Top

അനര്‍ഘ പറഞ്ഞ 'കലോത്സവ മാഫിയ'യുടെ കഴുത്തിന് പിടിക്കാന്‍ വിജിലന്‍സിനാവുമോ?

അനര്‍ഘ പറഞ്ഞ
57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ തുടങ്ങുകയായി. കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. ജാഗ്രത പുലര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലോത്സവവുമായി ബന്ധപ്പെട്ട കോഴ, ഒത്തുകളി തുടങ്ങിയവ തടയാനാണ് വിജിലന്‍സ് നിരീക്ഷണം. സ്‌കൂള്‍ കലോത്സവങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അനര്‍ഘ എന്ന വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കുട്ടിയുമായി നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു.

ഇത്തരത്തില്‍ വിജിലന്‍സ് നിരീക്ഷണത്തില്‍ നടത്തേണ്ട ഒന്നാണോ കുട്ടികളുടെ സര്‍ഗശേഷി മാറ്റുരയ്‌ക്കേണ്ട കലോത്സവം? ആരാണ് വിജിലന്‍സ് നിരീക്ഷണം വേണ്ടി വരുന്ന ദുര്യോഗത്തിലേയ്ക്ക് കലോത്സവത്തെ എത്തിക്കുന്നത്? ഏതായാലും ഇത് സര്‍ക്കാരിന്‌റെ കുഴപ്പമല്ല. സ്‌കൂള്‍ തലത്തില്‍ നിന്ന് സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് വികസിക്കുന്ന കലോത്സവങ്ങള്‍ കേരളത്തിന്‌റെ മാത്രം പ്രത്യേകതയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്നാണ് കേരളത്തിന്‌റെ മാത്രം സവിശേഷതയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌റെ ഖ്യാതി. 1958ല്‍ തുടങ്ങിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം 59 വര്‍ഷം പിന്നിടുമ്പോള്‍ കലാമേള എന്നതിനേക്കാള്‍ വാശിയേറിയ മത്സര പോരാട്ടമായി മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥികളെ അണിനിരത്തി രക്ഷിതാക്കള്‍ മത്സരിക്കുന്നു. പരസ്പരം ഏറ്റുമുട്ടുന്നു. അപ്പീലുകളുടേയും സംഘര്‍ഷങ്ങളുടേയും പരാതികളുടേയും ആരോപണങ്ങളുടേയും വേദിയായി കലോത്സവങ്ങള്‍ മാറുന്നു.

രക്ഷിതാക്കളുടെ ഭാഗത്ത് മാത്രമല്ല പ്രശ്‌നം. സംഘാടകരുടെ ഭാഗത്ത് നിന്ന് ധാരാളം കൊള്ളരുതായ്മകള്‍ ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. വിധികര്‍ത്താക്കളെ നിര്‍ണയിച്ചതില്‍ മൊത്തം ക്രമക്കേടെന്ന് ആരോപണമുയര്‍ന്നു. കേരള നടനം, കുച്ചുപ്പുടി വേദികളില്‍ വിധികര്‍ത്താക്കള്‍ ഇരുന്നപ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. തബല മത്സരത്തിന്റെ വിധിനിര്‍ണയിക്കാനെത്തിയ വിദ്വാന്റെ അയോഗ്യത വിജിലന്‍സ് കണ്ടെത്തുകയും ഇയാള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചുറ്റും നിരീക്ഷണമുണ്ടായിട്ടും വേണ്ടപ്പെട്ടവര്‍ക്ക് അനുകൂലമായ വിധിനിര്‍ണയമുണ്ടായെന്ന് പരക്കെ ആക്ഷേപം. ജില്ലാതലങ്ങളില്‍ നിന്നുവരുന്ന അപ്പീല്‍ നിയന്ത്രിക്കുമെന്നായിരുന്നു കഴിഞ്ഞതവണ വിദ്യാഭ്യാസ മന്ത്രി നല്‍കിയ ഉറപ്പ്. ആ ഉറപ്പ് നടപ്പായില്ല. ഏറ്റവുമധികം അപ്പീലുകളുണ്ടായ സംസ്ഥാന സ്‌കൂള്‍ കലോത്സവമായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. 900ലധികം അപ്പീലുകളാണ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലുണ്ടായത്.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അനര്‍ഘ പറഞ്ഞത് കലോത്സവ മാഫിയയെ കുറിച്ചാണ്. സബ്ജില്ലാ കലോത്സവത്തില്‍ കേരളനടനത്തിന് ഒന്നാംസ്ഥാനവും 'എ' ഗ്രേഡും ലഭിച്ച തനിക്ക് ജില്ലാ കലോത്സവത്തില്‍ അംഗീകാരം നിരസിച്ചുവെന്നും സ്ഥാനവും ഗ്രേഡും നല്‍കുന്നത് കലോത്സവ മാഫിയയുടെ താല്പര്യമനുസരിച്ചു മാത്രമാണെന്നുമാണ് അനര്‍ഘ പറഞ്ഞത്. ഈ പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും വിധിനിര്‍ണയത്തില്‍ സ്വാധീനം ചെലുത്തുന്ന, അതിനായി പണമൊഴുക്കുന്ന, ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ജില്ലാകലോത്സവത്തില്‍ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനമാണ് അനര്‍ഘക്കു ലഭിച്ചത്. അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. എന്നാല്‍ ലോകായുക്തയുടെ ഉത്തരവിലൂടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനായ കുട്ടിക്ക് 'എ' ഗ്രേഡോടെ രണ്ടാംസ്ഥാനം നേടാനായി. ഇതില്‍ നീരസമുണ്ടായ ചില വ്യക്തികള്‍ വരുംവര്‍ഷം സബ്ജില്ലയിലേയ്ക്ക്് തെരഞ്ഞെടുക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അനര്‍ഘ പറയുന്നു.ഇത്രയൊക്കെ സമ്മര്‍ദ്ദം കലോത്സവങ്ങളുടെ ഭാഗമായി കുട്ടികളുടെ മേല്‍ കെട്ടി വയ്‌ക്കേണ്ടതുണ്ടോ അപ്പീല്‍ പോയും കോടതിയെ സമീപിച്ചും മത്സരഫലങ്ങള്‍ അനുകൂലമാക്കി എടുക്കുന്നതിലൂടെ എന്താണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേടാന്‍ പോകുന്നത്. കലോത്സവ മത്സരവേദികളില്‍ തിളങ്ങുന്ന എത്ര വിദ്യാര്‍ത്ഥികള്‍ കലാരംഗത്ത് തന്നെ തുടരുന്നുണ്ട്. കുട്ടികളില്‍ പരസ്പരം കലഹവും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള മനോഭാവമുണ്ടാക്കിയെടുക്കുന്നതിലൂടെ ഇങ്ങനെ പല ചോദ്യങ്ങളുണ്ട്. കുട്ടികള്‍ക്ക് തങ്ങളുടെ കലാപ്രകടനങ്ങള്‍ ആസ്വദിച്ച് ചെയ്യാനും ആത്മസംതൃപ്തിയോടെ ആവിഷ്‌കരിക്കാനും സഹായകമായ അന്തരീക്ഷമല്ല കലോത്സവ വേദികള്‍ക്കുള്ളത്. അത് അര്‍ദ്ധരാത്രി കഴിഞ്ഞും നീളുന്ന മത്സരപോരാട്ടങ്ങളും അനാവശ്യമായ വാശിയും വൈരാഗ്യവും തീര്‍ക്കാനുമുള്ള ഇടങ്ങളാവുകയാണ്.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിയുടെ അമ്മ തന്നെ ഉപദ്രവിച്ചതായി വിധികര്‍ത്താവായ അദ്ധ്യാപിക പരാതി നല്‍കിയിരുന്നു. നേരത്തെ പല ഘട്ടങ്ങളിലും രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടിക്ക് അനുകൂലമായ മത്സരഫലത്തിന് വേണ്ടി കൈക്കൂലി വാഗ്ദാനം ചെയ്തതായി വിധികര്‍ത്താക്കളായ അദ്ധ്യാപകര്‍ പറഞ്ഞിട്ടുണ്ട്. രക്ഷിതാക്കളുടെ മനോഭാവം മാറാതെ കലോത്സവ വേദികള്‍ ശുദ്ധീകരിക്കുക എളുപ്പമല്ല. അപ്പീലുകള്‍ തന്നെ എടുത്ത് കളയണം. കലോത്സവ മത്സര ഇനങ്ങളില്‍ ഏത് സ്ഥാനം നേടുന്നു എന്നത് ഒരു വലിയ കാര്യമേ അല്ലെന്ന ബോധം കുട്ടികള്‍ക്കുണ്ടാക്കിയെടുക്കണം. എന്നാല്‍ സംഭവിക്കുന്നത് അതല്ല. അപ്പീല്‍ നല്‍കാന്‍ പണം കെട്ടി വയ്ക്കണം. അപ്പീല്‍ കൂടുമ്പോള്‍ വരുമാനവും കൂടും. അതുകൊണ്ട് അപ്പീല്‍ പെരുമഴയും അതിന്‌റ ഭാഗമായുള്ള അനാരോഗ്യ പ്രവണതകളും വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി കാണുന്നില്ല.

കലോത്സവം ശരിയായ അര്‍ഥത്തില്‍ നടക്കുകയാണെങ്കില്‍ ഒരു ഇനത്തില്‍ മത്സരിക്കാന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരേണ്ടത് പതിനാല് ജില്ലകളില്‍ നിന്ന് പതിനാല് പേരാണ്. പക്ഷെ അപ്പീല്‍ വഴി ഒരിക്കല്‍ ഭരതനാട്യത്തില്‍ മാത്രം വന്നത് 35പേരാണ്. ഇതിനിടയിലാണ് ടിവി ചാനലുകള്‍ നടത്തുന്ന സമാന്തര മത്സരം അരങ്ങേറുന്നത്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പരിപാടികള്‍ കാണാനുള്ളതിനേക്കാള്‍ ആളുകള്‍ കൂടുന്നത് ചാനലുകള്‍ സൃഷ്ടിക്കുന്ന സമാന്തര പരിപാടികള്‍ക്ക് ചുറ്റുമാണ്. പല വേദികളിലും പരിപാടികള്‍ നടക്കുമ്പോള്‍ സദസിലെ കസേരകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് നല്ല പ്രവണതയാണോ എന്ന് എല്ലാവരും ആലോചിക്കേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍, അദ്ധ്യാപകര്‍ തമ്മില്‍, രക്ഷിതാക്കള്‍ തമ്മില്‍, സ്‌കൂളുകള്‍ തമ്മില്‍, ജില്ലകള്‍ തമ്മില്‍ എല്ലാം വലിയ മത്സരമാണ് നടക്കുന്നത്. ഇല്ലെങ്കില്‍ അങ്ങനെ വേണമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കലാത്സവ വേദികളില്‍ കയ്യാങ്കളിയും ഒത്തുകളിയും അവസാനിപ്പിക്കണം. കലോത്സവ നടത്തിപ്പും വിധിനിര്‍ണയവും നീതിപൂര്‍വമാകണം. അപ്പീലുകള്‍ക്ക് ന്യായമായ തീരുമാനം വേണം. കലോത്സവവേദികളിലെ അനാരോഗ്യ പ്രവണതകള്‍ തടയാന്‍ വിജിലന്‍സിനും വിദ്യാഭ്യാസ വകുപ്പിനും എത്രത്തോളം കഴിയും എന്നതും ഇതിനായി അവര്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നുമുള്ള കാര്യങ്ങളാണ് ഇനി അറിയാനുള്ളത്.

Next Story

Related Stories