TopTop
Begin typing your search above and press return to search.

9/11 ലോകത്തെ മാറ്റിമറിച്ചത് ഇങ്ങനെയൊക്കെയാണ്

9/11 ലോകത്തെ മാറ്റിമറിച്ചത് ഇങ്ങനെയൊക്കെയാണ്

ടീം അഴിമുഖം/എഡിറ്റോറിയല്‍

രണ്ട് സാമ്രാജ്യങ്ങളുണ്ടായിരുന്നു. അവര്‍ മറ്റ് ജനതകളുടെ രാജ്യങ്ങളെയും ഭാവിയെയും തങ്ങളുടെ കളിക്കളങ്ങളാക്കി. അവരുടെ പ്രചരണത്തിലും അവരുടെ രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളെ പ്രകീര്‍ത്തിച്ചും തലമുറകളാണ് വളര്‍ന്നുവന്നത്. ഒരു കൂട്ടര്‍ മുതലാളിത്തമാണ് ജീവിതത്തിന്റെ ഏകമാര്‍ഗം എന്നുപറഞ്ഞു. മറുകൂട്ടര്‍ കമ്മ്യൂണിസമാണ് ഏക പോംവഴിയെന്നും.

കമ്മ്യൂണിസ്റ്റ് സാമ്രാജ്യം അഫ്ഗാനിസ്ഥാനില്‍ കടന്നുകയറി ഒരു പാവ സര്‍ക്കാരിനെ വാഴിച്ചപ്പോള്‍, മുതലാളിത്ത സാമ്രാജ്യം സൌദി അറേബ്യയും പാകിസ്ഥാനുമായി ചേര്‍ന്ന് ഇസ്ലാമിന്റെ പേരില്‍ അവിടെ പ്രതിഷേധം ആളിക്കത്തിച്ച് ആയുധവും അര്‍ത്ഥവും നല്കി സഹായിച്ചു. ആ യുദ്ധഭൂമിയിലേക്കാണ് ഒരു കെട്ടിടനിര്‍മ്മാണ ഭീമന്റെ ധനികപുത്രന്‍ എത്തിയത്- ഒസാമ ബിന്‍ ലാദന്‍.

കുറച്ച് വര്‍ഷങ്ങള്‍ക്കും ആയിരങ്ങളുടെ മരണങ്ങള്‍ക്കും ശേഷം അധിനിവേശകര്‍ തങ്ങളുടെ സാമ്രാജ്യത്തില്‍ നിന്ന് അപമാനിതരായി തിരിച്ചു പോവുകയും മുതലാളിത്ത സാമ്രാജ്യം തങ്ങളുടെ പദ്ധതി പൂര്‍ത്തിയാക്കി യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. അതോടൊപ്പം, അവര്‍ നിരവധി ആയുധങ്ങളും പരിശീലനം സിദ്ധിച്ച പടയാളികളെയും ഇസ്ലാമിന്റെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ രൂപപ്പെട്ട വിദ്വേഷവും കൂടിയാണ് അവിടെ ഉപേക്ഷിച്ചത്.

അഫ്ഗാനിസ്ഥാന്റെ മലനിരകളില്‍ ബിന്‍ ലാദന്‍ ഒരു വിശ്വാസദൌത്യത്തിന്റെ രക്തം രുചിച്ചു. അയാള്‍ പുതിയ കാരണങ്ങള്‍ തേടിപ്പോയി. അപ്പോഴേക്കും കമ്മ്യൂണിസ്റ്റ് സാമ്രാജ്യം തകര്‍ന്നടിഞ്ഞിരുന്നു. അവരുടെ പഴയ മൂടുതാങ്ങികള്‍ ആഴത്തിലേറ്റ മുറിവുകള്‍ നക്കിത്തോര്‍ത്തി കാലംകഴിച്ചു. ഇന്ത്യയെപ്പോലുള്ള ദേശങ്ങളുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും അവര്‍ പതിയെ മായാന്‍ തുടങ്ങി. അപ്പോള്‍പ്പിന്നെ, തന്നെ സൃഷ്ടിച്ച, പരിശീലിപ്പിച്ച് അര്‍ത്ഥവും ആയുധവും നല്കിയ മുതലാളിത്ത സാമ്രാജ്യം മാത്രമേ ആഗോള വേദിയില്‍ സുവര്‍ണലക്ഷ്യത്തിനായി ബിന്‍ ലാദന് അവശേഷിച്ചിരുന്നുള്ളൂ.ഇന്നേക്ക് കൃത്യം 15 വര്‍ഷം മുമ്പ്, ബിന്‍ ലാദനാല്‍ പ്രചോദിതരായ 19 പേര്‍ വര്‍ഷങ്ങളോളമായി ആസൂത്രണം ചെയ്ത ഒരു പദ്ധതിക്കൊടുവില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് നേരെ ഭീകരാക്രമണം നടത്തി. നാല് യാത്രാവിമാനങ്ങള്‍ ഒരേ സമയം റാഞ്ചിയെടുത്ത അക്രമികള്‍ അവ യു.എസിലെ നാല് പ്രധാന സ്ഥലങ്ങളില്‍ ഇടിച്ചിറക്കി പരമാവധി ആള്‍നാശവും വിനാശവും ഉണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടത്. മൂന്നു വിമാനങ്ങള്‍ അവയുടെ ലക്ഷ്യം നിറവേറ്റി; നാലാമത്തേത് പെന്‍സില്‍വാനിയയിലെ ഒരു കൃഷിയിടത്തില്‍ ഇടിച്ചിറങ്ങി. ഒറ്റ ദിവസം കൊണ്ട് 57 രാജ്യക്കാരായ 3,000 മനുഷ്യരെ അവര്‍ കൊന്നു.

പ്രതീക്ഷിച്ച പോലെ മുതലാളിത്ത സാമ്രാജ്യം കുപിതരും പ്രക്ഷുബ്ധരുമായി. എന്നാല്‍ കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനെതിരായ തങ്ങളുടെ കുടിലതന്ത്രങ്ങളുടെ ഉപോത്പന്നമാണ് ഇതെന്ന വസ്തുത സൌകര്യപൂര്‍വം മറച്ചുവെച്ചുകൊണ്ട് യു.എസ് പ്രസിഡണ്ട് ജോര്‍ജ് ബുഷ് അതിനെ ലളിതവത്കരിച്ചു: "നിങ്ങള്‍ ഒന്നുകില്‍ ഞങ്ങളോടൊപ്പം, അല്ലെങ്കില്‍ ശത്രുക്കള്‍ക്കൊപ്പം," അയാള്‍ പ്രഖ്യാപിച്ചു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ യു.എസ് തങ്ങളുടെ ശത്രുക്കള്‍ക്കായി തെരച്ചില്‍ തുടങ്ങി. അതിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷവും ഭയാനകവുമായിരുന്നു. സൂര്യനും ദൈവങ്ങളും നക്ഷത്രങ്ങളും ആകാശത്തിന്റെ അധിനായകരല്ലാതായി. ജനം പ്രാര്‍ഥനകള്‍ക്കല്ലാതെ, യു എസ് മിസൈലുകള്‍ക്കായി ആകാശത്തേക്ക് ഭീതിയോടെ മിഴികളുയര്‍ത്തി. ജീവിതത്തിലേക്ക് കണ്ണുകള്‍ തുറന്ന കുഞ്ഞുങ്ങള്‍ മരണത്തിന്റെ തീരത്തേക്ക് ഒഴുകിയെത്തി.

9/11 ആക്രമണത്തിന് ഒരു മാസത്തിനുള്ളില്‍, അല്‍-ക്വെയ്ദയെ- ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ളാമിക ഭീകരവാദ സംഘടന- തുരത്താനും അവരെ പിന്തുണയ്ക്കുന്ന താലിബാന്‍ സര്‍ക്കാരിനെ നീക്കം ചെയ്യാനുമെന്ന പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തി. രണ്ടുവര്‍ഷം കഴിയുമ്പോഴേക്കും മാര്‍ച്ച് 2003-ല്‍ യു.എസ് ഇറാഖില്‍ അധിനിവേശം നടത്തി; പ്രസിഡണ്ട് സദ്ദാം ഹുസൈനെ ഉന്മൂലനം ചെയ്തു. ഭീകരാക്രമണവുമായി നേരിട്ടു ബന്ധമില്ലെങ്കിലും സര്‍വ്വനാശത്തിനുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്നു എന്നായിരുന്നു ഹുസൈനെതിരെയുള്ള ആരോപണം; ഒന്നുപോലും പിന്നീട് തെളിയിക്കപ്പെട്ടില്ല. യു.എസിന്റെ ഭീകരതയ്ക്കെതിരായ യുദ്ധത്തിലെ നിര്‍ണായക സന്ധിയായിരുന്നു ഇറാഖ് അധിനിവേശം.

അഫ്ഗാനിസ്ഥാനിലെ അധിനിവേശം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ടുനിന്ന യുദ്ധങ്ങളിലൊന്നായിരുന്നു. അഫ്ഗാനിസ്ഥാനിലാണെങ്കില്‍ ചക്രം ഒരുവട്ടം പൂര്‍ണമായും തിരിഞ്ഞുവന്നു; ആദ്യം സോവിയറ്റ് അധിനിവേശം, പിന്നെ ബിന്‍ ലാദനെ പോലുള്ളവരെ മുന്നില്‍ നിര്‍ത്തി സോവിയറ്റ് യൂണിയനെതിരെ യു.എസും ചേര്‍ന്ന് നടത്തിയ ഏറ്റുമുട്ടല്‍, ഒടുവില്‍ ബിന്‍ ലാദനെതിരെ യു.എസ് നടത്തിയ ആക്രമണം. അഫ്ഗാന്‍കാര്‍ ഈ ആഗോളഭൌമ രാഷ്ട്രീയത്തിന്റെ ഇരകളായി മാറി. അവരുടെ കുട്ടികള്‍ കുഴിബോംബുകളില്‍ ചവിട്ടി പൂക്കതിനപോലെ ചിതറിപ്പോവുന്നു. ഗ്രാമീണര്‍ ആളില്ലാ വിമാനങ്ങളില്‍ നിന്നുള്ള വെടിയുണ്ടകളാലും ബോംബുകളാലും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവരുടെ ദുരിതങ്ങളില്‍ ലോകരാജ്യങ്ങള്‍ പലതും ആഘോഷിക്കുന്നു.ഡിസംബര്‍ 2011, അവശേഷിച്ച യു.എസ് സേനാംഗങ്ങള്‍ക്കൂടി ഇറാഖില്‍ നിന്നും പിന്‍വാങ്ങി. 2003-ല്‍ സൈനികാധിനിവേശം തുടങ്ങിയപ്പോഴേതിനേക്കാള്‍ എത്രയോ ഭയാനകവും കുഴഞ്ഞുമറിഞ്ഞതുമായ ആഭ്യന്തരക്കുഴപ്പങ്ങളിലേക്കും സംഘര്‍ഷത്തിലേക്കും ആ രാജ്യത്തെ തള്ളിയിട്ടുകൊണ്ടായിരുന്നു മടക്കം. ആ യുദ്ധത്തിന്റെ അലങ്കോലങ്ങളില്‍ നിന്നുമുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇസ്ളാമിക ഭീകരവാദി സംഘം ആ മേഖലയില്‍ മാത്രമല്ല ഇപ്പോള്‍ ലോകം മുഴുവന്‍ ഭീതിയും അക്രമവും വ്യാപിപ്പിക്കുന്നു.

9/11-നു ശേഷം പ്രതിരോധ സംബന്ധിയായ ഏജന്‍സികളുടെ ബജറ്റുകള്‍ കുത്തനെ ഉയര്‍ന്നു. യു.എസില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ (Homeland Security) തരാതരം പോലെ ചെലവഴിക്കാനുള്ള ധനവിഹിതം 2002-ല്‍ $16 ബില്ല്യണ്‍ ആയിരുന്നത് 2011-ല്‍ $43 ബില്ല്യനായി. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ദശലക്ഷക്കണക്കിന് യു.എസ് സൈനികര്‍ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കപ്പെട്ടു. അവരില്‍ ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെട്ടു. ജീവിതം തകര്‍ത്തെറിഞ്ഞ, ശാരീരികവും മാനസികവുമായ പരിക്കുകളോടെ അവരിലേറെപ്പേര്‍ നാട്ടില്‍ തിരിച്ചെത്തി. ശത്രുക്കളെ തേടിയുള്ള അമേരിക്കന്‍ സാമ്രാജ്യത്തിന്റെ വേട്ടയില്‍ ലോകത്തെങ്ങും പതിനായിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. പശ്ചിമേഷ്യയില്‍ അതാദ്യം പ്രതീക്ഷ പകര്‍ന്ന ഒരു യുവമുന്നേറ്റത്തിന് തുടക്കമിട്ടു; ഇപ്പോള്‍ ജനാധിപത്യതകര്‍ച്ചക്കും. ഇന്ത്യ, ചൈന, ശ്രീലങ്ക, നേപ്പാള്‍ പോലുള്ള രാജ്യങ്ങളില്‍ 9/11-നു ശേഷം മതശബ്ദങ്ങളെ ലളിതവത്കരിക്കാന്‍ ഭീകരതയുടെ പുതിയ നിര്‍വ്വചനം സര്‍ക്കാരുകളെ സഹായിച്ചു. എതിര്‍പ്പിന്റെ ശബ്ദങ്ങളെല്ലാം ഭീകരവാദമായി. യു.എസ് മുതല്‍ യൂറോപ്പ് വരെ നിസഹായരും നാളെയുടെ അനിശ്ചിതത്വങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നവരുമായ ആയിരക്കണക്കിനാളുകളെ സുരക്ഷയുടെ പേരില്‍ തിരിച്ചയച്ചുകൊണ്ടിരിക്കുന്നു. അടുത്ത കാലത്ത് നാലു ലക്ഷം പേരെയാണ് യു.എസ് തിരിച്ചയച്ചത്.വിമാനത്താവളങ്ങള്‍ ചൂഴ്ന്നിറങ്ങുന്ന പരിശോധനാകേന്ദ്രങ്ങളായി. വിമാനം കയറാന്‍ ഒരു കുപ്പി വെള്ളവും സാവകാശത്തിലുള്ള സമയവുമായി ശരീരപരിശോധനയുടെ കുഴപ്പിക്കുന്ന അനുഭവങ്ങളില്ലാതെ അടുത്തൊന്നും ആര്‍ക്കും വിമാനത്താവളത്തില്‍ കടന്നുപോകാനാകില്ല. തുണിയുരിഞ്ഞുള്ള പരിശോധനകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിധേയരാകാം.

എല്ലാത്തിനും മുകളില്‍ നിങ്ങളുടെ ഓരോ ചുവടും നിരീക്ഷിക്കുന്ന ആയിരം കണ്ണുകളും നീരാളിക്കയ്യുകളുമായി ഭരണകൂടം പാത്തിരിക്കുന്നു. അവര്‍ക്ക് നിങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കാം, ഇ-മെയിലുകളില്‍ നുഴഞ്ഞുകയറാം, കിടപ്പുമുറിയില്‍ കണ്‍പാര്‍ത്തിരിക്കാം, ചിലപ്പോള്‍ സ്വപ്നങ്ങളില്‍പ്പോലും കടന്നുവരാം.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എസില്‍ ഒരു ശരത്കാല പ്രഭാതത്തില്‍, വിമാനം പറപ്പിക്കാനറിയുന്ന, വഴിതെറ്റിയ 19 ചെറുപ്പക്കാര്‍ നടത്തിയ ഒരു പ്രഭാതസവാരിയുടെ ഇന്നെത്തിനില്‍ക്കുന്ന ഗതിവിഗതികളുടെ ചിത്രമാണിത്.


Next Story

Related Stories