TopTop
Begin typing your search above and press return to search.

വെറുപ്പിന്റെ രാഷ്ട്രീയത്തിന് വേഗം പകര്‍ന്ന ഹീനകൃത്യത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ്

വെറുപ്പിന്റെ രാഷ്ട്രീയത്തിന് വേഗം പകര്‍ന്ന ഹീനകൃത്യത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ്


ബാബരി മസ്ജിദ് തകർത്ത കേസിൽ ബി ജെ പി നേതാവ് എൽ കെ അദ്വാനി അടക്കമുള്ള മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്നു വിധിച്ച ലക്‌നൗവിലെ സി ബി ഐ കോടതി ജഡ്ജി എസ് വി യാദവ് അവരെ നിരുപാധികം വിട്ടയക്കുന്നതിനൊപ്പംതന്നെ ഏറെ വിചിത്രമായ കണ്ടെത്തൽ കൂടി നടത്തിയിരിക്കുന്നു. അദ്വാനിയും മുരളീമനോഹർ ജോഷിയുമൊക്കെ പള്ളി തകർക്കാൻ ശ്രമിച്ചില്ലെന്നും മറിച്ചു പള്ളി തകർക്കാൻ ശ്രമിച്ചവരെ തടയാനാണ് ശ്രമിച്ചത് എന്നതാണത്. ബാബരി പള്ളി പൊളിക്കാൻ പരസ്യമായി ആഹ്വാനം ചെയ്തവരും അതിനായുള്ള സർവ സന്നാഹങ്ങളും ഒരുക്കിയവർക്കായാണ് കുറ്റക്കാരല്ലെന്ന ക്‌ളീൻ ചിട്ടിനൊപ്പം അക്രമം തടയാൻ ശ്രമിച്ചവർ എന്ന ഗുഡ് സർട്ടിഫിക്കറ്റ് കൂടി കോടതി നൽകിയിരിക്കുന്നത്. 28 വര്‍ഷം മുൻപ് നടന്ന, നമ്മുടെ രാഷ്ട്രത്തിന്റെ മതേതരത്വ കാഴചപ്പാടിനെ പിച്ചിച്ചീന്തുകയും അതുവഴി വെറുപ്പിന്റെ രാഷ്ട്രീയത്തിന് വേഗം പകരുകയും ചെയ്ത ഒരു ഹീന കൃത്യത്തെയാണ് സി ബി ഐ കോടതി ജഡ്ജി തന്റെ വിധിയിലൂടെ ഒരർത്ഥത്തിൽ മഹത്വവൽക്കരിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഇല്ലെന്നും അവർ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുടെ ശബ്ദരേഖ വ്യക്തമല്ലെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ തള്ളുന്നതിനുള്ള ന്യായീകരണമായി കോടതി എടുത്തുകാട്ടുന്നു.

സത്യത്തിൽ ലക്‌നൗ കോടതിയുടെ ഈ വിധിപ്രസ്താവത്തിൽ അത്ഭുതം കൂറേണ്ട കാര്യവുമുണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും അയോധ്യയിലെ തർക്ക ഭൂമി സംബന്ധിച്ച സുപ്രീം കോടതിയുടെ കഴിഞ്ഞ വര്‍ഷം നവംബർ 9 ന്റെഅന്തിമ വിധി കൂടി പരിഗണിക്കുമ്പോൾ. സുപ്രീം കോടതിയുടെ ആ വിധി പ്രസ്താവത്തിനു പിന്നാലെ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാമ ക്ഷേത്ര നിർമാണത്തിനായുള്ള ശിലയിട്ടപ്പോൾ തന്നെ പതിറ്റാണ്ടുകളായി മതേതര രാഷ്ട്രം എന്ന് കൊട്ടിഘോഷിക്കപ്പെട്ട നമ്മുടെ രാജ്യത്തിന്റെ പോക്ക് എവിടേക്കാണെന്നത് ഏറെക്കുറെ വ്യക്തമാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ മതേതര രാഷ്ട്രത്തിൽ നിന്നുള്ള മത രാഷ്ട്രീയത്തിലേക്കുള്ള പ്രയാണത്തിന് വേഗം പകരാൻ പോന്ന ഒന്നുകൂടി എന്ന അർത്ഥത്തിൽ മാത്രം ലക്‌നൗ കോടതി വിധിയെ കണ്ടാൽ മതിയാകുമെന്നു തോന്നുന്നു. ഒരർത്ഥത്തിൽ ബാബരി മസ്ജിദ് - രാമ ജന്മഭൂമി തർക്കത്തിൽ സിവിൽ കേസിൽ സുപ്രീം കോടതിയുടെ അന്തിമവിധിയും അതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ഇപ്പോൾ ലക്‌നൗ കോടതി പുറപ്പെടുവിച്ച വിധിയും ഏതാണ്ട് സമാന സ്വഭാവത്തിൽ ഉള്ളത് തന്നെയാണ് എന്ന് പറയേണ്ടിവരുന്നു.

കോടതി വിധി വരുന്നതിനു മുൻപായി ചാനൽ ചർച്ചകളിൽ പ്രൊഫ. എം എൻ കാരശ്ശേരിയെപ്പോലുള്ള ചിലർ, കുറ്റക്കാരെന്നു കോടതി വിധിച്ചാലും ബി ജെ പി യും സംഘപരിവാർ സംഘടനകളും അതൊരു അംഗീകാരമായി കാണും എന്ന തരത്തിലുള്ള ഒരു വാദം ഉന്നയിക്കുകയുണ്ടായി. ആ വാദം അംഗീകരിക്കുമ്പോൾ തന്നെ നീതിപീഠത്തിന്റെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ അത് സഹായകമാവുമായിരുന്നു എന്ന് പറയാതെ വയ്യ. എങ്കിലും കാരശ്ശേരി മാഷും സി പി എം ചിന്തകനായ കെ ഇ എൻ കുഞ്ഞഹമ്മദും ഒക്കെ ചൂണ്ടിക്കാണിക്കുന്നതുപോലെ തുടക്കം മുതൽ സംഘ പരിവാർ സംഘടനകൾ എന്താണോ ലക്‌ഷ്യം വെച്ചത് അതിലേക്കു അവർ വളരെവേഗത്തിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാൻ മത രാഷ്ട്രമായി മാറിയപ്പോൾ ഇന്ത്യയും മറ്റൊരു മത രാഷ്ട്രമാകണമെന്ന വാദം ഉയർന്നിരുന്നു. അന്ന് അതിനു തടയിട്ട ഗാന്ധിജിയെ വകവരുത്തി. ബാബരി മസ്ജിദ് സംബന്ധിച്ച് 1949 ൽ ആദ്യമായി തർക്കം ഉയർന്നപ്പോൾ ആ കെട്ടിടവും സ്ഥലവും രാഷ്ട്രത്തിന്റെ പൊതു സ്വത്താണെന്നു പറഞ്ഞു അടച്ചിട്ട ജവാഹർ ലാൽ നെഹ്രുവിന്റെ ധീരമായ നടപടി കോൺഗ്രസ് ഭരണത്തിൻ കീഴിൽ രാജീവ് ഗാന്ധിയുടെ തീരുമാനപ്രകാരം തിരുത്തപ്പെട്ടിടത്തുനിന്നായിരുന്നു പ്രശ്നങ്ങളുടെ രണ്ടാമത്തെ തുടക്കം. 1992 ൽ ബാബരി മസ്ജിദ് തകർപ്പെട്ട വേളയിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു പാലിച്ച മൗനവും നെഹ്രുവിന്റെ മതേതര കാഴ്ചപ്പാടിൽ നിന്നും കോൺഗ്രസ് പാർട്ടി എത്രകണ്ടു മാറിപ്പോയി എന്നതിന്റെ തെളിവായിരുന്നു.
കോൺഗ്രസ് മൃദു ഹിന്ദുത്വത്തിലേക്കു മാറാൻ നടത്തിയ ശ്രമങ്ങൾ തീവ്ര ഹിന്ദുത്വ വാദത്തിനു കരുത്തുപകരുകയായിരുന്നു എന്ന് 1980 കൾ മുതൽക്കിങ്ങോട്ടുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. പാർലമെന്റിൽ കേവലം രണ്ടു അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബി ജെ പി 1989 ആയപ്പോഴേക്കും അതിന്റെ അംഗബലം 85 ലേക്ക് എത്തിച്ചിരുന്നു.2014 ലെ തിരെഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു അധികാരത്തിലേറിയ ഒന്നാം മോദി സർക്കാരിന്റെ കാലത്തു പാർലമെന്റിലെ ബി ജെ പി യുടെ അംഗ ബലം 282 ആയിരുന്നുവെങ്കിൽ 2019 ലെ തിരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 303 ആയി വർധിച്ചു. തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തിയെന്നു മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ബി ജെ പി ഒറ്റക്കോ സഖ്യത്തിലോ ഭരിക്കുന്നു എന്നിടത്തേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു. ബി ജെ പി ഇതര സർക്കാർ രൂപീകരിക്കാൻ പോയിട്ട് അതിനു സഹായകമാവുന്ന ഒരു മുന്നണി കെട്ടിപ്പടുക്കുന്ന കാര്യത്തിൽ കോൺഗ്രസ്സും ഇടതു പാർട്ടികളും നിരന്തരം പരാജയപ്പെടുകയാണ്. ഇവരുടെ പരാജയം മുതലെടുത്തു ബി ജെ പി കൂടുതൽ കരുത്തുനേടുക മാത്രമല്ല രാജ്യത്തെ അവർ ആഗ്രഹിച്ച രീതിയിലുള്ള ഒരു മത രാഷ്ട്രമാക്കി മാറ്റിയെടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തരം ഘട്ടത്തിൽ തന്നെയാണ് ബി ജെ പി ക്കും ഇതര സംഘപരിവാർ സംഘടനകൾക്കും ഏറെ പ്രോത്സാഹനം നൽകാൻ പോന്ന കോടതി വിധികളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതാണ് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളിയും യാഥാർഥ്യവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories