TopTop
Begin typing your search above and press return to search.

'ജാ ഇതി' എന്ന ജാതി, വര്‍ണ്ണങ്ങളും കലര്‍പ്പുകളും-മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍-9

ജാ ഇതി എന്ന ജാതി, വര്‍ണ്ണങ്ങളും കലര്‍പ്പുകളും-മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍-9

പഴയ കാല കേരള സമൂഹത്തില്‍ ജാതിയും വര്‍ണ്ണങ്ങളും ആചാരങ്ങളെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്തിരുന്നു. ആചാരം എന്നത് വലിയ വിവാദം സൃഷ്ടിക്കുന്ന കാലത്താണ് നമ്മുടെ ജീവിതം. അതുകൊണ്ടു തന്നെ ജാതിയുടേയും വര്‍ണ്ണങ്ങളുടേയും പഴയ കെട്ടുപാടുകളിലേക്ക് കണ്ണോടിക്കുകയാണ് ഈ ലക്കം. സദാചാരം എന്നാല്‍ നല്ല ആചാരം എന്നര്‍ഥം. വളരെ ലളിതമാണ് അതിന്റെ സാരം. പക്ഷെ അതിന്റെ പ്രയോഗ പരിസരം പഴയ കാല മലയാളിയെ സംബന്ധിച്ചിടത്തോളം അത്രയ്‌ക്കൊന്നും ലളിതമായിരുന്നില്ല. ഇക്കാലത്തും അങ്ങനെ തന്നെ. ഇക്കാണായ കോലാഹലങ്ങള്‍ മുഴുവന്‍ ഉണ്ടാകുന്നത് ആചാരം എന്ന ത്രൈയക്ഷരിയെ ചൊല്ലിയാണ്. 'തടശിലയൊന്ന് തരംഗലീലയിലെന്ന'പോലെ ഏത് കാലപ്രവാഹത്തിനും മാറ്റാനാവാത്തതാണിതെന്ന് കരുതുന്ന വലിയ വിഭാഗം എല്ലാക്കാലത്തും ആചാരപക്ഷത്ത് ഉണ്ടായിരുന്നു. ഹൈന്ദവ സമൂഹത്തിലും ഇതര മതങ്ങളിലും ഒരുപോലെ ഇതു കാണാനാകും. ആചാരങ്ങളെ അറിവിന്റേയും സംസ്‌കൃതിയുടേയും വിനിമയങ്ങളുടേയും വളര്‍ച്ചയില്‍, അവയുടെ പ്രസക്തിയുടേയും സ്വീകാര്യതയുടേയും കാലികതയുടേയും അടിസ്ഥാനത്തില്‍, സദാചാരം, ദുരാചാരം എന്നിങ്ങനെ ആഖ്യാനം ചെയ്യപ്പെട്ടു. പരിഷ്‌കരണത്തിനായി നിലകൊണ്ടപക്ഷം, ലോകഗതിയില്‍ നിരന്തരം നടത്തിയ ഇടപെടലുകള്‍ വഴിയാണ് പരിഷ്‌കൃത സമൂഹങ്ങള്‍ക്ക് ഹിതകരമല്ലാത്ത ആചാരങ്ങള്‍ പലതും മാറ്റിത്തീര്‍ത്തതും മാറി തീര്‍ന്നതും. ആ മാറ്റങ്ങളാവട്ടെ, ഒട്ടും സുഖകരങ്ങളും ആയിരുന്നില്ല. ദീര്‍ഘ ദീര്‍ഘങ്ങളായ സമരങ്ങള്‍, വലിയ പോരാട്ടങ്ങള്‍, ക്ഷമാപൂര്‍വമുള്ള ഇടപെടലുകള്‍ തുടങ്ങിയവ അതിനായി വേണ്ടി വന്നു. തുടക്കത്തില്‍ പരിവര്‍ത്തനവാദികള്‍ ന്യൂനപക്ഷമായിരുന്നുവെങ്കിലും കാല പ്രവാഹം അതിനെ ഭൂരിപക്ഷത്തിന്റേതാക്കി മാറ്റി തീര്‍ത്തുകൊണ്ടിരുന്നുവെന്നതാണ് ചരിത്രം. മാറ്റിത്തീര്‍ത്ത ആചാരങ്ങള്‍ അനാചാരങ്ങളായി അടയാളപ്പെടുത്തപ്പെട്ടു. പാശ്ചാത്യലോകത്തുണ്ടായ മാറ്റങ്ങളുമായി താരതമ്യം ചെയ്താല്‍ പൗരസ്ത്യ ദേശങ്ങളിലുണ്ടായ മാറ്റങ്ങള്‍ കൂടുതല്‍ കാലം എടുത്തുസംഭവിച്ചതാണെന്ന് കാണാം. പ്രതിരോധം ഇവിടെ അത്രമേല്‍ ശക്തമായിരുന്നുവെന്ന് സാരം. ''ദേശ ഭേദം കൊണ്ടോ പുരഭേദം കൊണ്ടോ ഗ്രാമ ഭേദം കൊണ്ടോ വിദ്യാഭേദം കൊണ്ടോ നഗരഭേദം കൊണ്ടോ യാതൊരു ധര്‍മ്മത്തെ ആദരിക്കപ്പെടുന്നുവോ ആ ധര്‍മ്മത്തെ ഇളക്കിക്കൂട. പിതൃപിതാമഹപ്രഭൃതികള്‍ കുലഭേദേന ആചരിച്ചുപോന്നിരുന്ന നടപടിയെ അതുപോലെ പിന്തുടരുന്നത് സദാചാരമാകുന്നു'' ഇതായിരുന്നു ഫ്യൂഡല്‍ കാലഘട്ടത്തിലെ പ്രമാണം. ഏതൊരു ദേശത്തില്‍ ഏതൊരു ആചാരം പാരമ്പര്യക്രമേണ വളരെക്കാലമായി ബ്രാഹ്മണാദിവര്‍ണ്ണത്തില്‍ പെട്ടവരും അന്തരാളന്മാരും അനുഷ്ഠിച്ചുവരുന്നുവോ ആ ആചാരം സദാചാരം എന്ന് പറയപ്പെടുന്നു. ബ്രാഹ്മണര്‍ വര്‍ണ്ണര്‍ക്കെല്ലാം പ്രഭുവാകുന്നു. നാലു വേദങ്ങളും ആറു വേദാംഗങ്ങളും പഠിച്ചാലും ആചാരത്തെ വിട്ടുകളയുന്നവര്‍ക്ക് ഒരിക്കലും ശുദ്ധിയുണ്ടാവില്ല. ഇതായിരുന്നു പ്രാമാണികമായ ചിന്ത. ആധിപത്യം ചെലുത്തിയ വിചാരം. ശാസ്ത്ര വിരുദ്ധമായി കണ്ടാല്‍ പോലും കുലാചാരത്തേയും ദേശാചാരത്തേയും ഉല്ലംഘിക്കരുത്. ജാതി സംബന്ധമായ, വര്‍ണ്ണ സംബന്ധമായ വിവേകമായിരുന്നു ആചാരത്തിന്റേയും സദാചാരത്തിന്റേയും ഒക്കെ കാതല്‍. ഓരോരുത്തരുടേയും കര്‍മ്മത്തില്‍ നിഷ്ഠകൂടിയ മനുഷ്യനാണ് ഒടുവില്‍ സിദ്ധിയെ പ്രാപിക്കുന്നത്. കുലനാശം കൊണ്ടു കുലധര്‍മ്മങ്ങള്‍ നശിക്കും. കുലധര്‍മ്മ നാശത്തോടെ ദുരാചാരങ്ങള്‍ പടരും. അപ്പോള്‍ കുലസ്ത്രീകള്‍ ദുഷിക്കും. സ്ത്രീകള്‍ ദുഷിക്കുന്നതോടെ ജാതി മിശ്രിതം ഉണ്ടാകുന്നു. ജാതി സങ്കരങ്ങളുടെ പെരുപ്പം നരകത്തിലേക്ക് എത്തിക്കുന്നു. ഇത്തരത്തിലായിരുന്നു വര്‍ണ്ണാശ്രമ ധര്‍മ്മത്തിലടിസ്ഥാനപ്പെടുത്തിയ വിശ്വാസ ധാര. അവയിലേറെയും പ്രാന്തവല്‍ക്കരിക്കപ്പെട്ട അവര്‍ണ്ണ സമൂഹങ്ങളുടേയും സ്ത്രീകളുടേയും അവകാശങ്ങള്‍ ഹനിക്കുന്നവ ആയിരുന്നു. വര്‍ണ്ണാശ്രമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരു ന്നു വിഭജനങ്ങളെല്ലാം എന്നു കാണാനാവും. കീഴാള ജാതിക്കാര്‍ മറ്റു പല മതങ്ങളിലേക്ക് മാറിപ്പൊയവേളയില്‍ അത്തരം മതങ്ങള്‍ക്കകത്തു തന്നെ വേറിട്ട അസ്തിത്വം അവര്‍ക്കായി രൂപപ്പെടുത്തപ്പെട്ടുവെന്നത് കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇക്കാലത്തും അത്തരം സ്വത്വം പേറുന്ന സമൂഹങ്ങളുണ്ട്. ജാതികള്‍ തമ്മില്‍ കൂടിക്കലരാതെയുള്ള അവസ്ഥയാണ് ശുദ്ധി എന്നു പഴയ കാലത്ത് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇക്കാലത്തെ അവസ്ഥ നോക്കുക. മനുഷ്യര്‍ അത്തരം വിചാരധാരകളെ വലിയ തോതില്‍ വിട്ട് കളഞ്ഞ് തമ്മില്‍ കൂടിക്കലര്‍ന്ന് ജീവിക്കുന്നു. വിവാഹിതരാകുന്നു. അവര്‍ മാതാപിതാക്കളാവുന്നു. കുട്ടികള്‍ അവരുടെ വിശ്വാസങ്ങള്‍ക്കും വിശ്വാസമില്ലായ്മകള്‍ക്കും ഒക്കെ ചേര്‍ന്ന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ആധുനിക പൗരസമൂഹമായി നമ്മള്‍ പരിണമിച്ചിരിക്കുന്നു. ഇതിനിടയിലും ആചാരവും ശുദ്ധിയും ഒക്കെ ജീവത്തായ ചര്‍ച്ച വിഷയങ്ങളാകുമ്പോഴും ഭരണഘടനാ ദത്തമായ അവകാശങ്ങളില്‍ ഊന്നി ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസധാരകളെ വച്ചുപുലര്‍ത്താന്‍ കഴിയുന്നു. അതിനാവാതെ വരുമ്പോള്‍ അക്കാര്യം പ്രകടിപ്പിക്കുന്നതിനും പ്രതിഫലിപ്പിക്കുന്നതിനും കഴിയുകയും ചെയ്യുന്നു. ജാതിയും ശ്രേണിയും മതവും അതിലേറെ ജാതിയും ഇവിടത്തെ സാമൂഹികമായ ശ്രേണിക്രമങ്ങളെ നിശ്ചയിച്ചതിലും നിലനിര്‍ത്തിയതിലും അധികാരത്തെ വിനിമയം ചെയ്തതിലും അത്യന്തം നിര്‍ണായകമാണ്. പഴയ കാലത്ത് വിശേഷിച്ചും. 'ജാ ഇതി' അഥവാ ഇങ്ങനെ ജനിച്ചത് എന്ന നിഷ്പത്തി ക്രമത്തിലാണ് ജാതി അഥവാ ജന്മം കൊണ്ട് എന്നു പറയുന്നതെന്ന് ഡോ. ആര്‍. ഗോപിനാഥന്‍ 'കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. പോര്‍ട്ടുഗീസ് സഞ്ചാരികളാണ് ഇന്ത്യയിലെ വര്‍ണ്ണ/ജാതി വ്യവസ്ഥയെ വിശേഷിപ്പിക്കുന്നതിനായി കാസ്റ്റ് എന്ന പദം ആദ്യം ഉപയോഗിച്ചതും പടിഞ്ഞാറന്‍ ലോകത്തിന് പരിചയപ്പെടുത്തിയതും. ലാറ്റിനിലെ കാസ്തുസ് (castus)എന്ന ധാതുവില്‍ നിന്നാണ് ഈ പദം രൂപം കൊണ്ടതെന്നാണ് അനുമാനം. കാസ്തൂസ് എന്ന പദത്തിന് മിശ്രങ്ങളില്ലാത്തതെന്നോ ശുദ്ധമായതെന്നോ ഒക്കെയാണ് അര്‍ഥം. കുലീനത്വത്തെ അടയാളപ്പെടുത്തുന്ന ശുദ്ധരക്തം എന്ന പാശ്ചാത്യ സങ്കല്‍പ്പത്തില്‍ പേറി നില്‍ക്കുന്നതാണ് കാസ്തുസ്. ഐബീരിയന്‍ മേഖലയിലെ ആളുകളില്‍ ഉന്നത കുലജാതരെ വിശേഷിപ്പിക്കുന്നതിനുപയോഗിക്കു ന്ന കാസ്റ്റ എന്ന പദം പോര്‍ട്ടുഗീസ് ഭാഷയിലും സ്പാനിഷ് ഭാഷയിലും ഒക്കെ പണ്ടുമുതലേ പ്രചുരപ്രചാരത്തിലുണ്ടായിരുന്നു . പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇവിടത്തെ സാമൂഹ്യശ്രേണി വ്യവസ്ഥയേയും അവര്‍ക്ക് പരിചിതമായ പദത്തിലൂടെ വിശേഷിപ്പിക്കുകയും അത് പിന്നീട് പാശ്ചാത്യര്‍ അപ്പാടെ സ്വീകരിക്കുകയും ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായി തീരുകയും ചെയ്തിരിക്കണം. പാശ്ചാത്യരുടെ ഉന്നത കുലാജതത്വവും ഇവിടത്തെ വര്‍ണ്ണ വ്യവസ്ഥയും തമ്മില്‍ അടിസ്ഥാന പരമായ ഭിന്നതകള്‍ ഏറെയുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഗോത്ര സൂചകങ്ങളായും വംശ സൂചകങ്ങളായും ഈ പദം ഉപയോഗിച്ച് പോരുന്നു.

ജാതി ലോകത്തിന്റെ പല ഭാഗത്തും ഉണ്ടെങ്കിലും ജാതി വ്യവസ്ഥ എന്ന ഇന്ത്യന്‍ സാമൂഹിക സ്ഥാപനം സവിശേഷമാകുന്നു. ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായ ജാതി, ഇവിടത്തെ പ്രമുഖ ഇതര മതങ്ങളില്‍ പോലും സ്വാധീനതകള്‍ ചെലുത്തുന്നു. ഇവിടത്തെ വായുവില്‍ പോലും ജാതിയുണ്ടെന്നതാണ് വാസ്തവം. ഗോത്രങ്ങളും ജാതികളും തമ്മില്‍ പരസ്പര വ്യത്യാസമില്ലെന്നും അവ ഒന്നിന്റെ തന്നെ ഭാഗങ്ങളാണെന്നും സാമൂഹിക ചിന്തകരില്‍ പലരും നിരീക്ഷിച്ചിട്ടുണ്ട്. ജാതികള്‍ ഇന്ത്യയുടെ 'സംഘ സ്വത്വ'ങ്ങളാണെന്ന് റൊമിലാ ഥാപ്പറിനെ ഉദ്ധരിച്ച് ഡോ. ആര്‍. ഗോപിനാഥന്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സമൂഹം ജാതിയില്‍ അധിഷ്ഠിതമാകണമെങ്കില്‍ മൂന്നു ഉപാധികള്‍ വേണമെന്ന് റൊമില ഥാപ്പര്‍ വിശദീകരിക്കുന്നതായും അദ്ദേഹം എഴുതുന്നു. '' ഒന്ന്, ആ സമൂഹത്തില്‍ സാമൂഹികാസമത്വങ്ങള്‍ അടയാളപ്പെടുത്തണം. രണ്ട്, ആ സമൂഹത്തിനകത്തുള്ള സാമ്പത്തിക സ്രോതസ്സുകള്‍ വ്യത്യസ്ത കൂട്ടങ്ങള്‍ക്ക് വ്യത്യസ്ത അളവുകളിലായിരിക്കണം ലഭിക്കുന്നത്. മൂന്ന്, അസമത്വങ്ങളെ ന്യായീകരിക്കുന്നതും സൈദ്ധാന്തികമായി തിരിച്ചിടാനാകാത്തതുമായ ഒരു ശ്രേണിയുണ്ടായിരിക്കുകയും അതിലെ ഏറ്റവും ഉന്നതമായ സ്ഥാനം പ്രകൃത്യതീതമായ അധികാരം ഉപയോഗിച്ച് അവകാശപ്പെടുകയും വേണം''. ജാതിയുടെ മൗലിക സ്വഭാവങ്ങള്‍ ഇവയാണെന്നും കുലത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിത സമൂഹങ്ങളിലും ഇവയുണ്ടാകാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു: ''ഒരു പ്രത്യേക കൂട്ടത്തിലെ അംഗത്വ മുറപ്പാക്കുന്ന ജനനം എന്നതാണ് ജാതിയുടെ അക്ഷരാര്‍ഥവും പ്രക്രീയാര്‍ഥവും; കൂട്ടത്തില്‍ പദവിയും അതോടെ നിര്‍ണയിക്കപ്പെടുന്നു. വിവാഹ ബന്ധുത്വത്തിന്റെ പരിധികള്‍ നിര്‍ണയിക്കുന്നതും സ്വത്തവകാശങ്ങള്‍ നിശ്ചയിക്കുന്നതും അതുതന്നെ. ഭാഷാവ്യത്യാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയോടു കൂടിയ സ്വന്തമായ സാംസ്‌കാരിക സ്വത്വങ്ങള്‍ ക്രമത്തില്‍ ഉരുവപ്പെടുത്തുന്ന സത്തകളാവുന്നു ജാതികള്‍. തൊഴില്‍ പദവി സൂചിതമാകുന്നുവെന്നതാണ് കുലങ്ങളും ജാതികളും തമ്മിലുള്ള വ്യത്യാസം'' ആര്യാധിനിവേശത്തിനു മുന്‍പ് നെഗ്രിറ്റോ വംശക്കാരും ദ്രാവിഡരും മറ്റുമായിരുന്നു കേരളത്തില്‍ താമസിച്ചിരുന്നത്. മെസപ്പൊട്ടേമിയോയില്‍ നിന്നും സിന്ധുനദീതടങ്ങളില്‍ നിന്നുമാവണം ദ്രാവിഡര്‍ കേരളത്തില്‍ എത്തിയതെന്നാണ് അനുമാനിക്കുന്നത്. ആര്യാധിനിവേശത്തിനു മുന്‍പ് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങളും അയിത്തവും ബ്രാഹ്മണമതത്തോടൊപ്പമാണ് കേരളത്തിലേക്ക് കുടിയേറിയതെന്നാണ് കരുതപ്പെടുന്നത്. ദ്രാവിഡ സംസ്‌കൃതിയില്‍ അയിത്തം എന്ന ആചാരം ഇല്ലായിരുന്നു. കേരളത്തില്‍ അപ്പാടെ 72 പ്രധാനജാതികളാണുള്ളതെന്ന പരാമര്‍ശം 'ജാതി നിര്‍ണ്ണയ'ത്തില്‍ കാണുന്നതായി 'കേരള ജാതി വിവരണം' എന്ന പുസ്തകത്തില്‍ ഡോ. നെല്ലിക്കല്‍ മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രാഹ്മണ ജാതികള്‍ എട്ട്, ന്യൂനജാതികള്‍ രണ്ട്, അന്തരാള ജാതികള്‍ 12, ശൂദ്രര്‍ 18, കൈത്തൊഴില്‍ ജാതികള്‍ ആറ്, പതിതജാതികള്‍ 10, ഇതരജാതികള്‍ എട്ട് എന്നിങ്ങനെയാണ് ആ കണക്ക്. 'പുരുഷ സൂക്ത'ത്തിലാണ് ചാതുര്‍വര്‍ണ്യ വിഷയകമായ പ്രഥമ സൂചനകള്‍ ഉള്ളതെന്നാണ് പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നത്. ദൈവത്തിന്റെ ബൃഹദ്പുരുഷ സ്വരൂപം ആയ വിരാട് പുരുഷനെ ചിത്രണം ചെയ്യുന്ന പുരുഷസൂക്തം, വിരാട് പുരുഷന്റെ മുഖമായി ബ്രാഹ്മണനേയും ബാഹുക്കളായി ക്ഷത്രീയനേയും ഊരുക്കളായി വൈശ്യനേയും പാദങ്ങളായി ശൂദ്രനേയും ദര്‍ശിക്കുന്നു. ഈശ്വര മുഖത്ത് നിന്നും ബ്രാഹ്മണനും ബാഹുക്കളില്‍ നിന്നും ക്ഷത്രീയനും തുടകളില്‍ നിന്നും വൈശ്യനും പാദങ്ങളില്‍ നിന്നും ശൂദ്രനും ഉണ്ടായതായി വിവിധ ഭാഷ്യകാരന്മാര്‍ വിശദീകരിക്കുന്നുണ്ട്. പില്‍ക്കാലത്ത് പരശതം ജാതികള്‍ ഇവിടെയുണ്ടായി. വര്‍ണ്ണങ്ങളും കലര്‍പ്പുകളും രാജകാലഘട്ടത്തിലെ ദേശ വ്യവഹാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഭരണത്തിന്റേയും കാതല്‍ തന്നെ ഹൈന്ദവമായ വര്‍ണ്ണാശ്രമങ്ങളില്‍ ആണ്ടു നിന്ന ആചാര സങ്കല്പങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. എല്ലാ നടപടികളേയും ആചാര കല്പനകള്‍ വലംവെച്ചു. മതവും ജാതിയും ഇക്കാര്യത്തില്‍ അത്യന്തം നിര്‍ണായകമായിരുന്നു. കൊളോണിയല്‍ കാലത്തെ രാഷ്ട്രീയ -ഭരണ നടപടികളില്‍ ഇതില്‍ നിന്നുള്ള വിട്ടുനടക്കലിനു പല നീക്കങ്ങളും ഉണ്ടായെങ്കിലും അവ സാധ്യമാകുന്നത് പില്‍ക്കാലത്ത് രാജ്യം ജനായത്തത്തിന്റെ വഴികളിലേക്ക് എത്തിയപ്പോള്‍ മാത്രമായിരുന്നുവെന്ന് കാണാം. ഇറാനിയന്‍ സഞ്ചാരിയായ അല്‍ബിറൂനി രേഖപ്പെടുത്തിയത് കാണുക: ''ഭരണവും മതവും കൂടി ചേര്‍ന്നാല്‍ പരമലക്ഷ്യം കൈവന്നു കഴിഞ്ഞു. തൊഴിലുകളുടെ അഭിവൃദ്ധിക്കുവേണ്ടി ശ്രദ്ധിച്ചിരുന്ന രാജാക്കന്മാരുടെ പ്രധാന ശ്രദ്ധ ആളുകളെ പല വര്‍ഗ്ഗങ്ങളും ജാതികളുമാക്കി തീര്‍ക്കുന്നതിലായിരുന്നു. അവര്‍ക്ക് അന്യോന്യം കൂടിക്കലരാന്‍ പാടുണ്ടായിരുന്നില്ല. ഓരോ വിഭാഗക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ജോലികള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. അതിരുകവിഞ്ഞു മറ്റേതെങ്കിലും വിഭാഗത്തില്‍ ചേരുന്നവരെ ശിക്ഷിച്ചിരുന്നു.'' ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശൂദ്ര വര്‍ണ്ണങ്ങളായിരുന്നു ചാതുര്‍ വര്‍ണ്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം. പിന്നീടുള്ളതു അനുലോമ വിഭാഗങ്ങളും വര്‍ണ്ണ സങ്കരങ്ങളും. ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശൂദ്ര വര്‍ണ്ണങ്ങളില്‍ നിന്നും ''വ്യഭിചാര ദോഷത്താലും ഗോത്ര വിവാഹത്താലും ജാത കര്‍മ്മാദികള്‍ നിര്‍വഹിക്കാത്തതിനാലും സങ്കരജാതികള്‍ ഉണ്ടാകുന്നു... ശുദ്രനു പ്രതിലോമമായി വൈശ്യ സ്ത്രീയില്‍ ജനിച്ച അയോഗവന്‍, ക്ഷത്രീയ സ്ത്രീയില്‍ ക്ഷത്താവ്, ബ്രാഹ്മണ സ്ത്രീയില്‍ ചണ്ഡാളന്‍, വൈശ്യനു പ്രതിലോമമായി ക്ഷത്രീയ സ്ത്രീയില്‍ മാര്‍ഗധനന്‍, ബ്രാഹ്മണ സ്ത്രീയില്‍ വൈദേഹന്‍, ക്ഷത്രീയനു ബ്രാഹ്മണ സ്ത്രീയില്‍ സുതന്‍, നിഷാദനു ശൂദ്ര സ്ത്രീയില്‍ പുല്‍കസന്‍, ശൂദ്രനു നിഷാദ സ്ത്രീയില്‍ കുക്കുടന്‍'' ഇങ്ങനെ നീളുന്നു സങ്കരങ്ങളുടെ പരമ്പര. ബ്രാഹ്മണര്‍ക്കു പ്രാമുഖ്യമുള്ള ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നാലു വര്‍ണ്ണങ്ങളിലുള്ള അംഗങ്ങള്‍ തമ്മിലുള്ള മിശ്രവിവാഹങ്ങളിലൂടെ രൂപപ്പെട്ട മിശ്ര സമൂഹത്തില്‍ നിന്നാണ് ജാതിസമ്പ്രദായത്തിന്റെ ഉല്‍പ്പത്തിയെന്ന് കരുതുന്ന പാശ്ചാത്യ ചിന്തകരുണ്ട്. പാരമ്പര്യ തത്വത്തിന്റെ അടിസ്ഥാനത്തില്‍ അടിയുറച്ച സമൂഹങ്ങളെ ഇവര്‍ വിഭജിത സമൂഹങ്ങളെന്നു വിളിക്കുന്നു. വിഭജിത സമൂഹങ്ങളില്‍ പാരമ്പര്യാവകാശം, നിയമപരമായ സംഘടിത ഘടകം മാത്രമല്ല, പ്രാഥമിക തലത്തിലുള്ള രാഷ്ട്രീയ സംഘടനയുമാണ്. പാരമ്പര്യവഴിയിലെ ഒരംഗമെന്ന നിലയിലല്ലാതെ ഒരാളിന് നിയമപരമോ, രാഷ്ട്രീയമോ ആയ ഒരു അവകാശങ്ങളുമില്ല. പാരമ്പര്യാവകാശ വ്യവസ്ഥയുടെ പശ്ചാത്തലത്തിലാണ് സമൂഹത്തിലെ രാഷ്ട്രീയ ബന്ധങ്ങള്‍ സംഭവിക്കുന്നതെന്നും ഇത്തരത്തില്‍ ചിന്തിക്കുന്ന സാമൂഹികശാസ്ത്രജ്ഞര്‍ സിദ്ധാന്തിക്കുന്നു.

ഇത്തരം സങ്കരജാതിക്കാര്‍ തികച്ചും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരാ യിരുന്നു. ഇവരുടെ തൊഴിലും താമസസ്ഥലങ്ങളും ഒക്കെ കൃത്യമായി നിര്‍വചിക്കപ്പെടുകയും ചെയ്തിരുന്നു. സൈരന്ധ്രന് അയോഗവ ജാതിക്കാരികളായ സ്ത്രീകള്‍ക്ക് എണ്ണതേപ്പും കൈകാല്‍ തിരുമലുമായിരുന്നു വിധികല്‍പ്പിതമായ പ്രവൃത്തി. മൈത്രേയന് സൂര്യോദയത്തില്‍ മണികിലുക്കി എല്ലാവരേയും വാഴ്ത്തി ഭിക്ഷയെടുക്കലും. ഇവര്‍ക്കുടുക്കാന്‍ പ്രേത വസ്ത്രം. ഭക്ഷണം എച്ചില്‍ച്ചോറ്. കാരാവരന് തോല്‍പ്പണി, വൈദേഹനും കാരാവരനും സൈരന്ധ്രനും ഗ്രാമത്തിനു പുറത്താണ് താമസിക്കേണ്ടത്. അഹിണ്ഡികന്റെ ജോലി കുറ്റവാളികളെ അടിക്കുകയും കെട്ടിയിടുകയും കൊല്ലുകയും ചെയ്യുന്ന സ്ഥലത്ത് കാവലിരിപ്പ്. അന്ത്യവസായിയുടെ പണി ചുടുകാട് സംരക്ഷിക്കലാണ്. സോപകനാണ് കൊല ചെയ്യേണ്ടത്. ഇവരെല്ലാം തന്നെ വര്‍ണ്ണാന്തരങ്ങളിലുള്ള സ്ത്രീപുരുഷ സംസര്‍ഗത്താല്‍ ജനിച്ചവരും അവരുടെ പരമ്പരകളുമായിരുന്നു. സൂതര്‍ക്ക് തേരോടിക്കല്‍, അംബഷ്ട ജാതിക്കു രണ ചികിത്സ, വൈദേഹര്‍ക്ക് അന്തപ്പുരം സൂക്ഷിക്കല്‍, മഗധര്‍ക്ക് കച്ചവടം, നിഷാദനു മീന്‍പിടുത്തം, അയോഗവാനും തച്ചപ്പണി, ക്ഷത്താവിനും ഉഗ്രനും എലി, ഉടമ്പുപിടുത്തം, ധ്വിഗ്വണന് തോല്‍വ്യാപാരം, വേണനു വാദ്യം കൊട്ടല്‍ ഇങ്ങനെ പോകുന്നു ജോലികള്‍. അനുലോമ പ്രതിലോമ ജാതികളില്‍ ജനിച്ചവര്‍ക്കുമുണ്ട് ഇത്തരം വിവേചന പൂര്‍ണമായ വിഭജനമെന്ന് പി. ഭാസ്‌ക്കരനുണ്ണി 'പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ''ബ്രാഹ്മണനു ശൂദ്രസ്ത്രീയില്‍ ജനിച്ചവന്‍ അനുലോമ ജാതിയില്‍ ജനിച്ചവനെങ്കിലും സത്പ്രവൃത്തിമൂലം അവന്‍ ഉത്കൃഷ്ടനാകും. സത്പ്രവൃത്തി ബ്രാഹ്മണ ശുശ്രൂഷയാണ്. എന്നാല്‍ ബ്രാഹ്മണസ്ത്രീയില്‍ ശൂദ്രനു ജനിച്ചവന്‍ പ്രതിലോമജാതിജനകനാകയാല്‍ അവന്‍ ശൂദ്രനിലും നികൃഷ്ടനായിത്തീരുന്നു.'' ബ്രാഹ്മണേതര ജാതികളില്‍ ബ്രാഹ്മണ സംസര്‍ഗം ന്യൂനതയുണ്ടെങ്കിലും ഉത്തമമാകുന്നു, പരിഹരിക്കപ്പെടാവുന്നതും ആണ്. ബ്രാഹ്മണസ്ത്രീയില്‍ ബ്രാഹ്മണേതര സംസര്‍ഗം അധമത്തിലും അധമം. ഈ വിധിയിലെ സാമൂഹ്യപാഠം സ്വയം വെളിവാക്കുന്നുണ്ടല്ലോ? ഇത്തരം അന്തരാളജാതിക്കാരുടെ താമസസ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടാത്ത ഇടങ്ങളിലും ജാതീയ സ്വത്വം തിരിച്ചറിയപ്പെടാവുന്ന തരത്തിലും ആയിരിക്കണമെന്നതുമായിരുന്നു വിധി. ഇത്തരം വിധികളും വിധി നടത്തിപ്പുകളുമായിരുന്നു പഴയ കാല സമൂഹങ്ങളിലെ ആചാരങ്ങളെ നിശ്ചയിച്ചിരുന്നത്. അവയില്‍ ഏറിയ പങ്കും അപ്രത്യക്ഷമായി കഴിഞ്ഞുതാനും. (അടുത്തലക്കം: ആചാരങ്ങളുടെ ഉള്‍ത്തലം)

ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം

മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്?- മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍

,

അരിയാഹാരം കഴിക്കുന്ന മലയാളി ആഹാരമെന്ന അധികാരം, പദവി, വിശ്വാസം പുല്ലുമാടങ്ങള്‍, നാലുപുരകള്‍, ലംബനിര്‍മിതികള്‍; മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങള്‍ നവോത്ഥാനം ശുദ്ധി വരുത്തിയ മലയാളിയുടെ കുളി മുടിക്കെട്ടിലും കുറിയിലും വിളങ്ങി നില്‍ക്കുന്നത് എന്താണ് രാമ വിലക്ക്? വട്ടവര വരച്ചു നിര്‍ത്തിയ മലയാളിയുടെ ന്യായ നടത്തിപ്പിന്റെ പഴയകാലം

അവലംബം:

1. Castes of Mind- Nicholas Dirks, Princeton University Press, NewJersey 2. CASTE, Its Twentieth Century Avatar-Ed; M.N.Srinivas, Penguin Books, 3. Collected Essays- M.N.Srinivas,Oxford University Press 4. കേരള ജാതി വിവരണം- ഡോ. നെല്ലിക്കല്‍ മുരളീധരന്‍, റെയിന്‍ബോ ബുക്‌സ്, ചെങ്ങന്നൂര്‍ 5. കേരളത്തിന്റെ ഗോത്ര വര്‍ഗ പൈതൃകം-ഡോ. ആര്‍. ഗോപിനാഥന്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 6. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 7. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 8. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്ട്ട്, തിരുവനന്തപുരം (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories