കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരിക്കെ കുഴല്‍ക്കിണറില്‍ വീണ ബാലികയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കര്‍ണാടകയിലെ ബളഗാവി ജില്ലയില്‍ അത്താണി താലൂക്കില്‍ ജഞ്ജരവാഡയില്ലാണ് സംഭവം. വൈകിട്ട് അഞ്ച് മണിയോടെ കൃഷിയിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കാവേരിയെന്ന ആറ് വയസ്സുകാരി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
400 അടി താഴ്ചയുള്ള കിണറില്‍ 57 അടി താഴെ കുട്ടി കുടുങ്ങിക്കിടക്കുകയാണ്. വേനല്‍ക്കാലമായതിനാല്‍ കിണര്‍ വറ്റിക്കിടക്കുകയാണെങ്കിലും ഇനിയും താഴേക്ക് പോയാല്‍ ശ്വാസം കിട്ടില്ലെന്നതിനാല്‍ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാതെ വരും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സേവനങ്ങളെല്ലാം ഈ കുഗ്രാമത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വാഹനങ്ങള്‍ എത്താനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്.
ജില്ലാ ഭരണകൂടം കുട്ടിയെ രക്ഷിക്കാനായി പൂനെയില്‍ നിന്നും ദേശീയ ദുരന്ത നിവാരണ സേനയെ വിളിച്ചുവരുത്തിയിരിക്കുകയാണ്. കിണറിലേക്ക് വീഴാതെ മണ്ണ് നീക്കം ചെയ്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും. ഇതിനിടെ കര്‍ണാടകയിലെ പ്രാദേശിക ചാനലായ പബ്ലിക് ടിവി രക്ഷാപ്രവര്‍ത്തനങ്ങളുടെ എക്സ്ക്ലൂസീവ് വീഡിയോ പുറത്തുവിട്ടു.