TopTop
Begin typing your search above and press return to search.

നടുവൊടിഞ്ഞിരിക്കുന്ന സംസ്ഥാനങ്ങളുടെ മേല്‍ 'ദൈവകൃത'ത്തിന്റെ പേരില്‍ വായ്പാഭാരം കൂടി അടിച്ചേല്‍പ്പിച്ച് കേന്ദ്രം കൈകഴുകരുത്; ഡോ. താര നായര്‍ എഴുതുന്നു

നടുവൊടിഞ്ഞിരിക്കുന്ന സംസ്ഥാനങ്ങളുടെ മേല്‍ ദൈവകൃതത്തിന്റെ പേരില്‍ വായ്പാഭാരം കൂടി അടിച്ചേല്‍പ്പിച്ച് കേന്ദ്രം കൈകഴുകരുത്; ഡോ. താര നായര്‍ എഴുതുന്നു

വളരെ വിചിത്രമായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും സാമ്പത്തികഭരണ നിര്‍വഹണവും കടന്നു പോകുന്നത്. രാജ്യത്തിന്‍റെ വളര്‍ച്ചയും വികസനവും മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുമെന്ന് കരുതാവുന്ന സൂചകങ്ങളില്‍ പലതും 2016-17 മുതല്‍ ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ താഴേക്ക്‌ വന്നു കൊണ്ടിരിക്കുകയാണ് - വ്യാവസായിക ഉത്പാദനവും, മൂലധന നിവേശവും, ബാങ്ക് വായ്പയും എല്ലാം. 2016-17 നും ഡിസംബര്‍ 2019 നും ഇടയില്‍ രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 8.1 ശതമാനത്തില്‍ നിന്നും 4.7 ശതമാനമായി കുത്തനെ കുറഞ്ഞു.. അതിനിടെയിലാണ് ഒരു വെള്ളിടി പോലെ കോവിഡ് മഹാമാരിയുടെ വരവ്. 2020 ജനുവരി-മാര്‍ച്ച്‌ ക്വാര്‍ട്ടറില്‍ വളര്‍ച്ചാ നിരക്ക് 3.1 ആയി വീണ്ടും കുറഞ്ഞു. വിവിധ ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളുടെ കണക്കിന്‍ പ്രകാരം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം പത്തു ശതമാനത്തോളം ചുരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച രേഖപ്പെടുത്തിക്കൊണ്ട്, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ 23.9 ശതമാനം വളര്‍ച്ചാ നിരക്ക് ഇടിഞ്ഞ വിവരം ഇന്നലെയാണ് പുറത്തു വന്നത്. അതായത്, 1930-കളിലെ ഗ്രേറ്റ്‌ ഡിപ്രഷന് സമാനമായ ഒരു വലിയ പ്രതിസന്ധിക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍, ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന കണക്കനുസരിച്ച് സംസ്ഥാനങ്ങള്‍ക്കാകെ ഏകദേശം 30 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. മഹാമാരിയും ലോക്ക്ഡൌണും അന്തമില്ലാതെ തുടരുന്ന അവസ്ഥയില്‍ ഈ നഷ്ടം ഗണ്യമായി കൂടിയിട്ടുണ്ട് എന്ന് വ്യക്തമാണ്. ഇത് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സഹായം കൂടിയേ തീരൂ; പ്രത്യേകിച്ചും തങ്ങളുടെ വിവേചനാധികാരം അനുസരിച്ച് ചെലവഴിക്കാൻ കഴിയുന്ന അൺടൈഡ് ഫണ്ടുകളുടെ രൂപത്തില്‍. ഫിനാന്‍സ് കമ്മീഷന്‍ ശുപാര്‍ശപ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്ര നികുതിയുടെ വിഹിതമാണ് അൺടൈഡ് ഫണ്ടുകളുടെ പ്രധാന സ്രോതസ്. കാലങ്ങളായി, നികുതി വിഹിതമായാണ് സംസ്ഥാനങ്ങളിലേക്കുള്ള മൊത്തം കേന്ദ്ര കൈമാറ്റത്തിന്റെ 80 ശതമാനത്തിലധികവും.

ജൂലൈ 2017 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിൽ എല്ലാ സംസ്ഥാനങ്ങളുടെയും ജിഎസ്ടി വരുമാനത്തിൽ 14 ശതമാനം വാർഷിക വളർച്ചാ നിരക്ക് GST (Compensation to States) Act 2017 ഉറപ്പു നൽകുന്നുണ്ട്. ഒരു സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം 14 ശതമാനത്തേക്കാൾ കുറഞ്ഞാല്‍, ആ വരുമാനനഷ്ടത്തിനു പകരമായി കേന്ദ്രം നഷ്ടപരിഹാര ഗ്രാന്റുകൾ നൽകേണ്ടതുണ്ട്. സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, പാൻ മസാല, കഫീൻ പാനീയങ്ങൾ, കൽക്കരി, ചില തരം പാസഞ്ചർ വാഹനങ്ങൾ എന്നിങ്ങനെ ചില വസ്തുക്കൾക്ക് ജിഎസ്ടി നഷ്ടപരിഹാര സെസ് ഈടാക്കിക്കൊണ്ടാണ് കേന്ദ്രം ഇതിനു വേണ്ടിയുള്ള പണം സമാഹരിക്കുന്നത്. ജിഎസ്ടി ആക്റ്റ് പ്രകാരം ഈ സെസ് വരുമാനം പ്രത്യേക നഷ്ടപരിഹാര ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടതാണ്. ഈ ഫണ്ടിൽ ലഭ്യമായ പണത്തിൽ നിന്നുമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്ന എല്ലാ നഷ്ടപരിഹാര ഗ്രാന്റുകളും അടയ്ക്കേണ്ടത്.

ഈ ഒരു പശ്ചാത്തലത്തിലാണ് ജിഎസ്ടി വരുമാനക്കമ്മിയെയും അത് സംസ്ഥാനങ്ങള്‍ക്കുയര്‍ത്തുന്ന പ്രതിസന്ധിയെയും ഇപ്പോള്‍ കാണേണ്ടത്. നിലവിലെ വ്യവസ്ഥയില്‍ ജിഎസ്ടി മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാനനഷ്ടത്തിന് പരിഹാരം രണ്ടു മാസത്തില്‍ ഒരിക്കല്‍ വീതം നല്‍കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. എന്നാൽ സാമ്പത്തിക പരാധീനത കാരണം ഈ പേയ്‌മെന്റുകൾ കഴിഞ്ഞ നിരവധി മാസങ്ങളിലും വൈകിയിരുന്നു. മഹാമാരിയും ലോക്ക്ഡൌണും പ്രശ്നത്തെ വീണ്ടും ഗുരുതരമാക്കി. വരുമാനക്കമ്മി ഏകദേശം 3 ലക്ഷം കോടി എന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ ഇതുവരെ സഞ്ചയിക്കാന്‍ കഴിഞ്ഞ നഷ്ടപരിഹാര സെസ് വെറും 65,000 കോടി രൂപയത്രേ. അതെ സമയം സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാനം കുറയുകയും അവയ്ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ഇരട്ടി ആവുകയും ചെയ്തു. കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ നികുതി വരുമാനം വര്‍ധിപ്പിക്കാനായി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ തയ്യാറാവുന്നില്ല എന്ന ആക്ഷേപവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഏതായാലും ഇങ്ങനെ ഒരിഞ്ചുപോലും മുന്നോട്ടായാന്‍ നിവൃത്തിയില്ലാത്ത, വല്ലാത്ത ഒരു പരിതസ്ഥിതിയിലാണ് റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഉപദേശിക്കുന്നത്. സ്വഭാവികമായും കോവിഡും ലോക്ക്ഡൌണും വെള്ളപ്പൊക്കവും ഒക്കെ താറുമാറാക്കിയ സമ്പദ്ഘടനകളുമായി അതിജീവനത്തിനു ബുദ്ധിമുട്ടുന്ന സംസ്ഥാനങ്ങള്‍ അതിനു തുനിയുമെന്നു കരുതുക വയ്യ.

മറ്റൊരു പ്രധാന ചോദ്യം വ്യാവസായിക മേഖലയുടെ – പ്രതേകിച്ച് ചെറുകിട വ്യാവസായിക മേഖലയുടെ – തളര്‍ച്ചക്ക് ജിഎസ്ടി അഥവാ ചരക്കു സേവന നികുതി വ്യവസ്ഥ കാരണമായിട്ടുണ്ടോ എന്നതാണ്. 2017 ജൂലൈ മാസത്തില്‍ നടപ്പില്‍ വരുത്തിയ ഈ പുതിയ വ്യവസ്ഥ തുടക്കം മുതല്‍ തന്നെ നിരവധി വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. അന്നു വരെ നിലവിലിരുന്ന പതിനഞ്ചോളം പരോക്ഷ നികുതികള്‍ക്ക് (വാറ്റ്, എക്സൈസ് ഡ്യൂട്ടി, സര്‍ചാര്‍ജുകള്‍ തുടങ്ങി) പകരമായി ഏകീകൃത നികുതി സംവിധാനം എന്ന നിലയിലാണ് ചരക്കു സേവന നികുതി അഥവാ ജിഎസ്ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് നടപ്പിലാക്കുന്നത്. ഇന്ത്യയുടേത് പോലെയുള്ള ഒരു ഫെഡറല്‍ സംവിധാനത്തെ സംബന്ധിച്ചിടത്തോളം അതുവരെ രാജ്യം തുടര്‍ന്ന് വന്ന നികുതി സമ്പ്രദായം വളരെ സങ്കീര്‍ണവും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഭാരിച്ചതും ആണെന്നുള്ള വാദമാണ് ജിഎസ്ടിക്ക് അനുകൂലമായി സര്‍ക്കാരും നികുതി വിദഗ്ദ്ധരും പ്രധാനമായും ഉയര്‍ത്തിയത്‌. ഒരൊറ്റ നികുതി നടപ്പിലാകുന്നതോടെ നാണയപ്പെരുപ്പം കുറയുമെന്നും, വ്യവസായ-വാണിജ്യ മേഖലകള്‍ ഊര്‍ജസ്വലമാകുമെന്നും, നികുതി വെട്ടിപ്പ് നിരുത്സാഹപ്പെടുത്തുന്നതിലൂടെ സാമ്പത്തിക രംഗം സുതാര്യമാവുക മാത്രമല്ല, ദേശീയവരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നും ജിഎസ്ടി വക്താക്കള്‍ വാദിച്ചു.

പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും, പ്രത്യേകിച്ചും തെക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക്, നികുതിപിരിവിന്റെയും ഉപയോഗത്തിന്റെയും കാര്യത്തില്‍ തങ്ങള്‍ അനുഭവിച്ചു പോന്നിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നത് ഒരു പ്രധാന ആശങ്കയായി. പുതിയ നികുതി സമ്പ്രദായം ആവശ്യപ്പെടുന്ന സാങ്കേതികപരിചയവും, ഔപചാരികതയും ചെറുകിട വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് തികച്ചും അന്യമാണെന്ന വസ്തുതയും, അതുകൊണ്ടുതന്നെ ഔപചാരിക-സംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ സ്ഥാപനങ്ങളിലേക്ക് മാത്രമായി ജിഎസ്ടിയുടെ നേട്ടങ്ങള്‍ കേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യതയും ചര്‍ച്ച ചെയ്യപ്പെട്ടു.

ജിഎസ്ടി നടപ്പില്‍ വരുത്താന്‍ ആരംഭിച്ച മാസങ്ങളില്‍ തന്നെ പുതിയ നികുതി വ്യവസ്ഥയുടെ പഴുതുകള്‍ പലതും കാണാനായി. ഒരു കമ്പ്യൂട്ടര്‍ പോലും സ്വന്തമായില്ലാത്ത വളരെ ചെറിയ അനൌപചാരിക യൂണിറ്റുകളും മറ്റും compliance എന്ന കീറാമുട്ടിയില്‍ തട്ടി വീഴുന്ന കാഴ്ച പലയിടങ്ങളിലും വാര്‍ത്തയായി. വലിയ കമ്പനികൾ ജിഎസ്ടി മാനദണ്ഡങ്ങള്‍ പാലിക്കുന്നവരില്‍ നിന്നു മാത്രം ചരക്കു വാങ്ങാന്‍ നിർബന്ധിതരായതോടെ, വിതരണ ശൃംഖലയിലെ ഒന്നിലധികം നോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിൽ വളരെ നിർണായക പങ്ക് വഹിക്കുന്ന ചെറുകിട ഡീലർമാർ വിപണിയില്‍ നിന്നു തന്നെ പുറത്തായി. ഇത് അസംഘടിത മേഖലയില്‍ ഉത്പാദിക്കപ്പെടുന്ന പല വസ്തുക്കളുടെയും വിതരണ ചാനലുകളെ വല്ലാതെ ഞെരുക്കി. നികുതി അടച്ചു തുടങ്ങിയ ചെറിയ യൂണിറ്റുകൾക്കാവട്ടെ - പ്രത്യേകിച്ചും വിതരണ ശൃംഖലയുടെ അപ്‌സ്ട്രീമിൽ പ്രവർത്തിക്കുന്നവർ - ഇൻപുട്ട്-റീഫണ്ട് ലഭിക്കുന്നതിനായി ദീര്‍ഘകാലം കാത്തിരിക്കേണ്ടതായി വന്നു. അതു ബിസിനസ്സുകളുടെ അതിജീവനത്തെ തന്നെ ബാധിച്ചു. ഇതിനെല്ലാം ഉപരിയായി, വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത, പരസ്പര വിശ്വാസത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ബിസിനസ്‌ സംസ്കാരത്തിനു പലയിടങ്ങളിലും സാരമായ ക്ഷയം സംഭവിച്ചു. വ്യവസ്ഥിതമായ പഠനങ്ങള്‍ ഒന്നും തന്നെ ഇനിയും നടന്നിട്ടില്ലെങ്കിലും, ചെറുകിട വ്യവസായ മേഖലയിലെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ വലിയ മാന്ദ്യം സൂചിപ്പിക്കുന്നത് ഈ കാലത്തിനിടയില്‍ നടപ്പാക്കിയ പല പദ്ധതികളും ഫലപ്രദമായില്ല എന്ന് തന്നെയാണ്.

ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും, വ്യാവസായിക രംഗത്ത് നേരിടുന്ന വലിയ തളര്‍ച്ചയും മുഴുവനായും ഒരു മഹാമാരിയുടെ പ്രത്യാഘാതങ്ങളാണെന്ന് തീര്‍ച്ചയായും കരുതാനാവില്ല. എല്ലാം 'ദൈവകൃതം' എന്ന് കരുതി, ഉത്തരവാദിത്തമെല്ലാം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് മാറ്റുകയല്ല, മറിച്ച് നഷ്ടപരിഹാര വിഹിതം ന്യായമായ രീതിയില്‍ വിതരണം ചെയ്യാന്‍ ആവശ്യമായ ധനവിഭവം കണ്ടെത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. റിസര്‍വ് ബാങ്കില്‍ നിന്നും വായ്പയെടുക്കുകയാണ് ഒരു പ്രധാന പോംവഴിയെങ്കില്‍ പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത് പോലെ അതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്‍റെതു തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ഡോ. താര നായര്‍

ഡോ. താര നായര്‍

പ്രൊഫസര്‍, ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ്റ് റിസര്‍ച്ച്, അഹമ്മദാബാദ്

Next Story

Related Stories