TopTop
Begin typing your search above and press return to search.

എ പി അബ്ദുള്ളക്കുട്ടിയെ പോലെ രാഷ്ട്രീയ സുഖയാത്ര നടത്തി ശീലിച്ചുപോയ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാന്‍?

എ പി അബ്ദുള്ളക്കുട്ടിയെ പോലെ രാഷ്ട്രീയ സുഖയാത്ര നടത്തി ശീലിച്ചുപോയ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാന്‍?

നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ രാജ്യമെങ്ങും അലയടിക്കുന്ന പ്രതിക്ഷേധം ഇന്നലെ കണ്ണൂരിൽ ആരംഭിച്ച ഇന്ത്യൻ ചരിത്ര കോൺഗ്രസിലും ദൃശ്യമായി. ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൗരത്വ നിയമത്തെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങിയതോടുകൂടിയാണ് പ്രതിക്ഷേധം ഉയർന്നത്. വേദിയിൽ നിന്നും സദസ്സിൽ നിന്നും ശക്തമായ പ്രതിക്ഷേധം ഉയർന്നതിനെ തുടർന്നു തന്റെ പ്രസംഗം മുഴുമിപ്പിക്കാനാവാതെ ഗവർണർക്കു വേദി വിടേണ്ടി വന്നു. ചുരുക്കത്തിൽ പ്രതിക്ഷേധവും അറസ്റ്റുമൊക്കെയായി ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ 80-)൦ പതിപ്പ് ഒരു ചരിത്ര സംഭവമായി. തനിക്കു മുൻപേ സംസാരിച്ച സി പി എമ്മിന്റെ രാജ്യസഭ അംഗമായ കെ കെ രാഗേഷിന്റെ 'ഭരണഘടനാ പദവി' പ്രയോഗമാണ് ഗവർണറെ ചൊടിപ്പിച്ചതെന്ന ഒരു വാദവും ഉയരുന്നുണ്ട്. ഉന്നത ഭരണഘടനാ പദവി വഹിക്കുന്നവർ പോലും ചരിത്രം തിരുത്തി എഴുതണമെന്നു വാദിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നായിരുന്നു രാഗേഷിന്റെ പരാമർശം. പൗരത്വ നിയമത്തിന്റെ കാവലാളായി നേരത്തെ തന്നെ സ്വയം പ്രഖ്യാപിച്ചിട്ടുള്ള ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കാൻ ഇതു തന്നെ ധാരാളം. ഇതോടെ എഴുതി തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ചു ഗവർണർ പൗരത്വ നിയമത്തെ വെള്ളപൂശുന്ന തന്റെ സ്ഥിരം പണിയിൽ വ്യാപൃതനാവുകയായിരുന്നു. ഇന്ത്യൻ ചരിത്ര കോൺഗ്രസ് എന്നാൽ ചരിത്രകാരന്മാരുടെ ദേശീയ സമ്മേളനമാണെന്നും അതിൽ പങ്കെടുക്കാനെത്തുന്നവർ ചരിത്ര പണ്ഡിതരും ഗവേഷകരും ഒക്കെയാണെന്നുള്ള കാര്യം അറിയാഞ്ഞിട്ടൊന്നുമല്ല ഇത്തരമൊരു വേദിയിൽ ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ വ്യാജ ചരിത്ര നിർമിതിയിൽ മുഴുകിയിട്ടുള്ള സംഘ പരിവാറിന്റെ നാവായി മാറിയത്. കേരളത്തിലെ എ പി അബ്ദുള്ളക്കുട്ടിയെപ്പോലെ രാഷ്ട്രീയ സുഖയാത്ര നടത്തി ശീലിച്ചുപോയ ആരിഫ് മുഹമ്മദ് ഖാൻ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതത്തിനു വകയുള്ളു. എന്തായും ഇന്നലത്തെ സംഭവം വലിയൊരു പ്രചാരണായുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ബി ജെ പി. ചരിത്രകാരൻ എന്ന് സ്വയം വിക്ഷേപിക്കുന്ന ബി ഗോപാലകൃഷ്ണൻ മുതൽ സകല ഗുലാമികളും ഗവർണറെ അപായപ്പെടുത്താൻ ശ്രമം എന്ന മുറവിളിയുമായി രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുമെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ ഒരു സുവർണ്ണാവസരമായി കണ്ട പി എസ് ശ്രീധരൻ പിള്ള വക്കീലും രംഗത്തെത്തിത്തിയിട്ടുണ്ട്. നിലവിൽ മിസോറാം ഗവർണറായ പിള്ള ഇന്നലത്തെ സംഭവത്തെ മറ്റൊരു സുവർണാവസരമായി തന്നെ കണ്ടിരിക്കുന്നു. എന്തായാലും കേരളത്തിലെ ബി ജെ പി നേതാക്കൾക്ക് ചുരുങ്ങിയത് ഒരാഴ്ചത്തേക്ക് കൊണ്ടുനടക്കാൻ ഒരു വിഷയമായി ഇന്നലത്തെ സംഭവം. ചരിത്ര കോൺഗ്രസ് വേദിയിലും സദസ്സിലും മാത്രമായിരുന്നില്ല ഗവർണർക്കെതിരെയുള്ള പ്രതിക്ഷേധം. പുറത്തും യു ഡി എഫ് പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിക്ഷേധിച്ചു. നേരത്തെ തന്നെ പൗരത്വ നിയമ അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാൻ പാടില്ലെന്ന് കോണ്‍ഗ്രസ്സുകാരായ കണ്ണൂർ എം പി, കെ സുധാകരനും കണ്ണൂർ കോർപറേഷൻ മേയർ സുമ ബാലകൃഷ്ണനും ചടങ്ങു ബഹിഷ്കരിക്കുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള കേരളത്തിലെ പ്രതിക്ഷേധത്തിനു വേറിട്ടൊരു മുഖമുണ്ട്. കമ്മ്യൂണിസ്റ്റുകളുമൊന്നിച്ചു യോജിച്ചൊരു പ്രക്ഷോഭം ശരിയല്ലെന്ന കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടാണ് ഇവിടുത്തെ പ്രതിഷേധത്തിനു വ്യത്യസ്തമായ മുഖം നൽകിയത്. മുല്ലപ്പള്ളിയുടെ നിലപാടിനോട് വി എം സുധീരനെപ്പോലുള്ള കോൺഗ്രസ് നേതാക്കളും യോജിക്കുന്നുണ്ട്. എന്നാൽ യു ഡി എഫിലെ തന്നെ മുസ്ലിം ലീഗിന് ഇക്കാര്യത്തിൽ അത്ര യോജിപ്പ് പോരാ. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ തുടരുന്നതിനിടയിലാണ് വാടകരക്കടുത്ത ഏറാൻമലയിൽ നിന്നും പൗരത്വ നിയമത്തിനെതിരെ യോജിപ്പിന്റെ കാഹളം ഉയരുന്നത്. സങ്കുചിത കക്ഷി രാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞുകൊണ്ടു ബി ജെ പിയും തീവ്ര രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുള്ള എസ് ഡി പി ഐ, വെൽഫെയർ പാർട്ടി എന്നിവയും ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും അണിചേരുന്ന ഒരു 'മതേതര സംരക്ഷണ മഹാ റാലി' ക്കാണ് ഏറാൻമല പഞ്ചായത്തിലെ മതേതര ഇന്ത്യ സംരക്ഷണ വേദി രൂപം കൊടുത്തിട്ടുള്ളത്. കക്ഷി രാഷ്ട്രീയം മറന്നുകൊണ്ടു ഡിസംബർ 30-നു ഇവർ ഒരുക്കുന്ന ഈ മഹാ റാലിയുടെ സംഗമവേദി ഓർക്കാട്ടേരി മൈതാനമാണ്. ദളിത് നേതാവും ഗുജറാത്തിലെ എം എൽ എ യുമായ ജിഗ്നേഷ് മേവാനിയാണ് സമാപന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ. വടകര എം പി, കെ മുരളീധരൻ, പേരാമ്പ്ര എം എൽ എ പാറക്കൽ അബ്ദുല്ല, വടകര എം എൽ എ സി കെ നാണു എന്നിവരെക്കൂടാതെ സി പി എം, സി പി ഐ, കോൺഗ്രസ്, എൽ ജെ ഡി, ആർ എം പി ഐ, ജനതാ ദൾ -എസ് , കോൺഗ്രസ് -എസ് , ഐ എൻ എൽ , സി എം പി എന്നിവയുടെ പ്രാദേശിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഭരണഘടനയുടെ അന്തസത്തയെയും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെയും ഇല്ലായ്മ ചെയ്യാനും ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും ബി ജെ പി സർക്കാർ നടത്തുന്ന നീക്കത്തിനെതിരെയുള്ള മതേതര കൂട്ടായ്മയായാണ് സംഘാടകർ നാളത്തെ റാലിയെ വിശേഷിപ്പിക്കുന്നത്. 2012ൽ അരുംകൊല ചെയ്യപ്പെട്ട ആർ എം പി ഐ നേതാവ് ടി പി ചന്ദ്രശേഖരന്റെ സമരണാര്ഥം നിർമിക്കപ്പെട്ട ടി പി ചന്ദ്രശേഖരൻ ഭവന്റെ ഉദ്‌ഘാടനം നടക്കേണ്ടതും ഓര്ക്കാട്ടേരിയിൽ വെച്ചു തന്നെയായാണ്. അടുത്ത മാസം രണ്ടിനാണ് ഉദ്‌ഘാടനം. അന്നേ ദിവസം ടി പി ചന്ദ്രശേഖരൻ അനുസ്മരണം നടത്താനായി ആർ എം പി ഐ നേതൃത്വം കണ്ടെത്തിയിരുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിൻമാറിയതിനെ തുടർന്നുണ്ടായ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സി പി എം ഇടപെടലിനെ തുടർന്നാണ് കാനത്തിന്റെ പിന്മാറ്റം എന്ന് ആർ എം പി ഐ നേതാക്കൾ ആരോപിക്കുമ്പോൾ തന്നെയാണ് ആർ എം പി ഐ യും ചന്ദ്രശേഖരന്റെ വധത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സി പി എമ്മും പൗരത്വ നിയത്തിനെതിരെ ഓർക്കാട്ടേരിയിൽ ഒറ്റക്കെട്ടായി അണിനിരക്കുന്നതെന്നത് പ്രതിഷേധ സമരങ്ങളിൽ സങ്കുചിത രാഷ്ട്രീയം കലർത്തുന്നവർക്കുള്ള മുന്നറിയിപ്പു കൂടിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories