സംവിധാനം കുഞ്ചാക്കോ. കാലം അതിന്റെ അഭ്രപാളികളില്‍ നിത്യമുദ്രിതമാക്കിയ പേര്. കുട്ടനാട് പുളിങ്കുന്നു ദേശത്ത് മാളിയംപുരയ്ക്കല്‍ മാണിചാക്കോയുടെയും ഏലിയാമ്മയുടെയും മൂത്തപുത്രന്, മലയാള സിനിമയുടെ പ്രീയനായ കുഞ്ചാക്കോ. അദ്ദേഹത്തിന്റെ ജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാകുന്നു. പ്രതിഭയും സംരംഭകത്വവും ഒടുങ്ങാത്ത അന്വേഷണ തൃഷ്ണയും നിത്യനൂതനത്വം തേടിയുള്ള യാത്രയിലെ സംഘര്‍ഷങ്ങളെ സംഗീതമാക്കാന്‍ കഴിയുന്ന വ്യക്തിത്വവിശേഷവും മുദ്രചാര്‍ത്തിയ കുഞ്ചാക്കോയുടെ ജീവിതം തലമുറകള്‍ക്കു പ്രചോദനമാണ്. ചലച്ചിത്ര രംഗത്തെ ഇതിഹാസമാനമായ ആ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചാരം നടത്തുകയുമാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. ജോസി ജോസഫ്. ദേശവേരുകളിലേക്കുള്ള യാത്രയാണ് ഈ ലക്കം. ആദ്യഭാഗം ഇവിടെ വായിക്കാം.
പഴമയുടെ പൈതൃകത്തെക്കുറിച്ചുള്ള ഈ പഴംപുരാണങ്ങള്ക്ക് ഒരു ചൈനീസ് പഴമൊഴിതന്നെ മുഖക്കുറിയായി ചേര്‍ക്കാം. അതിങ്ങനെ, ''തന്റെ വംശപരമ്പരയെ ഒരാള്‍ വിസ്മരിക്കുക എന്നത്, ഉത്ഭവസ്ഥാനമില്ലാത്ത അരുവിയോടും വേരുകളില്ലാത്ത ഒരു വൃക്ഷത്തോടും ഒക്കും''.
പ്രാദേശിക ചരിത്രരചനയില്‍ കുടുംബചരിത്രങ്ങളുടെ പ്രാധാന്യം ഇന്ന് ചരിത്രകാരന്മാര് അംഗീകരിക്കുന്ന പ്രമാണമാണ്. ദേശസ്വരൂപത്തിന്റെയും കൂടുന്ന കുടുംബങ്ങളുടെയും ചരിത്രസഞ്ചാരങ്ങള്‍ ഇഴചേര്ന്നേ സംഭവിക്കു. എന്നാല്‍ വാമൊഴി ചരിത്രം വസ്തുതകളുടെ അരിപ്പയില്‍ അരിച്ചെടുക്കുന്നതുപോലെയുള്ള സൂക്ഷ്മത ഇവിടെയും വേണമെന്ന് മാത്രം. കേരളത്തിലെ അതിപുരാതന കത്തോലിക്ക കുടുംബചരിത്രങ്ങള്‍ തോമാസ്ലീഹായാല്‍ മാമോദീസ മുങ്ങുന്ന വിചിത്രചരിത്രം ഇവിടെ കൗതുകത്തോടെ ഓര്‍മ്മിക്കാം.
എം.സി. പുന്നൂസ് എന്ന നവോദയ അപ്പച്ചന്റെ രണ്ടാമത്തെ മകന് ജോസ് പുന്നൂസ് എന്ന ജോസ്മോന്, മാജിക് മാജിക് എന്ന 3 ഡി ചിത്രത്തിന്റെ സംവിധായകന്, ഊര്‍ജ്വസ്വലനായ ഒരു ചരിത്ര സഞ്ചാരിയാണ്. ഈ ചരിത്രകൗതുകം അദ്ദേഹത്തെ ഒരു നിരന്തര സഞ്ചാരിയാക്കുന്നു. ദേശങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും നവോദയ കുടുംബാംഗങ്ങള്‍, ചലച്ചിത്രപ്രവര്ത്തകരുള്പ്പടെ നവോദയ അപ്പച്ചനെ സംബോധന ചെയ്തിരുന്നത് ''പപ്പ'' എന്നായിരുന്നു. പപ്പ പറഞ്ഞിരിക്കുന്ന ചിത്രകഥകളിലൂടെ വഴികളിലൂടെയും ജോസ് ഒരു നിരന്തര സഞ്ചാരിയായിരുന്നതിനാല്‍ തന്റെ വംശപരമ്പരയുടെ പൈതൃകസമ്പത്തുകളെക്കുറിച്ചുള്ള കൃത്യവും സൂക്ഷ്മവുമായ ജ്ഞാനം അദ്ദേഹത്തിനുണ്ട്.
ചെന്നൈയില്‍ താംബരത്തുള്ള ഇന്ത്യയിലെ ആദ്യ അമ്യൂസ്മെന്റ് പാര്‍ക്കായ കിഷ്കിന്ധയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് ജോസ് പുന്നൂസ് ഇപ്പോള്‍. കുഞ്ചാക്കോയുടെ ജീവിതകഥയുടെ താളുകളിലേക്ക് മാളിയംപുറയ്ക്കല് കുടുംബചരിത്രത്തിന്റെ താളുകള്‍ ചേര്‍ത്ത് വെയ്ക്കുന്നത് ജോസ് ആണ്.
******
(ഒരു കുട്ടനാടന്‍ ദൃശ്യം. പ്രമുഖ കലാസംവിധായകനായ രാധാകൃഷ്ണന് വരച്ച ചിത്രം. കടപ്പാട്: https://www.navodayastudio.com)
കേരളചരിത്രത്തിന്റെ വികാസ പരിണാമങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിച്ച ഒരു ഘടകമാണ് കുടിയേറ്റങ്ങള്‍, ജീവിക്കാനുള്ള വകതേടി മലമുകളിലേക്കുള്ള കയറ്റമായിട്ടാണ് കുടിയേറ്റം നമ്മുടെ മനസ്സിലുള്ളത്. എന്നാല്‍ മലയിറക്കങ്ങളും കുടിയേറ്റത്തിന്റെ ഭാഗമാണ് എന്ന കൗതുകം കുട്ടനാടിന്റെ ചരിത്രത്തെ വ്യത്യസ്തമാക്കുന്നു. സമുദ്രനിരപ്പിന് താഴെ, ചെളിനിറഞ്ഞ വെള്ളക്കെട്ടില്‍ മുതലകളും വിഷപ്പാമ്പുകളും പുളയുന്ന കായല്‍ പരപ്പില്‍ ജീവിക്കാന്‍ കൊള്ളാവുന്ന ഒരു ജീവിതം കെട്ടിപടുക്കാന്‍ കുട്ടനാട്ടിലേക്ക് കുടിയേറിയ പൂര്‍വ്വികര്‍ എത്ര കഠിനാദ്ധ്വാനം ചെയ്തിരിക്കണം.? ഈ ഡിജിറ്റല്‍ യുഗത്തില്‍ നിന്ന് ആ ഭൂതകാലത്തിലേക്ക് നോക്കുമ്പോള്‍ അത്ഭുതം കൊള്ളാതെ വയ്യ. ഭൂതകാലകുളിരൊന്നും അതിനില്ല. ഉള്ളതോ ഭൂതകാല വേവല്‍!
കുട്ടനാടിന്റെ ചരിത്രത്തിന് ഒരു ദളിത് പരിപ്രേഷ്യം നല്കിയവരില് പ്രമുഖനാണ് ചരിത്രകാരനായ ദളിത് ബന്ധു എന്‍.കെ. ജോസ്. ആദിവാസികളുടെ ആവാസഭൂമിയായിരുന്നു പൂര്‍വ്വകാലത്ത് കുട്ടനാട്. കൃഷിക്ക് ഉടയോനായ പുലയനും കാടിന് ഉടയോനായ പറയനും ജീവിതം ഘോഷിച്ച മണ്ണ്. ചെളിനിറഞ്ഞ ആ മണ്ണിന്റെ ഇല്ലായ്മകളിലേക്കാണ് മല ഇറങ്ങി ക്രിസ്ത്യാനികള്‍ വന്നത്.
ദേശാധികാരം ആദിവാസികളില്‍ നിന്ന് സവര്‍ണരിലേക്ക് പരിണമിക്കുമ്പോള്‍ ജാതീയത സൃഷ്ടിച്ച തീണ്ടലും തൊടീലൂമൊക്കെ വലിയ വേര്‍തിരിവുകള്‍ സൃഷ്ടിച്ചിരുന്നു അവര്‍ക്കിടയില്‍. പാടത്തും പറമ്പത്തും പണിയെടുക്കാന്‍ കീഴാളര്‍ വേണം എന്നാലേ സവര്‍ണ പത്തായങ്ങളില്‍ നെല്ല് നിറയു. ഇതിനിടയിലുണ്ടായ വിടവിലാണ് ക്രിസ്ത്യാനികള്‍ പിടിച്ചുകയറിയത്, കുട്ടനാട്ടില്‍. കീഴാളര്‍ ചക്കിലിട്ടാട്ടുന്ന എണ്ണ ക്രിസ്ത്യാനികള്‍ തൊട്ടാല്‍ അയിത്തം തീര്‍ന്നു! വ്യാപാരം രക്തത്തിലലിഞ്ഞു ചേര്‍ന്ന ക്രിസ്ത്യാനികളുണ്ടോ അവസരം പാഴാക്കൂ? (കുട്ടനാട്ടില്‍ പുളിങ്കുന്നിലെ ക്രിസ്തീയ മേല്‍ക്കോയ്മയും കാരണമായി ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്ന ഒരു ഐതിഹ്യവും ഇതിനിടയില്‍ ജോസ് മോന് ഓര്‍മ്മിച്ചു.)
നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് തൊട്ടുചേര്‍ന്നുള്ള ഗ്രാമമാണ് ചൊവ്വര. വെള്ളപ്പൊക്കക്കെടുതി കാരണം കാലങ്ങള്‍ക്ക് മുന്‍പ് ചൊവ്വരയില്‍ നിന്ന് എളന്തര് മഠം കുടുംബം കോട്ടയത്ത് തോട്ടയ്ക്കാട് എന്ന സ്ഥലത്തുവന്നു താമസിച്ചു. അവര്‍ താമസം ഉറപ്പിച്ചത് ഒരു കുന്നിന്റെ മുകളിലായിരുന്നു. അങ്ങനെ അവരുടെ വീട്ടുപേര് ചൊവ്വരകുന്നേല് എന്നായി. അത് പിന്നീട് പറഞ്ഞ് പഴകിയപ്പോള്‍ ചോതിരക്കുന്നേല്‍ ആയി. കുഞ്ചാക്കോ തരകന് എന്ന പ്രപിതാമഹനില്‍ ആരംഭിക്കുന്ന ചോതിരക്കുന്നേല്‍ കുടുംബ പരമ്പരയുടെ കണ്ണികളാണ് പിന്നീട് പുളിങ്കുന്നില്‍ എത്തുന്നതും മാളിയംപുറയ്ക്കല് കുടുംബമാകുന്നതും.(തോട്ടയ്ക്കാട് വേരുകളുള്ള മൂലകുടുംബത്തില്‍ ഇപ്പോള്‍ സീറോമലബാര്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല യാക്കോബായ, മാര്‍ത്തോമ വിശ്വാസികളും അംഗങ്ങളാണ്. പഴയ വട്ടെഴുത്തു ലിപിയില്‍ കുഞ്ചാക്കോ എന്നെഴുതപ്പെട്ട ഒരു കല്ലറ തോട്ടയ്ക്കാട് ജോസ് കണ്ടിട്ടുണ്ട്. പപ്പ, നവോദയ അപ്പച്ചന്റെ കുടെ ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ ചരിത്രസാക്ഷ്യം ജോസ് നേരിട്ട് കണ്ടത്).
കുഞ്ചാക്കോയുടെ പിതാവായ മാളിയംപുരയ്ക്കല്‍ മാണിചാക്കോയുടെ പിതാവ് പുന്നൂസ് കുഞ്ചാക്കോ എന്ന കുഞ്ചാക്കോ തരകനെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ട ജീവചരിത്രമുണ്ട്. അദ്ദേഹത്തിന്റെ അറുപതാം ചരമവാര്‍ഷികത്തിന് നസ്രാണിദീപികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പരസ്യം കാണുക:
സൗത്ത് ആഫ്രിക്കയില്‍ അധ്യാപകനായിരുന്ന എം.എസ്. മാത്യൂ 'എന്റെ ഓര്‍മകളിലൂടെ' എന്ന ഒരു ഓര്‍മകളുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാളിയംപുരയ്ക്കല്‍ കുടുംബചരിത്രമാണ് അതില്‍ മുഖ്യമായും പ്രതിപാദിച്ചിട്ടുള്ളത്. ആ പുസ്തകത്തില്‍ അദ്ദേഹം കുഞ്ചാക്കോ തരകനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇങ്ങനെയാണ് കുറിക്കുന്നത്.
''പുന്നൂസ് അവറുകളുടെ ഏക പുത്രനായി കുഞ്ചാക്കോ അവര്‍കള്‍ 1984 ജനുവരി 1ന് ജനിച്ചു. 3 ആണ്മക്കളും 3 പെണ്മക്കളും അദ്ദേഹത്തിന് ഉണ്ടായി. നസ്രാണിദീപിക മാനേജര്‍ റവ.ഫാ. ജോസ് മത്യാസ് ഇവരില്‍ സീമന്തപുത്രനാണ്. 1920 ജൂണ്‍ 19ന് ശനിയാഴ്ച്ച പുന്നൂസ് കുഞ്ചാക്കോ ദിവംഗതനായി.അനന്യസാധാരണമായ ബുദ്ധിശക്തിയും കാര്യനിര്‍വഹണ പാടവുമുണ്ടായിരുന്നു ഈ കുഞ്ചാക്കോയ്ക്ക്. ധര്‍മ്മ താല്പരത, സമസൃഷ്ടി സ്നേഹം, സര്‍വോപരി അനഹങ്കാരം ആദിയായ സുകൃതഗുണങ്ങള് കൊണ്ട് അദ്ദേഹം പ്രശോഭിതനായിരുന്നു. ഇദ്ദേഹം എഴുതിവെച്ചിട്ടുള്ള മരണ ശാസനത്തിലെ അവസാനഘട്ടവും ശ്രദ്ധേയമാണ്. അത് കീഴേ ചേര്‍ത്തുകൊള്ളുന്നു:
''എന്റെ വസ്തുവകകള്‍ സംബന്ധിച്ച് ഇപ്രകാരം വേണ്ട വ്യവസ്ഥകള്‍ ചെയ്തതിന്റെ ശേഷം എനിക്ക് ഏറ്റവും സ്വന്തമായിരിക്കുന്ന എന്റെ ആത്മാവിനെ അതിന്റെ സൃഷ്ടാവായ ദൈവത്തിന്റെ തൃക്കരങ്ങളില്‍ ഭരമേല്പിച്ചുകൊണ്ട് ഈ മരണശാസനത്തെ ഞാന്‍ അവസാനിപ്പിക്കുന്നു.''
ഭുമിയുടെ ആഴങ്ങളില്‍ ഒടുങ്ങുമ്പോഴും കുടുംബത്തിന്റെ ആരുഢം ഉയര്‍ത്തി നിര്‍ത്തുന്ന ഈ ദൈവാശ്രയത്തിന്റെ ജനിതകം കുഞ്ചാക്കോയിലുണ്ട്. പോകെപ്പോകെ അദ്ദേഹത്തിന്റെ ജീവിതകഥ നമ്മെ അത് ബോധ്യപ്പെടുത്തും. കൃത്യമായി അതിന്റെ പ്രാദേശിക സ്വഭാവത്തോടെകൂടെ.
''ഒരു കുടുംബത്തെ ഭരിക്കേണ്ടത് ഒരു ചെറുമത്സ്യത്തെ പാചകം ചെയ്യുന്നതുപോലെയാകണം-വളരെ സൗമ്യമായി.''ഇതൊരു ചൈനീസ് പഴമൊഴിയാണ്. മീനും നെല്ലും ഇഷ്ടവിഭവങ്ങളായ കുട്ടനാട്ടില്‍ ക്രിസ്തീയ കുടുംബങ്ങള്‍ ഭരിക്കപ്പെട്ടത് നെല്ല് മെതിക്കും പോലെയാണ്. മീനിനോടും സൗമ്യതയൊന്നും കാട്ടിയില്ല. കണ്ടം തുണ്ടമായി വെട്ടിമുറിച്ചു. മുളകരച്ചു. വറത്തരച്ചു, ക്രിസ്തീയ കുടുംബങ്ങളിലെ അച്ചടക്കത്തിന്റെ പാചകവിധി ഇങ്ങനെയായിരുന്നു.
മാളിയംപുരയ്ക്കല്‍ കുടുംബത്തില്‍ നിന്ന്, ബന്ധു ഭവനങ്ങളില്‍ നിന്ന് അക്കാലത്ത് ധാരാളം സിഎംഐ വൈദീകരുണ്ടായിരുന്നു. കന്യാസ്ത്രീകളും. ഈയൊരു ആത്മീയഘടകം കുടുംബ രൂപീകരണത്തില്‍ മതാത്മകമായ ഒരു പങ്ക് വഹിച്ചിട്ടുണ്ടാകാം. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനുമായും മാളിയംപുരയ്ക്കല്‍ കുടുംബത്തിന് ബന്ധം ഉണ്ടായിരുന്നു എന്നതും അതിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന ഒരു വസ്തുത.
കുഞ്ചാക്കോ തരകന്റെ മഹിതപാരമ്പര്യത്തില് നിന്ന് മാളിയംപുരയ്ക്കല്‍ മാണിചാക്കോ തന്റെ സംരംഭകത്വ മികവുകൊണ്ട് അതിന് വേറിട്ടൊരു ചാലുകീറി. എം.സി. ചാക്കോ എന്ന കുഞ്ചാക്കോ, പാപ്പച്ചന്, സിസ്റ്റര്‍ എമറന്സിയാനാ, എം.സി. പുന്നൂസ്, മറിയാമ്മ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി) അന്നമ്മ(ചങ്ങനാശേരി) തങ്കമ്മ (ചേര്‍ത്തല) കുഞ്ഞ് (ആലപ്പുഴ)-മാണി ചാക്കോയുടെ ഈ മക്കളുടെ പേരുകള്‍ ഓര്‍മ്മിക്കുമ്പോഴും നാം മാളിയംപുറയ്ക്കല് കുടുംബത്തിന്റെ ദൈവവിളിയെക്കുറിച്ച് ഓര്‍മിക്കും. ദൈവവിളികേട്ട് വൈദീകനാകാന്‍ പോയൊരു പൂര്‍വകാലം എം.സി. പുന്നൂസ് എന്ന നവോദയ അപ്പച്ചനുണ്ട്. അക്കഥ പിന്നാലെ.
(നവോദയ അപ്പച്ചന്)
കുട്ടനാടിന്റെ ജീവസ്പന്ദനമായ നെല്ലും തെങ്ങും തന്നെയാണ് മാണി ചാക്കോയെയും ആദ്യം സ്വാധീനിച്ചത്. നെല്‍കൃഷിയിലൂടെയും തെങ്ങുകൃഷിയിലൂടെയും തന്റെ പാരമ്പര്യത്തെ ലാഭം പൂര്‍ണമായി ഉറപ്പിച്ച മാണി ചാക്കോ പിന്നീട് കുട്ടനാടിന് പുറത്തേക്കാണ് നോക്കിയത്. (ധാരാളം പേര് അങ്ങനെ പുറത്തേക്ക് നോക്കിയെന്നും അവരെല്ലാം നേട്ടങ്ങളുടെ രത്നസിംഹാസനങ്ങളില് ഇരുന്നു എന്നതും കുട്ടനാടിന്റെ വിസ്മരിക്കപ്പെട്ട വിസ്മയചരിത്രം.)
പുളിങ്കുന്നിലെ ആദ്യ യാത്രാബോട്ട് സര്‍വീസ് മാണിചാക്കോ ആരംഭിച്ചത് കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. എന്നാല്‍ മാണിചാക്കോ ഏറ്റവും വലിയ വിജയം കണ്ടെത്തിയത് കയര്‍ ബിസിനസിലാണ്. വിദേശരാജ്യങ്ങളിലേക്ക് കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന വിശ്വസ്തനായ കയറ്റുമതി സംരംഭകനായി അദ്ദേഹം മാറി. ശവകോട്ടപ്പാലത്തിന് സമീപം പഴയ ഇഎസ്ഐ ഹോസ്പിറ്റല്‍ നിന്നിരുന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ഓഫീസും കയര്‍ഫാക്ടറിയും. അക്കാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഒരു കമ്പനി ആയിരുന്ന വെര്‍നോണ്‍ റഗ് മില്ലി(Vernon Rug Mill)ലേക്കാണ് അദ്ദേഹം കയറുല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചുകൊണ്ടിരുന്നത്. ആലപ്പുഴയിലെ വില്യം ഗുഡേക്കര്‍ തുടങ്ങിയ പാശ്ചാത്യരുടെ കമ്പനികളുമായി മത്സരിച്ചാണ് മാണിചാക്കോ അമേരിക്കയിലും ലണ്ടനിലുമൊക്കെ മാര്‍ക്കറ്റ് കണ്ടുപിടിച്ചത്. ഇപ്പോഴത്തെ കയര്‍ഭൂവസ്ത്രം പോലെ അക്കാലത്ത് പാറ്റന്‍ ടാങ്കിനിടാനുള്ള കയര്‍ വസ്ത്രമൊക്കെ വരെയും കയറ്റി അയച്ചിരുന്നു. എന്നാല്‍ മാണിചാക്കോയുടെ ബിസിനസ് സാമാജ്യത്തെ പിടിച്ചുകുലുക്കിക്കൊണ്ട് വെര്‍നോണ്‍ റഗ് മില്‍ കമ്പനി പാപ്പരായി. മാണിചാക്കോ കയറ്റി അയച്ച കയറിന്റെ ഭീമമായ പ്രതിഫലം ഞൊടിയിടനേരം കൊണ്ട് ആവിയായി. പരസ്പര വിശ്വാസത്തെ മാത്രം ആശ്രയിച്ചുള്ള എക്സ്പോര്‍ട്ട് -ഇംപോര്‍ട്ട് ബിസിനസായിരുന്നു അന്ന്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ മാണിചാക്കോയ്ക്ക് കുറച്ചധികം നാളുകള്‍ വേണ്ടിവന്നു.
അക്കാലത്ത് ആലപ്പുഴയില്‍ നിന്ന് വള്ളങ്ങളിലാണ് ആലപ്പുഴ-ചേര്‍ത്തല കനാല്‍ വഴി കയറ്റുമതിക്കായി കയര്‍ അയച്ചിരുന്നത്. ദീര്‍ഘദര്‍ശിയായ മാണിചാക്കോ തന്റെ കയര്‍ ബിസിനസിന്റെ വിപുലനത്തിനായി പാതിരപ്പള്ളിയില്‍ ഒരു വശത്ത് കനാലും മറുവശത്ത് റോഡുമുള്ള (ആലപ്പുഴ -ചേര്‍ത്തല) ആറേക്കര്‍ സ്ഥലം വാങ്ങിയിട്ടിരുന്നു. തന്റെ കയര്ബിസിനസില് പങ്കാളിയായിരുന്ന മൂത്തമകന് കുഞ്ചാക്കോയ്ക്കുവേണ്ടി മാണി ചാക്കോ കയര്‍ഫാക്ടറി പണിയാന്‍ കണ്ടെത്തിയ സ്ഥലമായിരുന്നു അത്. അവിടെയാണ് മലയാള സിനിമാ ചരിത്രത്തിലെ സുവര്ണഗോപുരമായി തീര്‍ന്ന ഉദയാസ്റ്റുഡിയോ ഉദയം കൊള്ളുന്നത്.
(അടുത്തഭാഗം: സംരംഭകനായ കുഞ്ചാക്കോ)