത്. അവിടെ അല്‍ തുര്‍കി എന്റര്‍പ്രൈസില്‍ ജോലിക്ക് ചേര്‍ന്ന അജയ് കമ്പനിയുടെ ടീമിനുവേണ്ടി കാഴ്ച വച്ച മികച്ച പ്രകടനമാണ് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ എത്താന്‍ സഹായിച്ചത്.
യുകെയില്‍ നടക്കുന്ന ലോക ക്രിക്കറ്റ് ലീഗിലാണ് അദ്ദേഹം ഒമാന്റെ ക്യാപ്റ്റനായി അരങ്ങേറുക.
ഒമാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഗുജറാത്തുകാരന്
Next Story