TopTop
Begin typing your search above and press return to search.

ഡീഗോയും മറഡോണയും കണ്ടുമുട്ടുമ്ബോള്‍

ഡീഗോയും മറഡോണയും കണ്ടുമുട്ടുമ്ബോള്‍

ഡീഗോ മറഡോണ എന്ന ഇതിഹാസത്തിന്റെ ജീവിതം പുനഃസൃഷ്ടിക്കുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞ ഒരു ദൗത്യമാണ്. അതൊരു സിനിമയോ, പുസ്തകമോ അല്ലെങ്കില്‍ ഒരു ലേഖനം മാത്രമോ ആകട്ടെ, ആ ഫുട്ബോള്‍ പ്രതിഭയെ ഒരു ചട്ടക്കൂടിനുള്ളില്‍ പൂര്‍ണ്ണതയോടെ പകര്‍ത്തുക ഏറെക്കുറെ അസാധ്യമാണ്. നിരവധി അടരുകള്‍ ഉള്ള ആ ജീവിതം വരച്ചിടാനുള്ള ഓരോ ശ്രമവും, സ്വീകരിക്കുന്ന സമീപനത്തെ ആശ്രയിച്ചു ഓരോരോ അനുഭവമാണ് സമ്മാനിക്കുന്നത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യയിലെ തീയേറ്ററുകളിലെത്തിയ, ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഡീഗോ മറഡോണ എന്ന ആര്‍കൈവല്‍ ഡോക്യുമെന്ററി, മറഡോണ നാപ്പോളിയില്‍ ചിലവഴിച്ച 7, 8 വര്‍ഷങ്ങളിലെ സംഭവങ്ങളിലൂടെ അദ്ദേഹത്തിന്റെ ജീവിതവും കരിയറും നോക്കിക്കാണുന്നു. മറഡോണയെന്ന വ്യക്തിത്വത്തിന്റെ സങ്കീര്‍ണ്ണത വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ക്കൊപ്പം, മറഡോണയെന്ന ഫുട്ബോള്‍ വിസ്മയത്തെ അടയാളപ്പെടുത്തുന്ന ലോകകപ്പിലെ ദൃശ്യങ്ങളും ഡോക്യൂമെന്ററിയില്‍ നിറയുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അയാള്‍ അരക്ഷിതത്വം അനുഭവിക്കുന്ന, കുട്ടിത്തം വിട്ടുമാറാത്ത ഡീഗോ ആണെങ്കില്‍, മറ്റു ചിലപ്പോള്‍ അയാള്‍ അസ്വസ്ഥനായ, ഉന്മാദിയായ മറഡോണയാണ്.

1986 ലോകകപ്പിലെ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്ലുള്ള മത്സരത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകളെക്കുറിച്ചു സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ആയ ഡാനിയേല്‍ അര്‍ക്കൂസി ഡോക്യൂമെന്ററിയില്‍ ഒരിടത്തു പരാമര്‍ശിക്കുന്നുണ്ട്. ദൈവത്തിന്റെ കൈ പതിഞ്ഞ ഗോള്‍ എന്ന് പിന്നീട് അറിയപ്പെട്ട, തന്റെ കൈ വിദഗ്ദ്ധമായി ഉപയോഗിച്ച്‌ മറഡോണ നേടിയ ഗോള്‍ ആണ് അതിലൊന്ന്. മറ്റേതാകട്ടെ, നിരവധി ഡിഫന്‍ഡര്‍മാരെ വെട്ടിച്ചു, വിസ്മയിപ്പിക്കുന്ന ഒരു മുന്നേറ്റത്തിലൂടെ നേടിയതും. ഈ രണ്ടു ഗോളുകളും ഫുട്ബോള്‍ ചരിത്രത്തിലെ സുവര്‍ണ ഏടുകളാണെന്നതിനൊപ്പം മറഡോണ എന്ന വ്യക്തി ആരാണെന്നുള്ളതിന്റെ ഉത്തരവുമാണ്. അപക്വം എന്നുപോലും വിശേഷിപ്പിക്കാവുന്ന തീരുമാനങ്ങള്‍ എടുക്കുന്ന അയാള്‍ ഒരു പച്ചമനുഷ്യനാണ്. അതേസമയം കളിക്കളത്തില്‍ മായാജാലം കാണിക്കുന്ന മറഡോണ ഒരു ദൈവവുമാണ്.

ഈ രണ്ടു വ്യക്തിത്വങ്ങളെയും ഡോക്യൂമെന്ററിയില്‍ മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ചിലവഴിച്ചിട്ടുള്ള ഊര്‍ജ്ജവും അധ്വാനവും തിരിച്ചറിയാന്‍, കാണുന്നയാള്‍ ഒരു ഫുട്ബോള്‍ ആരാധകന്‍ ആകണമെന്നില്ല. 500 മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോ ശേഖരം ഉപയോഗിച്ച്‌ കപാഡിയ സൃഷ്‌ടിച്ച ഈ ഡോക്യുമെന്ററി നേപ്പിള്‍സില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് ഘടനപ്പെടുത്തിയിരിക്കുന്നത്. ഒരു ഇറ്റാലിയന്‍ നഗരമാണ് നേപ്പിള്‍സ്. കുറ്റകൃത്യങ്ങളുടെ തോത് കൊണ്ട് കുപ്രസിദ്ധമായ ഒരു നഗരം. അങ്ങനെയുള്ള നഗരത്തിലെ ഒരു ഫുട്ബോള്‍ ക്ലബ് ഡീഗോ മറഡോണ എന്ന ഫുട്ബോള്‍ മാന്ത്രികനെ ലോക റെക്കോര്‍ഡ് സൃഷ്‌ടിച്ച തുക കൊടുത്തു സ്വന്തമാക്കുന്നു. താരപരിവേഷത്തോടെ നേപ്പിള്‍സില്‍ വന്നിറങ്ങുന്ന മറഡോണയുടെ ഓരോ വാക്കും ചലനങ്ങളും പിന്തുടരുന്ന നഗരവാസികളെയാണ് നമ്മള്‍ ഡോക്യൂമെന്ററിയില്‍ കാണുന്നത്. പക്ഷെ, നേപ്പിള്‍സില്‍ നിന്ന് തിരികെ പോകുമ്ബോള്‍ മറഡോണ തനിച്ചാണ്. ഒരുപാടു പ്രശ്നങ്ങളില്‍ അകപ്പെട്ടു, അസ്വസ്ഥമായ മനസ്സോടെയുള്ള ഒരു മടക്കം.

ബാഴ്‌സലോണയിലെ താരതമ്യേന മോശം പ്രകടനത്തിനുശേഷം, മറഡോണ വേറെ ഏതെങ്കിലും പ്രമുഖ ക്ലബ്ബിലേക്ക് മാറും എന്ന് പ്രതീക്ഷിച്ച എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഇറ്റാലിയന്‍ ലീഗിലെ അവസാന സ്ഥാനക്കാരായിരുന്ന നാപ്പോളിയിലേക്ക് ചേക്കേറാന്‍ മറഡോണ തീരുമാനിച്ചത്. മറഡോണയുടെ വരവോടെ ക്ലബ്ബിന്റെ രാശി തെളിഞ്ഞു. ലീഗിലെ സ്ഥാനം പടിപടിയായി മെച്ചപ്പെടുത്തിയ ക്ലബ് ഒടുവില്‍ കരുത്തരായ യുവന്റസിനെയും എ.സി.മിലാനെയും അട്ടിമറിച്ചു ഇറ്റാലിയന്‍ ലീഗ് ചാമ്ബ്യന്മാരായി. നിര്‍ഭാഗ്യവശാല്‍, നേപ്പിള്‍സിന്റെ ക്രിമിനല്‍ അധോലോകം മറഡോണയെയും വെറുതെ വിട്ടില്ല. താരത്തിന്റെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത മാഫിയ ഒടുവില്‍ അദ്ദേഹത്തെ തകര്‍ച്ചയിലേക്കെത്തിച്ചു. നേപ്പിള്‍സില്‍ വരുന്നതിനു മുന്‍പ് തന്നെ മറഡോണ കൊക്കയ്‌നിനു അടിമയായിരുന്നെങ്കിലും നേപ്പിള്‍സില്‍ വച്ച്‌ സ്ഥിതി കൂടുതല്‍ വഷളായി.

പക്ഷെ, ഈ സംഭവങ്ങളൊന്നും മറഡോണയുടെ പ്രകടനത്തെയോ ക്ലബ്ബിന്റെ വിജയസാധ്യതകളെയോ ബാധിച്ചില്ല. മറഡോണ വരുന്നതുവരെ, ഇറ്റലിക്കാര്‍ പോലും നേപ്പിള്‍സിന്റെ ഫുട്ബോള്‍ പ്രാഗല്ഭ്യത്തിന് അര്‍ഹിക്കുന്ന അംഗീകാരം കൊടുത്തിരുന്നില്ല. റോമിനെയും മിലാനെയും വച്ച്‌ നോക്കുമ്ബോള്‍ അന്നാട്ടുകാര്‍ക്കു നേപ്പിള്‍സ് അപ്രസക്തമായിരുന്നു. നഗരത്തിന്റെ മോശം സാമ്ബത്തിക സ്ഥിതിയെയും തൊഴിലാളി സംസ്കാരത്തെയയും പരാമര്‍ശിക്കുന്ന 'അണ്‍വാഷ്ഡ് ' എന്ന പരിഹാസപ്പേരിലാണ് നേപ്പിള്‍സ് ആരാധകര്‍ അറിയപ്പെട്ടിരുന്നതുതന്നെ. മറഡോണയുടെ സാന്നിധ്യം ആരാധകര്‍ക്ക് നഗരത്തെ സ്നേഹിക്കാനും ആഘോഷിക്കാനും ഒരു കാരണം നല്‍കി. വളരെപ്പെട്ടെന്നു, നേപ്പിള്‍സ് ലോകമറിയുന്ന ഒരു നഗരമായി മാറി. ക്ലബിന് ലോകം മുഴുവന്‍ ആരാധകരുണ്ടായി. 'അണ്‍വാഷ്ഡ്' എന്ന വിശേഷണം പതിയെ മാഞ്ഞു തുടങ്ങി.

മറഡോണ ഒരു അര്‍ജന്റീനിയന്‍ ആണെന്ന് മറന്നു നേപ്പിള്‍സ് അയാളെ സ്വന്തമായി കണ്ടു സ്നേഹിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ 1990 ലോകക്കപ്പ് സെമിഫൈനലില്‍ അര്‍ജന്റീന ഇറ്റലിയെ തോല്പിച്ചതോടെ മറഡോണയ്ക്കു നേപ്പിള്‍സില്‍ ഉണ്ടായിരുന്ന താരപരിവേഷം ഇല്ലാതെയായി. നേപ്പിള്‍സില്‍ വച്ച്‌ തന്നെയാണ് സെമി നടന്നത് എന്നത് മുറിവിന്റെ ആഴം കൂട്ടി. ടൈ ബ്രേക്കറിലാണ് ഇറ്റലി പരാജയപ്പെട്ടത്. ഇറ്റലി ലോകക്കപ്പില്‍ നിന്ന് പുറത്താകുന്നതിനു കാരണമായ ഈ തോല്‍വി ഒരുപാടു കാലം ആരാധകരുടെ മനസ്സില്‍ മായാതെ നിന്നു. ഇതോടെ മറഡോണ താരത്തില്‍ നിന്ന് വില്ലനായി മാറി.

ജീവചരിത്രത്തിന്റെ ഘടനയോടു സാമ്യമുള്ള ഡോക്യുമെന്ററികള്‍ എടുക്കുന്നതില്‍ ആസിഫ് കപാഡിയ അഗ്രഗണ്യന്‍ ആണെന്നുള്ളത് വസ്തുതയാണ്. അദ്ദേഹത്തിന്റെ ഇതിനു മുന്‍പത്തെ സംരംഭമായ 'സെന്ന' യും മികച്ച ഒരു ദൃശ്യാനുഭവമാണ്. ദൃശ്യങ്ങള്‍ മികച്ച രീതിയില്‍ കോര്‍ത്തിണക്കിയിട്ടുള്ള 'ഡീഗോ മറഡോണയില്‍' ഒരിടത്തു പോലും താരത്തെ മഹത്വവല്‍ക്കരിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, നേപ്പിള്‍സിലെ മറഡോണയുടെ ദുരനുഭവങ്ങള്‍ വിവരിക്കുമ്ബോള്‍ സംവിധായകന്‍ അദ്ദേഹത്തിനു അനുകൂലമായ നിലപാടെടുക്കുന്നുണ്ട്. മറഡോണയെ ഒരു ഇരയായാണ് ഈ ഘട്ടത്തില്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷെ മറഡോണ യഥാര്‍ത്ഥത്തില്‍ ഒരു ഇരയായിരുന്നിരിക്കാം.

ഇത് ഒരു സുപ്രധാന ചോദ്യം ഉയര്‍ത്തുന്നുണ്ട്. എന്തുകൊണ്ടാണ് ലോകത്താകമാനമുള്ള ആരാധകര്‍ ഡീഗോ മറഡോണയെ ഇത്രകണ്ട് സ്നേഹിക്കുന്നത്?

മറഡോണയുടെ അത്രതന്നെ പ്രതിഭാശാലികളായ ഒട്ടേറെ ഫുട്ബോള്‍ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, യോഹാന്‍ ക്രോയ്‌ഫ്, സീക്കോ, റൊണാള്‍ഡോ നാസാരിയോ, റൊണാള്‍ഡീഞ്ഞോ, ലയണല്‍ മെസ്സി, സിനദീന്‍ സിദാന്‍, ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നിവരെല്ലാം തന്നെ ലോകം ആരാധിക്കുന്ന ഫുട്ബോള്‍ താരങ്ങളാണ്. എന്നാല്‍ ഇവരാരും തന്നെ മറഡോണയെക്കാള്‍ സ്നേഹിക്കപ്പെടുന്നു എന്ന് പറയാനാകില്ല. മറ്റാര്‍ക്കുമില്ലാത്ത ഒരു സുപരിചിതത്വം മറഡോണയില്‍ നമ്മള്‍ക്കനുഭവപ്പെടും. ദൗര്‍ബല്യങ്ങള്‍ ഒരുപാടുള്ള, അവ മറ്റുള്ളവരുടെ മുന്നില്‍ തുറന്നുകാട്ടാന്‍ മടിയില്ലാത്ത ഒരു പ്രതിഭയായിരുന്നു മറഡോണ. മാര്‍ക്കറ്റിംഗിനെക്കുറിച്ചോ ബിസിനെസ്സിനെക്കുറിച്ചോ അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. അതിന്റെ ആവശ്യം അദ്ദേഹത്തിന് അനുഭവപ്പെട്ടുമില്ലായിരിക്കാം. ഈ ന്യൂനതകളെയെല്ലാം തന്റെ കഴിവ് കൊണ്ട് മറഡോണ മറികടന്നു. ഒരുപാടു പാളിച്ചകള്‍ സംഭവിച്ചെങ്കിലും അവയൊന്നും തന്നെ മറഡോണയ്ക്കു കളിയിലുണ്ടായിരുന്ന ഏകാഗ്രത നഷ്ടപ്പെടുത്തിയില്ല.

അര്‍ജന്റീനയിലെ ഏറ്റവും ദരിദ്രമായ ചുറ്റുപാടില്‍ നിന്നുമാണ് മറഡോണ ഉയര്‍ന്നു വന്നത്. ഒരു സാധാരണക്കാരന്റെ എല്ലാ ദൗര്‍ബല്യങ്ങളും അദ്ദേഹം പ്രകടിപ്പിച്ചു. കളിക്കളത്തില്‍ എത്ര വിസ്മയിപ്പിച്ചുവോ അത്ര തന്നെ കളത്തിനു പുറത്തു ദുഷ്പ്പേര് കേള്‍പ്പിച്ചു. അഞ്ചടി അഞ്ചിഞ്ചു മാത്രമേ പൊക്കം ഉണ്ടായിരുന്നുള്ളുവെങ്കിലും അതിന്റെ കുറവ് പന്തിനുമേലെയുള്ള ബാലന്‍സ് കൊണ്ടും അപാരമായ നിയന്ത്രണം കൊണ്ടും മറികടന്നു. അദ്ദേഹത്തിന്റെ അപാരമായ വൈഭവം ഫുട്ബോള്‍ എന്ന വികാരത്തെ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിച്ചു.

അര്‍ജന്റീനയുടെ നീലയും വെള്ളയും കലര്‍ന്ന ജേഴ്‌സി മറഡോണയുടേത് മാത്രമായിരുന്നില്ല. അതെന്റേതു കൂടിയായിരുന്നു.


Next Story

Related Stories