UPDATES

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രായം ഒരു പരിധിയേ അല്ല; 91കാരനായ എന്‍ഡി തിവാരി തെളിയിക്കുന്നത്

ബിജെപിയുടെ പുതിയ ‘രംഗീല’ അംഗത്തെ സംബന്ധിച്ചിടത്തോളം പ്രായം ഒരു അക്കം മാത്രമാണ്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രായം ഒരു പരിധിയേ അല്ല. യഥാര്‍ത്ഥത്തില്‍ കായികരംഗത്തല്ലാതെ ജീവിതത്തിലൊരിടത്തും പ്രായം ഒരു പരിധിയാവുന്നില്ല. ഗായകന്‍ നിക് പ്രീസ്റ്റ് പാടിയത് പോലെ, ‘പ്രായം ഒരു അക്കം മാത്രമാണ്, സമയം അവസാനിക്കുന്നതുവരെ നമുക്ക് ആഘോഷം തുടരാം.’ ബിജെപിക്ക് ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന 91 കാരനായ മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ എന്‍ഡി തിവാരിയാവും ഇത് പൂര്‍ണമനസോടെ അംഗീകരിക്കുന്ന ഒരാള്‍. കക്ഷിരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇത് ഇത്തിരി കടന്ന പ്രായമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി. കൂടുതല്‍ വരാനിരിക്കുന്നതേയുള്ളു. സ്വന്തം പാര്‍ട്ടിയെ നയിച്ച ചെറുതെങ്കിലും തിളക്കമുള്ള ഒരിടവേള ഒഴിച്ചാല്‍, ദശാബ്ദങ്ങളായി കോണ്‍ഗ്രസുകാരനും മന്ത്രിയും ഗവര്‍ണറും ഒക്കെ ആയതിന് ശേഷമാണ് തിവാരിയുടെ അപ്രതീക്ഷിത തീരുമാനം വരുന്നത്. ബ്രിട്ടീഷ് വിരുദ്ധ ലഘുലേഖ എഴുതിയതിന് 1942ല്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയ തിവാരിയുടെ ഉയര്‍ച്ച വലിയ കഥ തന്നെയാണ്. പര്‍വതപ്രദേശമായ നൈനിത്താളിലെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എംഎല്‍എ എന്ന നിലയിലുള്ള ചില സമൃദ്ധ വര്‍ഷങ്ങള്‍ക്ക് ശേഷം 1963ലാണ് തിവാരി കോണ്‍ഗ്രസില്‍ ചേരുന്നത്.

കക്ഷി മാറ്റം തിവാരിക്ക് ഏറെ ഗുണങ്ങള്‍ ചെയ്തു. യുവത്വം നിറഞ്ഞ നാല്‍പതുകളില്‍ യുപി ധനകാര്യമന്ത്രിയായ അദ്ദേഹം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ തിവാരി യുപി മുഖ്യമന്ത്രിയായി. 1980ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തിവാരി, പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്ന പദവി കൂടാതെ പെട്രോളിയം, വിദേശകാര്യം, ധനകാര്യം, വാണിജ്യം എന്നീ സുപ്രധാന വകുപ്പുകളുടെ മന്ത്രിയുമായി. 1994ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം, തിവാരി എന്ന പേര് ബ്രാക്കറ്റില്‍ നിര്‍ത്തിക്കൊണ്ട് ‘അഖിലേന്ത്യ ഇന്ദിര കോണ്‍ഗ്രസ്’ രൂപീകരിച്ചു. 1996ല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തതിന് ശേഷം മാത്രമാണ് അദ്ദേഹം മാതൃസംഘടനയിലേക്ക് മടങ്ങിയത്.

പക്ഷെ രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നും അത്ര പെട്ടെന്ന് മറഞ്ഞുപോകാന്‍ തിവാരി തയ്യാറായിരുന്നില്ല. 2002 മുതല്‍ 2007 വരെ ഉത്തരാഘണ്ഡ് മുഖ്യമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. പ്രായാധിക്യം പറഞ്ഞ് തിവാരി സ്ഥാനമൊഴിഞ്ഞെങ്കിലും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാവുന്നതിന് പ്രായം അദ്ദേഹത്തിന് തടസമായില്ല. അദ്ദേഹം ഉള്‍പ്പെടുന്ന ചില വിവാദ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് ആ സ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടി വന്നത്.

അതിന് ശേഷവും ആഘോഷങ്ങള്‍ അവസാനിച്ചില്ല. രക്തസാക്ഷികളെ ആദരിക്കുന്നതിന് ലക്‌നൗവില്‍ നടത്തിയ ഒരു ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന തിവാരി ഒരു അവതാരകയെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ തലക്കെട്ടുകളില്‍ ഇടം നേടി. ഇതിനിടയില്‍ രോഹിത് ശേഖര്‍ എന്ന ആള്‍ അദ്ദേഹത്തിനെതിരെ പിതൃത്വ അവകാശ ഹര്‍ജി നല്‍കി. 2012ല്‍ ഡിഎന്‍എ പരിശോധന നടന്നു. തിവാരിയുടെ ശക്തമായ നിഷേധങ്ങള്‍ തെറ്റാണെന്ന് പരിശോധന ഫലങ്ങള്‍ തെളിയിച്ചു. 2014ല്‍, യുവത്വം തുളുമ്പുന്ന തന്റെ 89-ാം വയസില്‍, അദ്ദേഹം രോഹിതിന്റെ അമ്മയെ വിവാഹം കഴിച്ചു. വ്യക്തിത്വസ്ഫുടതയുള്ള പിതാവ് ഇപ്പോള്‍ പുത്രനുമൊത്ത് ബിജെപിയോട് അടുക്കുന്നു. തിവാരിയുടെ ഊര്‍ജ്ജസ്വലമായ ചരിത്രം നോക്കി നോക്കി നിരീക്ഷകര്‍ ക്ഷീണിച്ചിട്ടുണ്ടാവാം. പക്ഷെ ബിജെപിയുടെ പുതിയ രംഗീല അംഗത്തെ സംബന്ധിച്ചിടത്തോളം പ്രായം ഒരു അക്കം മാത്രമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍