TopTop
Begin typing your search above and press return to search.

സ്വര്‍ണത്തില്‍ പൊതിഞ്ഞ തലക്കെട്ടുകള്‍; വാര്‍ത്താ വിന്യാസത്തിലെ പരിഗണനകള്‍

സ്വര്‍ണത്തില്‍ പൊതിഞ്ഞ തലക്കെട്ടുകള്‍; വാര്‍ത്താ വിന്യാസത്തിലെ പരിഗണനകള്‍

വാര്‍ത്ത തെരഞ്ഞെടുപ്പും വിന്യാസവും ഓരോ പത്രത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളോടുള്ള സമീപനത്തെയാണ് കാണിക്കുന്നത്. സ്വര്‍ണക്കടത്ത്, ഖുറാന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഉള്‍പ്പെട്ട വിവാദം, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾ എന്നിങ്ങനെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാര്‍ത്തകളെ എങ്ങനെയാണ് ഇന്നത്തെ പത്രങ്ങൾ കണ്ടത്.

ഇന്നലെ മലയാള മനോരമ നല്‍കിയ വാര്‍ത്തയായിരുന്നു മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റൈനിലിരിക്കെ ബാങ്കില്‍ പോയി ലോക്കര്‍ തുറന്നുവെന്നത്. നേരത്തെ ജന്മഭൂമി ഇതേ വാർത്ത നൽകിയിരുന്നു. മനോരമ നൽകിയപ്പോൾ അതിന്റെ പ്രഹര ശേഷി കൂടി. ഇന്നലെത്തെ പ്രധാന ചർച്ചയും അതായിരുന്നു. ആ വാര്‍ത്ത എഴുതുമ്പോള്‍ ആരോപണ വിധേയയായ തന്നോടൊന്ന് ചോദിക്കുകപോലും ചെയ്തിട്ടില്ലെന്നും താന്‍ ലോക്കറില്‍ പോയപ്പോള്‍ ക്വാറന്റൈനിലായിരുന്നില്ലെന്നുമാണ് മന്ത്രിയുടെ ജയരാജന്റെ ഭാര്യ ഇന്നലെ വിശദീകരിച്ചത്. ഈ വാര്‍ത്ത ഒന്നാം പേജില്‍ നല്‍കിയ മനോരമ പക്ഷെ തങ്ങളുടെ ഇന്നലത്തെ വാര്‍ത്തയെ സാധൂകരിക്കുന്ന കാര്യങ്ങള്‍ ഒന്നും ഇന്ന് നല്‍കിയിട്ടില്ല. മനോരമ വാര്‍ത്തയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെന്നതടക്കമുള്ള വാര്‍ത്തകള്‍ മനോരമ ആദ്യ പേജില്‍ തന്നെ നല്‍കിയിട്ടുമുണ്ട്.

മാധ്യമങ്ങള്‍ വസ്തുതകളല്ല, ഊഹാപോഹങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന ആക്ഷേപമാണ് സിപിഎം പതിവായി ഉന്നയിക്കുന്നത്. ചില വാര്‍ത്തകള്‍ അല്‍പായുസായി മാറുമ്പോള്‍ ആ വിമര്‍ശനം തീര്‍ത്തും അസ്ഥാനത്താണെന്ന് പറയാനും കഴിയില്ല. അതേസമയം തങ്ങള്‍ക്കെതിരെ ആവുമ്പോള്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ചും സിപിഎം, മാധ്യമ വിമര്‍ശനം മുഖ്യ അജണ്ടയായിക്കാറുള്ളതെന്ന കാര്യവും നിലനില്‍ക്കുന്നു. എന്തായാലും ഇങ്ങനെ അതിശക്തമായ മാധ്യമ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതിനാലാവണം, മാതൃഭൂമി ആദ്യ വാര്‍ത്തയുടെ അവതരണം മറ്റൊരു രീതിയിലാക്കിയത്. വിഷയം സ്വര്‍ണക്കടത്ത് തന്നെ. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ലോക്‌സഭയില്‍ നടത്തിയ വിശദീകരണമാണ് മാതൃഭൂമിയുടെ ലീഡ്. സ്വര്‍ണക്കടത്തിലെ പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്ന് പ്രസ്താവനയാണ് പത്രം ആദ്യ വാര്‍ത്തയാക്കിയത്. ഇതോടൊപ്പം ഇക്കാര്യം ഞങ്ങള്‍ അന്നെ പറഞ്ഞതല്ലേ എന്ന് കാണിക്കാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പഴയ തലക്കെട്ടുകളുടെ ഒരു കൊളാഷും നല്‍കിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രധാനമായിട്ടുള്ളതെന്നാണ് മനസ്സിലാകാത്തത്. പ്രതികള്‍ക്ക് ഉന്നത ബന്ധം സംശയിക്കപ്പെടുന്നതുകൊണ്ടാണല്ലോ, ഈ വാര്‍ത്ത രണ്ട് മാസത്തിലേറെ കാലം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലെങ്കില്‍ ഇതൊരു കള്ളക്കടത്ത് കേസ് മാത്രമല്ലേ!

എന്നാല്‍ കേരളത്തില്‍നിന്നുള്ള കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ കേന്ദ്ര മന്ത്രി ഫലത്തില്‍ തള്ളുകയാണ് ഉണ്ടായത്. ആ വാര്‍ത്ത മാതൃഭൂമിക്ക് എന്തോ അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. നേരത്തെ സൂചിപ്പിച്ച ലീഡ് വാര്‍ത്തയില്‍ അത് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക്ക് ബാഗിലാണെന്ന മന്ത്രിയുടെ പ്രസ്തവനയൊടുള്ള പ്രതികരണങ്ങള്‍ക്കും കാര്യമായ വാര്‍ത്ത പ്രാധാന്യം മാതൃഭൂമി കണ്ടില്ല. ഇത് തന്നെയാണ് മനോരമയുടെയും അവസ്ഥ. വി മുരളീധരനെ പ്രതിരോധത്തിലാക്കാവുന്ന വാര്‍ത്ത ഉള്‍പ്പേജിലാണ് മനോരമയും നല്‍കിയിട്ടുള്ളത്.

എന്നാല്‍ മാധ്യമവും ദേശാഭിമാനിയും ഈ വാര്‍ത്ത പ്രധാന്യത്തോടെ നല്‍കിയിട്ടുണ്ട്. മാധ്യമം ഒന്നാം പേജില്‍ ബോക്‌സ് വാര്‍ത്തയായി വി. മുരളീധരനെ അനുരാഗ് ഠാക്കൂര്‍ തള്ളിയ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ദേശാഭിമാനിയില്‍ ഇത് ലീഡ് വാര്‍ത്തയായിരിക്കുന്നു. ഇതിനോടുള്ള സിപിഎം പ്രതികരണവും, ജലീലിനെതിരായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവനയും കൂടി ചേര്‍ക്കുമ്പോള്‍ ദേശാഭിമാനിയുടെ ഒന്നാം പേജ് പൂര്‍ത്തിയായി.

കേരളത്തില്‍ നിന്നിറങ്ങുന്ന രണ്ട് ഇംഗ്ലീഷ് പത്രങ്ങളില്‍ ടൈംസ് ഓഫ് ഇന്ത്യ കേരള എഡീഷനുകളില്‍ രാഷ്ട്രീയ വിവാദത്തിന് വലിയ പ്രാമുഖ്യം നല്‍കിയിരിക്കുന്നു. ജയരാജനും ജലീലും പിണറായി സര്‍ക്കാരിന് ബാധ്യതയാകുന്നുവെന്ന തലക്കെട്ടിലാണ് ടൈംസ് ഈ വാര്‍ത്തകളെ അവതരിപ്പിച്ചിരിക്കുന്നത്. മന്ത്രി ജലീല്‍ കളളം പറഞ്ഞിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചുവെന്ന ഒരു വാര്‍ത്ത പിണറായി വിജയന്റെ വാര്‍ത്ത സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയിട്ടുമുണ്ട്. ഹിന്ദു പത്രത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതു ആരോഗ്യ രംഗത്തുയര്‍ന്നുവരുന്ന ഒരു പ്രധാന പ്രശ്‌നത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡയാലിസിസിന് വിധേയമാകേണ്ടിവരുന്ന വൃക്ക രോഗികള്‍ കടുത്ത പ്രശ്‌നങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കക്ഷി രാഷ്ട്രീയ വിവാദത്തിനിടെ കേരളത്തിലെ പത്രങ്ങള്‍ക്ക് ഒട്ടും പ്രാധാന്യമെന്ന് തോന്നാതിരുന്ന ഒരു വാര്‍ത്ത ഇന്നലെ സംഭവിച്ചിരുന്നു. ഇന്ത്യ ടുഡേ ചാനല്‍ ഇന്നലെ രാത്രി ആ വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. അത് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെടുത്തിയാണ്. അതായത് ഇന്ത്യയില്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയതിന് ശേഷം എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിന്റെ കണക്കെടുപ്പ് നടത്തിയിട്ടില്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമായിരുന്നു അത്. കോവിഡ് കാലത്ത് കൂടുതല്‍ വെളിപ്പെട്ട ഇന്ത്യയിലെ തൊഴിൽ നഷ്ടത്തെക്കുറിച്ചും ഒരു കണക്കും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നാണ് കേന്ദ്രം ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. രാജ്യത്തെ ഏറ്റവും ദരിദ്ര വിഭാഗങ്ങളെക്കുറിച്ചുള്ള, അടിസ്ഥാന വിഭാഗത്തെക്കുറിച്ചുള്ള കണക്കില്ലായ്മയെ കുറിച്ചാണ്, അവരുടെ ജീവിതത്തിന് അധികാരികള്‍ യഥാര്‍ത്ഥത്തില്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചാണ് സര്‍ക്കാര്‍ സ്വയം പറഞ്ഞത്. എന്നാല്‍ അത് അത്ര പരഗണിക്കേണ്ട ഒരു വാര്‍ത്തയായി പ്രധാന പത്രാധിപന്മാര്‍ക്ക് തോന്നിയില്ല.

പണ്ട് ആദിവാസി പ്രശ്‌നത്തെ കുറിച്ച് വാര്‍ത്ത നല്‍കിയ ലേഖനോട് അവരുടെ ഇടയില്‍ പത്രത്തിന് വരിക്കാരില്ല, അതുകൊണ്ട് ഇത്തരം റിപ്പോര്‍ട്ടുകള്‍ വേണ്ടെന്ന് പറഞ്ഞ പത്രാധിപരെക്കുറിച്ചുള്ള കഥ കേട്ടിട്ടുണ്ട്. ഇതും അതുപോലെയാവും. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പത്രവായനക്കാര്‍ കുറവായതിനാല്‍ എന്തിന് അവര്‍ക്ക് വേണ്ടി സ്ഥലം മിനക്കെടുത്തണം എന്നായിരിക്കുമോ നമ്മുടെ 'പ്രമുഖ' പത്രങ്ങള്‍ ചിന്തിച്ചത്? ആ സ്ഥാനത്തും കക്ഷി രാഷ്ട്രീയ അധികാര തര്‍ക്കത്തിന്റെ ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ കൊണ്ട് നിറക്കാമല്ലോ.


Next Story

Related Stories