TopTop
Begin typing your search above and press return to search.

ഈ മെഡിക്കൽ കോളേജുണ്ടാക്കിയ 800 കോടി ആരുടെ പണമാണെന്ന് മേനോൻ സാറിനറിയാമോ?

ഈ മെഡിക്കൽ കോളേജുണ്ടാക്കിയ 800 കോടി ആരുടെ പണമാണെന്ന് മേനോൻ സാറിനറിയാമോ?

പാലക്കാട് യാക്കരയിലെ കേരള സർക്കാർ വക മെഡിക്കൽ കോളേജ് ഒരു സാധാരണ മെഡിക്കൽ കോളേജല്ല. സംസ്ഥാനത്തെ പട്ടിക ജാതി-പട്ടിക വർഗ്ഗക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനൊപ്പം സാംസ്‌കാരിക വകുപ്പും നിയമ വകുപ്പും ഭരിക്കുന്ന മന്ത്രി എ കെ ബാലൻ പറയുന്നതനുസരിച്ച് ഇവിടെ എഴുപതു ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് ദളിത് വിഭാഗക്കാർക്കായാണ്. രണ്ടു ശതമാനം സീറ്റുകൾ ആദിവാസി കുട്ടികൾക്ക് വേണ്ടിയും. പണക്കാരായ സവർണ്ണരുടെ മക്കൾക്ക് കൂടുതൽ സീറ്റുകൾ നിഷേധിക്കും വിധം ചുമ്മാതെ സർക്കാർ അങ്ങനെ സംവരണം ചെയ്തതല്ല. സംസ്ഥാനത്തെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ മാറ്റിവച്ച പണം വകുപ്പ് മാറ്റി ചെലവാക്കി ഉണ്ടാക്കിയ മെഡിക്കൽ കോളജ് ആയതുകൊണ്ട് അല്പം പാപഭാരം അങ്ങനെ തീർത്തുകളയാം എന്ന് പഴയ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത് ഇപ്പോഴത്തെ പിണറായി വിജയൻ സർക്കാരും ആചാര വിധിപോലെ പിന്തുടരുകയായിരുന്നു. പാലക്കാട് ഒരു മെഡിക്കൽ കോളേജ് എന്നത് പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തിൽ ആദ്യമായി മത്സരിക്കുമ്പോൾ കോൺഗ്രസ്സ് നേതാവ് ഷാഫി പറമ്പിലിന്റെ പ്രധാന വാഗ്ദാനമായിരുന്നു. കരുണാനിധിയായ മുഖ്യമന്ത്രി മെഡിക്കൽ കോളേജ് നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷെ പണമില്ല. വാഗ്ദാനം ആണെങ്കിൽ കൊടുത്തും പോയി. അപ്പോഴാണ് എസ് സി /എസ് ടി സ്‌പെഷ്യൽ കോംപോണന്റ് ഫണ്ടിൽ കുറെ പണമുള്ളതായി ചാണ്ടി അദ്ദേഹം കണ്ടെത്തുന്നത്. ഉടനെ അതിൽ നിന്നും എണ്ണൂറ് കോടി എടുത്ത് മെഡിക്കൽ കോളജ് തുടങ്ങാൻ തീരുമാനമായി. സംഭവം തുടക്കത്തിലേ വിവാദമായി. ആദിവാസികൾക്കും ദളിതർക്കും വീടും ആരോഗ്യവും ഉപജീവനവുമൊക്കെ ഉണ്ടാക്കി കൊടുക്കാൻ ഉള്ള ഫണ്ടാണ്. ചാണ്ടിയും കൂട്ടരും തളർന്നില്ല. ദളിതർക്കും ആദിവാസികൾക്കും വേണ്ടി രാജ്യത്ത് ആദ്യമായി തുടങ്ങുന്ന മെഡിക്കൽ കോളജ് ഒരു സാമൂഹിക വിപ്ലവമാണ് എന്ന് വിളിച്ചു കൂവി. ഈ വിഭാഗങ്ങളിൽ നിന്നും കൂടുതൽ ഡോക്ടർമാർ. ഈ വിഭാഗങ്ങൾക്ക് കൂടുതൽ ചികിത്സാ സംവിധാനം. ജനം കോരിത്തരിച്ചു. ദീർഘദർശിയായ ചാണ്ടിയവർകൾ വാനത്തോളം ഉയർത്തപ്പെട്ടു. തുടക്കം തന്നെ ഗംഭീരം ആയിരുന്നു. സഹകരണ വകുപ്പിന് കീഴിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഉണ്ടാക്കി നടത്തിപ്പ് അതിനെ ഏൽപ്പിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ എല്ലാ സംവരണ തത്വങ്ങളും കാറ്റിൽ പറത്തി നൂറ്റിയെഴുപത്തി നാല് സ്റ്റാഫിനെ റിക്രൂട്ട് ചെയ്തു. അങ്ങനെ അവർണറുടെ മെഡിക്കൽ കോളജിന്റെ നിയന്ത്രണം സവർണ്ണരുടെ കൈകളിലായി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനത്തെ ഒരു വർഷത്തിൽ പാലക്കാട് ജില്ലയിലെ ദളിത്-ആദിവാസി സ്കൂൾ കോളജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ വച്ച ഒരു കോടി രൂപ പോലും ഇവിടേയ്ക്ക് വകമാറ്റയിരുന്നു. ആരോഗ്യവകുപ്പിന് കീഴിലെ സാധാരണ മെഡിക്കൽ കോളജായി പാലക്കാടിനെ മാറ്റും എന്നായിരുന്നു എൽ ഡി എഫ് വാഗ്ദാനം. പക്ഷെ നിയന്ത്രണം ഇന്നും ആരോഗ്യ വകുപ്പിൽ എത്തിയിട്ടില്ല. ഫണ്ട് പട്ടിക ജാതി-പട്ടിക വർഗ ക്ഷേമത്തിനുള്ളതായതുകൊണ്ട് പെട്ടെന്ന് എടുത്തുമാറ്റിയാൽ പ്രശ്നമുണ്ട്. അതുകൊണ്ട് തന്നെ നിയന്ത്രണത്തിലെ അവ്യക്തതകൾ പഴയമട്ടിൽ തുടരുന്നു. അദ്ധ്യാപക നിയമനങ്ങൾ അടക്കമുള്ള നിയമനങ്ങൾ ഡെപ്യൂട്ടേഷൻ വഴിയും കരാർ അടിസ്ഥാനത്തിലും ഒക്കെ ആയതോടെ അവിടെയുള്ള സവർണ്ണ മേൽക്കോയ്മ ഒന്നുകൂടി കൂടി. തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും എല്ലാം സവർണ്ണർ. വിദ്യാർത്ഥികൾ മന്ത്രി പറയുന്ന അടിസ്ഥാനത്തിലാണോ വരുന്നത് എന്നതിലും അവിടെ അർഹതപ്പെട്ടവർക്ക് കടന്നു കൂടാൻ ആകാത്ത അവസ്ഥയിൽ സവർണ്ണ മേൽക്കോയ്മ സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. എന്നാൽ സാമൂഹിക നീതിയുടെ വലിയ സംഭവമായി കൊണ്ടുവരപ്പെട്ട ഈ സ്ഥാപനം എത്രമാത്രം ജാതിക്കോമരങ്ങളുടെ കൈകളിലാണ് എന്നത് തെളിയിക്കപ്പെട്ടത് ജാതി മാത്രം പറയുന്ന ഒരു സിനിമാ സംവിധായകൻ മേനോനെ കോളജ് മാഗസിൻ പ്രകാശിപ്പിക്കാൻ വിളിച്ചതോടെയും ജാതിയിൽ താണതെന്ന് അയാൾ കരുതുന്ന ഒരു സിനിമാ നടൻ തനിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കേണ്ട എന്ന് ശഠിക്കുകയും ചെയ്തതോടെയാണ്. ടൈൽസ് പണിക്കാരനും കൂലിപ്പണിക്കാരനുമായ താൻ മേനോൻ അല്ലാത്തത് കൊണ്ടാണ് ഇവിടെ വിവേചനം നേരിടുന്നത് എന്ന് വേദിയിൽ കയറി വന്നു പറഞ്ഞ അവർണ്ണനായ നടനോട് അനുഭവമായി വന്ന കയ്യടികൾ പോലും വളരെ ദുര്‍ബലമായിരുന്നു എന്നാണ് വൈറൽ ആയ വീഡിയോകൾ കാണിക്കുന്നത്. മറിച്ച് നടൻ സ്റ്റേജിൽ കയറിയപ്പോൾ പോലീസിനെ വിളിക്കൂ എന്ന പ്രിൻസിപ്പലിന്റെ ആക്രോശവും സ്റ്റേജിൽ കയറരുത് എന്ന യൂണിയൻ ചെയർമാന്റെ തടസവും എല്ലാം പതിവുംപടി നടന്നു. ഒരു ചെറുപ്പക്കാരനെ അപമാനിച്ച ജാതിവാലുകാരൻ വേദിയിൽ നിന്നും ഇതിനെല്ലാം ഇടയിൽ അത്യധികം പുച്ഛത്തോടെ ഒരു പ്രതിഷേധവും നേരിടാതെ നടന്നിറങ്ങുകയും ചെയ്തു. ചാണ്ടിയവർകൾ മുതൽ ബാലൻ അവർകൾ വരെയുള്ളവരുടെ സാമൂഹിക നീതി ഒടുവിൽ വന്നെത്തി നിൽക്കുന്നത് ഈ അവസ്ഥയിലാണ്. കോളേജ് ഡേയിൽ മാഗസിൻ ഉദ്ഘാടനത്തിന് അനിൽ രാധാകൃഷ്ണനെയും മുഖ്യാതിഥിയായി ബിനീഷിനെയും നിശ്ചയിച്ച പുരോഗമന എസ് എഫ് ഐ നയിക്കുന്ന യൂണിയൻ ബിനീഷ് വരുന്ന വേദിയിൽ താൻ ഉണ്ടാകില്ലെന്ന നിലപാട് അനിൽ സ്വീകരിച്ചതോടെ സവര്‍ണ്ണതയ്ക്കു കീഴടങ്ങുകയായിരുന്നു. ആദ്യ ചടങ്ങ് കഴിഞ്ഞതിനുശേഷം മാത്രം വേദിയിലേക്ക് കടന്നാൽ മതിയെന്ന് ബിനീഷിനോട് അവർ പറഞ്ഞു എന്നിടത്താണ് ജാതിയുടെ കാണാത്ത ചരടുകൾ വ്യക്തമാകുന്നത്. വീഡിയോ അനുസരിച്ച്‌ അനിൽ രാധാകൃഷ്ണൻ മേനോൻ സംസാരിക്കവെയായിരുന്നു ബിനീഷ് വേദിയിലേക്ക് വന്നത്. എന്നിട്ടും സംവിധായകൻ തന്റെ സംസാരം നിമിഷനേരത്തേയ്ക്കു പോലും നിർത്തുന്നില്ല. നിലത്തിരുന്ന താരത്തോട് പലരും കസേരയിലിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും സംവിധായകൻ ആവശ്യപ്പെട്ടില്ല. തന്‍റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണിതെന്ന് ബിനീഷ് പറഞ്ഞപ്പോൾ ആരുടേയും പ്രതിഷേധം അംവിധായകന് നേരെ ഉണ്ടായില്ല. `‘ഞാൻ മേനോനല്ല. നാഷണൽ അവാർഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്‍റെ തെറി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്.’ എന്ന് പട്ടിക ജാതി-പട്ടിക വർഗ ക്ഷേമത്തിനുള്ള പണം വകമാറ്റി ഉണ്ടാക്കിയ മെഡിക്കൽ കോളജിൽ ഒരാൾക്ക് വന്നു പറയേണ്ടി വന്നു എന്നിടത്താണ് കാതലായ പ്രശ്നം. `‘മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്' എന്ന് അയാൾ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞിട്ടും ആരും നടുങ്ങിയില്ല. ഞെട്ടിയുമില്ല. ഇതൊക്കെയാണ് ജാതി രഹിത നവോത്ഥാന കേരളം. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories