TopTop
Begin typing your search above and press return to search.

1922 ഫെബ്രുവരി 5: റീഡേഴ്‌സ് ഡൈജസ്റ്റ് മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു

1922 ഫെബ്രുവരി 5: റീഡേഴ്‌സ് ഡൈജസ്റ്റ് മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു

1922-ല്‍ വളരെ ചെറിയ രീതിയില്‍ തുടങ്ങിയ റീഡേഴ്‌സ് ഡൈജസ്റ്റ് പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പ്രതിമാസം 16 ദശലക്ഷം ആളുകള്‍ വായിക്കുന്ന പൊതുതാല്‍പര്യ മാസികയായി മാറി. 1938 മുതല്‍ റീഡേഴ്‌സ് ഡൈജസ്റ്റ് 17 ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ടിവി ഗൈഡ് ഒഴികെ ഏതൊരു പ്രസിദ്ധീകരണത്തെക്കാളും കൂടുതലാണ് റീഡേഴ്‌സ് ഡൈജസ്റ്റിന്റെ വരിക്കാര്‍. യുഎസ്എസ്ആര്‍ സ്ഥാപിതമായി അധികം താമസിക്കാതെയാണ് റീഡേഴ്‌സ് ഡൈജസ്റ്റ് പ്രസിദ്ധീകരണം ആരംഭിച്ചത്. യൂറോപ്യന്‍ സമൂഹത്തിന്റെ ജനാധിപത്യവിരുദ്ധതയ്ക്കും മാടമ്പിത്തരത്തിനും എതിരായ പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ചുകൊണ്ട് തുടക്കത്തില്‍ മാസിക റഷ്യന്‍ വിപ്ലവത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു.

ഒന്നാം ലോക മഹായുദ്ധത്തില്‍ വെടിയേറ്റ പരിക്കുകളില്‍ നിന്നും മോചിതനാവുന്നതിനിടയില്‍ ഡെവിറ്റ് വല്ലാസും അദ്ദേഹത്തിന്റെ ഭാര്യ ലില അച്ചേസണും ചേര്‍ന്നാണ് മാസിക ആരംഭിച്ചത്. വിവിധ മാസികളില്‍ വരുന്ന നിരവധി വിഷയങ്ങളിലുള്ള താല്‍പര്യമുള്ള ലേഖനങ്ങള്‍ ശേഖരിക്കുകയും അവശ്യഘട്ടങ്ങളില്‍ ചുരുക്കുകയും മാറ്റിയെഴുതുകയും ചെയ്തുകൊണ്ട് ഒറ്റ മാസികയാക്കി പ്രസിദ്ധീകരിക്കുക എന്നതായിരുന്നു വല്ലാസിന്റെ ആശയം. പിന്നീട് ലേഖനങ്ങള്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തി വികസിപ്പിക്കുകയും പൂര്‍ത്തിയാക്കിയ ലേഖനങ്ങള്‍ മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കുകയും അതിന് ശേഷം അവര്‍ റീഡേഴ്‌സ് ഡൈജസ്റ്റില്‍ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രീതി വികസിപ്പിച്ചു. പുനഃപ്രസിദ്ധീകരണത്തിനുള്ള അവകാശങ്ങള്‍ക്കായി മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു നിശ്ചിത തുക നല്‍കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. പിന്നീട്, രണ്ടാം ലോക മഹായുദ്ധാനന്തര അമേരിക്കയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ് സോവിയറ്റ് യൂണിയന്‍ എന്ന് സ്ഥാപിക്കുന്ന ലേഖനങ്ങള്‍ മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. യുഎസും യുഎസ്എസ്ആറും വിരുദ്ധ ധ്രുവങ്ങളാണെന്ന് സ്ഥാപിക്കാന്‍ മാസിക ശ്രമിച്ചു. സമാധാനത്തിനുള്ള ഭീഷണികളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കുറിച്ചുള്ള വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള ലേഖനങ്ങളോടൊപ്പം പരസ്പര വിരുദ്ധങ്ങളായ രണ്ട് സമൂഹങ്ങളെ കുറിച്ചുള്ള പ്രത്യക്ഷ അരാഷ്ട്രീയ ലേഖനങ്ങളും മാസിക പ്രസിദ്ധീകരിച്ചു. അമേരിക്കയിലെയും സോവിയറ്റ് യൂണിയനിലേയും ദൈനംദിന ജീവിതം വിശദീകരിക്കുന്നതിലൂടെ അമേരിക്കക്കാരും റഷ്യക്കാരും എങ്ങനെ വ്യത്യസ്തരായിരിക്കുന്നവെന്നും റഷ്യന്‍ സംഗീതം എത്രമാത്രം വ്യത്യസ്തമാണെന്നും ഹാസ്യബോധവും എന്തിന് ലൈംഗീക ജീവതം വരെ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും വിശദീകരിക്കാന്‍ മാസിക ശ്രമിച്ചു. വിദ്വേഷ പ്രചാരണത്തിന്റെ പരമോന്നതിയില്‍, 1981-ല്‍ പ്രസിദ്ധീകരിച്ച സൈബീരിയയിലുള്ള അമേരിക്കക്കാരനെ കുറിച്ചുള്ള വാര്‍ത്തയില്‍, ജീവശാസ്ത്രപരമായ വൈജാത്യം നിലനില്‍ക്കുന്നതിനാല്‍ റഷ്യക്കാരുടെ രക്തം സ്വീകരിക്കാന്‍ അമേരിക്കക്കാരുടെ ശരീരം വിസമ്മതിക്കുന്നതായി രേഖപ്പെടുത്തി. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിലൂടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ പ്രധാന ശബ്ദം എന്ന പേര് റീഡേഴ്‌സ് ഡൈജസ്റ്റ് നേടിയെടുത്തു. 1954-ലാണ് ഇന്ത്യന്‍ പതിപ്പ് പുറത്തിറങ്ങിയത്. അന്ന് 40,000 കോപ്പിയായിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങളോളം ടാറ്റാ ഗ്രൂപ്പായിരുന്നു ഇന്ത്യയില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോള്‍ ലിവിംഗ് മീഡിയ ലിമിറ്റഡ് എന്ന സ്ഥാപനമാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. 2008-ലെ കണക്കുകള്‍ പ്രകാരം 600,000 കോപ്പികളാണ് വിറ്റുപോയിട്ടുള്ളത്.

ജനശ്രദ്ധ നേടിയെടുത്തതോടൊപ്പം വിമര്‍ശനങ്ങളും റീഡേഴ്‌സ് ഡൈജസ്റ്റ് ക്ഷണിച്ചുവരുത്തി. വ്യക്തിഗത സ്വാതന്ത്ര്യം ആഘോഷിക്കപ്പെടണമെന്നതായിരുന്നു കമ്പനിയുടെ ദൃഢനിശ്ചയമെങ്കിലും അത് സര്‍ക്കാര്‍ പ്രചാരണത്തിന് അപ്പുറം ഒന്നുമല്ലെന്ന് ആരോപിക്കപ്പെട്ടു. ലാറ്റിന്‍ അമേരിക്കന്‍ പതിപ്പുകളില്‍ പ്രത്യേകിച്ചും സിഐഎയുടെ ധനസഹായവും എഡിറ്റിംഗും നടക്കുന്നതായി ആരോപണം ഉയര്‍ന്നുവന്നു. പരാമര്‍ശങ്ങള്‍ക്കായി മറിച്ചു നോക്കുന്നതിന് ഒരു പെട്ടി റീഡേഴ്‌സ് ഡൈജസ്റ്റ് ലേഖനങ്ങള്‍ റൊണാള്‍ഡ് റീഗന്‍ കാത്തുസൂക്ഷിച്ചിരുന്ന കാര്യം പരക്കെ അറിയപ്പെട്ടിരുന്നു. 1960 ജൂണില്‍ പ്രസിഡന്റ് ഡ്വിവയ്റ്റ് ഡി ഐസനോവര്‍ ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്: 'രാജ്യത്തിന്റെ സദാചാര, സാംസ്‌കാരിക വളര്‍ച്ചയ്ക്കും വിവരാധിഷ്ടിത പൊതുബോധം വളര്‍ത്തുന്നതിലും നമ്മുടെ മാസിക മുന്നണി പോരാളിയാണ്.' 21 ഭാഷകളിലായുള്ള 49 പതിപ്പുകള്‍ കൂടാതെ ആഗോള പതിപ്പിലൂടെ 40 ദശലക്ഷം വായനക്കാരുടെ കൈകളില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് എത്തുന്നു. മാസികയുടെ ആഗോള പ്രചാരണം 10.5 ദശലക്ഷമാണ്. കാശ് മുടക്കി വായിക്കുന്ന ഏറ്റവും പ്രചാരമുള്ള മാസികയായി റീഡേഴ്‌സ് ഡൈജസ്റ്റ് മാറിയിരിക്കുന്നു. ബ്രെയ്‌ലി, ഡിജിറ്റല്‍, ഓഡിയോ എഡിഷനുകള്‍ കൂടാതെ റീഡേഴ്‌സ് ഡൈജസ്റ്റ് ലാര്‍ജ്ജ് പ്രിന്റ് എന്ന പേരില്‍ വലിയ പതിപ്പും ഇറക്കുന്നു.


Next Story

Related Stories