TopTop
Begin typing your search above and press return to search.

ട്രംപ് ആരാധകര്‍ പണി തുടങ്ങി; റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 900 വിദ്വേഷ സംഭവങ്ങള്‍

ട്രംപ് ആരാധകര്‍ പണി തുടങ്ങി; റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 900 വിദ്വേഷ സംഭവങ്ങള്‍

മോറിയ ബാലിങ്ങിറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഫ്ലോറിഡയിലെ സരസോട്ടയില്‍, ഒരു 75 വയസ്സുകാരനായ സ്വവര്‍ഗ്ഗാനുരാഗിയെ കാറില്‍ നിന്നും ബലംപ്രയോഗിച്ച് വലിച്ചിറക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനിടയില്‍ ഒരുവന്‍, 'നിന്നെ പോലുള്ള എല്ലാ തെണ്ടികളെയും ഞങ്ങള്‍ക്ക് കൊല്ലാമെന്ന് എന്റെ പുതിയ പ്രസിഡന്റ് പറഞ്ഞത് നിനക്കറിയാമല്ലോ,' എന്ന് ആക്രാശിച്ചു. സാന്‍ അന്റോണിയോയില്‍ ഏഷ്യന്‍ വംശജയായ ഒരു യുവതിയോട് ഒരാള്‍ ഇങ്ങനെ പറഞ്ഞു: 'നിന്റെ കണ്ണുകള്‍ കാണുമ്പോള്‍ തന്നെ അവര്‍ നിന്നെ രാജ്യത്ത് നിന്നും പുറത്താക്കും.' ഫ്‌ളോറിഡയിലെ വെസ്ലെ ചാപ്പലില്‍ ഒരു അദ്ധ്യാപിക തന്റെ കറുത്ത വര്‍ഗ്ഗത്തില്‍പെട്ട വിദ്യാര്‍ത്ഥിയോട് ഇങ്ങനെ പറഞ്ഞു: 'നിന്നെ ആഫ്രിയിക്കയിലേക്ക് മടക്കി അയയ്ക്കുന്നതിനായി ഡൊണാള്‍ഡ് ട്രംപിനെ വിളിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്.'

ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പത്ത് ദിവസങ്ങളില്‍ 867 'വിദ്വഷ സംഭവങ്ങള്‍,' ആണ് സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ 300 എണ്ണവും നിയുക്ത പ്രസിഡന്റിനെയോ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ആക്രോശങ്ങളെയോ നേരിട്ട് പരാമര്‍ശിക്കുന്നവയാണ്. മാധ്യമങ്ങളില്‍ വന്നതോ അല്ലെങ്കില്‍ സെന്ററിന്റെ വെബ്‌സൈറ്റിലുള്ള ഒരു ഫോമില്‍ രേഖപ്പെടുത്തപ്പെട്ടതോ ആയ സംഭവങ്ങളില്‍ ആരാധനാലായങ്ങള്‍ നശിപ്പിക്കല്‍, ഹിജാബ് ധരിച്ച മുസ്ലീം സ്ത്രീകളെ ആക്രമിക്കല്‍, സ്‌കൂളുകളില്‍ ഹിസ്പാനിക് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്നു.

ന്യൂയോര്‍ക്ക് അടിപ്പാതയില്‍ ട്രംപ് തൊപ്പിധരിച്ച ഒരാളെ മറ്റൊരാള്‍ കഴുത്തിന് കുത്തിപ്പിടിച്ചതുള്‍പ്പെടെ 23 'ട്രംപ് വിരുദ്ധ' സംഭവങ്ങളും കേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ട്.

മതപരമായ ഭീഷണിപ്പെടുത്തലും വിദ്വേഷ കുറ്റങ്ങളും അത്ര പുതുമയുള്ളതല്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് കേന്ദ്രം ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത് എന്നതിനാല്‍ തന്നെ ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വവും തിരഞ്ഞെടുപ്പുമാണോ എന്ന് വിലയിരുത്തുക ആസാധ്യമാണ്. എന്നാല്‍, ഇത്തരത്തിലുള്ള ഒന്നും നേരത്തെ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നതിനാല്‍ തന്നെ തങ്ങള്‍ക്ക് വല്ലാത്ത ഞെട്ടല്‍ ഉണ്ടായി എന്ന് ആക്രമിക്കപ്പെട്ടവരും ലക്ഷ്യമിടപ്പെട്ടവരും പറഞ്ഞതായി സതേണ്‍ പോവറിട്ടി ലോ സെന്റര്‍ അദ്ധ്യക്ഷന്‍ റിച്ചാര്‍ഡ് കോഹന്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ വിഭാഗീയതയ്ക്ക് ആക്കം കൂട്ടി തിരഞ്ഞെടുപ്പ് പ്രചാരണം ആക്രമണകാരികള്‍ക്ക് ധൈര്യം പകര്‍ന്നിട്ടുണ്ട് എന്ന അനുമാനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.'ആക്രമണങ്ങളുടെ തീവ്രതയും ക്രൂരതയും വച്ച് നോക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ തന്നെയാണ് നമ്മള്‍ അനുഭവിക്കുന്നത്,' എന്ന് കോഹന്‍ പറയുന്നു.

കലാപങ്ങളും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ട്രംപില്‍ നിന്നും ഉണ്ടായതെന്നും അതിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ അപലപിക്കുന്നതില്‍ അദ്ദേഹം തണുത്ത സമീപനമാണ് സ്വീകരിച്ചതെന്നും ആരോപിച്ച് നിയുക്ത പ്രസിഡന്റിനെതിരെ ശക്തമായ വിമര്‍ശനമാണ് 'പത്തു ദിവസങ്ങള്‍ക്ക് ശേഷം' എന്ന് പേരിട്ട റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തിറക്കുന്നതിനിടയില്‍ സെന്ററും മറ്റ് പൗരാവകാശ സംഘടനകളും അഴിച്ചുവിട്ടത്. പ്രഥമികമായും സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, കുടിയേറ്റക്കാര്‍ എന്നിവരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി തങ്ങള്‍ വിശ്വസിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങളും ഹിസ്പാനിക്കുകളും പീഢിപ്പിക്കപ്പെടുന്നു എന്ന വാര്‍ത്ത തന്നെ ദുഃഖിപ്പിച്ചതായി ഒരു '60 മിനിട്ട്' അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

'അത് ചെയ്യരുത് എന്ന് ഞാന്‍ പറയും, അത് ദാരുണമാണ്, കാരണം ഞാന്‍ ഈ രാജ്യത്തെ ഒന്നിപ്പിക്കാന്‍ പോവുകയാണ്,' അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. 'ഇത് നിര്‍ത്തൂവെന്ന് ഞാന്‍ പറയും, അത് ക്യാമറയുടെ നേരെ നോക്കിത്തന്നെ പറയുകയും ചെയ്യും.'

വംശീയതയെ ട്രംപ് എതിര്‍ക്കുന്നുവെന്നും എല്ലാ അമേരിക്കക്കാരുടെയും നേതാവാകാന്‍ അദ്ദേഹം പ്രതിജ്ഞാബന്ധനാണെന്നും ട്രംപ് പരിവര്‍ത്തന സംഘം ചൊവ്വാഴ്ച വൈകിട്ട് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

'മറിച്ച് ചിന്തിക്കുന്നത്, എല്ലാ പശ്ചാത്തലത്തില്‍ നിന്നുമുള്ള അമേരിക്കക്കാരെ ഏകോപിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ പൂര്‍ണമായും തെറ്റായ രേഖപ്പെടുത്തലായി മാറും,' എന്ന് പ്രസ്താവനയില്‍ പറയുന്നു. 'ഈ യുക്തിഹീനമായ പെരുമാറ്റങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഫലമാണെന്ന് ആരെങ്കിലും വ്യാഖ്യാനിക്കുന്നത് നിരാശജനകവും അവരുടെ ക്രൂരമായ പ്രവൃത്തികള്‍ക്കുള്ള ന്യായീകരണവുമായി മാറുന്നു.'

2011 സെപ്തംബര്‍ 11 ലെ ആക്രമണങ്ങള്‍ മുസ്ലീങ്ങള്‍ ആഘോഷിച്ചുവെന്ന് ട്രംപ് തെറ്റായി ആരോപിച്ച ജേഴ്‌സി സിറ്റിയിലെ മുസ്ലീം സമൂഹം ഉള്‍പ്പെടെ ആക്രമണകാരികള്‍ ലക്ഷ്യമിട്ട ജനസമൂഹങ്ങളോട് ട്രംപ് മാപ്പ് പറയണമെന്ന് പൗരാവകാശ നേതാക്കള്‍ ആവശ്യപ്പെട്ടു.

'ഇപ്പോള്‍ നാം കാണുന്ന വിദ്വേഷത്തിന്റെ ഈ കുത്തൊഴുക്കിന് തിരികൊളുത്തിയത് ത്‌ന്റെ സ്വന്തം വാക്കുകളാണെന്ന് സമ്മതിക്കുകയാണ് അദ്ദേഹം ചെയ്യാതിരിക്കുന്ന കാര്യം,' ചൊവ്വാഴ്ച കോഹന്‍ പറഞ്ഞു. 'നമ്മുടെ രാജ്യത്ത് പരക്കുന്ന വിദ്വേഷത്തില്‍ അത്ഭുതം കൂറുന്നതായി നടിക്കുന്നതിന് പകരം, താന്‍ സൃഷ്ടിച്ച ദുരവസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അത് പരിഹരിക്കുകയുമാണ് ട്രംപ് ചെയ്യേണ്ടത്.'വൈറ്റ് ഹൗസിലേക്ക് മതഭ്രാന്ത് ട്രംപിനെ പിന്തുടരാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കുന്നതായി അവര്‍ വിവരിക്കുന്ന ചില രാഷ്ട്രീയ നിയമനങ്ങള്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും ഈ നേതാക്കള്‍ ആവശ്യപ്പെടുന്നു.

അദ്ദേഹം നടത്തിയ ചില നിയമനങ്ങള്‍, 'പ്രചാരണ സമയത്ത് നാം കണ്ട മതഭ്രാന്ത് നിറഞ്ഞതും വിഭാഗീയവുമായ ആക്രോശങ്ങള്‍ നയങ്ങളും നടപടികളുമായി വൈറ്റ് ഹൗസിലും തുടരാനുള്ള സൂചനകളാണ്,' കാണിക്കുന്നതെന്ന് മുസ്ലീം അഡ്വക്കേറ്റ്‌സിലെ ബ്രെന്‍ഡ് അബ്ദെലാല്‍ പറയുന്നു. 'അമേരിക്കയെ ഏകോപിപ്പിക്കാനും എല്ലാ അമേരിക്കക്കാരുടെയും നേതാവാകാനുമാണ് നിയുക്ത പ്രസിഡന്റ് ആഗ്രഹിക്കുന്നതെങ്കില്‍, മുസ്ലീങ്ങളെയും ഇതര സമൂഹങ്ങളെയും ഒറ്റപ്പെടുത്താനും ഭീകരവത്കരിക്കാനും ശ്രമിക്കുന്ന നിര്‍ദ്ദേശങ്ങളും ആശയങ്ങളും തള്ളിക്കളയുകയാണ് അദ്ദേഹം ചെയ്യേണ്ടത്.'

2014നും 2015നും ഇടയില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 67 ശതമാനം വര്‍ദ്ധിച്ചതായി എഫ്ബിഐ രേഖകള്‍ ഉദ്ധരിച്ച് അബ്ദെലാല്‍ ചൂണ്ടിക്കാണിക്കുന്നു. 2016ല്‍ ഇത് വീണ്ടും വര്‍ദ്ധിക്കുമെന്ന് വിദ്വേഷ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന തന്റെ സംഘടന സംശയിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സെന്റര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍വെ നടത്തിയിരുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തങ്ങള്‍ക്കും തങ്ങളുടെ കുടുംബങ്ങള്‍ക്കും എന്ത് സംശയിക്കുമെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, പ്രത്യേകിച്ചും കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, വളരെ വര്‍ദ്ധിച്ച നിലയിലാണെന്ന് മിക്കവരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിസ്പാനിക് വിദ്യാര്‍ത്ഥികളെ നാടുകടത്തും എന്നതുള്‍പ്പെടെ സഹവിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതിനായി പ്രചാരണ ആക്രോശങ്ങള്‍ ചിലര്‍ ഉദ്ധരിച്ചിരുന്നതായും സാധാരണമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റുചിലരാവട്ടെ, 2005ല്‍ ചിത്രീകരിക്കപ്പെട്ട ട്രംപിന്റെ വാക്കുകള്‍ പെണ്‍കുട്ടികളെ ആക്രമിക്കുന്നതിനുള്ള ആയുധമാക്കുകയായിരുന്നു.

'ഒരു പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പിടിച്ച ശേഷം ഇപ്പോള്‍ അവളോട് അങ്ങനെ ചെയ്യാനുള്ള നിയമപരമായ അധികാരം തനിക്കുണ്ടെന്ന് ആക്രോശിച്ച ഒരു ആണ്‍വിദ്യാര്‍ത്ഥിയെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്,' എന്ന് മിന്നസോട്ടയിലെ ഒരു പ്രഥമിക വിദ്യാലയത്തിലെ അദ്ധ്യാപിക ഓര്‍ക്കുന്നു.


Next Story

Related Stories