TopTop
Begin typing your search above and press return to search.

നവോത്ഥാനം ശുദ്ധി വരുത്തിയ മലയാളിയുടെ കുളി; മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍-6

നവോത്ഥാനം ശുദ്ധി വരുത്തിയ മലയാളിയുടെ കുളി; മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍-6

മലയാളികളുടെ വൃത്തിവിചാരത്തില്‍ കുളിയുടെ പ്രാധാന്യം വലുതാണ്. പഴയ കേരളത്തില്‍ കുളി ശരീരത്തെ ശുദ്ധമാക്കുന്ന പ്രവൃത്തിയ്‌ക്കൊപ്പം അനുഷ്ടാനപരവും ആചാരപരവും സാമൂഹികപരവും ഒക്കെയായ പ്രാധാന്യമുള്ള പ്രവൃത്തിയായിരുന്നു. മുങ്ങിക്കുളിക്കാത്തവര്‍ക്ക് ഭ്രഷ്ട് തന്നെ കല്പിക്കപ്പെട്ടിരുന്നു പണ്ട്. കുളിയിലൂടെ മലയാളി കടന്ന സഞ്ചാര വഴികളിലേക്കുള്ള കണ്ണോടിക്കുകയാണ് ഈ ഭാഗം. ഈ പരമ്പരയിലെ ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം:

മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്?- മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍

,

അരിയാഹാരം കഴിക്കുന്ന മലയാളി - മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍

,

ആഹാരമെന്ന അധികാരം, പദവി, വിശ്വാസം - മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍

,

പുല്ലുമാടങ്ങള്‍, നാലുപുരകള്‍, ലംബനിര്‍മിതികള്‍; മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങള്‍: മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍

,

കൃഷി

ശരീരത്തെ വൃത്തിയുള്ളതും ഉന്മേഷപൂര്‍ണവും ആക്കുന്ന പ്രവൃത്തിയാണ് കുളി. എക്കാലത്തും ശരീരവും മനസ്സും ഉണര്‍വോടെ ഇരുത്തുന്ന ചര്യ. ശരീരത്തിന്റെ ചയാപചയ പ്രക്രിയയേയും ദഹനത്തേയും ഒക്കെ ഉദ്ദീപിപ്പിക്കുന്നു കുളി എന്നാണ് ആയൂര്‍വേദം പറയുന്നത്. പഴയ കേരളീയ സമൂഹത്തില്‍ പക്ഷെ കുളിയെ കുറിച്ചുള്ള ചിന്തകള്‍ ശുദ്ധി എന്ന പല മാനങ്ങളുള്ള സങ്കല്പവുമായി ചേര്‍ന്നു വരുന്നതായിരുന്നു. ശരീരത്തെ കുളിപ്പിയ്ക്കുമ്പോഴും അക്കാല സമൂഹത്തിലെ ശുദ്ധി എന്ന ശരീരോപരിയായ വിശ്വാസങ്ങളുമായി ആ പ്രവൃത്തിയെ ചേര്‍ത്ത് വച്ചു വിശദീകരിക്കപ്പെട്ടിരുന്നു. സാമൂഹികമായ പതിത്വങ്ങളേയും ഭ്രഷ്ടുകളേയും വാരണം ചെയ്യുന്ന പ്രവൃത്തികൂടിയായിരുന്നു ആഢ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം കുളി. ജാതീയമായ വിശ്വാസങ്ങള്‍ കുളിയ്‌ക്കൊപ്പമുണ്ടായിരുന്നു. സാമൂഹിക ശ്രേണിയില്‍ താഴ്ന്ന വിഭാഗത്തില്‍ പെട്ടവരെ കണ്ടാല്‍ പോലും കുളിയ്ക്കണമെന്നായിരുന്നു അധീശ-ആഭിജാത സമൂഹങ്ങളെ ഭരിച്ചിരുന്ന ചിന്തകള്‍. അതുകൊണ്ടു തന്നെ കുളിച്ച് ശുദ്ധിവരുത്തുക എന്നതില്‍ ഏറെ അടരുകള്‍ ഫ്യൂഡല്‍ സാമ്പ്രദായിക ക്രമങ്ങളില്‍ വന്നുപെട്ടിരുന്നു. മാറ്റിനിര്‍ത്തലിന്റെ സാമൂഹികശാസ്ത്രവും അതിനോട് ചേര്‍ന്നുവരുന്നു. കുളി ശരീരത്തിനാണെങ്കിലും മനസ്സിനും ആത്മാവിനും അത് ശുദ്ധിപകരുമെന്ന് വിശ്വസിച്ചിരുന്ന ജനസമൂഹമാണ് മലയാളി. ഒരു കപ്പ് വെള്ളമെടുത്ത് അതിന്റെ ഏറിയ പങ്കും തലയ്ക്കുമുകളിലൂടെ പുറത്തേക്ക് ഒഴിച്ചു കളയുന്ന ആധൂനിക മലയാളിയെപ്പോലെ വിധിയാം വണ്ണം മുങ്ങിക്കുളിച്ച് സായൂജ്യമടയുന്ന പരമ്പരാഗത മലയാളിയും കേരളത്തിന്റെ തനിമ. ജലാശയങ്ങളാല്‍ സമൃദ്ധമായ മലയാള നാട്ടിലുള്ളവര്‍ ഒരു ലോപവും കാണിക്കാതെ കുളിയ്ക്കുന്നവരായിരുന്നു എല്ലാക്കാലത്തും. പുലര്‍ച്ചെ മുങ്ങിക്കുളിച്ച് ദേഹശുദ്ധി വരുത്തി സ്വന്തം പണിയിടത്തിലേക്ക് പോയിരുന്ന സാധാരണക്കാരായ മലയാളികള്‍ മുതല്‍ കുളിപ്പുരയില്‍ എല്ലാ ഒരുക്കങ്ങളോടും കൂടി പ്രമാദമായ കുളിപ്പുരകളില്‍ എണ്ണയും കുഴമ്പും തേച്ച് വിധിയാം വണ്ണം പരിചാരകരാല്‍ അനുഗതരായി കൊണ്ടാടപ്പെടുന്ന കുളിവട്ടങ്ങള്‍ നടത്തിവന്ന ആഢ്യന്‍ മലയാളിവരെയുള്ള വലിയ നിര നമുക്കിടയില്‍ പല കാലങ്ങളില്‍ തിടം വച്ചു. കാലം മാറിയപ്പോള്‍ കുളിയുടെ സമൂഹ്യതലവും മാറിയെന്നു മാത്രം. കുളിയെ കുറിച്ച് എഴുതപ്പെട്ട ഇടങ്ങളിലെല്ലാം വിപുലമായി വര്‍ണ്ണിക്കപ്പെട്ടത് ആഢ്യന്മാരുടെ ജീവിത വൃത്തികളായിരുന്നു എക്കാലത്തും എന്നതിനാല്‍ അത്തരം പ്രഭുത്വത്തിന്റെ ജീവിത രീതികളെ കുറിച്ചുള്ളവയാണ് ലിഖിതമാക്കപ്പെട്ടതില്‍ ഏറിയ പങ്കും. സാധാരണക്കാരുടെ വൃത്തിയേയും ജീവിത നിവൃത്തിയേയും കുറിച്ച് അനുമാനങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ കാര്യങ്ങളാവും അധികവും. വെയിലിലും മഴയിലും അധ്വാനിച്ചിരുന്നു സാധാരണക്കാരായ പരശതം ആളുകള്‍ക്ക് കുളി ശരീരത്തെ വെടിപ്പാക്കലും ഉന്മേഷദായകവും ആയ ചര്യ. അതെന്തായാലും ജലസമൃദ്ധമായ മലയാളക്കരയില്‍ കുളി ഒരു വലിയ അനുഷ്ഠാനമായിരുന്നു. എക്കാലത്തും. വെള്ളം വില കൊടുത്തു വാങ്ങേണ്ടി വരുന്ന ഇന്നാളുകളിലും മലയാളികള്‍ക്ക് കുളിക്കാന്‍ പിശുക്കേതുമില്ല. ജീവിതം ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങിപ്പോയ ഇക്കാലത്തും ഇത്തിരി വെള്ളത്തില്‍ മുങ്ങിക്കുളിച്ചും മുങ്ങാം കുഴിയിട്ടും അവര്‍ ആനന്ദിക്കുന്നു. ജീവിതത്തില്‍ അഭിരമിക്കുന്നു. ഓരോ ചെറുവെള്ളാച്ചാട്ടത്തിനു കീഴേയും പൊയ്കളിലും കുളിച്ചിട്ടും കുളിച്ചിട്ടും മതിവരാത്തവരായി അവര്‍ ജീവിതത്തെ വാരണം ചെയ്യുന്നു. കുളി: വിധികളും അരുതായ്കകളും കുളി മലയാളികള്‍ക്ക് കേവലം ഒരു വൃത്തി മാത്രമല്ല, വല്ലാത്തൊരു നിവൃത്തിയുമാകുന്നു. കഠിന പ്രയത്‌നം കഴിഞ്ഞു കുറച്ചൊന്ന് കുന്തിച്ചിരുന്ന ഇളവാറ്റി തൊടിയുടെ കോണിലെ കുളത്തില്‍ മുങ്ങിക്കുളിച്ച് കയറുമ്പോള്‍ കിട്ടുന്ന ആനന്ദം പറയാവതല്ല. കുളിയും നീന്തലും ഒക്കെ വലിയ ജീവിതോന്മേഷകങ്ങളായ പ്രവൃത്തികളാകുന്നു. നീന്തിത്തുടിച്ച് മലയാളി ഒഴിവാക്കി കളയുന്ന ശരീര ക്ലേശങ്ങളും രോഗങ്ങളും ഒക്കെയുണ്ട്. കുളി പലപ്പോഴും ചികിത്സ കൂടി ആകുന്നു. അതിന് ചിട്ടവട്ടങ്ങളും ആരോഗ്യശാസ്ത്രപരമായ വിധികളും ഒക്കെ ഉണ്ടെന്ന് മാത്രം. കുളി ആയുസ്സ് വര്‍ധിപ്പിക്കുന്നതാണെന്ന് അഷ്ടാംഗ സംഗൃഹം പറയുന്നു. അത് ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തും. ലൈംഗികശേഷി വര്‍ധിപ്പിക്കും. വിയര്‍പ്പ് മാത്രമല്ല പാപവും ഇല്ലാതെയാക്കുമെന്നുമൊക്കെയാണ് ആയുര്‍വേദത്തിന്റെ വിധി. മുങ്ങിക്കുളിയ്ക്കാത്തവരെ ഭ്രഷ്ട് ചൊല്ലിയിരുന്ന സാമൂഹ്യക്രമവും മലയാള നാട്ടില്‍ തന്നെയാണ് നിലനിന്നിരുന്നത്. പഴയ കാലത്തെ നമ്പൂതിരിമാര്‍ക്ക് രണ്ട് വലിയ ചട്ടങ്ങള്‍ പാലിക്കേണ്ടിയിരുന്നു. ഒന്നു വടക്കോട്ട് കോരപ്പുഴ കടക്കരുത്. മറ്റൊന്ന് മുങ്ങിക്കുളിയേ പാടുള്ളു. ഇത് രണ്ടും തെറ്റിച്ചാല്‍ സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്പിച്ചിരുന്നു. തൃശൂര്‍ മുളങ്കുന്നത്തു കാവിനടുത്ത് കണ്ടഞ്ചാത ഇല്ലത്തെ ശ്രീ പരമേശ്വരന്‍ നമ്പൂതിരി പിതാവിന്റെ അസ്ഥി ഗംഗയില്‍ ഒഴുക്കാനായി പോയപ്പോള്‍ മുങ്ങിക്കുളി മുടങ്ങിയതിന് സ്വജനവിരോധം നേരിടേണ്ടിവരികയും പിന്നീട് പ്രായശ്ചിത്തം ചെയ്യേണ്ടി വരുകയും ഉണ്ടായി. അതിരാവിലെ മുങ്ങിക്കുളിച്ചാല്‍ എഴു ജന്മത്തിലെ പാപങ്ങള്‍ മൂന്നു ജന്മം കൊണ്ടു തീരുമെന്ന് വിധി വിശ്വാസിയായ പരമ്പരാഗത മലയാളി ആശ്വാസം പൂണ്ടു, പുലര്‍ച്ചെ ഉണര്‍ന്ന് മണ്ണില്‍ ശ്രീ എന്നെഴുതി മുന്നു പ്രാവശ്യം തൊട്ട് തലയില്‍ വെച്ച് മഞ്ഞുരുകി നനഞ്ഞ മണ്ണിലൂടെ കോരിത്തരിപ്പിക്കുന്ന കുളിര്‍ക്കാറ്റിലൂടെ ഒക്കെ നടന്ന് പുഴയിലോ കുളത്തിലോ ഇറങ്ങിമുങ്ങിക്കുളിക്കുന്നതില്‍പ്പരം ആനന്ദം പഴയ മലയാളികള്‍ക്ക് ഉണ്ടായിരുന്നില്ല. ഇക്കാലത്തും ഇത്തരം കുളിയിടങ്ങളിലേക്കുള്ള സഞ്ചാരങ്ങള്‍ പല ഗ്രാമാന്തരങ്ങളിലും നമ്മള്‍ കാണുന്നു. കുളിപ്പടവുകള്‍ അവര്‍ക്ക് കുളിര്‍പ്പടവുകള്‍ കൂടി ആയിത്തീരുന്നുണ്ട്. മലയാളികളുടെ സാഹിത്യത്തില്‍ അതിന്റെ പരിസ്ഫുരണങ്ങള്‍ എമ്പാടും കാണാം. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷ ദായകങ്ങളാണ് കുളിയെന്നാണ് പഴയ കാലം മുതലുള്ള വിശ്വാസം. ശരീരത്തെ ശുചിയാക്കലാണ് കുളിയുടെ ശരീരശാസ്ത്രപരമായ ധര്‍മ്മമെങ്കിലും ഹൈന്ദവരെ സംബന്ധിച്ചിടത്തോളം അതില്‍ മതപരമായ കര്‍മ്മാനുഷ്ഠാനങ്ങളുടെ ഏറെ അടരുകള്‍ ഉണ്ടായിരുന്നു. അംഗസംസ്‌കാര കര്‍മ്മങ്ങളില്‍ ഏറ്റവും പ്രാമുഖ്യം കുളിയ്ക്കാണ്. തന്ത്രരത്‌നം പോലുള്ള കൃതികളില്‍ കുളിയെക്കുറിച്ച് വ്യക്തമായ വിധിതീര്‍പ്പുകള്‍ കാണാം. പുരുഷന്മാര്‍ ബുധനാഴ്ചയും ശനിയാഴ്ചയും സ്ത്രീകള്‍ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എണ്ണതേച്ചു കുളിയ്ക്കണമെന്ന നിര്‍ബന്ധം പഴയ ആഢ്യന്മാരുടെ ഇടയിലെ പ്രധാന വഴക്കങ്ങളില്‍ ഒന്നായിരുന്നു. പുലര്‍കാലത്ത് എഴുന്നേറ്റ് കുളികഴിഞ്ഞ് അലക്കിവെടുപ്പാക്കിയ വസ്ത്രം ധരിച്ചല്ലാതെ ആഢ്യവിഭാഗത്തിലെ സ്ത്രീകള്‍ പഴയകാലത്ത് അടുക്കളയില്‍ പ്രവേശിച്ചിരുന്നില്ല. കുളിക്കാതെ ഭക്ഷണം പാകം ചെയ്യുന്നതും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും മഹാപാതകങ്ങളില്‍ ഒന്നായിട്ടാണ് പഴയകാലത്തുള്ളവര്‍ കണ്ടിരുന്നത്. ഭക്ഷണവും ആരാധനയും പവിത്രമായ പ്രവൃത്തികളായിട്ടാണ് പഴയകാല സമൂഹം കണക്കാക്കിയിരുന്നത്. വിധിയാം വണ്ണം കുളിക്കാതെ പൂജയോ ഹോമമോ ധ്യാനമോ പാടില്ലെന്നാണ് ഹൈന്ദവരുടെ അലംഘനീയമായ വിശ്വാസം. ബ്രാഹ്മണനു നിത്യം മൂന്നു കുളിയായിരുന്നു വിധി. പ്രഭാതം, മധ്യാഹ്നം, സായാഹ്നം. മൂന്നു കുളിക്കും മൂന്നു സമയവും മൂന്ന് ഉദ്ദേശ്യങ്ങളും. പ്രഭാതത്തില്‍ കുളിക്കുന്നത് രാത്രിയിലെ ഉറക്കം കാരണം വന്നു ചേര്‍ന്നിട്ടുള്ള മാലിന്യങ്ങളില്‍ നിന്നും അഴുക്കുകളില്‍ നിന്നും ശുദ്ധിയാകാനും പ്രര്‍ഥനയ്ക്കു തയാറാകാനും വേണ്ടിയാണ്. ഉച്ചനേരത്തെ കുളിയാവട്ടെ, കര്‍മ്മങ്ങളില്‍ പ്രതിഫലം പ്രതീക്ഷിക്കപ്പെടുന്ന സമയമായതിനാലാണ് വേണ്ടിവരുന്നത്. അത്തരം സമയങ്ങളില്‍ വൃത്തിയായി ഇരിക്കേണ്ടതാണ്. വൈകുന്നേരത്തെ കുളി പ്രാര്‍ഥനയുടേയും ആഹാരത്തിന്റേയും മുന്നോടിയായിട്ടുള്ളതാണ്. മൂന്നാമത്തെ കുളിയുടെ കാര്യത്തില്‍ മറ്റു രണ്ടെണ്ണത്തിന്റെ അത്ര നിര്‍ബന്ധം ഇല്ല. കുളിയുടെ കാര്യത്തില്‍ മറ്റു പലതിലും എന്നതുപോലെ തന്നെ, പ്രത്യേക നിഷ്ഠകള്‍ ഉണ്ടായിരുന്നു. ചില സമയങ്ങളിലെ കുളികള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് കരുതിയിരുന്നു. ചില പ്രത്യേക ദിവസങ്ങളിലെ കുളിയ്ക്ക് വൈശിഷ്ട്യം ഏറിയും ഇരുന്നു. പ്രത്യേക ദിവസങ്ങളില്‍ പ്രത്യേക നേരത്തെ കുളിയ്ക്ക് പുണ്യദായകത്വം കൂടുതലായി കല്‍പ്പിക്കപ്പെട്ടിരുന്നു. പൂയം നക്ഷത്രം, തന്റെ ജന്മ നക്ഷത്രം, വ്യാതിപാതം, വൈധൃതി, അമാവാസി മുതലായ പുണ്യകാലങ്ങളില്‍ നദീസ്‌നാനം ചെയ്തു പിതൃദേവതാ തര്‍പ്പണം ചെയ്യുന്നവരുടെ ഏഴു തലമുറകള്‍ക്ക് ഭംഗമെതുമില്ലാതെ പുണ്യം നിലനില്‍ക്കുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. മേടമാസത്തിലെ കറുത്ത ചതുര്‍ദശയില്‍ ശിവസന്നിധിയില്‍ സ്‌നാനം ചെയ്യുന്നവന്‍ പ്രേതത്വത്തെ പ്രാപിക്കുന്നില്ല. ഗംഗയിലെ കുളി അധികഫലം തരുമെന്നും വിശ്വസിച്ചിരുന്നു. കുംഭമാസത്തിലെ വെളുത്ത സപ്തമി ദിനത്തില്‍ പ്രാതസ്‌നാനം ചെയ്യുന്നത് പുണ്യമാണെന്നായിരുന്നു വിധി.അതുപോലെ തന്നെ വെളുത്ത വാവുകളിലും കറുത്ത വാവുകളുടെ അവസാനങ്ങളിലും കുളിക്കുന്നത് പുണ്യമായിട്ടായിരുന്നു കരുതിയിരുന്നത്. അതേസമയം, വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും ഞായറാഴ്ചകളിലും സമുദ്രസ്‌നാനം ഒഴിവാക്കേണ്ടതാണെന്ന് കരുതിയിരുന്നു. പുത്രേച്ഛയുള്ളവര്‍ ഇതിനെ ആചരിക്കരുതെന്നായിരുന്നു വിധി. സംക്രാന്തി, ഞായറാഴ്ച, സപ്തമിഗ്രഹണം ഈ സമയങ്ങളില്‍ ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കണമെന്നും വിശ്വസിച്ചിരുന്നു. ഈ കാലങ്ങളില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിനു നന്നല്ലെന്നു മാത്രമല്ല, മക്കള്‍ക്കും ചങ്ങാതികള്‍ക്കും വരെ ഇതുകൊണ്ടു നാശം സംഭവിക്കുമെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു. ഇതൊക്കെ വിശ്വാസത്തിന്റെ കാര്യമാണെന്നത് ശ്രദ്ധിക്കണം. ശരീരശാസ്ത്രപരമായി എന്തെങ്കിലും അടിസ്ഥാനം കല്‍പ്പിക്കാനാവുമോയെന്ന് പറയുവാന്‍ കഴിയില്ല. ജാതിവാഴ്ചയുടെ കാലത്ത് സാമൂഹികമായ മാനങ്ങളും കുളിയ്ക്കുണ്ടായിരുന്നു. ബ്രാഹ്മണരും മറ്റു സവര്‍ണ്ണരും ശുദ്രാദികളെ തൊട്ടാല്‍ മുങ്ങിക്കുളിയ്ക്കണമെന്നതായിരുന്നു അക്കാലത്തെ വിശ്വാസം. താണജാതിക്കാര്‍ അടുത്തുവന്നാലും കുളിയ്ക്കണം. താണജാതിക്കാര്‍ തൊട്ട കിണറ്, കുളം ഇവ തൊട്ടാലും കുളിയ്ക്കണം. നിലം ചൂലുകൊണ്ടു തൂത്താല്‍ പിന്നെ അവിടെ തളിക്കുന്നതിന് മുന്‍പ് ചവിട്ടിയാലും കുളിക്കണം. തീണ്ടായിരുന്നവളെ തൊട്ടാലും കുളിയ്ക്കണം. ഇങ്ങനെ കുളി എന്നത് സാമൂഹികമായ 'ശുദ്ധീ'കരണ കര്‍മ്മമായും തീരുന്നു. കുളിയെന്നാല്‍ മുങ്ങിക്കുളി; ആഢ്യന്മാര്‍ നീരാടും കുളിയെ പഴയ കാലത്ത് പ്രധാനമായും ആറായിട്ടാണ് തിരിച്ചിരുന്നത്-വാരുണം, ആഗ്നേയസ്‌നാനം, ബ്രാഹ്മം, വായവ്യസ്‌നാനം, കാപില സ്‌നാനം, ദിവ്യസ്‌നാനം. ജലത്തില്‍ കുളിക്കുന്നതാണ് ആദ്യത്തേത്, വാരുണം. ദേഹമാസകലം ഭസ്മം തേക്കുന്നത് ആഗ്നേയസ്‌നാനം, ആപോഹിഷ്ഠം തുടങ്ങിയ മന്ത്രം ജപിക്കുന്നത് ബ്രാഹ്മം, പശുക്കളുടെ കുളമ്പില്‍ നിന്നുണ്ടാകുന്ന പൊടി ശരീരത്തില്‍ പുരട്ടിയാലത് വായവ്യസ്‌നാനം, നനഞ്ഞ വസ്ത്രം കൊണ്ടു ദേഹം തുടച്ച് അഴുക്ക് കളയുന്നത് കാപില സ്‌നാനം, വെയിലത്തുണ്ടാകുന്ന മഴ ദേഹത്തില്‍ ഏല്‍ക്കുന്നത് ദിവ്യസ്‌നാനം. പക്ഷെ ഇവയെ സാധാരണ കുളിയുമായി ചേര്‍ത്ത് കാണരുത്. രോഗാദികളാല്‍ മുങ്ങിക്കുളി സാധ്യമാകാത്ത സമയത്ത് അനുവദനീയമായതാണ് മേല്‍പ്പറഞ്ഞ ആറും. കുളി ഒന്നേയുള്ളുവെന്നാണ് വിധി. അത് മുങ്ങിക്കുളിയാകുന്നു. എക്കാലത്തേയും മലയാളികളുടെ ഇഷ്ടക്കുളിയാകുന്നു മുങ്ങിക്കുളി. മുങ്ങാതെയുള്ള സ്‌നാനത്തിനു കുളി എന്നു തന്നെ പറഞ്ഞിരുന്നില്ല. മേല്‍കഴുകല്‍ എന്നായിരുന്നു അത്തരം സ്‌നാനങ്ങളെ വിശേഷിപ്പിച്ചിരുന്നത്. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ പോലും അതിനുശേഷം ഒരു മുങ്ങിക്കുളി ആചാരം പോലെ മലയാളി നടത്തും. മുങ്ങിക്കുളിക്കണമെന്നേയുള്ളു. ആ കുളമോ അതിന്റെ പരിസരങ്ങളോ എന്തെന്നത് അക്കാലത്തുള്ളവരെ അലോസരപ്പെടുത്തിയിരുന്നില്ലെന്നതാണ് വാസ്തവം. മലയാളികള്‍ക്ക് ഇപ്പോള്‍ ചിരപരിചിതമായ കോരിക്കുളി പണ്ടു കാലത്ത് നിഷിദ്ധമായിരുന്നു, അനുവദിക്കപ്പെട്ടിരുന്നില്ല തന്നെ. കോരിക്കുളി കൊണ്ടു അശുദ്ധിപോകില്ലെന്നതായിരുന്നു അന്നത്തെ വിശ്വാസം. എങ്ങും കുളിര്‍പ്പൊയ്കകളും ശുദ്ധജലം നിറഞ്ഞ തണ്ണീര്‍ത്തടങ്ങളും പുഴകളും അരുവികളും കായലുകളും അക്കാലത്ത് മുങ്ങിക്കുളി വിഷമകരമായ കാര്യം ആയിരുന്നില്ല. ഇത്തരം സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലൊക്കെ വ്യാപകമായി കുളങ്ങള്‍ വെട്ടിയുണ്ടാക്കിയിരുന്നു. കുളങ്ങള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും ഫ്യൂഡല്‍ കാലഘട്ടങ്ങളില്‍ പ്രത്യേകം നടപടികള്‍ കൈക്കൊണ്ടിരുന്നു. സാധാരണക്കാരുടെ കുളിപോലെയല്ല പ്രഭുക്കളുടേയും രാജോചിതമായ ജീവിതം നയിക്കുന്നവരുടേയും സ്‌നാനം. പലതരം സന്നാഹങ്ങള്‍ ഒരുക്കിയശേഷമായിരുന്നു ഇത്തരക്കാരുടെ കുളി. നീരാട്ട് എന്നൊക്കെയായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്. സാക്ഷാല്‍ രാജാവ് തന്നെ കുളി നടത്തുമ്പോള്‍ അത് പള്ളിനീരാട്ടായി. രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കുമൊക്കെ കുളിക്കാനായി കാച്ചിയ എണ്ണയോ കുഴമ്പോ ഉണ്ടായിരുന്നു. ഒലപ്പെണ്ണയും തിരുമേനിക്കുഴമ്പും എന്നൊക്കെയായിരുന്നു ഇവയെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇതിനായി വലിയ പണം മുടക്കുകയും ചെയ്തിരുന്നു. വാസനദ്രവ്യം ഇട്ട് തിളപ്പിച്ച ചൂടുവെള്ളം നീരാട്ടിനായി ഉപയോഗിച്ചിരുന്നു. ഇതില്‍ മൂന്നു കുപ്പി പനിനീര്‍ പതിവായി തളിച്ചു വന്നു. നീരാട്ടുകുളിക്കുള്ള വെള്ളത്തില്‍ ചന്ദനം രണ്ടു പലം, കോട്ടം രണ്ടു പലം, രാമച്ചം നാലു പലം, ഇട്ട് തിളപ്പിച്ചിരുന്നു. കുളിപ്പുരയില്‍ ആര്‍ഭാടമായി ഈ വെള്ളത്തില്‍ കുളിച്ചതിനുശേഷമായിരിക്കും വിഖ്യാതമായ മുങ്ങിക്കുളി. കുളിപ്പൊയ്കയിലെ വെള്ളത്തില്‍ സ്വന്തം പ്രതിബിബം കാണരുതെന്ന വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു. കുളപ്പടവിലെ പൊയ്കയ്ക്കരികിലോ ഒക്കേ ദീര്‍ഘനേരം വെള്ളത്തിലേ നോക്കി നില്‍ക്കുന്നതും വിലക്കപ്പെട്ടിരുന്നു. ഇക്കാര്യം അഷ്ടാംഗ സംഗൃഹത്തിലും കാണാം. തലയില്‍ ചൂടുവെള്ളം ഒഴിക്കുന്നത് മുടിയ്ക്കും കണ്ണുകള്‍ക്കും നന്നല്ലെന്നും എന്നാല്‍ തലയ്ക്ക് കീഴ്‌പ്പോട്ട് ചൂടുവെള്ളം ഒഴിക്കുന്നത് ആരോഗ്യദായകമാണെന്നും ആയുര്‍വേദം പറയുന്നു. സ്ത്രീകളുടെ സ്‌നാനം; തിരുവാതിര കുളിയും പൂരം കുളിയും നമ്പൂതിരി സ്ത്രീകളുടെ കുളിയ്ക്കുമുണ്ട് പല പ്രത്യേകതകളും. അവര്‍ നല്ലപോലെ ദേഹം തേച്ച് മുങ്ങിക്കുളിക്കും. മുങ്ങിക്കഴിഞ്ഞ് കരയ്ക്കുകയറി കല്പടമേല്‍, പച്ചമഞ്ഞളും ആവണക്കിന്‍ കുരുവും അരച്ച് വെച്ചിട്ടുള്ളതെടുത്ത് കുറിയിടും. ഇത്തരം കുളിപ്പടവുകളില്‍ എല്ലാ സമയത്തും പച്ചമഞ്ഞളും ആവണക്കിന്‍ കുരുവും തയാറായി ഇരിക്കും. ഒടുവില്‍ ചന്ദനം തൊട്ട് കുറി ഇടുന്നതോടെയാണ് അന്തര്‍ജ്ജനങ്ങളുടെ കുളിയുടെ ചടങ്ങുകള്‍ പൂര്‍ത്തിയാകുക. അന്തര്‍ജ്ജനങ്ങള്‍ക്കും സവര്‍ണ്ണ സ്ത്രീകള്‍ക്കും തിരുവാതിര കുളിയും പൂരം കുളിയും പതിവുണ്ടായിരുന്നു. ധനുമാസത്തിലെ തിരുവാതിരയുടെ ഏഴു ദിവസം മുന്‍പു മുതല്‍ തന്നെ തുടിയും കുളിയും തുടങ്ങും. പ്രഭാതത്തിനു മുന്‍പ് എഴുന്നേറ്റ് അരയോളം വെള്ളത്തില്‍ നിന്നാണ് രണ്ടു കൈകള്‍കൊണ്ടും വെള്ളത്തിലടിച്ച് തുടികൊട്ടുക. ഇതിനൊപ്പം ചില പാട്ടുകളും ഉണ്ടായിരിക്കും. തിരുവാതിരനൊയമ്പിന് ചാമച്ചോറാണ് ഉണ്ണുക. ആ ദിവസം അര്‍ദ്ധരാത്രിക്കു മുറ്റത്തിരുന്ന് പാതിരപ്പൂ ചൂടലും മല്ലത്തറയ്ക്കു പ്രദക്ഷിണം വെയ്ക്കലും ഇളനീര്‍ കുടിക്കലും അടങ്ങുന്ന ചടങ്ങുകളുണ്ട്. പാതിരപ്പൂവ് കൊടുവേലിയുടെ പൂവാണ്. കൊടുവേലിച്ചെടിയുടെ മൊട്ട് വിരിയുന്നത് പാതിരയിലാണ്. ഊഞ്ഞാല്‍ ആട്ടവും പാട്ടും ഘോഷങ്ങളും കൊണ്ടു മുഖരിതമായിരിക്കും തിരുവാതിര രാവ്. പൂരം കുളിയും സമാനമായ മറ്റൊരു ചടങ്ങാണ്. ഭര്‍തൃലബ്ധിക്കുവേണ്ടി അനുഷ്ടിക്കുന്ന ചടങ്ങാണിത്. മീനമാസത്തിലെ കാര്‍ത്തിക തൊട്ട് ഒന്‍പതു ദിവസങ്ങളില്‍ പൂരം കുളിയ്ക്കായി വ്രതം നോല്‍ക്കും. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ കുളി കഴിഞ്ഞു കുളക്കടവില്‍ ചാണകം കൊണ്ടു ശിവലിംഗാകൃതിയില്‍ ഉണ്ടാക്കിയ കാമദേവനു പൂര്‍ണപുഷ്ടപാഞ്ജലി നടത്തും. ഒടുവിലത്തെ ദിവസങ്ങളില്‍ ഈ ചടങ്ങ് നടത്തുക വീട്ടുമുറ്റത്ത് തന്നെയാകും. പൂരദിനത്തില്‍ രാവിലെ നാലു മണിയോടെ കുരവയും ആര്‍പ്പുമായി ചിരട്ടകളില്‍ തിരികത്തിച്ച് വെള്ളത്തിലൊഴുക്കുകയും കുളിയും പൂജയും ഒക്കെയാണ് ചടങ്ങുകള്‍. കുളിച്ച് ചന്തം വരുത്തി മുലകളില്‍ പത്തിക്കീറ്റ് വരച്ച് സുഗന്ധ ദ്രവ്യങ്ങള്‍ ശരീരമാകെ പുരട്ടിത്തുടങ്ങുന്ന വേഴ്ചയുടെ അശുദ്ധി കളയുന്നതും നന്നായിട്ടൊന്ന് മുങ്ങിക്കുളിച്ച് തന്നെ. ഇതൊക്കെ ആഭിജാതരുടെ കുളിയുടെ ചിട്ടകളും വട്ടങ്ങളും. സാധാരണക്കാരുടെ കാര്യത്തില്‍ ഇത്തരം ചിട്ടവട്ടങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും പ്രാന്തവല്‍ക്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന സാധാരണ മലയാളിയും സ്വന്തം വിശ്വാസങ്ങളെ മുറുക്കെപിടിക്കുകയും അതില്‍ മുങ്ങിക്കുളിയ്ക്കുകയും ഒക്കെ ചെയ്തു. അവര്‍ക്ക് എല്ലാ കുളിയിടങ്ങളിലും പ്രവേശനം പോലും ഉണ്ടായിരുന്നില്ലെന്നതായിരുന്നു ഫ്യൂഡല്‍ കാല വാസ്തവം. ജാതിയ്‌ക്കെതിരായ സമരത്തില്‍ ഇത്തരം കുളിപ്പടവുകളും വേദിയായി എന്നതും പില്‍ക്കാല ചരിത്രം. മലയാളികളുടെ കുളി എന്ന ചര്യ ഇത്തരത്തിലുള്ള പരശതം അനുഭവങ്ങളില്‍ മുങ്ങിയാണ് വര്‍ത്തമാന കാലത്തിലേക്ക് എത്തിയത്. ഇക്കാലത്താവട്ടെ, മലയാളിക്ക് മുങ്ങാനോ നീന്താനോ മുങ്ങാംകുഴിയിടാനോ പോലും അറിയാത്ത അവസ്ഥയാണ്. അവരുടെ കുളി കുളിപ്പുരകളില്‍ ഒതുങ്ങി. ഷവറിലെയോ ബാത്ത് ടബ്ബുകളിലേയോ സ്വിമ്മിംഗ് പൂളുകളിലേയോ രാസീകൃത വെള്ളത്തില്‍ ശരാശരി മധ്യവര്‍ഗ/ഉപരി മധ്യവര്‍ഗ മലയാളി കുളിച്ചു മദിക്കുമ്പോള്‍ മറപ്പുരകളിലും മറ്റും കോരി വെച്ച വെള്ളത്തില്‍ സാധാരണക്കാരില്‍ അധിക പങ്കും ദേഹം വെടിപ്പാക്കുന്നു. പഴയകാലത്തെ ക്ഷേത്ര കുളങ്ങളിലേയും പൊതുകുളങ്ങളിലേയും സംഘക്കുളി മറ്റുപല സംഘ ചേഷ്ടകളേയും പോലെ ഇല്ലാതെയായി എന്നു പറയാം. പണ്ടുകാലത്തെ സാമൂഹികമായ അലക്കി ഉണക്കുകള്‍ക്കുള്ള വൃത്തി എന്ന ധര്‍മ്മത്തില്‍ നിന്നും കുളി ഏറെ നാളുകള്‍ക്കു മുന്‍പേ പുറത്തുവന്നു കഴിഞ്ഞു മലയാള നാട്ടില്‍. ഇപ്പോള്‍ വലിയ വിവാദമായിട്ടുള്ള നവോത്ഥാനം അലക്കി ഉണക്കിയെടുത്ത വൃത്തികളില്‍ ഒന്നാകുന്നു കുളിയും- ഇനിയും വൃത്തിയാകാത്ത ഇടങ്ങള്‍ നമ്മുടെ മനസ്സില്‍ ശേഷിക്കുമ്പോള്‍ പോലും.

(അടുത്ത ലക്കം: മുടിയും കുറിയും) അവലംബം: 1. Ashtanga Sangraha of Vagbhada, Chaukhambha Orientalia, Varanasi 2. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 3. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 4. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories