TopTop
Begin typing your search above and press return to search.

അറുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന കേരളവും ഇഡിയും, ചില വിമോചന സമര ഓര്‍മ്മകളും

അറുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന കേരളവും ഇഡിയും, ചില വിമോചന സമര ഓര്‍മ്മകളും


കോവിഡ്-19 എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ഇനിയും മോചിതമായിട്ടില്ലെന്നതുമാത്രമല്ല മലയാളിയുടെ മനസ്സിൽ ആഹ്ളാദാഭിമാനം അലതല്ലേണ്ട ഈ കേരളപ്പിറവി ദിനത്തിൽ ചിന്തിക്കുന്ന കേരളീയ മനസ്സുകളെ ഏറെ അസ്വസ്ഥമാക്കുന്നത്. ഒട്ടേറെ അഭിമാന നേട്ടങ്ങൾക്കിടയിലും ഏറെ കാറും കോളും നിറഞ്ഞ ഒരു രാഷ്ട്രീയ, സാമൂഹ്യ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുവെന്നത് ആശങ്കയാണ് ജനിപ്പിക്കുന്നത്. മരണം വിതക്കുന്ന മഹാമാരിക്കിടയിലും ഭരണം എന്ന എല്ലിൻകഷണം തന്നെ മുഖ്യം എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇതൊരു തിരെഞ്ഞെടുപ്പ് വർഷം കൂടിയാകയാൽ മഹാമാരിയെയും അത് വിതക്കുന്ന മരണത്തെയും ഒക്കെ പാടെ മറന്നുള്ള രാഷ്ട്രീയ കേളികൾ പൊടിപൊടിക്കുന്നു. ഒപ്പം തന്നെ 1959 ജൂലൈ 31 ലെ കറുത്ത ദിനത്തെക്കുറിച്ചുള്ള ചിന്തകളും കടന്നുവരുന്നു. അന്നായിരുന്നുവല്ലോ നെറികെട്ടതെന്നു ചരിത്ര പുസ്തകത്താളുകളിൽ രേഖപ്പെടുത്തപ്പെട്ട ആ സംഭവം ഉണ്ടായത്. 1956 നവംബർ 1 നു ഐക്യ കേരളം രൂപീകൃതമായതിനു പിന്നാലെ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ നമ്മുടെ കൊച്ചു കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിക്കൊണ്ടു ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരണത്തിൽ വരുന്നു. ഭൂ പരിഷ്കരണം മുതൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വലിയൊരു പരിവർത്തനം സാധ്യമാക്കാൻ പോന്ന ഒട്ടേറെ നടപടികൾക്ക് ആ സർക്കാർ ഒരുമ്പെടുന്നു. പിന്നീട് നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെട്ടെങ്കിലും കേരളത്തിന്റെ അക്കാലത്തെ ഫ്യൂഡൽ മനസ്സുകൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല അവയൊന്നും. അതുകൊണ്ടു തന്നെ അവർ ഉലയൂതി ജ്വലിപ്പിച്ചെടുത്ത പ്രതിക്ഷേധ ജ്വാല പെട്ടെന്നു കത്തിപ്പടർന്നു. വിമോചന സമരം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആ പ്രക്ഷോഭത്തിന്റെ മറപിടിച്ചായിരുന്നു ഇന്ത്യൻ ഭരണഘടനയുടെ 356
-ാം
വകുപ്പ് വളരെ സമർത്ഥമായി ഉപയോഗപ്പെടുത്തി 1957 ലെ ഒന്നാം ഇ എം എസ് സർക്കാരിനെ കേന്ദ്ര ഗവണ്മെന്റ് പിരിച്ചുവിട്ടത്.

61 വർഷങ്ങൾക്കിപ്പുറം കേരളം അതിന്റെ 64-ാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിലും സമാനമായ ചില രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 നു പിരിച്ചുവിടപ്പെടുന്നതുവരെ കേരളത്തിൽ അധികാരത്തിലിരുന്നത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരുന്നുവെന്നതും ഇന്നിപ്പോൾ അധികാരത്തിലുള്ളത് കമ്മ്യൂണിസ്റ്റു പാർട്ടികൾ നേതൃത്വം നൽകുന്ന ഒരു സർക്കാരാണെന്നതും കൊണ്ടുമാത്രം ഉൽപാദിപ്പിക്കപ്പെടുന്ന ഒന്നല്ല ഈ സംശയം. 1959 ൽ നെഹ്രുവിന്റെ ഭരണത്തിൻ കീഴിൽ നടന്നതുപോലെ ഭരണഘടനയുടെ 356
-ാം
വകുപ്പ് എടുത്തു പ്രയോഗിക്കുകയെന്നത് ഇന്നിപ്പോൾ അത്ര കണ്ട് പ്രയോഗികകമല്ലെങ്കിലും 'വിമോചന സമര' കാലത്തെ അനുസ്മരിപ്പിക്കാൻ പോന്ന ചേരുവകളാൽ സമൃദ്ധമാണ് 2020 ഉം. തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു മുതൽ കേരളത്തിന്റെ അഭിമാന പദ്ധതിയായി കരുത്തപ്പെട്ട ലൈഫ് മിഷനിലെ കോഴ ഇടപാട് വരെ നീളുന്ന നിരവധിയായ കുറ്റങ്ങളാണ് പിണറായി വിജയൻ സർക്കാരിനുമേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. തീവ്രവാദ കുറ്റങ്ങൾ അന്വേഷിക്കുന്ന എൻ ഐ എ മാത്രമല്ല കാലാകാലങ്ങളായി കേന്ദ്ര സർക്കാരുകൾ രാഷ്ട്രീയ എതിരാളികളെ പൂട്ടാൻ ഉപയോഗിക്കുന്ന ഇ ഡി യും സി ബി ഐ യുമൊക്കെ സജീവമായി രംഗത്തുണ്ട്. പോരെങ്കിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ടു നാർക്കോട്ടിക് ബ്യുറോയും ഇ ഡി യും ചേർന്ന് നടത്തുന്ന അന്വേഷണത്തിലേക്കു എൻ ഐ എ കൂടി കടന്നുവരുന്നു എന്ന റിപ്പോർട്ടുകളും. മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിസ്ഥാനത്തു നിറുത്തിക്കൊണ്ടു ഉയർന്ന എല്ലാ ആരോപണങ്ങളുടെയും കേന്ദ്രീകൃത ലക്‌ഷ്യം മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ ഇപ്പോൾ ബിനീഷ് കൊടിയേരിയിലൂടെ അവ ലക്ഷ്യമിടുന്നത് സി പി എം എന്ന പാർട്ടിയെക്കൂടിയാണെന്നത് വ്യക്തം. ഈയൊരു ഉൽകണ്ഠ തന്നെയാണ് സി പി എമ്മിന്റെയും സി പി ഐ യുടെയും കേന്ദ്ര നേതൃത്വങ്ങളും ഇപ്പോൾ പങ്കുവെക്കുന്നതും.

ഇക്കഴിഞ്ഞ ദിവസം ചേർന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമ പ്രതിനിധികളോട് സംസാരിച്ച സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയും കേരളത്തിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ ഉന്നയിച്ച പ്രധാന ആക്ഷേപം കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാർ കേരളത്തിലെ ഇടതു മുന്നണി ഗവർമെന്റിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നതായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, ബിനീഷ് കോടിയേരി എന്നിവർ നേരിടുന്ന അന്വേഷണത്തിൽ സി പി എമ്മിന് ധാർമികമോ രാഷ്ട്രീയമോ ആയ ബാധ്യതയിലെന്നും ഉത്തരവാദിത്വം ഇല്ലെന്നും അവർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നുമായിരുന്നു യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ ഇത് സംബന്ധിച്ചുയർന്ന ചോദ്യങ്ങൾക്കുള്ള യെച്ചൂരിയുടെ മറുപടി. അതേസമയം അന്വേഷണ ഏജൻസികൾ ചില കേന്ദ്ര മന്ത്രിമാരുടെയും കേരളത്തിലെ ബി ജെ പി നേതാക്കളുടെയും നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് പോ
ളിറ്റ്ബ്യൂ
റോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉന്നയിച്ചത്. ആരെക്കുറിച്ചൊക്കെ അന്വേഷിക്കണമെന്നും അന്വേഷണം ആരിലേക്കൊക്കെ നീളണമെന്നും നിർദ്ദേശിക്കുന്നത് അവരാണ്. ചോദ്യം ചെയ്യലിന്റെ വിശദാoശങ്ങൾ അപ്പപ്പോൾ തന്നെ ബി ജെ പി നേതാക്കൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നുവെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. നേരത്തെ സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേന്ദ്ര അന്വേഷണ ഏജൻസികളെവെച്ചു മോദി സർക്കാർ കേരളത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു.
വേണമെങ്കിൽ ഇരു കമ്മ്യൂണിസ്റ്റുപാർട്ടികളുടെയും നേതാക്കൾ ഉന്നയിക്കുന്നത് അവരുടെ ആശങ്കൾ മാത്രമായി ചുരുക്കിക്കാണാം. പക്ഷെ അങ്ങനെ ചെയ്യുമ്പോഴും കേന്ദ്ര ഏജൻസികളുടെ നൂറു ദിവസത്തിലേറെ പിന്നിട്ട അന്വേഷണം പുകമറകൾ സൃഷ്ട്ടിക്കുന്നതിനപ്പുറം ഇനിയും എവിടെയും എത്തിയിട്ടില്ലെന്നതും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിളറിപിച്ച നീക്കങ്ങളും അന്വേഷണ വിവരങ്ങൾ അപ്പപ്പോൾ ബി ജെ പി നേതാക്കൾക്ക് ചോർന്നുകിട്ടുന്നുവെന്നതും ഉളവാക്കുന്ന സംശയം ചെറുതല്ല. നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കുമെതിരെ ഫേസ്ബുക് പോസ്റ്റുകൾ ഇട്ട താരങ്ങളടക്കമുള്ള ചില മലയാള ചലച്ചിത്ര പ്രവർത്തകരെ ചാനൽ ചർച്ചകൾക്കിടയിൽ ഇ ഡി എന്നൊരു വജ്രായുധം ഞങ്ങളുടെ കയ്യിൽ ഉണ്ടെന്ന കാര്യം മറക്കേണ്ട എന്ന യുവ മോർച്ച നേതാവ് സന്ദീപ് വാര്യരുടെ ഭീഷണിയെ ഇപ്പോൾ നടക്കുന്ന ഇ ഡി യുടെ കസർത്തുകളുമായി ചേർത്തുവായിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കേന്ദ്രം ഭരിച്ച ഇതര സർക്കാരുകളെക്കാൾ എത്ര ഫലപ്രദമായാണ് മോദി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ, പ്രത്യേകിച്ചും ഇ ഡി യെയും സി ബി ഐ യെയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നതും കാണാതെ പോകാനാവില്ല.

കേരളം എന്ന സംസ്ഥാനം രൂപീകൃതമായ 1956 ൽ തന്നെയാണ് ഇ ഡി യുടെ പിറവിയും. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചു അന്വേഷിക്കാൻ വേണ്ടി കേന്ദ്ര ധനകാര്യ മന്താലയത്തിനു കീഴിൽ രൂപീകൃതമായ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് എന്ന ഈ ഏജൻസിയുടെ കൺവിക്ഷൻ റേറ്റ് 2017 വരെ വളരെ കുറവായിരുന്നുവെങ്കിലും ഒന്നാം മോദി സർക്കാർ ഭരണത്തിൻ കീഴിൽ കാര്യമായ വർധന ഉണ്ടായതായി ' All you want to know about ED- the dreaded nightmare of Indian Politicians & businessmen " എന്ന തലക്കെട്ടിൽ 2019 നവംബറിൽ ' ദി പ്രിന്റ് ' പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 2002 മുതൽ 2017 വരെയുള്ള കാലയളവിൽ കേസ്സുകളിൽ കൺവിക്ഷൻ റേറ്റ് വെറും മൂന്നായിരുന്നിടത്തുനിന്നും 2017 ൽ കേവലം എട്ടു മാസംകൊണ്ട് അത് ഒൻപതായി ഉയർന്നതായി ' ദി പ്രിന്റ് 'ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടുക എന്നതിലേറെ രാഷ്ട്രീയ എതിരാളികളെ ഒതുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മോദി സർക്കാർ ഈ ഏജൻസിയെ പ്രധാനമായും ഉപയോഗപ്പെടുത്തുന്നതെന്നും അതേസമയം തന്നെ ബി ജെ പി നേതാക്കളും അവരുമായി ബന്ധപ്പെട്ടവരും ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഇ ഡി അന്വേഷണങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്നും ലേഖനം പറയുന്നുണ്ട്. അപ്പോൾ പിന്നെ കേരളവുമായി ബന്ധപ്പെട്ടു ഇ ഡി ഇപ്പോൾ നടത്തുന്ന അന്വേഷണങ്ങളും സമയക്കുറവും സ്റ്റാഫിന്റെ പരിമിതിയും തെളിവ് ലഭിക്കാനുള്ള സാധ്യതക്കുറവുമൊക്കെ ചൂണ്ടിക്കാട്ടി കോടതി നിർദ്ദേശിക്കുന്ന പല സുപ്രധാന കേസുകളും ഒഴിവാക്കുന്ന സി ബി ഐ കേരളത്തിന്റെ കാര്യത്തിൽ ഇപ്പോൾ കാണിക്കുന്ന അമിതാവേശവുമെല്ലാം കൂട്ടിവായിക്കുമ്പോൾ കൃത്യമായും പ്ലാൻ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ ഗൂഢലക്ഷ്യം ഏതാണ്ട് വെളിപ്പെടുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories