TopTop
Begin typing your search above and press return to search.

ഭാവിയെ നിയന്ത്രിക്കാന്‍ പോകുന്ന 6 സാങ്കേതികവിദ്യാ നിയമങ്ങള്‍

ഭാവിയെ നിയന്ത്രിക്കാന്‍ പോകുന്ന 6 സാങ്കേതികവിദ്യാ നിയമങ്ങള്‍

വിവേക് വാദ്ധ്വ
(വാഷിംഗ്ടന്‍ പോസ്റ്റ്)

സാങ്കേതിക വിദ്യ പുരോഗമിക്കുന്നത് അതിവേഗമാണ്. ഇത് സമൂഹത്തിലുണ്ടാക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങള്‍ നമ്മള്‍ വരുംവര്‍ഷങ്ങളില്‍ തന്നെ കാണും. കമ്പ്യൂട്ടിങ്, സെന്‍സറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ജീനോമിക്സ് (genomics) ഇവയൊക്കെ വ്യാവസായിക രംഗത്തെയും നമ്മുടെയൊക്കെ നിത്യജീവിതത്തെയും മാറ്റി മറിക്കാന്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു.

ഇതിനിടയില്‍ നമ്മള്‍ കാലാകാലങ്ങളായി പുലര്‍ത്തി പോന്ന പല ധാരണകളും തിരുത്തേണ്ടതായി വരും. സാങ്കേതികവിദ്യാ രംഗത്തെ കുതിച്ചു ചാട്ടം നമുക്കായി പുതിയ ഒരുപറ്റം നിയമങ്ങള്‍ സൃഷ്ടിക്കും. അവയില്‍ ആറെണ്ണം ഇതാ:

1. എന്തൊക്കെ ഡിജിറ്റൈസ് ചെയ്യാമോ അതൊക്കെ ഡിജിറ്റലാകും
വാക്കുകളിലും അക്കങ്ങളിലുമാണ് ഡിജിറ്റൈസേഷന്‍ തുടങ്ങിയത്. പിന്നെ ഗെയിമുകള്‍ വന്നു. തുടര്‍ന്നു ചിത്രങ്ങള്‍, സംഗീതം, സിനിമ എന്നീ മാധ്യമങ്ങളും ആ വഴി പിന്തുടര്‍ന്നു. സങ്കീര്‍ണ്ണമായ ബിസിനസ്സ് ഫങ്ഷനുകളും വൈദ്യശാസ്ത്ര ഉപകരണങ്ങളും വ്യവസായ രംഗത്തെ പ്രോസസ്സറുകളും ഗതാഗത സംവിധാനവുമെല്ലാം ഡിജിറ്റല്‍ ലോകത്തേയ്ക്ക് മാറി. ഇപ്പോള്‍ നിത്യ ജീവിതത്തിലെ നമ്മുടെ പ്രവര്‍ത്തികളും വാക്കുകളും ചിന്തകളും വരെ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിലാണ് നമ്മള്‍. ചെലവു കുറഞ്ഞ ഡി‌എന്‍‌എ സീക്വന്‍സിങും മെഷീന്‍ ലേണിങും ജീവിത വ്യവസ്ഥയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നു. വില കുറഞ്ഞ, എവിടെയുമെത്തുന്ന സെന്‍സറുകള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം രേഖപ്പെടുത്തി നമ്മുടെ മൊത്തം ജീവിതത്തിന്‍റെയും വിശദമായ ഡിജിറ്റല്‍ റെക്കോഡുകള്‍ ഉണ്ടാക്കുന്നു.

2. നിങ്ങള്‍ ചെയ്യുന്ന ജോലി തന്നെ ഇല്ലാതാവാനുള്ള സാധ്യതയുണ്ട്
മെഷീനുകളും റോബോട്ടുകളും എല്ലാ രംഗത്തും മനുഷ്യരുടെ ജോലികള്‍ ഏറ്റെടുക്കുകയാണ്. വ്യാവസായിക വിപ്ലവത്തിലാണ് നാമിത് ആദ്യം കാണുന്നത്. കൈ കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫാക്ടറികളിലേയ്ക്ക് മാറിയതോടെ അനേകലക്ഷം ആളുകള്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഇല്ലാതെയായി. പുതിയ തൊഴിലുകള്‍ ഉണ്ടായി; എങ്കില്‍കൂടെ അങ്കലാപ്പു നിറഞ്ഞ കാലമായിരുന്നു അത്. സാമൂഹ്യമായ സ്ഥാനഭ്രംശങ്ങള്‍ വലിയ തോതിലുണ്ടായി (Luddite movement ഉണ്ടായത് അങ്ങനെയാണ്).

കുറഞ്ഞ ശമ്പളമുള്ള സേവന രംഗങ്ങളില്‍ ജോലികള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള നീക്കം പുരോഗമിക്കുകയാണ്. തങ്ങളുടെ വെയര്‍ഹൌസ് ജോലികള്‍ക്കായി ആമസോണ്‍ പ്രധാനമായും റോബോട്ടുകളെയാണ് ആശ്രയിക്കുന്നത്. സേഫ് വേയും ഹോം ഡിപ്പോയും സെല്‍ഫ്-സര്‍വീസ് ചെക്കൌട്ടുകള്‍ കൂടുതല്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നു. അധികം താമസിയാതെ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകള്‍ ലക്ഷക്കണക്കിന് ഡ്രൈവര്‍മാരുടെ ജോലിയേറ്റെടുക്കും. നിയമരംഗത്താവട്ടെ, രേഖകള്‍ പരിശോധിക്കാനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വ്യാപകമാകുന്നതോടെ പേപ്പര്‍, ഡിജിറ്റല്‍ രേഖകളുടെ പരിശോധന നടത്തുന്ന നിരവധി അസോസിയേറ്റുകളെ ഒഴിവാക്കാനാകുന്നു. വൈദ്യശാസ്ത്ര മേഖലയിലെ റേഡിയോളജി, ഡെര്‍മറ്റോളജി (ത്വക്ക് രോഗങ്ങള്‍ സംബന്ധിച്ച), പാത്തോളജി വിഭാഗങ്ങളില്‍ ഓട്ടോമേറ്റഡ് രോഗ പരിശോധന വന്നാല്‍ അവയില്‍ സ്പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരുടെ ആവശ്യമില്ലാതെയാകും. മാര്‍ക്കറ്റിങ്, സംരംഭകത്വം, തന്ത്ര പ്രധാനവും വികസിതവുമായ സാങ്കേതിക രംഗങ്ങള്‍ എന്നിങ്ങനെ ക്രിയാത്മകത ആവശ്യമുള്ള രംഗങ്ങളില്‍ മാത്രമാകും അല്‍പ്പമെങ്കിലും രക്ഷയുണ്ടാകുക. നമുക്കിന്ന് സങ്കല്‍പ്പിക്കാനാകാത്ത പുതിയ ജോലികള്‍ ഉണ്ടാകും; പക്ഷേ നഷ്ടപ്പെട്ട തൊഴിലുകള്‍ക്കെല്ലാം പകരം വയ്ക്കാന്‍ അവ മതിയാകില്ല. എക്കാലവും രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന ഒരു ലോകത്തിനായി നമ്മള്‍ തയ്യാറെടുക്കേണ്ടി വരും. എന്നാല്‍ വിഷമിക്കേണ്ട, കാരണം...3. ജീവിതച്ചെലവുകള്‍ താങ്ങാവുന്നവയാകും; ജീവിക്കാന്‍ ജോലി നിര്‍ബന്ധമാവില്ല
കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ നമ്മുടെ കമ്പ്യൂട്ടറുകളുടെ വില പല മടങ്ങ് കുറയുകയും ശേഷി വര്‍ദ്ധിക്കുകയും ചെയ്തില്ലേ? മൊബൈല്‍ ഫോണിലെ മിനുട്ടുകള്‍ ഏതാണ്ട് സൌജന്യമായി എന്നുതന്നെ പറയാം. കമ്പ്യൂട്ടിങ്, സെന്‍സര്‍, സൌരോര്‍ജ്ജ മേഖലകള്‍ വികസിക്കുമ്പോള്‍ അവയുടെ മുതല്‍മുടക്ക് കുറയുന്നു. ജീവിതം മൊത്തത്തില്‍ ചെലവു കുറഞ്ഞതാകും. ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ നമുക്കിപ്പോഴേ കാണാം: Shared-car, ടാക്സി കാര്‍ സേവന രംഗത്ത് Uber പോലെയുള്ള ആപ്പുകള്‍ കൊണ്ടു വന്ന മെച്ചങ്ങള്‍ മൂലം ഒരു തലമുറയാകെ സ്വന്തമായി കാര്‍ വാങ്ങണം എന്ന ചിന്തയോ മോഹമോ ഇല്ലാതെ വളര്‍ന്നു വരുന്നു. അതാത് മേഖലകളിലെ സാങ്കേതിക വിദ്യ പുരോഗമിക്കുന്നതോടെ ആരോഗ്യ പരിപാലനം, ഭക്ഷണം, വാര്‍ത്താവിനിമയം, വൈദ്യുതി, കമ്പ്യൂട്ടിങ് ഇവയൊക്കെ കുറഞ്ഞ ചെലവില്‍ നമുക്ക് പ്രാപ്തമാകും.

4. മുന്‍പെങ്ങുമില്ലാത്ത വിധം നിങ്ങളുടെ വിധിയും ഭാഗധേയവും സ്വന്തം കൈകളിലാകും
ജീവിതച്ചെലവുകളില്‍ കുത്തനെയുണ്ടാകുന്ന ഇടിവിന്‍റെ മെച്ചം എന്നു പറയുന്നത്, നമുക്ക് ആരോഗ്യത്തോടെയും സന്തോഷത്തോടെയും നല്ല വിവരവും വിദ്യാഭ്യാസവും സ്വായത്തമാക്കിയും കഴിയാനുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും തുച്ഛമായ ചെലവിലോ സൌജന്യമായി തന്നെയോ ലഭിക്കും എന്നതാണ്. ഏതു കാര്യത്തെ കുറിച്ചും ഓണ്‍ലൈന്‍ ആയുള്ള പഠനം ഇപ്പോഴേ ഫ്രീയാണ്. മൊബൈല്‍ ആധാരമാക്കിയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു. സങ്കീര്‍ണ്ണമായ രോഗ നിര്‍ണ്ണയങ്ങള്‍ സ്വയം ചെയ്യാന്‍ ഭാവിയില്‍ നമുക്കു കഴിയും. ഒരു സ്മാര്‍ട്ഫോണും സമര്‍ത്ഥമായ വിതരണ സോഫ്ട്വെയറും ഉപയോഗിച്ച് നല്ലൊരു ശതമാനം ആരോഗ്യപ്രശ്നങ്ങള്‍ക്കും സ്വയം ചികില്‍സിക്കാനുമാകും.

Open source & modular കിറ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങളുണ്ടാക്കാം. ഉദാഹരത്തിന്, DIYDrones.com താരതമ്യേന ലളിതമായ നിര്‍ദ്ദേശങ്ങളിലൂടെ, ഡ്രോണിന്‍റെ പല ഘടകങ്ങള്‍ ചേര്‍ത്തുവച്ച് ആളില്ലാതെ പറക്കുന്ന ഉപകരണമുണ്ടാക്കാന്‍ സഹായിക്കുന്നു. 3-D പ്രിന്‍ററുകള്‍ ഉപയോഗിച്ച് ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ സ്വയമുണ്ടാക്കാം. സാധാരണ വീട്ടുസാമാനങ്ങളും ഇലക്ട്രോണിക് സാധനങ്ങള്‍ വരെയും "പ്രിന്‍റ്" ചെയ്തെടുക്കാന്‍ താമസിയാതെ ഈ സാങ്കേതികവിദ്യ കൊണ്ടു കഴിയും. കാര്യക്ഷമതയെ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്ന ഇത്തരം കുതിച്ചുചാട്ടങ്ങള്‍ സാധനങ്ങളുടെ വ്യക്തിഗതമായ നിര്‍മ്മാണ വിതരണം യാഥാര്‍ത്ഥ്യമാക്കും. അതെ, നിങ്ങളുടെ ഗരാജില്‍ ഒരു ചെറിയ ഫാക്ടറി തന്നെ തുടങ്ങാം, അയല്‍വക്കക്കാര്‍ക്കും ഓരോന്നാകാം.5. സമൃദ്ധി ദാരിദ്യത്തേക്കാള്‍ വലിയ പ്രശ്നമാകും
സാങ്കേതികവിദ്യയുടെ സഹായത്താല്‍ എല്ലാം ചെലവു കുറഞ്ഞതും ധാരാളവുമാകുന്നതോടെ ആവശ്യത്തിലധികമുള്ള ഉപഭോഗമാകും നമ്മുടെ മുന്‍പിലുള്ള പ്രശ്നം. വികസിത രാജ്യങ്ങളില്‍ ഇപ്പോഴേ ഇത് ദൃശ്യമാണ്. സമ്പന്നതയുടെ അസുഖങ്ങളായ പൊണ്ണത്തടി, പ്രമേഹം, ഹൃദയസ്തംഭനം എന്നിവയാണ് അവിടങ്ങളില്‍ മുഖ്യമായും മരണകാരണമാകുന്നത്. പടിഞ്ഞാറന്‍ രീതിയിലുള്ള ഭക്ഷണ ശീലങ്ങളിലൂടെ ഇത് വികസ്വര രാജ്യങ്ങളിലും പെട്ടെന്നു തന്നെ പടരുന്നു. ആദ്യ കാലങ്ങളിലെ ഭക്ഷണദൌര്‍ലഭ്യത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞ മനുഷ്യ ജീനുകള്‍ കലോറിയുടെ സമൃദ്ധിയും ആധിക്യവും നേരിടാന്‍ തയ്യാറല്ല. നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത, ബിഗ് മാക് പോലെയുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞ് അവ എല്ലാവര്‍ക്കും ലഭ്യമാകുന്നതോടെ ഈ പ്രശ്നത്തിന്‍റെ രൂക്ഷത വര്‍ദ്ധിക്കും.

സോഷ്യല്‍ മീഡിയ, ഇന്‍റര്‍നെറ്റ് എന്നിങ്ങനെ തമ്മില്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടാവുന്ന മാര്‍ഗ്ഗങ്ങളുടെ ആധിക്യമാണ് മറ്റൊന്ന്. പണികള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കുന്ന രീതിയിലാണ് മനുഷ്യരുടെ വികാസവും പരിണാമവും സംഭവിച്ചിട്ടുള്ളത്; പല കാര്യങ്ങള്‍ ഒരേസമയം ചെയ്യാവുന്ന തരത്തിലല്ല. ഒരു കാര്യത്തില്‍ നമ്മള്‍ ശ്രദ്ധ നല്‍കുന്ന സമയം ഗണ്യമായി കുറഞ്ഞതും ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നതും പലയിടത്തായി നമ്മുടെ ശ്രദ്ധ ചിതറി പോകുന്നതു കൊണ്ടു കൂടിയാണ്. മാനസികമായ പ്രവര്‍ത്തികള്‍ക്കുള്ള ഡേറ്റാ ഇന്‍പുട്ടും മാര്‍ഗ്ഗങ്ങളും കൂടുംതോറും ഏകാഗ്രത കുറഞ്ഞു വരും. നമ്മുടെ കാര്യങ്ങള്‍ ചെയ്യാനുള്ള ഉപകരണങ്ങളുണ്ടായാല്‍ പോലും അവ ചെയ്യാന്‍ തലച്ചോറിനെ പ്രേരിപ്പിക്കുന്നതും അനുസരിപ്പിക്കുന്നതും വലിയൊരു ജോലിയായിത്തീരും.

6. മനുഷ്യനും യന്ത്രവും തമ്മിലുള്ള വേര്‍തിരിവ് കൂടുതല്‍ അവ്യക്തമാകും
മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള കൂടിച്ചേരല്‍ സമൂഹത്തെ ഇപ്പോഴും അസ്വസ്ഥമാക്കുന്നു എന്നതിന് തെളിവാണ് ഗൂഗിള്‍ ഗ്ലാസ്സിനെ പറ്റിയുള്ള വിവാദങ്ങള്‍. തങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാം റെക്കോഡ് ചെയ്യുന്ന ആ വിചിത്ര ഗ്ലാസ്സുകള്‍ വച്ച് ആള്‍ക്കാര്‍ നടക്കാറുള്ളത് ഓര്‍മയില്ലേ? പ്രതിഷേധത്തെ തുടര്‍ന്നു ഗൂഗിള്‍ അവ പിന്‍വലിച്ചെങ്കിലും അവയുടെ ചെറുതാക്കിയ പതിപ്പുകള്‍ ഉടനെ തന്നെ എല്ലാവരിലുമെത്തും. വച്ചു പിടിപ്പിക്കുന്ന റെറ്റിനകളില്‍ ന്യൂറോണുകള്‍ക്ക് പകരം സിലിക്കണ്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൃത്രിമ അവയവങ്ങള്‍ തികച്ചും യോജിക്കുന്ന തരത്തില്‍ വ്യക്തിഗതമാക്കി, അവയെ ശരീരത്തിന്‍റെ തന്നെ തുടര്‍ച്ചകളാക്കി മാറ്റുകയാണ്. കമ്പ്യൂട്ടര്‍ നിയന്ത്രിത Exoskeletons അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൈനികരംഗത്ത് ഉപയോഗിച്ചു തുടങ്ങും. വൃദ്ധര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ചലനസ്വാതന്ത്ര്യം നല്‍കുന്ന ഉപകരണങ്ങളായി ഇവ മാറുമെന്നാണ് കരുതപ്പെടുന്നത്.

സെന്‍സറുകള്‍ ടാറ്റൂ പോലെ ശരീരത്തില്‍ പതിപ്പിക്കുകയും സുപ്രധാന ആരോഗ്യ സൂചനകള്‍ അവ വയര്‍ലെസ്സ് ഡേറ്റയായി ഫോണിലേയ്ക്ക് കൈമാറുകയും ചെയ്യും. ശരീരത്തോട് നേരിട്ടു ഘടിപ്പിച്ചിട്ടുള്ള മറ്റു പല ഉപകരണങ്ങളുമായി ചേര്‍ന്ന് ഈ ഡേറ്റ ജൈവശാസ്ത്ര വിവരങ്ങളുടെ ഫീഡ്ബാക്ക് ലൂപ്പാകും. മനുഷ്യന്‍ എന്ന ആശയം തന്നെ ഇതോടെ മാറും. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് വരയ്ക്കുക എന്നത് അതോടെ വളരെ കഷ്ടമാകുകയും ചെയ്യും.

(വാദ്ധ്വയുടെ അടുത്തുതന്നെ പുറത്തിറങ്ങുന്ന "Driver in the Driverless Car: How Our Technology Choices Will Create the Future," എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള ലേഖനമാണിത്. സിലിക്കണ്‍ വാലി കാര്‍ണഗി മെലന്‍ യൂണിവേഴ്സിറ്റി എഞ്ചിനിയറിങ്ങിലെ പ്രൊഫസറും ഫെലോയുമാണ് വാദ്ധ്വ. ഡ്യൂക്കിലെ Center for Entrepreneurship and Research Commercialization റിസര്‍ച്ച് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.)


Next Story

Related Stories