TopTop
Begin typing your search above and press return to search.

93ാം വയസില്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ

93ാം വയസില്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ

സാറാ ലാറിമര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ഡൊറോത്തി ഹുസ്റ്റനും കുടുംബവും 74 വര്‍ഷം പിന്നിലെ കഥപറയുന്നു:

1942ല്‍ അമേരിക്കയിലെ ഓഹിയോ ആക്രന്‍ നോര്‍ത്ത് ഹൈസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഡൊറോത്തി ഹുസ്റ്റന്‍. അവള്‍ വിവാഹിതയുമായിരുന്നു.

ഡോറോത്തിയും ജോണും കെന്റക്കിയില്‍ രഹസ്യമായി വിവാഹിതരാകുകയായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോണ്‍ മിലിട്ടറി സര്‍വീസിനു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. (ഈ വിവരം ഡൊറോത്തിയുടെ മകള്‍ അയച്ച കത്തിലുള്ളതാണ്.) എന്തായാലും വിവാഹത്തെപ്പറ്റി സ്‌കൂളിനോ ഡൊറോത്തിയുടെ മാതാപിതാക്കള്‍ക്കോ അറിയാമായിരുന്നില്ല. ജിംനാസ്റ്റിക്സ് അദ്ധ്യാപകനുമായുള്ള സംഭാഷണത്തില്‍ ഒരു ദിവസം ഡൊറോത്തി ഈ വിവരം അറിയാതെ പുറത്തുവിട്ടു.

സ്റ്റഡി ഹാളിലേക്കു തിരിച്ചുപോകാന്‍ അദ്ധ്യാപകന്‍ നിര്‍ദേശിച്ചെങ്കിലും ഡൊറോത്തി വീട്ടിലേക്കാണു പോയത്.

'വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു. ദൈവമേ!ഞാന്‍ ഇത് ഒരിക്കലും ചെയ്യരുതായിരുന്നു,' വാഷിങ്ടണ്‍ പോസ്റ്റിനോട് ഡൊറോത്തി ഫോണിലൂടെ പറഞ്ഞു.

പക്ഷേ വൈകിപ്പോയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാനിരിക്കെ, ഡൊറോത്തിയെ സ്‌കൂളില്‍നിന്നു പുറത്താക്കി. വിവാഹമായിരുന്നു കാരണമെന്ന് അവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

'അക്കാലത്ത് വിവാഹത്തിനുശേഷം സ്കൂളില്‍ തുടരാനാകുമായിരുന്നില്ല,' ഡൊറോത്തിയുടെ അഞ്ചുമക്കളില്‍ ഒരാളായ ജാന്‍ ലാര്‍ക്കിന്‍ പറഞ്ഞു.

ലാര്‍ക്കിനും സഹോദരങ്ങള്‍ക്കും ഈ കഥ പരിചിതമാണ്. വിദ്യാഭ്യാസം ഉപേക്ഷിച്ചതാണ് ജീവിതത്തില്‍ ഏറ്റവും ഖേദമുള്ള കാര്യമെന്ന് അവരുടെ അമ്മ എപ്പോഴും പറഞ്ഞിരുന്നു.

'ഇക്കാര്യം ഞങ്ങള്‍ കേട്ടുകൊണ്ടേയിരുന്നു,' ലാര്‍ക്കിന്‍ പോസ്റ്റിനോടു പറഞ്ഞു. ' ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കിയില്ല എന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. നിങ്ങള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. അമ്മയെ സംബന്ധിച്ച് അതൊരു വലിയ കാര്യമായിരുന്നു.'

ഹുസ്റ്റന്റെ 93ാം പിറന്നാല്‍ അടുത്തുവന്നതോടെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകുമോ എന്നായി ലാര്‍ക്കിന്റെ ചിന്ത. അമ്മയ്ക്ക് ഡിപ്ലോമ നല്‍കാനാകുമോ എന്ന് അന്വേഷിച്ച് അവര്‍ ആക്രന്‍ പബ്ലിക് സ്‌കൂളിന് ഒരു കത്തയച്ചു.

'ഹൈസ്‌കൂള്‍ ഡിപ്ലോമ ലഭിക്കാനുള്ള അര്‍ഹത എന്റെ അമ്മയ്ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. അവരെ സംബന്ധിച്ചിടത്തോളം അത് മനോഹരമായ ഒരു നേട്ടമായിരിക്കും. മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയും അയല്‍പക്കത്തെ കുട്ടികളെയും സ്‌കൂള്‍ വിദ്യാഭ്യാസം തുടരാന്‍ അമ്മ നിര്‍ബന്ധിക്കുന്നു. അതിനുശേഷം കോളജില്‍ ചേരാനും,' കത്ത് പറയുന്നു.

സ്‌കൂള്‍ സമ്മതിച്ചു. ഹുസ്റ്റന്റെ ജന്മദിനം ആഘോഷിക്കാന്‍ മാര്‍ച്ച് ഒന്‍പതിന് കുടുംബം ഒത്തുചേര്‍ന്നപ്പോള്‍ സ്‌കൂള്‍ സൂപ്രണ്ട് ഡേവിഡ് ജയിംസ് ഡിപ്ലോമയുമായി വീട്ടിലെത്തി. ഹസ്റ്റന്റെ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. ആഘോഷത്തിനുശേഷം ഉറങ്ങാന്‍ പോകുമ്പോള്‍ ഹുസ്റ്റന്‍ ആ സര്‍ട്ടിഫിക്കറ്റും കയ്യില്‍ പിടിച്ചിരുന്നു.'ഡൊറോത്തിയെ സംബന്ധിച്ചിടത്തോളം അത് ബഹുമതിയായിരിക്കും. ഞങ്ങളെ സംബന്ധിച്ച് എപിഎസ് വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ അവരുടെ നേട്ടങ്ങളുടെ അംഗീകാരമാണ്', ആക്രന്‍ ബീക്കണ്‍ ജേണലിനോടു പറഞ്ഞു. 'ഏതു ദിവസവും ഇതു നല്‍കാന്‍ അനുയോജ്യമാണെങ്കിലും ജന്മദിനം വളരെ വിശിഷ്ടമായ അവസരമാണ്. ജീവിതകാലം മുഴുവന്‍ പഠിക്കുകയും മറ്റുള്ളവര്‍ക്ക് ഇത്രയധികം നല്‍കുകയും ചെയ്ത ഒരാള്‍ക്ക് ഇതിലും മികച്ച എന്തു സമ്മാനമാണു നല്‍കുക?'

ഹുസ്റ്റന്റെ മക്കളായ ലാര്‍ക്കിന്‍, ഡയേന്‍, ബെയ്‌ലി, കരോള്‍ വെയ്‌നര്‍, ഡൊണാള്‍ഡ് ഹസ്റ്റന്‍, ജോണ്‍ ഹസ്റ്റന്‍ എന്നിവരും മാധ്യമങ്ങളും അപ്രതീക്ഷിത സമ്മാനത്തിനായി കൈകോര്‍ത്തുവെന്ന് ബീക്കണ്‍ ജേണല്‍ പറയുന്നു.

ഹുസ്റ്റന്റെ കുടുംബപ്പേര് - ലിഗ്ഗെറ്റ് - ഉപയോഗിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു:

'ജീവിതത്തില്‍ ചെയ്യാത്തതും ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നതുമായ ഒരു കാര്യം എന്താണ്?' അമ്മയുടെ കൈപിടിച്ച് ഹാളിലേക്കു നടക്കുമ്പോള്‍ ബെയ്‌ലി ചോദിച്ചു. ഹാളില്‍ ചെറിയൊരു ജനക്കൂട്ടത്തെ കണ്ട് അമ്പരന്നെങ്കിലും ലിഗ്ഗെറ്റിന്റെ ഉത്തരത്തിനു മാറ്റമുണ്ടായില്ല, 'ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍'.

' ഇപ്പോഴിതാ അതും,' സഹോദരങ്ങളില്‍ ഒരാള്‍ കറുത്ത ബിരുദദാനത്തൊപ്പി അമ്മയുടെ തലയില്‍ വയ്ക്കവേ ബെയ്‌ലി പറഞ്ഞു.

സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞ ലിഗ്ഗെറ്റിനടുത്തെത്തിയ സൂപ്രണ്ട് ജയിംസ് അവര്‍ 75 വര്‍ഷമായി നേടാന്‍ ആഗ്രഹിച്ച ഡിപ്ലോമയും ഹസ്തദാനവും അവര്‍ക്കു നല്‍കി.

' ഇത് അതിശയകരമാണ്,' ഹുസ്റ്റന്‍ പോസ്റ്റിനോടു പറഞ്ഞു. 'എനിക്കു 18 വയസാണെന്നും ഞാന്‍ ഇപ്പോള്‍ ഡിപ്ലോമ നേടിയതേ ഉള്ളൂ എന്നും എനിക്കു തോന്നുന്നു. എനിക്കു സന്തോഷമായി. ജിമ്മിനു കുറുകെ നടക്കാന്‍ എനിക്കായില്ല. പക്ഷേ എനിക്കു ഡിപ്ലോമ നേടാനായി. ജീവിതം പൂര്‍ണമായതായി എനിക്കു തോന്നുന്നു.'


Next Story

Related Stories