TopTop
Begin typing your search above and press return to search.

വിമത ജീവിതത്തിന്റെ കീഴാള നിറങ്ങളെ കുറിച്ച് ചിലത്

വിമത ജീവിതത്തിന്റെ കീഴാള നിറങ്ങളെ കുറിച്ച് ചിലത്

ആഗസ്റ്റ് 12ന് കേരളം ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. വിമത ലൈംഗികതയുടെ രാഷ്ട്രീയമാണ് മഴവില്‍ പതാകക്കീഴില്‍ നില്‍ക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നത്. ആരാണ് വിമതര്‍? വിശാലമായ അര്‍ത്ഥത്തില്‍ വിരുദ്ധ മതക്കാരാണ് വിമതര്‍. അതിനാല്‍ തന്നെ അതൊരു രാഷ്ട്രീയ സംജ്ഞയാണ്. ലോകമെമ്പാടും വിമതലൈംഗികത (queer) നടപ്പ് രീതിയിലുള്ള ഭിന്നലൈംഗികതയ്ക്ക് (heteronormativity) വിരുദ്ധമായ രാഷ്ട്രീയം സംസാരിക്കുന്നു, ഭിന്നലൈംഗികതയുടെ ആധിപത്യവും വിമത ലൈംഗികതയ്ക്ക് മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള പ്രകൃതി വിരുദ്ധ ലേബലും ചോദ്യം ചെയ്യുന്നു. എങ്കിലും ഈ വിമത ലൈംഗികത എന്ന കൊടിക്കീഴില്‍ എല്ലാവരും ഒരുപോലെയാണോ? പുരുഷാധിപത്യ വ്യവസ്ഥിതിക്കൊപ്പം തന്നെ ജാതീയത സ്വാംശീകരിച്ചിട്ടുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ആരൊക്കെയാണ് വിമതര്‍? നമ്മള്‍ പ്രഖ്യാപിക്കുന്ന വിമത ലൈംഗികത തന്നെ എത്രകണ്ട് നേര്‍രേഖയില്‍ പോകുന്ന, ഏകീകൃതമായ ഒന്നാണ്? ഭിന്നലൈംഗികതയ്ക്ക് പുറത്ത് നില്‍ക്കുന്ന എല്ലാ വിമതരും ഒരേ അടരുകള്‍ക്കുള്ളില്‍ നില്‍ക്കുന്നവരാണോ?

ഒരു അനുഭവം പങ്കുവയ്ക്കട്ടെ. ആദ്യമായി പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത് 2011- ലെ തൃശൂര്‍ പ്രൈഡ് മാര്‍ച്ചിലാണ്. അന്ന് കറുത്ത് മെലിഞ്ഞ ശരീരവുമായി പ്രൈഡ് മാര്‍ച്ചിനു ശേഷം തൃശൂര്‍ സാഹിത്യ അക്കാദമിയുടെ മുന്നില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് സ്റ്റേജിലെ പ്രസംഗം ശ്രദ്ധിച്ചു നിന്ന എന്റെ നേരെ കാഴ്ചക്കാരില്‍ നിന്നും കയറി വന്ന ഒരു പുരുഷന്‍ ആ രാത്രിയിലെ എന്റെ ‘റേറ്റ്’ അന്വേഷിച്ചു. ആദ്യമായി ഉണ്ടായ അനുഭവമാണ് അതെന്നു അവകാശപ്പെടുന്നില്ല. പഠിച്ചിരുന്ന യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്നു പോലും ഈ ചോദ്യത്തിന്റെ പല ഈണങ്ങളും താളങ്ങളും പലവട്ടം കേട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അത്തരം ചോദ്യങ്ങള്‍ ഒരുപാട് കേട്ട് കേട്ട് പഴകിയ കാതായിരുന്നിട്ടും ആ അനുഭവം അന്നെന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. എന്റെ ഇരുവശത്തുമായി നിന്നിരുന്ന, പ്രൈഡില്‍ പങ്കെടുത്ത മറ്റു വെളുത്ത ശരീരമുള്ള സ്ത്രീകളെ മറികടന്ന് ആ ചോദ്യം എന്നോട് തന്നെ വന്നു ചോദിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താവും എന്നതിന്റെ ഉത്തരം യഥാര്‍ത്ഥത്തില്‍ എനിക്ക് തന്നെ അറിയാമായിരുന്നു. വിമത ലൈംഗികതയുടെ സ്വാഭിമാന ഘോഷയാത്രയുടെ മഴവില്‍ വര്‍ണത്തിനു കീഴിലും എന്റെ അവര്‍ണ/കീഴാള ശരീരം പേറുന്ന ‘ചന്തപ്പെണ്ണ്’ ലേബല്‍ തെളിഞ്ഞു കാണുന്നു എന്നത് തിരിച്ചറിഞ്ഞത് തീര്‍ച്ചയായും എന്റെ വിമതത്വം എത്ര സങ്കീര്‍ണമാണ് എന്നെനിക്ക് മനസിലാക്കി തന്നു. അത്തരം സങ്കീര്‍ണമായ മറ്റു വിമത ജീവിതങ്ങളെക്കുറിച്ച് അധികം നരേഷനുകള്‍ ഇല്ല എന്ന തിരിച്ചറിവാണ് ഈ കുറിപ്പിന് ആധാരം.ജാതിയും ലിംഗപദവിയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം വേണ്ടും വിധം ചര്‍ച്ച ചെയ്യാതെ പോകുന്ന ഇടത്താണ് വിമതലൈംഗികതയുടെ വരവ്. ഈ സങ്കീര്‍ണതകളെ ഒരു ദളിത്‌ സ്ത്രീ എന്ന നിലയില്‍ സമീപിക്കുമ്പോള്‍ പറയാനുള്ളത് ഒരു ദളിത്‌ പെണ്‍കുട്ടിയെ നിലയ്ക്ക് നിര്‍ത്താന്‍ അല്ലെങ്കില്‍ അവളുടെ ഇടം പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്രധാനമായും മൂന്നു സാമൂഹ്യ വ്യവസ്ഥകളാണ് – ജാതി, ലിംഗപദവി, ലൈംഗികത. ഈ സങ്കീര്‍ണത തന്നെ വേണ്ട വിധം പൊതുധാരയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഒരു കീഴാള ശരീരം അതിലൈംഗികതയുടെ (hypersexuality) ഭാരം ചുമക്കുന്ന ഒന്നാണ്. ഒരു കീഴാള സ്ത്രീക്ക് അവളുടെ ഭിന്നലൈംഗികത പോലും assert ചെയ്യുന്നത് ഒരു വിപ്ലവ പ്രവര്‍ത്തനമാണ് നിലവിലെ സാഹചര്യങ്ങളില്‍. അങ്ങനിരിക്കെ അവള്‍ വിമത ലൈംഗികതയെപ്പെറ്റി സംസാരിക്കുന്നത് എത്രകണ്ട് ആശാസ്യമാണ് അവളുടെ സാമൂഹ്യ അരക്ഷിതാവസ്ഥയില്‍? അവളുടെ ജാതിസമൂഹത്തിനുള്ളില്‍?

1998 നവംബര്‍ പതിനെട്ടിനാണ് കേരള വര്‍മ കോളേജില്‍ വിദ്യാര്‍ഥിനി ആയിരുന്ന തൃശൂര്‍ സ്വദേശി മിനി എന്ന ദളിത്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് ഏതാനും നാളുകള്‍ക്ക് മുന്‍പേ മിനിയെയും അവളുടെ തന്നെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെയും കാണാതായിരുന്നു. ഈ പെണ്‍കുട്ടിയുമായി മിനിക്ക് പ്രണയം ഉണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു. നവംബര്‍ പതിനേഴിന് അവര്‍ രണ്ടുപേരും മടങ്ങിയെത്തി അവരവരുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവരുടെ തിരോധാനം സംബന്ധിച്ച് രണ്ട് കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു എന്നതിനാല്‍ അടുത്ത ദിവസം മിനിയോട്‌ പോലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനു മുന്‍പേ അവള്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ ഉണ്ടായിട്ടുള്ള ഒരുപാട് ലെസ്ബിയന്‍ ആത്മഹത്യകളില്‍ ഒന്ന് കൂടി എന്ന് ഈ ആത്മഹത്യയെ എഴുതിതള്ളുന്നതിന് മുന്‍പേ അറിയേണ്ടത് മിനിയുടെ മരണ ശേഷം നടന്ന പ്രതിഷേധങ്ങളുടെ പ്രത്യേകതയാണ്. മിനിയുടെ ആത്മഹത്യ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു ദളിത്‌ വിദ്യാര്‍ഥി സംഘടന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം നടത്തിയിരുന്നു. സ്വാഭാവികമായും രൂപീകൃതമായ കമ്മിറ്റി അവളുടെ പേരില്‍ ആരോപിക്കപ്പെട്ട സ്വവര്‍ഗാനുരാഗത്തെ നിഷേധിക്കുകയും, ഒരു ദളിത്‌ പെണ്‍കുട്ടിയെ സ്വവര്‍ഗാനുരാഗിയാക്കി ചിത്രീകരിച്ച് ആത്മഹത്യയിലേക്ക് നയിച്ച കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.

ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന് മിനി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം. രണ്ട് അവള്‍ക്ക് നീതി ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ അവളുടെ ലൈംഗികതയെ പൂര്‍ണമായും നിഷേധിച്ചത്. മിനി ഒരു ദളിത്‌ പെണ്‍കുട്ടി അല്ലായിരുന്നെങ്കില്‍ അവളുടെ ലൈംഗികത കോളേജിലും ഹോസ്റ്റലിലും ഇത്രകണ്ട് ചര്‍ച്ച ചെയ്യപ്പെടുമായിരുന്നോ? എന്തുകൊണ്ടാണ് മിനിക്ക് മാത്രം ആത്മഹത്യയേ വഴിയുള്ളൂ എന്ന് തോന്നിയത്? ആത്മഹത്യയില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്ന വിധം അവളുടെ ലൈംഗികത തുറന്ന ചര്‍ച്ചയായതില്‍ അവളുടെ ജാതിക്ക് എത്രകണ്ട് പങ്കുണ്ട്? ഇനി ഒരു പ്രധാന ചോദ്യം - അഥവാ മിനി ജീവിച്ചിരുന്നപ്പോള്‍ അവളുടെ ലൈംഗികതയെക്കുറിച്ച് തുറന്ന പ്രഖ്യാപനം നടത്തിയിരുന്നെങ്കില്‍ കഥ എന്തായിരുന്നേനെ? അവളെ ആരൊക്കെ പിന്തുണയ്ക്കുമായിരുന്നു? ജാതി സമൂഹം അവളെ അവളായി ഉള്‍ക്കൊള്ളുമായിരുന്നോ? അവളുടെ ആത്മഹത്യാക്കുറിപ്പില്‍ സ്വന്തം ലൈംഗികതയെക്കുറിച്ച് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം ഉറച്ചു സംസാരിച്ചിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധമോ ജുഡീഷ്യല്‍ അന്വേഷണത്തിന് വേണ്ടിയുള്ള ആവശ്യമോ ഉയരുമായിരുന്നോ?ജെ. ദേവിക അവരുടെ Bodies Gone Awry എന്ന ലേഖനത്തില്‍ മുഖ്യധാരാ സമൂഹത്തില്‍ നിന്നും നേരത്തെ തന്നെ ബഹിഷ്കൃതരായിരിക്കുന്ന ദളിത്‌-ആദിവാസി-തീരദേശവാസികള്‍ അടങ്ങുന്ന പാര്‍ശ്വവല്കൃത സമൂഹത്തിന്റെയും പുറത്ത് നില്‍ക്കുന്നവരായാണ്‌ വിമത ലൈംഗികത പുലര്‍ത്തുന്നവരെ നിരീക്ഷിക്കുന്നത്. കീഴാളരും വിമതലൈംഗികതയുമായുള്ള ആ അതിര്‍ത്തി വളരെ നേര്‍ത്തതാണ് എന്നത് അപകടകരമായാണ് കീഴാളര്‍ കരുതുന്നത് എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഉദാഹരണം എടുത്താല്‍ നളിനി ജമീല അവരുടെ ആത്മകഥയില്‍ പറയുന്നുണ്ട്, ഒരു ദളിത്‌ കോളനിയില്‍ താമസിച്ച് തൊഴില്‍ ചെയ്യുന്ന കാലത്ത് കോളനിവാസികളുടെ പ്രതിഷേധം മൂലം അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നതിനെപ്പറ്റി. ഒരു ലൈംഗിക തൊഴിലാളി തങ്ങളുടെ കോളനിയില്‍ വന്നു താമസിക്കുന്നത് തങ്ങളുടെ സാമൂഹ്യ സാഹചര്യങ്ങളെ കണക്കിലെടുത്ത് അപകടകരമെന്ന് കോളനിയിലുള്ളവര്‍ കരുതി. ഒരുപക്ഷെ ഒരു ലൈംഗിക തൊഴിലാളി സവര്‍ണരുടെ വീടുകള്‍ക്കരികില്‍ താമസിച്ചാലും അവിടെ നിന്നും പുറത്താക്കപ്പെടാന്‍ ഇതേ സാധ്യതയുണ്ടെങ്കിലും രണ്ടും തമ്മില്‍ താരതമ്യപ്പെടുത്താന്‍ കഴിയാത്ത വിധം അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. സവര്‍ണരുടെ കാര്യത്തില്‍ ഈ ‘ഭ്രഷ്ട്’ ആത്യന്തികമായി അവരുടെ (ജാതി)ശുദ്ധി പരിപാലിക്കപ്പെടുന്നതിന്റെ ഭാഗമാണെങ്കില്‍ ദളിതരുടെ കാര്യത്തില്‍ അത് ജാതീയതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമാണ്. അതിലൈംഗികത ആരോപിക്കപ്പെടുന്ന ശരീരങ്ങളുടെ പ്രതിരോധങ്ങളുടെ ഭാഗമാണ് ലൈംഗികതയുടെ മനഃപൂര്‍വമുള്ള ഇത്തരം നിയന്ത്രണവും നിഷേധവും എന്ന് വേണം മനസിലാക്കാന്‍. മിനിയുടെയും നളിനി ജമീലയുടെയും അനുഭവങ്ങള്‍ ഇതാണ് വരച്ചിടുന്നത്. വളരെ ദൌര്‍ഭാഗ്യവശാല്‍ അതിന്റെ ഇരകള്‍ ആകേണ്ടി വരുന്നതും ഇതേ വിമതശരീരങ്ങളാണ്. അത്രയും ലൈംഗികസദാചാരബാധ്യത പേറുന്ന ശരീരങ്ങളാണ് കീഴാള ശരീരങ്ങള്‍ എന്നിരിക്കെ തന്റെ ലൈംഗികതയുടെ വിമതത്വത്തെപ്പറ്റി സംസാരിക്കുന്നത് പോലും കീഴാള ശരീരങ്ങള്‍ക്ക് ഒന്നുകൂടി ദുര്‍ഘടമാണ്.

പറഞ്ഞു വരുന്നത് ഇത്രയും സങ്കീര്‍ണ്ണമായ അടരുകള്‍ക്കുള്ളില്‍ നിന്നാണ് വിമത ജീവിതത്തെക്കുറിച്ച് എനിക്ക് സംസാരിക്കേണ്ടത്. വിമത ജീവിതങ്ങള്‍ ഒന്നിനൊന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ ഒരു കുടക്കീഴില്‍ നിര്‍ത്തി ഒരേപോലെ പരിഗണിക്കുക അസാധ്യമാണ്. ലിംഗപദവി (gender) ഏകീകരിക്കുന്നത് എന്തുകൊണ്ട് പ്രശ്നമാണോ അതെയളവില്‍ പ്രശ്നമാണ് വിമതത്വങ്ങളെ ഏകീകരിക്കുന്നത്. നമുക്കുള്ളിലെ സങ്കീര്‍ണതകളെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച നടത്താതെ ഇനിയും നമുക്ക് മുന്നോട്ടു പോവാന്‍ ആവില്ല എന്ന് തന്നെ. കേരളത്തിന്റെ വിമതലൈംഗികതയുടെ രാഷ്ട്രീയം ജാതീയതയെപ്പറ്റി, വംശീയതയെപ്പറ്റി, മതപരമായ സ്വത്വങ്ങളെപ്പറ്റി, ableismത്തെപ്പറ്റി.... എന്നിങ്ങനെ വിമതത്വത്തിന്റെ നിരവധി അടരുകളെപ്പറ്റി, വിമതര്‍ക്കുള്ളിലെ വിമതത്വത്തെപ്പറ്റി കൂടി സംസാരിച്ചു തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. Let’s get as queer as we can be!

ഏഴാമത്തെ കേരള പ്രൈഡ് മാര്‍ച്ചിന് എല്ലാവിധ ആശംസകളും നേരുന്നു.

അവലംബം
1. Annexure - D Table of Lesbian Suicides, Compiled by Alternative Law Forum, Banglore
2. Bodies gone awry : The abjection of sexuality in Development Discourse in contemporary Kerala, J Devika, Indian Journal of Gender Studies, 16:1, 2009, 21-46
3. An autobiography of a sex worker, Nalini Jameela, Transl. J. Devika, Westland 2007

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories