TopTop
Begin typing your search above and press return to search.

രണ്ടു തവണ നഷ്ടപ്പെട്ട പദവിയാണത്, 2021ൽ രാകേഷ് അസ്താന സിബിഐ ഡയറക്ടറാകുമോ? രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഏറ്റുമുട്ടിയപ്പോള്‍ വെളിപ്പെട്ട സത്യങ്ങള്‍

രണ്ടു തവണ നഷ്ടപ്പെട്ട പദവിയാണത്, 2021ൽ രാകേഷ് അസ്താന സിബിഐ ഡയറക്ടറാകുമോ? രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഏറ്റുമുട്ടിയപ്പോള്‍ വെളിപ്പെട്ട സത്യങ്ങള്‍

മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ എ കെ ബസ്സിയും ഏറെ ആഘോഷിക്കപ്പെട്ട സിബിഐ അന്വേഷകന്‍ സതീഷ് ദാഗറും സിബിഐ മുന്‍ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് അഴിമതി കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന ഡല്‍ഹി കോടതിയില്‍ വെച്ച് ഏറ്റുമുട്ടി.

കുറ്റപത്രം നല്‍കണമെങ്കില്‍ തെളിവ് വേണമെന്ന് പോരടിക്കുന്നതിനിടയിലും അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് ദാഗറിന് അറിയാമായിരുന്നു. അതേസമയം ബസ്സി ആശ്രയിച്ചത് ഇന്റലിജന്‍സ് വിവരശേഖരണത്തില്‍ പെട്ട മൊഴികളെയും കേട്ടുകേള്‍വികളേയും ആയിരുന്നു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയും സ്‌പെഷല്‍ ഡയറക്ടര്‍ ആയിരുന്ന രാകേഷ് അസ്താനയും തമ്മില്‍ 2018ല്‍ പരസ്യമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയ സി ബി ഐ vs സി ബി ഐ കേസിന്റെ തുടര്‍ ഭാഗമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കോടതി രംഗങ്ങള്‍. അതേ സമയം രണ്ടു പേരും അന്വേഷണത്തില്‍ ഇടപെട്ടു എന്നു ആരോപണം ഉന്നയിച്ച മാംസ കയറ്റുമതിക്കാരന്‍ മോയിന്‍ ഖുറൈഷിയുടെ കേസ് നിരവധി വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.

അവസാന ദിവസം സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രാകേഷ് അസ്താനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ക്ലീന്‍ ചിറ്റ് നല്‍കുന്നതിന് മുമ്പ് എന്തുകൊണ്ട് അസ്താനയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും മറ്റും വിധേയനാക്കിയില്ല എന്ന് പ്രത്യേക സിബിഐ ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ ചോദിച്ചിരുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ കെ ബസ്സിയെ കോടതിയില്‍ വിളിച്ചുവരുത്തുകയും അന്വേഷണത്തിലുള്ള എതിര്‍ വാദങ്ങള്‍ കോടതിക്ക് മുന്‍പാകെ നിരത്താനും ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്തതിലൂടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും നിലവിലുള്ള ഉദ്യോഗസ്ഥനും തമ്മിലുള്ള അത്യപൂര്‍വ്വമായ ഏറ്റുമുട്ടലിനാണ് ജഡ്ജി കളമൊരുക്കിയതെങ്കിലും തമ്മിലടി ആരംഭിച്ചയുടനെ അയാള്‍ അതില്‍ ഖേദിക്കുക തന്നെ ചെയ്തു. ജഡ്ജി പറഞ്ഞു, "നിങ്ങളെ രണ്ട് പേരേയും ആവശ്യമുള്ളപ്പോള്‍ വിളിപ്പിക്കാം, പക്ഷേ ഒരുമിച്ച് വിളിപ്പിക്കില്ല."

രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന അഭിഭാഷകരെപ്പോലെ ഏറ്റുമുട്ടുകയും അമ്പുകള്‍ തൊടുക്കുകയും ചെയ്തപ്പോള്‍ കോടതിമുറിയില്‍ അഭിഭാഷകര്‍ കാഴ്ചക്കാരായി. ബസ്സി, ദാഗറിനെ വ്യക്തിപരമായ പരാമര്‍ശങ്ങളുമായി ആക്രമിക്കുകയും ക്ഷോഭജനകമായ ചില അവകാശ വാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) സിറ്റിംഗ് ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയല്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇടയില്‍ കടന്നുവന്നു. "കോടതിയില്‍ വിഴുപ്പലക്കരുത്. നിങ്ങള്‍ ഇപ്പോളും സിബിഐയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ വിശ്വാസ്യത പ്രധാനമാണ്", ജസ്റ്റിസ് അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. ഓഫീസ് രാഷ്ട്രീയവും സര്‍വീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും കോടതിക്കകത്തേക്ക് കൊണ്ടുവരരുത് എന്ന് എ കെ ബസ്സിയോട് ജസ്റ്റിസ് അഗര്‍വാള്‍ പറഞ്ഞു.

കേസിലെ പല വിവരങ്ങളും താന്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്ന് എ കെ ബസ്സി അവകാശപ്പെട്ടു. എട്ട് പേജുള്ള കുറിപ്പായി ഈ വിവരങ്ങള്‍ സതീഷ് ദാഗറിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ദാഗര്‍ ഇത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയില്ല. ഇതിലൊന്ന് കൈക്കൂലി കേസിലെ പ്രതി മനോജ് പ്രസാദുമായുള്ള അസ്താനയുടെ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ടായിരുന്നു. അസ്താനയുടെ ഫോണില്‍ കുറ്റാരോപണങ്ങള്‍ തെളിയിക്കുന്ന തരത്തില്‍ മതിയായ വിവരങ്ങളുണ്ടെന്ന് ബസ്സിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ തനിക്ക് അറിയാമെന്ന് അയാള്‍ പറഞ്ഞില്ല. നിരീക്ഷണാനുമതിയുള്ള ഫോണുകളിലെ 11,381 കോള്‍ ട്രാന്‍സ്‌ക്രിപ്റ്റുകളും വിവരങ്ങളും മറ്റും സിബിഐ പരിശോധിച്ചതായി ദാഗര്‍ പറഞ്ഞു. "ഇത് കൂടാതെ 9000 മറ്റ് രേഖകളും പരിശോധിച്ചു. എന്നാല്‍ ബസ്സി പറയുന്നതിന് ഉപോല്‍ബലകമായ യാതൊരു രേഖകളുമില്ല. വെറും കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലുള്ളതാണവ." ദാഗര്‍ കോടതിയില്‍ പറഞ്ഞു. തന്നെ അന്വേഷണത്തില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ദാഗര്‍ ബസ്സിക്ക് ആറ് തവണ നോട്ടീസ് നല്കിയിരുന്നു എങ്കിലും ബസ്സി അതിനു തയ്യാറാവുകയുണ്ടായില്ല എന്നുമാത്രമല്ല പകരം സി ബി ഐ ചോദ്യാവലി അയച്ചുതരണം എന്നാണ് ആവശ്യപ്പെട്ടത്. ഒരു അന്വേഷണ ഉദ്യോഗസ്ഥനും അനുവര്‍ത്തിക്കാത്ത രീതിയാണിത്.

ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് ആശ്രമത്തില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസടക്കമുള്ളവയില്‍ അന്വേഷണം നടത്തിയത് സതീഷ് ദാഗറാണ്. ഗുര്‍മീതിന്റെ ബലാത്സംഗങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസും. വര്‍ഷങ്ങളായി യാതൊരു പുരോഗതിയുമുണ്ടാകാത്ത മോയിന്‍ ഖുറേഷി കേസും അന്വേഷിച്ചത് ദാഗറാണ്. കേസില്‍ നിന്ന് രക്ഷപ്പെടാനായി മോയിന്‍ ഖുറേഷി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്നാണ് സി ബി ഐ സംശയിക്കുന്നത്. കൈക്കൂലി പണം ഹാവല ഇടപാടിലൂടെയാണ് കൈമാറ്റം ചെയ്തത് എന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംശയിക്കുന്നത്.

മോയിന്‍ ഖുറേഷി കേസിന്റെ നില ഇപ്പോളെന്താണ് എന്ന് ജസ്റ്റിസ് സതീഷ് അഗര്‍വാള്‍ ദാഗറിനോട് ചോദിച്ചു. "ഈ കേസുകളാണ് മറ്റെല്ലാ കേസുകളുടേയും സ്രോതസ്സ്. സിബിഐയുടെ രണ്ട് കാവല്‍മാലാഖകള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യം മറക്കരുത് - എ പി സിംഗും രഞ്ജിത്ത് സിന്‍ഹയും."

അസ്താനയ്‌ക്കെതിരായ കേസില്‍ പരാതിക്കാരന്‍ ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ സതീഷ് സന ബാബുവാണ്. ഇയാള്‍ മോയിന്‍ ഖുറേഷിയുടെ കേസില്‍ സംശയ നിഴലിലുള്ള ആളാണ്. ഖുറേഷിയുടെ ബിസിനസ് പങ്കാളിയാണ് സതീഷ് ബാബു എന്ന് പറയുന്നു. ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ ബാബുവിന്റെ പിന്നാലെ പോയാല്‍ അത് അസ്താനയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പോലെയാകും - ദാഗര്‍ പറഞ്ഞു. അസ്താനയ്‌ക്കെതിരായ കേസ് ബാബുവിന്റെ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. 2018 ഒക്ടോബറില്‍ സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ബാബു രേഖാമൂലം ആരോപണങ്ങളുന്നയിക്കുന്ന സമയത്ത് താന്‍ കൈക്കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് പറഞ്ഞില്ല. ഡല്‍ഹിയിലെ ക്രിമിനല്‍ അഭിഭാഷകനായ സുനില്‍ മിത്തല്‍ വഴിയാണ് കൈക്കൂലി നല്‍കിയത്. കൈക്കൂലി ഗൂഢാലോചന കേസിലെ മുഖ്യപ്രതി മനോജ് പ്രസാദിന്റെ ഭാര്യാപിതാവാണ് സുനില്‍ മിത്തല്‍. ജഡ്ജി ബസ്സിയോട് പറഞ്ഞു. സിബിഐ നടത്തിയ നുണപരിശോധനയ്ക്ക് സുനില്‍ മിത്തല്‍ എത്തിയത് മദ്യപിച്ചാണ് എന്ന് എ കെ ബസ്സി പറയുന്നു. ഇത് വളരെ ഗുരുതരമായ കുറ്റമാണ്. കാരണം നുണപരിശോധനയെ അട്ടിമറി ക്കാന്‍ മദ്യത്തിന് കഴിയും. അതേസമയം പോളിഗ്രാഫ് ടെസ്റ്റില്‍ എന്താണ് നടന്നത് എന്ന് ബസ്സിക്ക് എങ്ങനെ അറിയാം എന്ന് ദാഗര്‍ ചോദിച്ചു. സിബിഐയുമായി ബന്ധപ്പെട്ട് ബസ്സി ചാരപ്പണി നടത്തിയിട്ടുണ്ടോ എന്ന് ദാഗര്‍ ചോദിച്ചു. അതേസമയം താനത് വാര്‍ത്തയില്‍ കണ്ടതാണ് എന്നാണ് ബസ്സി പ്രതികരിച്ചത്. എന്നാല്‍ ഒരു മാധ്യമവും ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ദാഗര്‍ പറഞ്ഞു. ബസ്സി സിബിഐ അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണ് എന്ന് ദാഗര്‍ ആരോപിച്ചു. 2019 ജനുവരിയിലാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി നീക്കിയത്. പ്രതിപക്ഷ നേതാവും (ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി മറ്റൊരു സുപ്രീം കോടതി ജഡ്ജി എന്നിവരാണ് സമിതിയിലുള്ളത്. മറ്റൊരു വകുപ്പില്‍ നിയമിച്ചെങ്കിലും വര്‍മ അത് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പൊലീസ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട വര്‍മയ്ക്ക് വിരമിച്ചതിന് ശേഷമുള്ള എല്ലാ ആനുകൂല്യങ്ങളും നഷ്ടമായി. രാകേഷ് അസ്താന നിലവില്‍ ബ്യറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടേയും ചുമതല വഹിക്കുകയാണ്. അതേസമയം രാകേഷ് അസ്താന 2021 ഫെബ്രുവരിയില്‍ സിബിഐ ഡയറക്ടറായേക്കും എന്നൊരു സംസാരം ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥവൃത്തങ്ങള്‍ക്കിടയിലുണ്ട്-രണ്ടു തവണ അയാള്‍ക്ക് നഷ്ടപ്പെട്ട പദവിയാണത്.


Next Story

Related Stories