TopTop
Begin typing your search above and press return to search.

ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ അത്താഴം മുടക്കുന്ന നീര്‍ക്കോലികള്‍; ഉപതിരഞ്ഞെടുപ്പ് കാഴ്ചകള്‍

ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ അത്താഴം മുടക്കുന്ന നീര്‍ക്കോലികള്‍; ഉപതിരഞ്ഞെടുപ്പ് കാഴ്ചകള്‍

പതിവുപോലെ ഈ ഉപതിരെഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും കേരളത്തിലെ ഓര്‍ത്തഡോക്‌സ് സഭയിലെ ഫാദര്‍ ജോസ് അബ്രഹാം കോനാട്ടും തിരെഞ്ഞെടുപ്പില്‍ എടുത്തിട്ടുള്ള നിലപാടുകളെക്കുറിച്ചു നടത്തിയ പ്രസ്താവനകളും അതിനോട് മൂന്ന് മുന്നണികളുടെയും നേതാക്കളുടെ പ്രതികരണങ്ങളുമാണ്. എന്‍ എസ് എസ് നിലപാട് യു ഡി എഫിന് അനുകൂലമാണെന്ന് വ്യക്തമാണെങ്കിലും എന്‍ എസ് എസ്സിനെ ഈ ഘട്ടത്തില്‍ പ്രകോപിക്കേണ്ട എന്ന നിലപാടാണ് ഇടതു മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മും എന്‍ ഡി എ യെ നയിക്കുന്ന ബി ജെ പി യും എടുത്തിരിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെയും ഈ വിഷയത്തിലുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതും ഇത് തന്നെയാണ്. ഓര്‍ത്തഡോക്‌സ് സഭക്ക് മോശമല്ലാത്ത വോട്ടുള്ള കോന്നിയിലും ഉപ തിരെഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ പാര്‍ട്ടി നേതാക്കള്‍ ദേവലോകം അരമന കയറി ഇറങ്ങുന്നതും സഭയുടെ വോട്ടു ബാങ്കില്‍ കണ്ണുവെച്ചു തന്നെ. ഇതൊരു വലിയ ഗതികേട് തന്നെ എന്ന് പറയാതെ തരമില്ല. എന്നാല്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും വേറെ വഴിയില്ല എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. ഇലക്ഷനില്‍ മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടി ആകുമ്ബോള്‍ ചുരുങ്ങിയ പക്ഷം ആരെയും വെറുപ്പിക്കാതെ നോക്കേണ്ടതുണ്ട് എന്നതാണ് അവരില്‍ പലരുടെയും അനുഭവ പാഠം.

നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് പറയാറില്ലേ. ജാതി, മത, സമൂദായ സംഘടനകളെ വെറും നീര്‍ക്കോലികളായോ മൂര്‍ഖന്‍ ചമയുന്ന തെളിയന്‍ പാമ്ബായോ എഴുതി തള്ളാന്‍ ആവില്ലെന്നതാണ് അനുഭവ പാഠം. തിരെഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ മാത്രമല്ല സര്‍ക്കാരുകളെയും നേതാക്കളെയുമൊക്കെ വാഴിക്കാനും വീഴിക്കാനും പോന്ന ശക്തിയാണെന്നു പലവട്ടം തെളിയിച്ചു കഴിഞ്ഞവ തന്നെയാണ് അവയില്‍ പലതും. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണം 1959 ലെ വിമോചന സമരം തന്നെ. 1957 ല്‍ അധികാരത്തില്‍ വന്ന ഒന്നാം ഇ എം എസ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുസ്ലിം ലീഗ് അടക്കമുള്ള ഇതര പാര്‍ട്ടികള്‍ക്കും ഒപ്പം കാതോലിക്കാ സഭയും എന്‍ എസ് എസ്സും കൈകോര്‍ത്തിരുന്നു.

1959 ല്‍ അരങ്ങേറിയ ആ അട്ടിമറിക്കു വേണ്ടി സി ഐ എ വന്‍ തോതില്‍ പണം ഒഴുക്കിയിരുന്നുവെന്ന് പിന്നീട് ഇന്ത്യയില്‍ അമേരിക്കന്‍ അംബാസിഡര്‍ ആയിരുന്ന ഡാനിയേല്‍ പാട്രിക് മൊയ്നിഹാന്‍ അദ്ദേഹത്തിന്റെ ' A Dangerous Place ' എന്ന ഓര്‍മക്കുറുപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം വയലാര്‍ രവിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും പിന്നീട് ശരിവെച്ച കാര്യമാണ്. സി ഐ എയെ സംബന്ധിച്ചിടത്തോളം അമേരിക്ക തുടക്കം മുതല്‍ക്കേ ഉണ്ടാക്കിയെടുത്ത സാമ്രാജ്യത്വ നയങ്ങളെ തുടക്കം മുതല്‍ എതിര്‍ത്തുപോന്ന കമ്മ്യൂണിസ്റ്റുകളുടെ വളര്‍ച്ചക്കു തടയിടുക എന്നതായിരുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അത് അധികാരത്തിന്റെ പ്രശ്നമായിരുന്നു. അതിനവര്‍ ആയുധമാക്കിയത് ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളും. ഇതില്‍ പ്രധാനമായത് അന്ന് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്ക്കരണ ബില്ലും. കേരളത്തിലെ ഭൂരിപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാര്‍ അക്കാലത്തു കാതോലിക്കാ സഭയും എന്‍ എസ് എസ്സും ഒക്കെ ആയിരുന്നു എന്നതിനാല്‍ പ്രസ്തുത ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ അവരെക്കൂടി അണിനിരത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. 1959 ജൂണ്‍ 13 നു അങ്കമാലിയില്‍ വെച്ച്‌ പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഏഴുപേര്‍ മരിക്കുക കൂടി ചെയ്തതോടെ പ്രക്ഷോഭം ആളിപ്പടര്‍ന്നു. ഒടുവില്‍ ഭരണഘടനയിലെ 356 ആം വകുപ്പ് ഉപയോഗിച്ച്‌ സര്‍ക്കാരിനെ പിരിച്ചു വിടുന്നതുവരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്തു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമല്ല ഇത്തരത്തില്‍ ദുരനുഭവം നേരിട്ടത് 60 കളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നതക്ക് പിന്നിലും ജാതി, മത, സാമുദായിക ശക്തികള്‍ക്ക് ഒരു റോള്‍ ഉണ്ടായിരുന്നു. പി ടി ചാക്കോയുടെ രാജിയെ തുടര്‍ന്ന് രൂക്ഷമായ ഭിന്നത 1964 ല്‍ ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പതനത്തിലാണ് കലാശിച്ചത്. ഇക്കാലത്തു തന്നെയാണ് എന്‍ എസ് എസ് ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ അനുഗ്രഹാശിസുകളോടെ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പിറവി എടുത്തതും. 1995 ല്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്റെ രാജിക്ക് വഴി ഒരുക്കിയത് ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ മറ പിടിച്ചു കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പടയൊരുക്കം ആയിരുന്നെങ്കിലും അതിനു മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും നല്‍കിയ പിന്തുണ ഒട്ടും ചെറുതായിരുന്നില്ല. കരുണാകരന് പകരക്കാരനായി കൊണ്ടുവന്ന എ കെ ആന്റണിയെ 2004 ല്‍ പുകച്ചു പുറത്താക്കുന്നതിനു പിന്നിലും മുസ്ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനും ജാതി, മത സംഘടനകള്‍ക്കും വലിയ പങ്കുണ്ടായിരുന്നു. ഡോ. ജോണ്‍ മത്തായി അനുസ്മരണ പ്രഭാഷണത്തിനിടയില്‍ കേരളത്തിലെ മത ന്യൂന പക്ഷങ്ങള്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ അന്യായമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന പരാമര്‍ശമായിരുന്നു അന്ന് ആന്റണിയുടെ കസേര തെറിപ്പിച്ചത്.

ഇക്കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലും ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച്‌ എന്‍ എസ് എസ്സും മറ്റും കളിച്ച രാഷ്ട്രീയവും അതിന്റെ പരിണിത ഫലവുമൊക്കെ നാം കണ്ടതാണല്ലോ. ഇത്തരം ദുരനുഭവങ്ങള്‍ തന്നെയായാണ് ജാതി, മത, സമുദായ സംഘടനകളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും പൂര്‍ണമായും സുഖിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിണക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെ പ്രേരിപ്പിക്കുന്നതും. ചുരുക്കി പറഞ്ഞാല്‍ ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറക്കും. അത്ര തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories