TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയില്‍ 70 ഗ്രാമസഭകള്‍ ഒരുമിക്കുന്നു; ഖനന മാഫിയക്കെതിരെ

മഹാരാഷ്ട്രയില്‍ 70 ഗ്രാമസഭകള്‍ ഒരുമിക്കുന്നു; ഖനന മാഫിയക്കെതിരെ
കിഴക്കന്‍ മഹാരാഷ്ട്രയിലെ ഖനി മേഖലയായ ഗച്ചിറോളി ജില്ലയിലെ 70 ഗ്രാമസഭകള്‍ തത്വദീക്ഷയില്ലാത്ത ഖനനത്തിനെതിരെ രംഗത്തുവന്നത് ശ്രദ്ധേയമായി. ഡിസംബര്‍ അഞ്ച് ഈ മേഖലയുടെ ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന scroll.inല്‍ എഴുതിയ ലേഖനത്തില്‍ അനിത്ര ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ അംഗീകാരം ലഭിച്ചതും നിര്‍ദ്ദിഷ്ടവുമായ എല്ലാ ഖനികളുടെയും പ്രവര്‍ത്തനങ്ങള്‍ ഉടനടി നിറുത്തിവെക്കണമെന്നും സഭകളുടെ സംയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ആവശ്യവുമായി ഗ്രാമസഭകള്‍ മുന്നോട്ട് വരുന്നത്. ഇവര്‍ക്ക് പിന്തുണയുമായി ആദിവാസി നേതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും അടിസ്ഥാനതല സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയട്ടുണ്ട്.

തദ്ദേശീയ ജനതയുടെ ജീവസന്ധാരണത്തിലും സംസ്‌കാരത്തിലും വഹിക്കുന്ന പങ്കിനോടൊപ്പം വനവും ജൈവവൈവിദ്ധ്യവും സംരക്ഷിക്കുന്നതിലും വനാവകാശ നിയമത്തിന്റെയും പട്ടികജാതി മേഖലകളില്‍ പഞ്ചായത്ത് വ്യാപന ചട്ടത്തിന്റെയും പ്രധാന്യം അടിവരയിടുന്ന ഒരു പ്രമേയവും പാസാക്കപ്പെട്ടു. ഇതിന് സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ജില്ല നേതാക്കളുടെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ നാംദേവ് ഉസേണ്ടിയുടെയും പിന്തുണയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്കോ നീതിക്കോ വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ ഉപദ്രവിക്കുന്നത് നിറുത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും പോലീസിനോടും പ്രമേയം ആവശ്യപ്പെട്ടു. വികസനത്തിന്റെയും മുഖ്യധാരയുടെയും പേര് പറഞ്ഞ് ആദിവാസി സംസ്‌കാരത്തെയും ജീവിതരീതിയെയും ആക്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

പോലീസ് അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടാനോ ഖനനത്തെ എതിര്‍ക്കാനോ രാഷ്ട്രീയ നേതാക്കളും, സര്‍ക്കാരിതര സംഘടനകളും അടിസ്ഥാനതല സംഘടനകളും മടിക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് ഇത്തരം ഒരു ജനകീയ കൂട്ടായ്മ ഉയര്‍ന്നുവരുന്നതെന്ന യാഥാര്‍ത്ഥ്യം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. എഴുപത് ഗ്രാമങ്ങളിലെയും പരമ്പരാഗത അധികാര സംവിധാനങ്ങളുടെ സംഘടനയായ സുര്‍ജെഗഡ് പാരമ്പരിക ഇലക ഗോദുല്‍ സമിതിയാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നും അകലം പാലിച്ചിരുന്ന ഈ സമിതിയാണ് ഇപ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ മുന്നോട്ടു വന്നിരിക്കുന്നത്. തങ്ങളുടെ വനങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നും ചെയ്യാത്തതിനാല്‍ ആദിവാസി ദൈവങ്ങള്‍ കോപിച്ചിരിക്കുന്നു എന്ന ന്യായമാണ് ഗോത്രഭാഷയില്‍ അവര്‍ പറയുന്നതെങ്കിലും വിവേകരഹിതമായ പ്രകൃതിചൂഷണത്തിന്റെ തിരിച്ചടികള്‍ സമൂഹത്തിനെ ബാധിക്കാന്‍ തുടങ്ങിയതാണ് യഥാര്‍ത്ഥ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1993ലാണ് ലോയ്ഡ് സ്റ്റീല്‍ കമ്പനിക്ക് സുര്‍ജഗഡ് മേഖലയില്‍ ഖനനത്തിനുള്ള അനുമതി ലഭിച്ചത്. 2006-07ല്‍ ഇത് പുതുക്കി നല്‍കപ്പെട്ടു. കഴിഞ്ഞ മെയ്യോടെ ഒരു വിശുദ്ധ കാവിന് സമീപമുള്ള കുന്നില്‍ നിന്നും കമ്പനി ദിവസവും 20-30 ലോഡ് ഇരുമ്പയിര് കുഴിച്ചെടുക്കാന്‍ തുടങ്ങി. തുടക്കം മുതല്‍ തന്നെ ആദിവാസികളും മാവോയിസ്റ്റുകളും ഖനനത്തിന് ഏതിരായിരുന്നു. 2011ലാണ് ഇതിന് മുമ്പ് കമ്പനി അവസാനമായി ഖനന ശ്രമം നടത്തിയത്. എന്നാല്‍ 100 കിലോമീറ്റര്‍ അകലെ ജില്ല തലസ്ഥാനമായ ഗച്ചിറോളിയില്‍ പോയി ജോലി ചെയ്യാന്‍ സംസ്ഥാന, വ്യാവസായിക അധികൃതര്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രദേശവാസികള്‍ വിസമ്മതിച്ചു. ലോയ്‌സ് നടത്തിയ ഖനനത്തെ കുറിച്ച് ഒരു പൊതുപരാതികളും സ്വീകരിക്കപ്പെട്ടില്ല. പാരിസ്ഥിതിക ആഘാത പഠനവും നടന്നില്ല. നിയമം പ്രത്യക്ഷമായി തന്നെ ലംഘിക്കപ്പെട്ടപ്പോള്‍, കൊടും വനങ്ങള്‍ വെട്ടിത്തെളിച്ച് ലോറികള്‍ക്കുള്ള പാത നിര്‍മ്മിക്കുകയാണ് കമ്പനി ചെയ്തത്. തുടര്‍ന്ന് റിബലുകള്‍ കമ്പനിയുടെ ഉപകരണങ്ങള്‍ അഗ്നിക്കിരയാക്കിയതോടെ പ്രദേശത്തുനിന്നും പിന്‍വലിയാന്‍ അവര്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.

ഇരുമ്പയിരിന്റെ അന്താരാഷ്ട്ര വില ഇടിഞ്ഞതോടെ ഖനനത്തിലുള്ള കമ്പനിയുടെ താല്‍പര്യം നഷ്ടപ്പെട്ടു. അതേസമയം സുര്‍ജഗഡ് മേഖലയ്ക്ക് സമീപം ഇരുമ്പയിര് ഖനനത്തിനുള്ള നിര്‍ദ്ദേശ ജിന്‍ഡാല്‍ സ്റ്റീല്‍ മുന്നോട്ടുവച്ചു. മറ്റ് നിരവധി കമ്പനികളും രംഗത്തെത്തിയതോടെ 11 പുതിയ ഖനികള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നു. വിശാലമായ ഒരു വനമേഖല പൂര്‍ണമായും ഇല്ലാതാകാന്‍ പുതിയ ഖനികള്‍ കാരണമാകുമായിരുന്നു. കൂടാതെ ഈ വര്‍ഷം ലോയ്ഡ്‌സ് ഖനനം പുനഃരാരംഭിക്കുന്നതിന് മുമ്പ് പ്രദേശത്ത് പുതിയ സുരക്ഷ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു. പ്രദേശവാസികളോട് ആലോചിക്കാതെ സര്‍ക്കാരും കുറെ സിആര്‍പിഎഫുകാരെ സ്ഥലത്ത് വിന്യസിച്ചു. ഇതാണ് പുതിയ പ്രകോപനങ്ങള്‍ക്ക് കാരണമായതും ഗ്രാമസഭകള്‍ പ്രമേയം പാസാക്കാനും ഇടയാക്കിയത്.ജലം, വനം, ഭൂമി എന്നിവയ്ക്ക് ഇവിടുത്തെ ആദിവാസി സമൂഹങ്ങള്‍ പരമ്പരാഗതമായി ഏറെ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ അടിസ്ഥാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. മവോയിസ്റ്റുകളുടെ രക്തസാക്ഷി വാരത്തിന് മുമ്പ് പല ഗ്രാമീണരെയും പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തതും പുതിയ ചിന്തകള്‍ക്ക് കാരണമായി. അങ്ങനെയാണ് ഗ്രാമസഭകള്‍ ഒത്തുകൂടാനും തങ്ങളുടെ ദൈവങ്ങളെയും വനങ്ങളെയും സംരക്ഷിക്കുമെന്ന പ്രമേയം പാസാക്കാനും ഇടയായത്. നവംബര്‍ 14ന് ജില്ല ആസ്ഥാനമായ ഗച്ചിറോളിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഖനനത്തിനെതിരായ സമിതിയുടെ നിലപാട് വ്യക്തമാക്കപ്പെട്ടു. ഖനനത്തിനെതിരായ സമിതിയുടെ പരസ്യ നിലപാടും ഇതിനെ മുഖ്യധാര സമൂഹത്തിലെ പ്രബല സമുദായങ്ങള്‍ പിന്തുണയ്ക്കുന്നു എന്ന വസ്തുതയും ഖനനത്തിനെതിരായ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

70 ഗ്രാമസഭകളില്‍ നി്ന്നും ഒരു പുരുഷനും ഒരു സ്ത്രീയും ഉള്‍പ്പെടെ രണ്ടു പേരാണ് സമിതിയില്‍ പ്രതിനിധികളായി എത്തുന്നത്. ഖനനത്തിനെതിരായ പ്രമേയത്തിന് 70 ഗ്രാമസഭകളുടെ പിന്തുണയും ഉണ്ട് എന്നത് തദ്ദേശവാസികളില്‍ ഭൂരിപക്ഷവും സമിതിയോടൊപ്പമുണ്ട് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ശേഷവും ലോയിഡ്‌സ് ഡിസംബറില്‍ ഖനനം ഊര്‍ജ്ജസ്വലമാക്കി. പ്രതിദിനം 300 ട്രക്കുകള്‍ വരെ പ്രദേശത്ത് നിന്നും പോകാന്‍ തുടങ്ങി. ഡിസംബര്‍ 24ന് മാവോയിസ്റ്റുകള്‍ അവരുടെ 80 വാഹനങ്ങള്‍ കത്തിച്ചതോടെ ഖനനം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്.

കമ്പനികള്‍ എണ്ണത്തില്‍ കൂടുതലായതിനാല്‍ അവര്‍ക്കെതിരായ പോരാട്ടത്തിന് തങ്ങള്‍ക്ക് ശേഷിയില്ലെന്ന് സമിതി തിരിച്ചറിയുന്നു. അതിനാല്‍ തന്നെ തങ്ങളുടെ അവകാശങ്ങളെയും ചരിത്രത്തെയും വ്യക്തിത്വത്തെയും കുറിച്ച് ആദിവാസികളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സമിതി ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. അങ്ങനെ സംഘടാനാശക്തി കൈവരിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. സമീപ പ്രദേശത്തെ മറ്റൊരു വനമേഖല താലൂക്കായ ഭാംരാഗഡില്‍ നിരവധി ഖനികള്‍ പ്രവര്‍ത്തിക്കുന്നു. ജനുവരിയില്‍ അവിടെ ഇത്തരം ഒരു ഖനനനിരോധന പ്രഖ്യാപനം നടക്കാന്‍ സാധ്യതയുണ്ട്.

ലോകത്തെമ്പാടും ഖനനത്തിനെതിരെ ഇത്തരത്തിലുള്ള പരമ്പരാഗത ജനതയുടെ രോഷം ഉയര്‍ന്നുവരികയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ പാതയാണ് സുര്‍ജഗഡിലേയും ആദിവാസികള്‍ പിന്തുടരുന്നത്. ആദിവാസി ദൈവങ്ങളുടെ ഉത്സവങ്ങള്‍ ഏറ്റെടുത്തുകൊണ്ട് യുവജനങ്ങളില്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ വൈശിഷ്ട്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആത്മീയതയെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തിക്കൊണ്ട് പ്രകൃതി ചൂഷണത്തിനെതിരെ പോരാടുന്നത് വലിയ വെല്ലുവിളിയാണ്. ഈ പോരാട്ടത്തിലെ പുതിയ മാതൃകയാവുകയാണ്, ഒരു സഹായത്തിന് വേണ്ടിയും സര്‍ക്കാരിനെ സമീപിക്കുന്നില്ലെങ്കിലും മവോയിസ്റ്റുകളെന്ന പേരില്‍ വേട്ടയാപ്പെടുന്ന ഗച്ചിറോളിയിലെ വിദൂരസ്ഥ പ്രദേശങ്ങളില്‍ പിന്‍വലിഞ്ഞു ജീവിക്കുന്ന ഈ ആദിവാസി ജനത.

Next Story

Related Stories