TopTop
Begin typing your search above and press return to search.

അരുന്ധതി റോയിയുടെ ജാതിയും ബ്രാഹ്മണിസത്തില്‍ നിന്നുള്ള 'ആസാദി'യും

അരുന്ധതി റോയിയുടെ ജാതിയും ബ്രാഹ്മണിസത്തില്‍ നിന്നുള്ള ആസാദിയും

ഇന്ത്യന്‍ ഭരണകൂടത്തെ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി നിരന്തരം ചോദ്യം ചെയ്യുന്ന എഴുത്തുകാരിയാണ് അരുന്ധതി റോയ്. ലോക പ്രശസ്ത നോവലിസ്റ്റും നോണ്‍ ഫിക്ഷന്‍ റൈറ്ററെന്നുമുള്ള നിലയില്‍ അവരുടെ വിമര്‍ശനങ്ങളും പ്രതികരണങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകുകയും ചെയ്യുന്നു. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയെ എങ്ങനെ ഒരു ഹിന്ദു രാഷ്ട്രത്തിലേക്ക് നയിക്കുന്നു എന്നത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നതിന് അരുന്ധതിയുടെ എഴുത്തുകളും ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. കാശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ് ചെറുത്തുനില്‍പ്പ്, ജാതി, ഹിന്ദുത്വ ഭീകരവാദം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ സ്റ്റേറ്റിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന എഴുത്തുകാരി കൂടിയാണ് അരുന്ധതി റോയ്. തന്റെ പുതിയ പുസ്തകമായ ആസാദി- ഫ്രീഡം, ഫാസിസം, ഫിക്ഷന്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആ പുസ്തകമല്ല, അതിന്റെ പ്രചാരണ പരിപാടിയില്‍ അരുന്ധതി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജാതിയെ കുറിച്ച് അരുന്ധതി പറഞ്ഞ കാര്യങ്ങള്‍ അവരുടെ പ്രവിലേജില്‍നിന്നുണ്ടാകുന്നതാണെന്ന വിമര്‍ശനമാണ് കാര്യമായി ഉണ്ടാകുന്നത്.

ആസാദി എന്ന പുസ്തകവുമായി ബന്ധപ്പെട്ട ന്യൂ മെക്‌സിക്കോ സര്‍വകലാശാലയിലെ അമേരിക്കന്‍ സ്റ്റഡീസിലെ അമേരിക്കന്‍ പ്രൊഫസര്‍ നിക്ക് എറ്റ്‌സ് അരുന്ധതി റോയിയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായത്. ജാതിയെക്കുറിച്ചായിരുന്നു ചോദ്യം. നിങ്ങള്‍ ബ്രാഹ്മണനാണോ എന്ന ചോദ്യത്തിന് അരുന്ധതി റോയ് നല്‍കിയ ഉത്തരമാണ് വലിയ വിമർശനത്തിന് ഇടയാക്കിയത്. ആ ചോദ്യത്തിന് അരുന്ധതി റോയ് പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു.

"ഞാന്‍ ബ്രാഹ്മണനല്ല. എന്റെ അമ്മ ക്രിസ്ത്യന്‍ ആണ്. എന്റെ അച്ഛന്‍ ബ്രഹ്മസമാജ് എന്ന സംഘടനയിലായിരുന്നു. അത് ബ്രാഹ്മണമല്ല. അദ്ദേഹം പിന്നീട് ക്രിസ്ത്യൻ ആകുകയും ചെയ്തു. അതുകൊണ്ട് ഞാന്‍ ഒരു ബ്രാഹ്മണനല്ല", ഇതായിരുന്നു അരുന്ധതിറോയ് നല്‍കിയ ഉത്തരം

പേരിനൊപ്പം റോയ് എന്ന് ചേര്‍ത്തിട്ടുള്ള അരുന്ധതി താന്‍ ബ്രാഹ്മണനല്ലെന്ന് എങ്ങനെ പറയുമെന്നായി പിന്നീടുള്ള ചോദ്യം. തനിക്ക് ജാതി ഇല്ലെന്ന് പറയാനുള്ള പ്രിവിലേജ് ആണ് അരുന്ധതിയെകൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നാതായി വിമര്‍ശനം. ജാതിയുടെ പ്രിവിലേജ് ഉപയോഗിക്കുകയും തങ്ങള്‍ക്ക് ജാതി ഇല്ലെന്ന് പറയുകയും ചെയ്യുകയെന്നത് ഇടതു ബുദ്ധി ജീവികളുടെ ഫാഷനാണെന്നായിരുന്നു ട്വിറ്ററില്‍ മറ്റ് ചിലരുടെ വിമര്‍ശനം. അരുന്ധതി റോയിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇത്തരത്തില്‍ ഉയര്‍ന്നുവന്നത്. റോയ് ബ്രാഹ്മണയായതല്ല, മറിച്ച് അത് ഏറ്റുപറയാന്‍ വിസമ്മതിച്ചതാണ് പ്രശ്‌നമെന്നായിരുന്നു വേറെ ചില വിമര്‍ശനം. ഇന്ത്യയിൽ ജാതി ഇല്ലെന്ന് പറയാൻ കഴിയുന്ന പ്രിവിലേജ് സവർണർക്ക് മാത്രമാണെന്നും, വേണ്ടെന്നുവെച്ചാലും ദളിതരെ ജാതി പിന്തുടരുക തന്നെ ചെയ്യുമെന്നുമുള്ള നിരീക്ഷണങ്ങളും ഉണ്ടായി.

എന്നാല്‍ അരുന്ധതി റോയ് പറഞ്ഞത് നേരത്തെ ഉദ്ധരിച്ചത് മാത്രമായിരുന്നില്ല. അവര്‍ ഇങ്ങനെ കൂടി കൂടിച്ചേര്‍ത്തിരുന്നു.

"ജാതി വിരുദ്ധ പ്രസ്ഥാനം ബ്രാഹ്മണിസം എന്ന വാക്ക് ഉപയോഗിക്കുന്നു. അത് ബ്രാഹ്മണരെ സംബന്ധിച്ചല്ല. ജാതി ശ്രേണിയെക്കുറിച്ചുള്ളതാണ് ആ പ്രയോഗം. ബ്രാഹ്മണര്‍ മാത്രമല്ല, ബ്രാഹ്മണിസം ആചരിക്കുന്നത്", അരുന്ധതിയുടെ ഈ വാക്കുകള്‍ പൊതുവെ വിമര്‍ശകര്‍ പരിഗണിച്ചതായി കാണുന്നില്ല. ജാതി വ്യവസ്ഥയുടെ സങ്കീര്‍ണതയാണ് അവര്‍ ഇതിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് വേണം കണക്കാക്കാന്‍. തന്റെ താഴെയുള്ള ജാതിവിഭാഗത്തെ അടിച്ചമര്‍ത്താനാണ് തൊട്ടുമുകളില്‍ ഉള്ളവര്‍ ശ്രമിക്കുകയെന്നത് ഈ സങ്കീര്‍ണമായ ശ്രേണി വ്യവസ്ഥയുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ജാതിവ്യവസ്ഥ നിലനിര്‍ത്തി പോരുന്നത് ബ്രാഹ്മണര്‍ മാത്രമല്ല, മറ്റ് ജാതി വിഭാഗങ്ങള്‍ കൂടിയാണ്. ദളിതരോട് ശ്രൂദര്‍ കാണിക്കുന്നതും ജാതി ബോധം തന്നെ.

എന്നാല്‍ തന്റെ ജാതി മറച്ചുവെച്ച് അരുന്ധതി റോയ് നടത്തി പ്രസ്താവന മൂലം ഇതൊന്നും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടുമില്ല.

ജാതി വിഷയത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഏറ്റവും പൊളിറ്റിക്കലും അങ്ങേയറ്റം ജാതി വിരുദ്ധരുമായ ആളുകള്‍ പോലും ഇടറി പോകുന്നുണ്ടോ? ബ്രാഹ്മണിസത്തിന്റെ കടുത്ത വിമര്‍ശക തന്നെ ഇങ്ങനെ തന്റെ കുടുംബ പാശ്ചാത്തലത്തെ കുറിച്ച് ഇത്തരമൊരു വിശദീകരണം നടത്തിയതെന്ത് കൊണ്ടാവും?

ഇതാദ്യമല്ല അരുന്ധതി റോയ്ക്ക് ജാതിയുമായി ബന്ധമുള്ള വിഷയത്തില്‍ വിമര്‍ശനം നേരിടേണ്ടി വരുന്നത്. ദളിത്, ജാതി വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ പ്രശസ്തമായ നവയാന്‍ പ്രസിദ്ധീകരിച്ച അംബേദ്ക്കറുടെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന പുസ്തകത്തിന് എഴുതിയ അവതാരികയാണ് വിമര്‍ശന വിധേയമായത്. രണ്ട് തരത്തിലുളള വിമര്‍ശനമാണ് അന്ന് ഉണ്ടായത്. ഒന്ന്, അംബേദ്ക്കറുടെ പുസ്തകത്തിന് 'സവര്‍ണ'യായ അരുന്ധതി എന്തിന് അവതാരിക എഴുതി എന്ന ചോദ്യം. സ്വത്വവാദ രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നവരാണ് ഈ നിലപാടുകള്‍ സ്വീകരിച്ചത്. മറ്റൊരു വിമര്‍ശനം ഉയര്‍ന്നത് അവർ അവതാരികയിൽ സ്വീകരിച്ച സമീപനം വെച്ചാണ്. ആ അവതാരിക - ഡോക്ടര്‍ ആന്റ് ദി സെയ്ന്റ് - തന്നെ ഒരു പ്രബന്ധമായി മാറുകയാണ് ഉണ്ടായത്. അതില്‍ അംബേദ്ക്കറെയും ഗാന്ധിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള സമീപനമായിരുന്നു അരുന്ധതി റോയ് സ്വീകരിച്ചത്. അംബേദ്ക്കറുടെ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തിന്റെ അവതരണം ഗാന്ധിയുമായുള്ള താരതമ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയെന്നതായിരുന്നു വിമര്‍ശനം. തീര്‍ത്തും അപ്രസക്തമായ ഒരു കാര്യത്തെ ആ പുസ്തകവുമായി ചേര്‍ത്ത് നിര്‍ത്തി പറഞ്ഞുവെന്ന ആക്ഷേപമാണ് ഡോക്ടര്‍ ആന്റ് സെയ്ന്റ് എന്ന പ്രബന്ധവുമായി ബന്ധപ്പെടുത്തി ഉണ്ടായ വിമര്‍ശനം

ജാതി വിരുദ്ധനായതുകൊണ്ട് മാത്രം ഒരു മേല്‍ജാതിക്കാരന് ജാതി സമൂഹത്തില്‍ കിട്ടുന്ന പ്രിവിലേജ് ഇല്ലാതാകുമോ എന്നതാണ് ചോദ്യം. അങ്ങനെ ഒരു പ്രിവലേജ് തനിക്ക് കിട്ടുന്നുണ്ടെന്ന സമ്മതിക്കലും അതിനെ ബോധപൂര്‍വം വേണ്ടെന്നു വെയ്ക്കലുമാണ് ജാതി വിരുദ്ധ പോരാട്ടത്തില്‍ പ്രധാനപ്പെട്ടത്. അരുന്ധതി റോയ് വിവാദം ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല.


Next Story

Related Stories