TopTop
Begin typing your search above and press return to search.

ക്യൂബയെപ്പറ്റി 5 മിത്തുകള്‍

ക്യൂബയെപ്പറ്റി 5 മിത്തുകള്‍

ക്രിസ്റ്റഫര്‍ സബാറ്റിനി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രസിഡണ്ട് ബരാക് ഒബാമ ക്യൂബയിലേക്ക് നടത്തിയ സന്ദര്‍ശനം 11 ദശലക്ഷം പേരുള്ള ഈ ചെറിയ കരീബിയന്‍ ദ്വീപിനെയും യു എസുമായുള്ള അതിന്റെ കൌതുകകരമായ ചരിത്രത്തെയും വീണ്ടും ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. ഈ വലിപ്പത്തിലുള്ളൊരു രാജ്യത്തിന് യു എസിന്റെ ചരിത്രവുമായി ഇത്രയും സംഭവബഹുലവും സംഘര്‍ഷഭരിതവും ബന്ധമുണ്ടാവുക എന്നത് ഒട്ടും ചെറിയ കാര്യമല്ല. വ്യത്യസ്തമായ ആഖ്യാനങ്ങളുണ്ട് ഇതിനെക്കുറിച്ച്; 1959-ലെ വിപ്ലവം പ്രചരിപ്പിച്ചവ, ചിലത് പ്രവാസി ക്യൂബക്കാര്‍ വക, ബാക്കി കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി അടുത്തറിയാത്ത ക്യൂബയെക്കുറിച്ച് അമേരിക്ക പ്രചരിപ്പിച്ചതും. അതില്‍ ചില മിത്തുകള്‍ ഇവയാണ്:

ക്യൂബയുടെ പൊതുജനാരോഗ്യ സംവിധാനം അതുല്യമാണ്

ക്യൂബയില്‍ 2014-ല്‍ നടത്തിയ ഒരു സന്ദര്‍ശനത്തില്‍, ക്യൂബയുടെ പൊതുജനാരോഗ്യ സംവിധാനം ലോകത്തിന് മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പ്രഖ്യാപിച്ചു. “ഇതാണ് മുന്നോട്ടുള്ള വഴി,” അവര്‍ പറഞ്ഞു. യു എസ് ഡോകുമെന്‍ററി സംവിധായകനായ മൈക്കല്‍ മൂര്‍ ‘സികോ’ എന്ന ചിത്രത്തില്‍ ക്യൂബയിലെ ആരോഗ്യരക്ഷ സംവിധാനവും അമേരിക്കയിലെ ചെലവേറിയതും സങ്കീര്‍ണമായതുമായ സംവിധാനവുമായി താരതമ്യം ചെയ്തു.

ശരിയാണ്, കഴിഞ്ഞ അരനൂറ്റാണ്ടില്‍ ക്യൂബയില്‍ ആരോഗ്യരംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും മറ്റ് പല ദരിദ്ര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍. UNICEF കണക്കനുസരിച്ച് ക്യൂബയിലെ ആയുര്‍ദൈര്‍ഘ്യം. 79.1 വര്‍ഷമാണ്. ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാമത്തെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം. വിദേശ ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിലും നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരെ മറ്റ് രാജ്യങ്ങളിലേക്ക് സേവനത്തിനയക്കുന്നതിലും ക്യൂബ പേരെടുത്തിട്ടുമുണ്ട്.പ്രാഥമിക, പ്രതിരോധ ചികിത്സ രംഗത്ത് വിപ്ലവത്തിനുശേഷം ക്യൂബ നേട്ടങ്ങളുണ്ടാക്കിയെങ്കിലും നൂതനമായ ചികിത്സ സൌകര്യങ്ങള്‍ ഇപ്പൊഴും മോശമായ നിലയിലാണ്. ഇരുമ്പുമറയുള്ള ഇവിടെ വസ്തുതകളും കണക്കുകളും ലഭിക്കുക ദുഷ്കരമെങ്കിലും ശരാശരി ക്യൂബക്കാര്‍ ആശ്രയിക്കുന്ന ആരോഗ്യരക്ഷ സംവിധാനം പ്രതിസന്ധിയിലാണ്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് (Institute of War & Peace Reporting) ആശുപത്രികള്‍ ‘പൊതുവേ മോശമായാണ് പരിപാലിക്കുന്നത്. വേണ്ടത്ര ജീവനക്കാരോ മരുന്നോ ഇല്ല.” ഹവാനയില്‍ സന്ദര്‍ശിച്ച ആശുപത്രികള്‍ തീര്‍ത്തും മോശം അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. “തറയില്‍ കറ പിടിച്ചിരുന്നു. ശസ്ത്രക്രിയ മുറികളും വാര്‍ഡുകളും അണുവിമുക്തമാക്കിയിരുന്നില്ല. വാതിലുകള്‍ക്ക് സാക്ഷയുണ്ടായിരുന്നില്ല. പലതും പൊളിഞ്ഞുവീഴാറായിരുന്നു. കക്കൂസുകളും കുളിമുറികളും പലതും ദുര്‍ഗന്ധം നിറഞ്ഞിരുന്നു. വെള്ളം ഇടക്കൊക്കെയേ വന്നിരുന്നുള്ളൂ. പാറ്റ, കൊതുക്, എലി എല്ലാം കാണാമായിരുന്നു.”

ഇതൊക്കെയായിട്ടും ക്യൂബ വിദേശത്തേക്ക് ഡോക്ടര്‍മാരെ അയക്കുന്നതിന്റെ ഒരു കാരണം അതവര്‍ക്ക് നല്ല വരുമാനമാണ് എന്നാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന് പ്രതിവര്‍ഷം ഏതാണ്ട് 2.5 ബില്ല്യണ്‍ ഡോളര്‍ ഇതുവഴി കിട്ടുന്നു. ക്യൂബക്കാരായ അരലക്ഷം ഡോക്ടര്‍മാര്‍ പുറംനാടുകളില്‍ ജോലിചെയ്യുന്നതു മൂലം ക്യൂബയില്‍ ഡോക്ടര്‍മാര്‍ക്ക് ക്ഷാമം നേരിടുന്നു.

ക്യൂബക്കാര്‍ക്ക് ഇപ്പോള്‍ത്തന്നെ പുറംലോകവുമായി ബന്ധമുണ്ട്. അതുകൊണ്ടു യു എസ് ഉപരോധം നീക്കുന്നത് രാജ്യത്തിന്റെ ഉദാരവത്കരണത്തെ സഹായിക്കില്ല.

മിയാമി ഹെറാള്‍ഡില്‍ കഴിഞ്ഞ വര്ഷം വന്ന ഒരു ലേഖനത്തില്‍ പറഞ്ഞപോലെ, “അന്താരാഷ്ട്ര വിനോദസഞ്ചാരം ക്യൂബയില്‍ രാഷ്ട്രീയ പരിഷ്കരണങ്ങള്‍ കൊണ്ടുവന്നില്ല.”

ഉപരോധത്തെ പിന്തുണക്കുന്ന ക്യൂബന്‍ അമേരിക്കക്കാര്‍ ഇതാവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിരവധി വിനോദസഞ്ചാരികള്‍ (2015-ല്‍ ഏതാണ്ട് 3 ദശലക്ഷം) ക്യൂബയില്‍ എത്തിയെങ്കിലും അതൊന്നും സര്‍ക്കാരില്‍ വലിയ സ്വാധീനമുണ്ടാക്കിയില്ല.

പക്ഷേ യു എസ് വാതില്‍ തുറക്കുന്നതിന്റെ ഫലങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ല. ഉപരോധം നീക്കിയാല്‍ പ്രതിവര്‍ഷം 15 ലക്ഷം അമേരിക്കക്കാര്‍ അവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ മാറ്റമുണ്ടാക്കേണ്ടത് ക്യൂബക്കാര്‍ തന്നെയാണ്. അമേരിക്കയില്‍ ഏതാണ്ട് 2 ദശലക്ഷത്തിലേറെ ക്യൂബന്‍ അമേരിക്കക്കാര്‍ താമസമുണ്ട്. അവരുടെ സന്ദര്‍ശനങ്ങള്‍ കൂടുതല്‍ വാര്‍ത്തകളും, വസ്തുക്കളും, പണവും, ആശയങ്ങളും എത്തിക്കും. ഇപ്പോള്‍ത്തന്നെ ബുഷ് ഭരണകാലത്തെ ക്യൂബയിലേക്കുള്ള യാത്രപരിധി എടുത്തുകളഞ്ഞതോടെ അവര്‍ ക്യൂബയിലേക്ക് പ്രതിവര്‍ഷം 7 ലക്ഷം തവണ പോക്കുവരവുണ്ടെന്ന് കണക്കാക്കുന്നു. യു എസ് ചലച്ചിത്രങ്ങളും ടി വി പരമ്പരകളുമുള്ള അവര്‍ നല്‍കുന്ന യു എസ് ബി ഡ്രൈവുകള്‍ ഇപ്പോള്‍ത്തന്നെ വലിയ പ്രചാരം നേടിയിരിക്കുന്നു. യു എസ് നികുതിപ്പണം കൊണ്ട് നടത്തുന്ന റേഡിയോ, ടി വി മാര്‍ടി എന്നിവയ്ക്ക് ഇത്രകാലം ചെയ്യാന്‍ കഴിയാത്തത്.ഹോട്ടല്‍ സൌകര്യങ്ങളുടെയും ഭക്ഷണശാലകളുടെയും ദൌര്‍ലഭ്യത്തെ നികത്താന്‍ ഇപ്പോള്‍ തന്നെ ക്യൂബയിലെ സ്വകാര്യമേഖലയ്ക്ക് യു എസ് വിനോദസഞ്ചാരം സഹായമേകുന്നുണ്ട്. പുതിയ നിയമത്തിന്നു കീഴില്‍ ഏതാണ്ട് 5 ലക്ഷം സ്വകാര്യ സംരഭകരെ അനുവദിച്ചിട്ടുണ്ട്. യു എസില്‍ നിന്നാണ് അവരുടെ കക്ഷികള്‍ എത്തുന്നത്. 3000-ത്തിലേറെ വീടുകളിലെ ഭക്ഷണശാലകളുണ്ട്. 300-ലേറെ താമസം-പ്രഭാതഭക്ഷണം സൌകര്യവും. ഉപരോധം പോകുന്നതോടെ ഇത് കുതിച്ചുയരും. അങ്ങനെ ബെര്‍മൂഡ അരക്കാലുറകളും കറുത്ത കണ്ണടകളുമായി വരുന്ന വിനോദസഞ്ചാരികള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വ്യാപാരികളെ സഹായിക്കും-അങ്ങനെ കൂടുതല്‍ ജനാധിപത്യപരമായ ഒരു ഭാവിയിലെ പങ്ക് നേടുന്നതിനും. ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ സ്ഥാപനങ്ങളുടെ സഞ്ചാരപരിപാടിയില്‍ വരുന്ന യൂറോപ്പുകാരും കാനഡക്കാരുമൊന്നും ആ ഫലം ചെയ്യില്ല.

ചെ ഗുവേര എന്ന സ്വാതന്ത്ര്യ സമര പോരാളി

ആഗോളതലത്തില്‍ ഇടതുപക്ഷക്കാര്‍ക്കും സാമൂഹ്യമായ താത്പര്യങ്ങള്‍ ഉള്ളവര്‍ക്കും-ടീ ഷര്‍ടുകള്‍, കൊടികള്‍, ചായക്കപ്പുകള്‍- ഒരു ഹരമാണ് ക്യൂബന്‍ ഛായാഗ്രാഹകന്‍ ആല്‍ബെര്‍റ്റോ കോര്‍ദ പകര്‍ത്തിയ ഗുവേരയുടെ ആ ഇതിഹാസ ചിത്രം. ലോകത്ത് നീതിക്കായി അയാള്‍ നടത്തിയ പോരാട്ടത്തെയും അകാലത്തിലെ മരണത്തെയും മാനിച്ചുകൊണ്ട് നിരവധി പേര്‍ അയാളുടെ ചിത്രം പച്ചകുത്തുന്നു.

പക്ഷേ ഈ വിപ്ലവപ്പകിട്ടിന് കൊടുക്കുന്ന ധാര്‍മ്മികവില ചെറുതല്ല. വിപ്ലവത്തിന് 11 മാസം കഴിയും വരെ വെറും വിചാരണ പ്രഹസനങ്ങള്‍ നടത്തി മുന്‍സര്‍ക്കാരിലെ 220 ഉദ്യോഗസ്ഥരെ വെടിവെച്ചുകൊല്ലുന്നതിന് ചേ ഗുവേര മേല്‍നോട്ടം വഹിച്ചു. ലേബര്‍ കാമ്പുകളും അയാള്‍ തുടങ്ങി.

ചെ അട്ടിമറിക്കാന്‍ സഹായിച്ച ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഭരണം സ്വേച്ഛാധിപത്യപരവും, അക്രമാസക്തമായി അടിച്ചമര്‍ത്തുന്നതുമായിരുന്നു. പക്ഷേ വിപ്ലവത്തിനുശേഷം നടന്നത് വലിയ ആദര്‍ശമൊന്നുമായിരുന്നില്ല; കൂട്ടക്കൊലയും ക്രൂരമായ അടിച്ചമര്‍ത്തലുമായിരുന്നു.ക്യൂബന്‍ ചുരുട്ടുകള്‍ കെങ്കേമം

വിപ്ലവം നടക്കുന്ന കാലത്ത് ക്യൂബ ലോകത്തിലെ ചുരുട്ടുകളുടെ തലസ്ഥാനമായിരുന്നു. നാടകീയമായി ചുരുട്ടുവലിക്കുന്ന ഫിദല്‍ കാസ്ട്രോയുടെ ദൃശ്യങ്ങള്‍ പ്രസിദ്ധമാണ്. അവയുടെ ഗുണം കുറഞ്ഞുവന്നെങ്കിലും 50 കൊല്ലത്തോളം ക്യൂബന്‍ ചുരുട്ടുകള്‍ അവയുടെ നിഗൂഢത കാത്തുസൂക്ഷിച്ചു.

വിപ്ലവത്തിനുശേഷം ചുരുട്ടുകച്ചവടത്തില്‍ ഉണ്ടായിരുന്ന പലരും ക്യൂബന്‍ വിത്തുകള്‍ അതുപോലെ ഫലഭൂയിഷ്ടമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഹോണ്ടുറാസ്, നിക്വാരാഗ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. അതേ സമയം മത്സരമില്ലാത്തതും സാങ്കേതിക വിദ്യയുടെ അഭാവവും ക്യൂബന്‍ ഉത്പന്നങ്ങളുടെ ഗുണം കുറച്ചു. അത്ഭുതമില്ല; പുകയില കൃഷിയും ചുരുട്ട് ഉത്പാദനവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്.

ക്യൂബ വംശീയ വ്യത്യാസങ്ങള്‍ ഇല്ലാതാക്കി

ഒബാമയോടൊപ്പമുള്ള വാര്‍ത്താസമ്മേളനത്തില്‍ റൌള്‍ കാസ്ട്രോ ക്യൂബയിലെ സാമ്പത്തിക, സാമൂഹ്യ അവകാശങ്ങളുടെയും വംശീയ തുല്യതയുടെയും പേരില്‍ അഭിമാനം കൊണ്ട്. യു എസില്‍ വംശീയ ബന്ധങ്ങളില്‍ ചില പോരായ്മകളുണ്ടെന്ന് ഒബാമ സമ്മതിച്ചു. വിപ്ലവാനന്തര ക്യൂബയില്‍ വംശീയ വ്യത്യാസങ്ങള്‍ ഇല്ല എന്നത് 1960-കളിലെ പ്രചരിച്ച ഒരു സംഗതിയാണ്. അമേരിക്കയിലെ പൌരാവകാശ പ്രവര്‍ത്തകരും ബ്ലാക് പാന്തേഴ്സുമൊക്കെ ക്യൂബയിലേക്ക് കുതിച്ചിരുന്നു.

എന്നാല്‍ കണക്കുകളും വസ്തുതകളും ഇതല്ല പറയുന്നത്. രാജ്യത്തു കറുത്തവരും വര്‍ണസങ്കരമുള്ളവരും 36% വരും. എന്നാല്‍ Socialism and Democracy 2011-ലെ പഠനം കാണിക്കുന്നത് ഈ കറുത്ത നിറക്കാരും സങ്കരവര്‍ഗക്കാരുമായ വിഭാഗം ഏറ്റവും മോശമായ താമസസൌകര്യങ്ങളില്‍ കഴിയുന്നവരും കുറഞ്ഞ കൂലിയുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്.1990-കളില്‍ വിനോദസഞ്ചാര മേഖല വികസിക്കാന്‍ തുടങ്ങിയതോടെ സ്വയം സംരഭങ്ങള്‍ വരികയും ഘടനാപരമായ അന്തരം കൂടുകയും ചെയ്യാന്‍ തുടങ്ങി. മേല്പറഞ്ഞ പഠനം 7000 തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും തെളിയുന്നത് കറുത്തവരും സങ്കരവര്‍ഗക്കാരും വിനോദസഞ്ചാര മേഖലയില്‍ ഉയര്‍ന്ന ജോലികളില്‍ (മാനേജര്‍,സാങ്കേതിക വിദഗ്ധര്‍) 5% മാത്രമാണു ഉള്ളത്.

പ്രവാസി ക്യൂബക്കാര്‍ അധികവും യൂറോപ്യന്‍ വംശജരായതുകൊണ്ടു പണം വരവ് മിക്കപ്പോഴും കറുത്തവരെ സഹായിക്കുന്നില്ല. പ്രവാസി പണം കിട്ടാന്‍ വെള്ളക്കാരായ ക്യൂബക്കാര്‍ക്ക് കറുത്തവരെക്കാള്‍ 2.5 മടങ്ങ് സാധ്യത കൂടുതലാണെന്ന് ലാറ്റിന്‍ അമേരിക്കയെക്കുറിച്ചുള്ള വടക്കേ അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. റൌള്‍ കാസ്ട്രോയുടെ അവകാശവാദങ്ങള്‍ക്കപ്പുറം ക്യൂബയില്‍ വംശീയവും ഘടനാപരവുമായ അസമത്വം ഒരു ജീവിതയാഥാര്‍ത്ഥ്യമാണ്.


Next Story

Related Stories