TopTop
Begin typing your search above and press return to search.

സൈബര്‍ ആക്രമണത്തിലെ ഇരകളും വേട്ടക്കാരും, കൈവിട്ട കളിയാകുന്ന സിപിഎം-മാധ്യമ പോര്

സൈബര്‍ ആക്രമണത്തിലെ ഇരകളും വേട്ടക്കാരും,   കൈവിട്ട കളിയാകുന്ന സിപിഎം-മാധ്യമ പോര്

കോവിഡ് മഹാമാരിക്കും മഴ ദുരന്തങ്ങൾക്കും ഇടയിൽ നമ്മുടെ കൊച്ചു കേരളത്തിൽ ഒട്ടും അഭിലഷണീയമല്ലാത്ത ചിലതു നടക്കുന്നു എന്നൊരു പരാതിയാണ് ഇക്കഴിഞ്ഞ ദിവസം കേരള പത്ര പ്രവർത്തക യൂണിയൻ ഉന്നയിച്ചത്. ഒരു വനിത അടക്കമുള്ള ചില മാധ്യമ പ്രവർത്തകരെ സർക്കാർ അനുകൂല സൈബർ ഗുണ്ടകൾ വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്നുവെന്നും സാമൂഹിക മാധ്യമ ഇടം അപകീർത്തി പ്രചാരണത്തിനു വേദിയാക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കണമെന്നുമാണ് യൂണിയൻ പ്രസിഡണ്ട് കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും മുഖ്യമന്ത്രിക്കും ഡി ജി പി ക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇങ്ങനെ ഒരു പരാതി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതായും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു വായിച്ചപ്പോൾ ചെണ്ട ചെന്നു മദ്ദളത്തോടു പരാതി പറയുന്ന ഒരു ഫീലാണ് ആദ്യം ഉണ്ടായത്. സൈബർ ആക്രണം കൂടാതെ ചാനൽ ചർച്ചകളിലും സ്വന്തം ഭാര്യയും മകളുമൊക്കെ വലിച്ചിഴക്കപ്പെടുന്നതു കണ്ടു മനം മടുത്ത ഒരാളോടാണ് 'ദേ നിങ്ങളെ ഞങ്ങ തോണ്ടീന്നും പറഞ്ഞു ഞങ്ങളെ കൊത്തുന്നു' എന്നു പറയുന്നതുപോലെ ഒന്നായെ ആദ്യം തോന്നിയുള്ളൂ. എന്നാൽ അടുത്ത നിമിഷം തന്നെ ഇതു പിണറായി വിജയന്റെ മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ കാര്യത്തിലും ബാധമാകമായിരുന്നില്ലേ എന്നും ചിന്തിച്ചു പോയി. അത്തരം ചിന്തകൾക്കു താൽക്കാലിക വിട ചൊല്ലിക്കൊണ്ട് മാധ്യമ സുഹൃത്തുക്കളുടെ പരാതി സംബന്ധിച്ച ഇന്നത്തെ ചില പത്ര വാർത്തകളിലേക്കു ഒരു തിര നോട്ടം നടത്തുന്നു;

'സർക്കാരിനെതിരായ ഗൂഢാലോചന ആരോപിച്ചു കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് സി പി എം അനുഭാവികളും മറ്റും മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം ശക്തമാക്കിയത്. ഇതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ആരോഗ്യകരമായ സംവാദം നടക്കട്ടെയെന്നും അനാരോഗ്യകരമായി പോകേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു' എന്ന് മലയാള മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു.

പ്രസ്തുത റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: 'ഞാൻ മാധ്യമ പ്രവർത്തകരെ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല. നിങ്ങൾ വ്യക്തിപരമായി തെറ്റ് ചെയ്തു എന്നു പറയുന്നില്ല. ചില മാധ്യമങ്ങൾ നിക്ഷിപ്ത താത്പര്യമനുസരിച്ചു നിലപാടെടുക്കുന്നു എന്നാണു പറഞ്ഞത്. എനിക്കെതിരെ മാധ്യമ വിമർശനം എത്രയോ കാലമായുണ്ട്. തിരെഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മാധ്യമങ്ങളുടെ വഴി തിരിച്ചു വിടലിനെയാണു വിമർശിച്ചത്. വിമർശിച്ച നിങ്ങളെ കൈകാര്യം ചെയ്യണം എന്ന സമീപനം ഞാനോ ഞങ്ങളുടെ ആളുകളോ എടുത്തിട്ടുണ്ടോ?'- മുഖ്യമന്ത്രി ചോദിച്ചു. ഇതേ വാർത്തയിലൂടെ തന്നെ അല്പദൂരം കൂടി സഞ്ചരിച്ചാൽ മാത്രമേ മാധ്യമ പ്രവർത്തകരുടെയും കേരള പത്ര പ്രവർത്തക യൂണിയന്റെയും പരാതിയുടെ ഗുട്ടൻസ് പിടികിട്ടൂ. ആയതിനാൽ മേൽ സൂചിപ്പിച്ച പത്ര വാർത്തയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഇവിടെ കുറിക്കുന്നു;

'സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാർ രാഷ്ട്രീയമായ പരസ്യ പ്രസ്താവന നടത്താൻ പാടില്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോൾ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി മാധ്യമ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു സൈബർ ആക്രമണ നിർദ്ദേശം പോകുന്നതും മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ പരോക്ഷമായി ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'എന്റെ പ്രസ് സെക്രട്ടറിയും ഒരു മാധ്യമ പ്രവർത്തകനാണ്. നിങ്ങൾ തമ്മിൽ സംവാദം ഉണ്ടെങ്കിൽ ആരോഗ്യകരമായി സംവദിച്ചു തീർക്കുന്നതാണു നല്ലത്. സൈബർ ആക്രമണവും ആരോഗ്യകരമായ വിമർശനവും സംവാദവും അഭിപ്രായം പറയുന്നതുമെല്ലാം വ്യത്യസ്തമാണ്. നിങ്ങൾക്ക് ആക്ഷേപമായി തോന്നുന്ന കാര്യങ്ങൾ ഇതിൽ ഏതു പട്ടികയിലാണു പെടുന്നതെന്നു നോക്കട്ടെ' - മുഖ്യമന്ത്രി പറഞ്ഞു.

'വനിതകളെ അടക്കം അധിക്ഷേപിക്കുന്നതാണോ സംവാദം' എന്ന ചോദ്യത്തിനു 'ഞാൻ പറയേണ്ടതു പറഞ്ഞു' എന്നായിരുന്നു മറുപടി. ചോദ്യം ചോദിക്കുന്നവർക്കെതിരെ മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ നടത്തിയ ആക്രമണമല്ലേ അങ്ങയുടെ ആരാധകർക്കു സൈബർ ആക്രമണത്തിനു പ്രേരണയാവുന്നതെന്ന ചോദ്യത്തിനു വസ്തുതകളെ വസ്തുതയായി കാണണമെന്നും തെറ്റായി ചിത്രീകരിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ ആ വഴിക്കു പറയണമെന്നുമായിരുന്നു പ്രതികരണം.

മനോരമ വാർത്ത ഇവിടെ അവസാനിക്കുന്നുമ്പോൾ ഈ വിഷയത്തെ പരാമർശിക്കാതെ തന്നെ സി പി എം മുഖപത്രമായ 'ദേശാഭിമാനി നൽകിയ ഒരു വാർത്തകൂടി ശ്രദ്ധിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. 'വളച്ചൊടിക്കാൻ ഉപജാപക സംഘം' എന്ന തലക്കെട്ടിൽ ഉള്ള വാർത്ത ഇങ്ങനെ: 'അതിരാവിലെ എരിവും പുളിയും ചേർത്തു സർക്കാർ വിരുദ്ധ 'ഫേസ്ബുക് പോസ്റ്റ്'. മണിക്കൂറുകൾക്കുള്ളിൽ അതിനെ ആസ്പദമാക്കി ചാനലുകളിൽ ബ്രേക്കിംഗ്. മിനിറ്റുകൾക്കുള്ളിൽ വാട്സാപ്പുകളിലേക്കു നുണകളുടെ ഒഴുക്ക്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനടയിൽ ചില പ്രത്യേക മാധ്യമ പ്രവർത്തകർക്ക് ചോദ്യങ്ങളും ഉപചോദ്യങ്ങളും. അവർക്കു ചോദ്യങ്ങൾ ചോദിക്കുകയെ വേണ്ടൂ. ബാക്കിയെല്ലാം പി ആർ ഏജൻസി ചുമതലയാണ്. ഒരു കേന്ദ്രത്തിലിരുന്നു ഒരേ വാർത്തകൾ പലർക്കും കൈമാറിയിരുന്ന രീതി പഴയ കഥയാണ്. ഇപ്പോൾ
പ്രൊഫഷണൽ മികവോടെയുള്ള വാർത്ത ചമക്കലും കൈമാറ്റവുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയന്ത്രണത്തിലുള്ള ഒരു ഓൺലൈൻ ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ലക്ഷക്കണക്കിനു രൂപയാണ് ഇതിനായി ചെലവിടുന്നത്. നഗര ഹൃദയത്തിൽ കൂറ്റൻ കെട്ടിടം വാടക്കെടുത്തു മാധ്യമങ്ങളിൽ നിന്നു വിരമിച്ചവരും രാജിവെച്ചവരുമായ വലിയ സംഘത്തെ വൻ തുക പ്രതിഫലം നൽകി ഈ ഉപജാപക സംഘത്തിൽ കണ്ണിയാക്കിയിട്ടുണ്ട്'.

ഈ രണ്ടു വാർത്തകളും കൂട്ടിവായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നുണ്ട്. അതായതു മുഖ്യമന്ത്രിയെയും അദ്ദഹത്തിന്റെ പാർട്ടിയെയും വേണ്ടതിനു മാത്രമല്ല വേണ്ടാത്തതിനും 'മാധ്യമ പരിരക്ഷ' എന്ന കവചം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിമർശിക്കുന്ന ഒരു പ്രവണത ഉടലെടുത്തിരിക്കുന്നു എന്നതും ഇതു മറുചേരിക്ക് തീരെ സുഖിക്കുന്നില്ല എന്നതുമാണത്. ഇപ്പോൾ തങ്ങളിൽ ചിലർക്കു മുറിവേറ്റുവെന്നു ആവലാതിപ്പെടുന്ന മാധ്യമ പ്രവർത്തകരിൽ പലരുടെയും ഫേസ് ബുക്ക് വാളുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് ഇവർ മാധ്യമ ധർമം വെടിഞ്ഞു തങ്ങൾക്കു ഇഷ്ടമില്ലാത്തവരെ മാത്രമല്ല അവരുടെ കുടുംബങ്ങളെപോലും ദ്രോഹിക്കാൻ പോന്ന കാര്യങ്ങളിൽ അഭിരമിക്കുന്നവർ തന്നെയാണ് എന്നതു കൂടിയാണ്. ചിലർ ആത്മസംതൃപ്തിക്കുവേണ്ടി ചെയ്യുമ്പോൾ മറ്റുചിലർ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവരെ സുഖിപ്പിക്കാനും അതുവഴി ഉയർച്ച കൈവരിക്കാനും വേണ്ടി അതു ചെയ്യുന്നു എന്നു മാത്രം.

എന്നുകരുതി ഇതൊരു നിസ്സാര പ്രശ്നം എന്നു പറഞ്ഞു തള്ളിക്കളയാൻ പറ്റുന്ന കാര്യമല്ല. ഭരണത്തിൽ ഇരിക്കുന്നവരും പൊതുപ്രവർത്തനം നടത്തുന്നവരും വിമർശനങ്ങൾക്കു അതീതരല്ല എന്ന കാര്യം അവർ തിരിച്ചറിയേണ്ടതുണ്ട്. അതേപോലെ തന്നെ നേരിട്ടുള്ള സംവാദങ്ങൾ ഒഴിവാക്കി ചാവേർ പണി നടത്തുന്നത് ഉത്തമ മാധ്യമ പ്രവർത്തനം അല്ലെന്നു തൊഴിലിനു പുറത്തെ 'തൊഴിലിൽ' ഏർപ്പെടുന്ന മാധ്യമ പ്രവർത്തകരും തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നൊക്കെ പറയപ്പെടുന്ന നമ്മൾ വിമർശിക്കാൻ യോഗ്യർ എന്നതുപോലെ തന്നെ വിമര്‍ശിക്കപ്പെടാനും യോഗ്യർ ആണെന്ന ബോധ്യം ഇനിയെങ്കിലും ഉണ്ടാവണ്ടേതുണ്ട്. മാധ്യമ പ്രവർത്തനം വെറും പിള്ളേരുകളിയോ ചാവേർ ഏർപ്പാടോ അല്ല. സ്തുതി പാടലും അതിരുവിട്ട വിമർശനവും പാർട്ടി പത്രങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നവർക്ക് വിട്ടുകൊടുക്കുക. സ്വന്തം തട്ടകം വിട്ടു സമൂഹ മാധ്യമങ്ങളിൽ കയറി ഇഷ്ടമില്ലാത്തവരെ മാത്രമല്ല അവരുടെ കുടുംബങ്ങളെക്കൂടി തെറിവിളിക്കുന്ന സൈബർ ആഘോഷ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുക എന്ന ഒരു ചെറിയ ഉപദേശം മാത്രമേ ഇക്കാര്യത്തിൽ തല്ക്കാലം നൽകാനുള്ളൂ. വിട്ടുകൊടുക്കുകയും ക്രിയാത്‌മക വിമർശനത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതു കേവലം പ്രായോഗിക ബുദ്ധി മാത്രമല്ല.

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണം ഒരു പുതിയ കാര്യമല്ല. തങ്ങൾക്കു അനിഷ്ട്ടം ഉണ്ടാക്കുന്നവരെ കൈകാര്യം ചെയ്യുന്ന സൈബർ ഗുണ്ടകൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കു മാത്രമല്ല ചെറുകിട കടലാസ് പാർട്ടികൾക്കും ക്വാറി മാഫിയകൾക്കും ബ്ലേഡ് കാർക്കും സിനിമാ താരങ്ങള്‍ക്കും ഒക്കെയുണ്ട്. രാഷ്ട്രീയ സൈബർ ഗുണ്ടകളെ സംഘിയെന്നും കമ്മിയെന്നും കൊങ്ങിയെന്നും പേര് നൽകി ആഹ്ളാദിക്കുന്നവരുടെ കൂട്ടത്തിൽ മാധ്യമ പ്രവർത്തകരും ഉണ്ടെന്ന വസ്തുതയും മറച്ചുവെക്കാൻ ആവുന്നതല്ല. ഇതിനും പുറമെ മാധ്യമ പ്രവർത്തകർ തമ്മിലുള്ള സൈബർ ഗുണ്ടായിസവും കേരളത്തിനു ഒട്ടും അപരിചിതമല്ല. തിരുവനന്തപുരത്തു ഒരു വനിത മാധ്യമ പ്രവർത്തകയ്ക്കും മാധ്യമ പ്രവർത്തകൻ തന്നെയായ അവരുടെ ഭർത്താവിനും ഏതാനും വർഷങ്ങൾക്കു മുൻപ് നേരിടേണ്ടി വന്ന മാധ്യമ സൈബർ ഗുണ്ടാ ആക്രമണം അത്ര എളുപ്പത്തിൽ മറക്കാനാവുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories