TopTop
Begin typing your search above and press return to search.

എൻ ആർ സി കുടുക്കിൽപ്പെട്ട മോദി സർക്കാർ, നുണ പറച്ചിലിലും ഭീഷണിയിലും അടങ്ങില്ല കാര്യങ്ങള്‍

എൻ ആർ സി കുടുക്കിൽപ്പെട്ട മോദി സർക്കാർ, നുണ പറച്ചിലിലും ഭീഷണിയിലും അടങ്ങില്ല കാര്യങ്ങള്‍

കഴിഞ്ഞ ഒരാഴ്ചയായി പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നപരിഹാര നടപടികളിലേക്ക് നീങ്ങുന്നതായി കാണാം. പൗരത്വ ഭേദഗതി ബില്ലിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ മായ്ചുകളയാനെന്ന പേരില്‍ നിരവധി വീഡിയോകളും ലഘുലേഖകളും സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററും തീര്‍ത്തും നിരൂപദ്രവകരമായതും, അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ളതുമാണെന്നാണ് ഇത്തരം പ്രചാരണ സാമഗ്രികളുടെയൊക്കെ പ്രധാന വാദം. ഞായറാഴ്ച്ച ബി ജെ പി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം ഈ വാദങ്ങളെ മറ്റൊരു ദിശയിലേക്കാണ് കൊണ്ടുപോകുന്നത്. എന്‍ ആര്‍ സി സംബന്ധിച്ച ചര്‍ച്ചകളൊന്നും തന്നെ സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടില്ല എന്നും മറിച്ചു കേള്‍ക്കുന്നതെല്ലാം വെറും ഉഹാപോഹങ്ങളാണെന്നുമായിരുന്നു ഡല്‍ഹിയില്‍ ബി ജെ പി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും പ്രതിഷേധങ്ങളെ തണുപ്പിച്ചില്ലെന്നു മാത്രമല്ല, ഉന്നതരില്‍ നിന്നും വരുന്ന പരസ്പര വിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ ജനങ്ങളില്‍ കൂടുതല്‍ സംശയങ്ങള്‍ വളര്‍ത്തുകയും ചെയ്തു. എന്‍ ആര്‍ സി സംബന്ധിച്ച ചര്‍ച്ചകളൊന്നും തന്നെ സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടില്ല എന്ന് പറയുന്ന പ്രധാനമന്ത്രിയുടെ വാദങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഇതിനോടകം പാര്‍ലമെന്റ് ഉള്‍പ്പടെയുള്ള നിരവധി വേദികളില്‍ എന്‍ ആര്‍ സി നിയമത്തിന്റെ ആവശ്യകതയെ പറ്റി ആവര്‍ത്തിച്ചു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അമിത് ഷാ ഇത്തരം അഭിപ്രായങ്ങളും വാഗ്ദാനങ്ങളും നല്‍കുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞിട്ടുണ്ട്. സി എ എ, എന്‍ ആര്‍ സി എന്നിങ്ങനെ ഇരട്ട മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തെ മുസ്ലിം ന്യുനപക്ഷങ്ങളെ ഒറ്റപ്പെടുത്താനുള്ള ഗൂഢപദ്ധതിയാണ് ഇതെന്നാണ് പ്രധാന സംശയം. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി വിവിധ ഇടങ്ങളില്‍ ഡിറ്റന്‍ഷന്‍ ക്യാംപുകള്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ചതായിരുന്നു പ്രധാനമന്ത്രിയുടെ വസ്തുതാവിരുദ്ധമായ അടുത്ത പ്രസ്താവന. രാജ്യത്തെവിടെയും ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നില്ല എന്നതായിരുന്നു ഇത്. എന്നാല്‍ പാര്‍ലമെന്റില്‍ അദേഹത്തിന്റെ സര്‍ക്കാര്‍ തന്നെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളെ സംബന്ധിച്ച് നല്‍കിയ രേഖകളും മറുപടികളും പ്രകാരം ഈ അവകാശവാദങ്ങളും തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണ്.

ഇത്തരത്തിലുള്ള വലിയൊരു പ്രതിഷേധം, സര്‍ക്കാരിന് ബലം പ്രയോഗിക്കേണ്ടി വന്ന വിധത്തിലുള്ള ശക്തമായ ഒരു പ്രതിഷേധം, കേന്ദ്ര സര്‍ക്കാരിന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല ബി ജെ പിയ്ക്ക് ഭരണവും ശക്തമായ സ്വാധീനവുമുള്ള സംസ്ഥാനങ്ങളായ അസം, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിഷേധം അവരെ അമ്പരപ്പിക്കാന്‍ പോന്നതായിരുന്നു. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്തു കാര്യങ്ങളെ നിയന്ത്രണ വിധേയമാകുകയായിരുന്നു. തെരുവുകളില്‍ കടുത്ത പ്രതിഷേധം നേരിടുന്നതിനിടയിലും പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റിലെ രണ്ടു സഭകളിലും കഷ്ടിച്ചു പാസ്സാക്കിയെടുക്കാന്‍ ബി ജെ പിക്ക് സാധിച്ചെങ്കിലും, മേല്‍പറഞ്ഞ നിയമങ്ങള്‍ക്ക് വേണ്ട രാഷ്ട്രീയ പിന്തുണയുറപ്പിക്കുവാന്‍ സര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ല. ബില്ല് പാസായതിനു ശേഷവും അനവധി മുഖ്യമന്ത്രിമാരാണ് ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒറീസയിലെ നവീന്‍ പട്നായിക്, കേരളത്തിലെ പിണറായി വിജയന്‍, പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി തുടങ്ങിയവര്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയവ സംസ്ഥാനങ്ങളും എന്‍ ആര്‍ സിക്കെതിരെ കടുത്ത നിലപാടനെടുത്തിരിക്കുന്നത്, ശിവസേന നേതാവും, മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും എന്‍ ആര്‍ സി വിരുദ്ധ നിലപാടുകള്‍ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. തിങ്കളാഴ്ച വന്ന തിരഞ്ഞെടുപ്പു ഫല പ്രകാരം ബി ജെ പിക്ക് നഷ്ടപ്പെട്ട ജാര്‍ഖണ്ഡ് കൂടി എന്‍ ഏര്‍ സി ഭൂപടത്തില്‍ നിന്നും ഒഴിവായിരിക്കുകയാണ്. എന്‍ ആര്‍ സി പ്രതിഷേധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുന്നത് പ്രതിപക്ഷമാണെന്നു പറഞ്ഞു പ്രധാനമന്ത്രി കൈകഴുകുമ്പോഴും, തന്റെ സഹപ്രവര്‍ത്തകനായ അമിത് ഷാ ഈ വിഷയത്തില്‍ നടത്തുന്ന ആക്രമോത്സുകമായ പ്രചാരണപ്രവര്‍ത്തനങ്ങളെ അദ്ദേഹം കണ്ടില്ലെന്നു നടിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ 'ചിതലുകള്‍' 'നുഴഞ്ഞുകയറ്റക്കാര്‍' എന്നും മറ്റും വിശേഷിപ്പിച്ചുകൊണ്ടു അമിത് ഷാ നടത്തിയ പ്രസംഗങ്ങള്‍ എന്‍ ആര്‍ സിയെ സംബന്ധിച്ച് ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിനു കാരണമായിട്ടുണ്ട്. നേരത്തെ മോശമായ സര്‍ക്കാരും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധം ഇതിലൂടെ കൂടുതല്‍ വഷളാകുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ള പശ്ചിമ ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്ലിങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്താക്കി ബി ജെ പിക്കു സഹായകമായ രാഷ്ട്രീയ സഹചര്യമൊരുക്കാനുള്ള നടപടിയായിട്ടാണ് ജനങ്ങള്‍ എന്‍ ആര്‍ സി യെ കാണുന്നത്.എന്നാല്‍ വടക്കു കിഴക്കന്‍ പ്രദേശത്തെ ഏറ്റവും വലിയ സംസ്ഥാനമായ അസമില്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി, മത വ്യത്യാസങ്ങളില്ലാതെ തന്നെ അവര്‍ എല്ലാത്തരം കുടിയേറ്റക്കാര്‍ക്കുമെതിരായ നിലപാടെടുത്തതിനാലാണിത്. എന്നാല്‍ ബി ജെ പി സര്‍ക്കാരാകട്ടെ മുസ്ലിങ്ങളല്ലാത്ത എല്ലാ കുടിയേറ്റക്കാരെയും സ്വീകരിക്കാമെന്ന നിലപാടിലാണ് മുന്നോട്ടുപോകുന്നത്. ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് സര്‍ക്കാരിന് പൊതുജനവികാരത്തെ മനസിലാക്കാന്‍ സാധിച്ചില്ല എന്നതിന് തെളിവാണ്. തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളുടെ വൈകാരിക പ്രകടനങ്ങള്‍ മാത്രമാണ് ഈ പ്രതിഷേധങ്ങള്‍ എന്ന വാദവും തിരിച്ചടിക്കുകയാണുണ്ടായത്. ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നേരിടാന്‍ ശ്രമിച്ച പോലീസിന്റെ നടപടികള്‍ പലപ്പോഴും കടുത്ത ആക്രമണത്തിലാണ് കലാശിച്ചത്. പ്രതിഷേധങ്ങളുടെ ഭാഗമായി പോലീസ് നടത്തിയ നായാട്ടില്‍ വലിയ അക്രമവും ദുരന്തങ്ങളും ഉണ്ടാകുകയും, 20 പേര് മരണപ്പെടുകയും ചെയ്തു. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ ലക്ഷ്യം വച്ച് പോലീസ് ആക്രമണം അഴിച്ചുവിടുന്നുണ്ടെന്നും, വാഹനങ്ങളുള്‍പ്പടെ ജനങ്ങളുടെ സ്വത്തു വകകള്‍ നശിപ്പിക്കുന്നുണ്ടെന്നും ഇപ്പോള്‍ തന്നെ ആരോപണം ഉണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ, 2013ല്‍ മുസ്ലിങ്ങള്‍ക്ക് നേരെ വര്‍ഗീയാക്രമണം ഉണ്ടായ മുസാഫര്‍നഗര്‍ പോലുള്ള സ്ഥലങ്ങളില്‍ വലിയ രീതിയിലുള്ള സി എ എ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും അവിടെ കടുത്ത സംഘര്‍ഷങ്ങള്‍ തുടരുകയും ചെയ്യുകയാണ്. തങ്ങളുടെ തന്നെ പദ്ധതികളില്‍ കുടുങ്ങിപ്പോയ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും രക്ഷപെടാനുള്ള വഴി തിരയുന്നതുപോലെയായിരുന്നു ഞായറാഴ്ചത്തെ നരേന്ദ്ര മോദിയുടെ പ്രസംഗം. എന്‍ ആര്‍ സി നടപടികള്‍ ഉപേക്ഷിക്കുകയാണെന്നൊരു പ്രസ്താവന പ്രതിഷേധക്കാരുടെ പ്രതിഷേധങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. പക്ഷെ അത്തരമൊരു പിന്നോട്ട് നടത്തത്തിനു സര്‍ക്കാര്‍ തുനിഞ്ഞാല്‍ അത് ബി ജെ പി യുടെ വോട്ട് ബാങ്ക് താല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കും. പ്രതിഷേധങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ തങ്ങളുടെ ഹിന്ദു വോട്ടു ബാങ്കിനെ ചേര്‍ത്ത് പിടിക്കാന്‍ സഹായിക്കുമെന്ന് അവര്‍ കരുതി കാണും. പക്ഷെ രാജ്യമൊട്ടാകെയുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് സര്‍ക്കാരിനെ കുഴക്കിയിരിക്കുകയാണ്. പൗരത്വ ബേദഗതി ബില്ലിന് അനുകൂലമായ ചില രാഷ്ട്രീയ പ്രകടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. തങ്ങളുടെ അടവ് നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നു എന്നത് തീര്‍ച്ചയാണ്. അതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ ആര്‍ സി യുമായി ബന്ധപ്പെട്ട നീയമങ്ങളില്‍ പൂര്‍ണ തീരുമാനമായില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ ഒരവസരത്തില്‍ ഇത്തരമൊരു വാഗ്ദാനംകൊണ്ടു മാത്രം എന്‍ ആര്‍ സിയ്ക്കു പിറകില്‍ ഗൂഢലക്ഷ്യങ്ങളില്ല എന്ന് ജങ്ങളെ വിശ്വസിപ്പിക്കുവാന്‍ പ്രയാസമാണ്. ബി ജെ പി തങ്ങളുടെ 2014ലെ തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ വളരെ കൃത്യമായി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇത്. അമിത് ഷായാകട്ടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ ആര്‍ സി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ പരിഗണിച്ചു നോക്കുമ്പോള്‍ പ്രതിഷേധങ്ങളില്ലാതെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ ആര്‍ സി നടപ്പിലാക്കുന്നത് അത്ര എളുപ്പമാകില്ല.


Next Story

Related Stories