TopTop
Begin typing your search above and press return to search.

ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കി എ കെ ആന്റണി, ഉള്ളില്‍ ഒളിപ്പിച്ച രാഷ്ട്രീയ കൗശലമോ?

ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കി എ കെ ആന്റണി, ഉള്ളില്‍ ഒളിപ്പിച്ച രാഷ്ട്രീയ കൗശലമോ?


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാ സാമാജികനായി അര നൂറ്റാണ്ടു പിന്നിട്ടത് വളരെ കേമമായി തന്നെയാണ് അദ്ദേഹത്തിന്റെ ജന്മനാടും സ്ഥിരം മണ്ഡലവുമായ പുതുപ്പള്ളിയും കോൺഗ്രസ് പാർട്ടിയും യു ഡി എഫും കേരളത്തിലെ അച്ചടി, ദൃശ്യ മാധ്യമങ്ങളും ആഘോഷിച്ചത്. തീർച്ചയായും ആഘോഷിക്കപ്പെടാൻ പോന്ന ഒന്നു തന്നെയാണത്. കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരളാ സ്റ്റുഡന്റസ് യൂണി (കെ എസ് യു) നിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഉമ്മൻ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് മറ്റു പല കോൺഗ്രസ് നേതാക്കളിൽ നിന്നും വേറിട്ട് നില്‍ക്കുന്നു. അത് സ്വന്തം പാർട്ടിയോടുള്ള കൂറിന്റെ കാര്യത്തിലായാലും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിലായാലും. എന്നാൽ ഉമ്മൻ ചാണ്ടിയുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടിയ പലരും വിട്ടുപോയ ഒരു സവിശേഷത കൂടി ഉമ്മൻ ചാണ്ടി എന്ന നേതാവിനുണ്ട്: രാഷ്ട്രീയ കൗശലം. കേരളം കണ്ട കോൺഗ്രസ് നേതാക്കളിൽ ഇക്കാര്യത്തിൽ അദ്ദേഹത്തിന് പകരക്കാരനായി ഒരേയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു; കെ കരുണാകരൻ എന്ന ലീഡർ. രാഷ്ട്രീയ ചാണക്യൻ എന്നും കിംഗ് മേക്കർ എന്നുമൊക്കെ അറിയപ്പെട്ടിരുന്ന കരുണാകരനെയും കടത്തിവെട്ടാൻ പോന്ന കൗശലം ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ടുകൂടിയാണ് കേരളത്തിലെ കോൺഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോരിൽ 'എ ' ഗ്രൂപ്പിന് വിജയം സാധ്യമായതും ലീഡറെ നിഷ്പ്രഭനാക്കാൻ കഴിഞ്ഞതും. ഉമ്മൻ ചാണ്ടി കൂടി ഉൾപ്പെട്ട 'എ ' ഗ്രൂപ്പ് എ കെ ആന്റണിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും ആ ഗ്രൂപ്പിന്റെ കടിഞ്ഞാൺ എന്നും ഉമ്മൻ ചാണ്ടിയുടെ കയ്യിൽ തന്നെയായിരുന്നു. ഇത് പക്ഷെ ഉമ്മൻ ചാണ്ടി കവർന്നെടുത്തതായിരുന്നില്ല; ആന്റണി വിശ്വസിച്ചു ഏൽപ്പിച്ചതായിരുന്നു. പാർട്ടി ഓഫിസ് വാടക, ഓഫിസിലെ ടെലിഫോൺ ബില്ല് എന്നൊക്കെ പറഞ്ഞുവരുന്ന ഓഫിസ് ഭാരവാഹികളോട് എ കെ ആന്റണിക്ക് പറയാൻ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളുവെന്നു എ ഗ്രൂപ്പിന്റെ തന്നെ നേതാവായ ആര്യാടൻ മുഹമ്മദ് പലപ്പോഴും പറയാറുണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ കൗശലത്തെക്കുറിച്ചും 'എ' ഗ്രൂപ്പിൽ അദ്ദേഹം വഹിച്ചിരുന്ന റോളിനെക്കുറിച്ചും ഇപ്പോൾ ഇവിടെ എഴുതാനുണ്ടായ കാരണം മാതൃഭൂമി ഓൺലൈനിൽ വന്ന ഒരു വാർത്തയാണ്. ' 2004 ൽ രാജിവെക്കുമ്പോൾ പിൻഗാമിയായി ഉമ്മൻചാണ്ടിയെ നിർദ്ദേശിച്ചു - വെളിപ്പെടുത്തലുമായി ആന്റണി' എന്നതാണ് വാർത്തയുടെ തലക്കെട്ട്. വാർത്ത ഇങ്ങനെ: 'കേരള രാഷ്ട്രീയത്തെയും കോൺഗ്രസിനെയും സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004 ൽ മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ തന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടി വരണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നുവെന്നു എ കെ ആന്റണി മാതൃഭൂമി ന്യൂസിന്റെ ' വേക് അപ്പ് കേരള ' യിൽ വെളിപ്പെടുത്തി. ആന്റണിയെ മുഖ്യമന്ത്രി പദത്തിൽ നിന്നും പുറത്താക്കാൻ ഘടകകക്ഷികൾക്കൊപ്പം ചേർന്ന് ശ്രമം നടത്തിയ നേതാക്കളുടെ കൂട്ടത്തിൽ ഉമ്മൻ ചാണ്ടിക്ക് പോലും അന്ന് പഴി കേൾക്കേണ്ടിവന്നിരുന്നു. ഈ വിവാദങ്ങളെല്ലാം അവസാനിപ്പിക്കുന്നതാണ് പതിനാറു വർഷങ്ങൾക്കുശേഷം ഇക്കാര്യത്തിലുള്ള ആന്റണിയുടെ വിശദീകരണം. കോൺഗ്രസ്സും മുന്നണിയും ദയനീയമായി പരാജയപ്പെട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന 2004 മേയ് 13 നു ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ അന്ന് രാജിയിൽ തീരുമാനമായില്ല. 2004 ജൂലായിൽ ഡൽഹിയിൽ വെച്ചാണ് സോണിയ ഗാന്ധി രാജിക്ക് അനുമതി നൽകിയത്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന സോണിയയുടെ ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ പേരാണ് താൻ നിർദ്ദേശിച്ചത്. രാജിവെക്കേണ്ട സമയവും തീരുമാനിച്ചാണ് ഡൽഹിയിൽ നിന്ന് മടങ്ങിയതെന്നും ആന്റണി വെളിപ്പെടുത്തി.'

എന്നാൽ ഹൈക്കമാൻഡ് രാജിക്കുള്ള അനുമതി നൽകിയിട്ടും ഒന്നര മാസം കഴിഞ്ഞു 2005 ഓഗസ്റ്റ് 28 നാണ് താൻ രാജിവെച്ചതെന്നും ചില വാക്കുകൾ പാലിക്കാനും ചില കടമകൾ പൂർത്തീകരിക്കാനും വേണ്ടിയാണ് ഒന്നര മാസത്തോളം രാജി വൈകിയതെന്നും രാജി നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നെന്നും ഉമ്മൻ ചാണ്ടിക്കോ തന്റെ കുടുംബത്തിന് പോലുമോ ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നുമാണ് ആന്റണിയുടെ വെളിപ്പെടുത്തൽ. 'വേക് അപ്പ് കേരള'ക്കു എ കെ ആന്റണി നൽകിയ ഇന്റർവ്യൂ ' മാതൃഭൂമി ന്യൂസ് ' ഇന്ന് പുനഃസംപ്രേഷണം ചെയ്തിരുന്നു.

എ കെ ആന്റണി മുഖ്യമന്ത്രി പദം ഒഴിയുന്നതിനു മുൻപായി നടന്ന ചില സംഭവങ്ങൾ കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ടെന്നു തോന്നുന്നു. സാമ്പത്തിക ശാസ്ത്ര വിദഗ്‌ദനും ഇന്ത്യയുടെ പ്രഥമ റെയിൽവേ മന്ത്രിയുമായിരുന്ന ഡോക്ടർ ജോൺ മത്തായിയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി എ കെ ആന്റണി നടത്തിയ പ്രഭാഷണമാണ് അതിൽ പ്രധാനം. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ അവർ അർഹിക്കാത്ത നേട്ടങ്ങൾക്കായി ശ്രമിക്കുന്നു എന്ന ഒരു ധ്വനി ആന്റണിയുടെ അന്നത്തെ ആ പ്രസംഗത്തിൽ ഉണ്ടായിരുന്നുവെന്ന ആരോപണം ഉയർന്നു. പ്രധാനമായും മുസ്ലിം ലീഗായിരുന്നു ആരോപണം ഉന്നയിച്ചതെങ്കിലും കേരള കോൺഗ്രസ് - എമ്മും കോൺഗ്രസിലെ ഒരു വിഭാഗവും അതേറ്റുപിടിച്ചതോടെ ആന്റണി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. ആന്റണിക്കെതിരെ പാർട്ടിയിലും മുന്നണിയിലും എതിർപ്പ് ഉയർന്ന ഈ ഘട്ടത്തിലായിരുന്നു ആന്റണിയുടെ രാജി.

രാജിക്ക് പിന്നാലെ ഡൽഹിയിലേക്ക് പുറപ്പെടുന്നതിനു മുൻപായി അദ്ദേഹം കുറച്ചു മാധ്യമ പ്രവർത്തകരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കൂട്ടത്തിൽ ഇതെഴുതുന്ന ആളും ഉണ്ടായിരുന്നു. പൊതുവെ വളരെ പിശുക്കി മാത്രം സംസാരിക്കുന്ന ആന്റണി അന്ന് കൂടുതൽ മൗനിയായി കാണപ്പെട്ടു. ചോദ്യങ്ങൾക്കു മറുപടിയായി ലഭിച്ച ഉത്തരം ഡൽഹിക്കു പോവുകയാണെന്നും തല്ക്കാലം പുതിയ ചുമതലകളൊന്നും ഹൈക്കമാൻഡ് ഏല്പിച്ചിട്ടില്ലെന്നും ആയിരുന്നു. മേശപ്പുറത്തു നിന്നും പെരുമ്പടവം ശ്രീധരന്റെ ' ഒരു സങ്കീർത്തനം പോലെ' എന്ന നോവൽ ഉയർത്തി കാണിച്ചിട്ട് പറഞ്ഞു. 'ഇത് ശ്രീധരൻ വളരെ സ്നേഹത്തോടെ കൊണ്ടുവന്നു തന്നതാണ്. തിരക്കുകൾക്കിടയിൽ വായിക്കാൻ കഴിഞ്ഞില്ല. ഇനിയിപ്പം വായിക്കണം. ധാരാളം സമയമുണ്ടല്ലോ!' രാജിയിലേക്കു നയിച്ചത് ന്യൂനപക്ഷ വിരുദ്ധ പ്രഭാഷണത്തിനെതിരെ പാർട്ടിയിൽ നിന്നും ഘടകകക്ഷികളിൽ നിന്നും ഉയർന്ന എതിർപ്പല്ലേ എന്ന ചോദ്യത്തോട് ആണെന്നോ അല്ലെന്നോ അന്ന് ആന്റണി പറഞ്ഞില്ല എന്നത് നേരുതന്നെയാണെങ്കിലും ആ വിഷയം അദ്ദേഹത്തെ വല്ലാതെ ഒറ്റപ്പെടുത്തിയെന്നത് അപ്പോഴത്തെ മുഖഭാവത്തിൽ നിന്നും ഏറെക്കുറെ വ്യക്തമായിരുന്നു. ആന്റണിയുടെ രാജിക്കു പിന്നാലെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതോടെ രാജിക്ക് പിന്നിലെ അന്തർനാടകങ്ങളെക്കുറിച്ചുള്ള കഥകൾ മാധ്യമ വാർത്തകളായി പുറത്തുവന്നു. അവയിൽ പലതിലും ഉമ്മൻ ചാണ്ടിക്ക് വില്ലൻ വേഷമായിരുന്നു ലഭിച്ചത്. എക്കാലത്തും തന്റെ വിശ്വസ്തനായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആക്ഷേപം ഉയർന്നിട്ടും മൗനം പാലിച്ച എ കെ ആന്റണി പതിനാറു വർഷത്തിന് ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി രംഗത്തുവരുമ്പോൾ അതിനു പിന്നിലൊരു രാഷ്ട്രീയ ലക്‌ഷ്യം ആരെങ്കിലും സംശയിച്ചാൽ അതിനവരെ കുറ്റം പറയാനാവില്ല.

ഇവിടെയാണ് ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു ഇക്കഴിഞ്ഞ ദിവസം 'Chandy's role in focus in the run-up to election' എന്ന തലക്കെട്ടിൽ 'ദി ഹിന്ദു' വിൽ വന്ന ഒരു വാർത്ത പ്രസക്തമാകുന്നത്. കേരളത്തിൽ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ റോൾ എന്തായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് വാർത്ത. കഴിവുറ്റ പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള അംഗീകാരവും മുഖ്യമന്ത്രി, മന്ത്രി എന്നീ നിലകളിലുള്ള ഭരണ പരിചയവും വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാൻ ഉമ്മൻ ചാണ്ടിയെ സഹായിച്ചേക്കുമെന്ന അഭിപ്രായം ചാണ്ടിയോട് അടുത്തുനിൽക്കുന്ന വൃത്തങ്ങൾ പങ്കുവെച്ചതായി വാർത്ത പറയുന്നു. ഒരു ഘട്ടത്തിൽ ഒന്ന് പിന്നാക്കം വലിഞ്ഞുനിന്നിരുന്ന ഉമ്മൻ ചാണ്ടി സജീവമാവുകയും അദ്ദേഹം സജീവമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഒരു മുൻ നിര മലയാള പത്രം മുഖ പ്രസംഗം എഴുതുകയും ചെയ്തപ്പോൾ ഇതേ അഭിപ്രായം 'അഴിമുഖം 'അടക്കം പല മാധ്യമങ്ങളും നേരത്തെ തന്നെ പ്രകടിപ്പിച്ചതുമാണ്.
ദി ഹിന്ദു വാർത്തയിൽ പറയുന്നതുപോലെ അടുത്ത തിരെഞ്ഞെടുപ്പിൽ തന്റെ റോൾ എന്തായിരിക്കും എന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു വ്യക്തമായ ഒരു ഉത്തരം ഉമ്മൻചാണ്ടിയിൽ നിന്നും ഉണ്ടായിട്ടില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഹൈക്കമാൻഡാണ് തീരുമാനിക്കുക എന്ന അദ്ദേഹത്തിന്റെ മറുപടിയിൽ തുടക്കത്തിൽ സൂചിപ്പിച്ച ആ രാഷ്ട്രീയ കൗശലം ഒളിച്ചിരിപ്പില്ലേ എന്നൊരു സംശയം ബാക്കി നിൽക്കുന്നുണ്ട്. കേരളത്തിൽ യു ഡി എഫിന് ഭരണം കിട്ടിയാൽ ആരെ മുഖ്യമന്ത്രിയാക്കണം എന്നതൊക്കെ ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെങ്കിലും മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനുകൂടി സ്വീകാര്യനായ ഒരു വ്യക്തിക്കായിരിക്കും നറുക്കുവീഴുക എന്നത് ഏറെക്കുറെ ഏവർക്കും അറിയുന്ന കാര്യമാണ്. കരുണാകരനെ മാറ്റി എ കെ ആന്റണിയെ മുഖ്യമന്ത്രിയാക്കുന്നതിലും പിന്നീട് എ കെ ആന്റണിയെ മാറ്റി ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നതിലും മുസ്ലിം ലീഗ് വഹിച്ച പങ്കിൽ നിന്നുതന്നെ ഇക്കാര്യം വളരെ വ്യക്തമാണ് താനും. ആ നിലക്ക് മുസ്ലിം ലീഗുമായി എക്കാലത്തും നല്ല ബന്ധം പുലർത്തിപോന്നിരുന്ന ഉമ്മൻ ചാണ്ടിയുടെ സാധ്യത ആർക്കും തള്ളിക്കളയാനാവില്ല. നീണ്ട പതിനാറു വർഷത്തിന്എ ശേഷം ഇപ്പോൾ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന എ കെ ആന്റണിയുടെ വെളിയപ്പെടുത്തലിനെയും ഈ വെളിച്ചത്തിൽ തന്നെ നോക്കികാണേണ്ടതുണ്ടെന്നു തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories