TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ കുത്തിയത് വര്‍ഗ്ഗീയ തിമിരം ബാധിച്ച വെള്ളാപ്പള്ളിയുടെ കണ്ണില്‍, കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ ഓര്‍ക്കാം

സര്‍ക്കാര്‍ കുത്തിയത് വര്‍ഗ്ഗീയ തിമിരം ബാധിച്ച വെള്ളാപ്പള്ളിയുടെ കണ്ണില്‍, കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ ഓര്‍ക്കാം


ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 നു ഉദ്‌ഘാടനം ചെയ്യപ്പെട്ട ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറായി ഡോ. മുബാറക് പാഷയെ നിയമിച്ചതിനെ ചൊല്ലി ഉയർന്ന കോലാഹലം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഡോ. മുബാറക് പാഷയുടെ നിയമനത്തിനെതിരെ ആദ്യം രംഗത്തുവന്നത് വി സി പദവി സ്വപനം കണ്ടു നടന്നവരും അവരെ അനുകൂലിക്കുന്ന ചിലരുമായിരുന്നു. മുബാറക് പാഷയ്ക്ക് മതിയായ യോഗ്യതയില്ലെന്നും തന്റെ അടുപ്പക്കാരനെ നിയമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ തീരുമാനത്തിന് സംസ്ഥാന സർക്കാർ വഴങ്ങിക്കൊടുത്തുവെന്നുമായിരുന്നു അവരുടെ ആക്ഷേപം. ആ മുറുമുറുപ്പ് ഏതാണ്ടൊന്നു അടങ്ങിയപ്പോഴേക്കും സർക്കാർ നടപടിയെ നിശിതമായി വിമർശിച്ചുകൊണ്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മറ്റുചിലരുമെത്തി. തൊട്ടുപിന്നാലെ തന്നെ വന്നു എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വക ആക്രമണം. ശ്രീനാരായണ ദർശനത്തെക്കുറിച്ചോ നാരായണഗുരുവിന്റെ കൃതികളെക്കുറിച്ചോ ധാരണയില്ലാത്തയാളെയാണ് സർക്കാർ ശ്രീനാരായണ സർവകലാശാലയുടെ വൈസ് ചാൻസലറായി കണ്ടെത്തിയതെന്നും വോട്ടുബാങ്ക് ലക്‌ഷ്യം വെച്ചുള്ള നിയമനമാണിതെന്നും ആയിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആക്ഷേപം. എന്നാൽ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സ്ഥാപനങ്ങളുടെ മാത്രമല്ല ഗുരുവിന്റെ തന്റെ മൊത്തം കസ്റ്റോഡിയൻ താനാണെന്ന് നടിക്കുന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അല്പം കൂടി കടുത്ത പ്രതികരണമാണ് നടത്തിയത്. ഗുരുദേവന്റെ പേരിൽ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിയ സംസ്ഥാന സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിലാപം.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ:

'സമുദായത്തെ പറ്റിക്കുക മാത്രമല്ല, പിന്നിൽ നിന്നു കുത്തുകയും ചെയ്തു. കൊല്ലം ആസ്ഥാനമായ സർവകലാശാലയുടെ ഉദ്‌ഘാടനച്ചടങ്ങിലോ തലസ്ഥാനത്തു നടന്ന ഗുരുദേവ പ്രതിമ അനാച്ഛാദനത്തിലോ എസ് എൻ ഡി പി യോഗത്തിൽ നിന്ന് ആരെയും പങ്കെടുപ്പിക്കാതിരിക്കുക വഴി സർക്കാർ രാഷ്ട്രീയ മാമാങ്കം നടത്തുകയായിരുന്നു. മറ്റേതെങ്കിലും സമുദായത്തിന്റെ പേരിലായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യാൻ ധൈര്യം കാണിക്കുമോ? ' സർക്കാരിന്റെ ഇരട്ടത്താപ്പ് നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഗുരുദേവ പ്രതിമയും സർവകലാശാലയും സ്ഥാപിച്ചപ്പോൾ സമുദായം ആഹ്ലാദിച്ചു. പക്ഷെ വൈസ് ചാൻസലർ നിയമനം ആകെ നിരാശപ്പെടുത്തി. സർവകലാശാല സ്ഥാപിച്ചതിന്റെ ശോഭ കളഞ്ഞ ഈ നടപടി സർക്കാരിന്റെ പ്രതിച്ഛായക്കും മങ്ങലേൽപ്പിച്ചു. നിയമനം മന്ത്രി കെ ടി ജലീൽ ഹൈജാക് ചെയ്തു. നവോത്ഥാനം മുദ്രാവാക്യമായി കൊണ്ടുനടക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പോൾ ഇതു സംഭവിക്കാൻ പാടില്ലായിരുന്നു. ശ്രീനാരായണീയ സമൂഹത്തിനുണ്ടായ വേദനയ്ക്ക് മന്ത്രിയും സർക്കാരും മറുപടി പറയണം. നക്കാപ്പിച്ച പോലെ പ്രോ- വൈസ് ചാൻസലർ പദവിയാണു സാമുദായത്തിനു വെച്ചുനീട്ടിയിട്ടുള്ളത്.'
ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും സ്വരം ഏതാണ്ട് ഒന്നുതന്നെയാണെന്നു ശ്രദ്ധിച്ചാൽ മനസിലാവും. ഇരുവരും വിരൽ ചൂണ്ടുന്നത് ഒരു മുസ്ലിം നാമധാരിയെ ശ്രീനാരായണഗുരു സർവകലാശാലയുടെ തലപ്പത്തു പ്രതിഷ്ഠിച്ചു എന്നതിലേക്കുമാണ്. സുരേന്ദ്രൻ ബി ജെ പി യുടെ നേതാവാകയാൽ അയാൾ പ്രകടിപ്പിക്കുന്നത് അയാൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ മുസ്ലിം വിരുദ്ധത അല്ലാതെ മറ്റൊന്നുമല്ല. എന്നാൽ ജാതി-മത ചിന്തകൾ വെടിയണമെന്നു ഉദ്ബോധിപ്പിച്ച ഒരു മഹാത്‌മാവിന്റെ പിന്തുടർച്ചക്കാരൻ ആവേണ്ട, ജാതി - മത ചിന്തകൾക്ക് അതീതമായ ഒരു പുതുകേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ ബി ജെ പി നേതാവിന്റെ സ്വരം കടമെടുക്കുക മാത്രമല്ല അയാൾ പറഞ്ഞതിനേക്കാൾ കുറച്ചുകൂടി പച്ചയായ വർഗീയത തുപ്പിയതോടെ അതിനെതിരെ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും പുരോഗമന വാദികളും എന്തിനേറെ മുസ്ലിം ലീഗിന്റെ മുഖപത്രവും രംഗത്തുവന്നു. വെള്ളാപ്പള്ളിക്കെതിരെ ആദ്യം രംഗത്തുവന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച വിമർശം അല്പം കൂടി മൂർച്ച വരുത്തി സി പി ഐ മുഖപത്രം 'ജനയുഗം ' 'ശ്രീനാരായണ ഗുരുദർശനം വീണ്ടും പേടിക്കേണ്ടതാര് ' എന്ന തലക്കെട്ടിൽ ഒക്ടോബർ 10 നു എഴുതിയ മുഖപ്രസംഗം ശ്രീനാരായണഗുരു ആദ്യ അധ്യക്ഷനായി രൂപം കൊണ്ട ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ജനറൽ സെക്രട്ടറി സംഘപരിവാറിന്റെ ഗൂഢ ലക്ഷ്യത്തിനു വെള്ളവും വളവും നൽകുന്നതിനുള്ള ഉത്കണ്ഠ പ്രകടിപ്പിക്കുന്നതിനൊപ്പം തന്നെ 'വെള്ളാപ്പള്ളിയുടെ ഇടുങ്ങിയ മനസ്സ് ' നവോത്ഥാന കേരളത്തിന് നാണക്കേടാണെന്നുകൂടി പറഞ്ഞുവെക്കുന്നു.

മുസ്ലിം ലീഗിന്റെ മുഖപത്രം 'ചന്ദ്രിക' യിൽ വന്ന 'മുസ്ലിം പേരിനോട് ഓക്കാനമോ ' എന്ന മുഖപ്രസംഗവും ഏതാണ്ട് അതേ വിമർശം തന്നെയാണ് ഉന്നയിക്കുന്നത്. ഇവ രണ്ടിൽ നിന്നും എന്തുകൊണ്ടും വേറിട്ട് നിൽക്കുന്ന ഒന്നാണ് കമൽറാം സജീവ് തന്റെ പുതിയ ഓൺലൈൻ സംരംഭമായ ' ട്രൂ കോപ്പി തിങ്ക്' ൽ പേരുവെച്ചെഴുതിയ 'മുസ്ലിം, വിലപ്പെട്ട സോഷ്യൽ കാപ്പിറ്റൽ' എന്ന ശീർഷകത്തിൽ എഴുതിയ മുഖപ്രസംഗം.

'ഒരു സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തിന് ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെടുന്നതിനു പുറകിലെ പ്രധാനപ്പെട്ട പരിഗണനാ വിഷയം അദ്ദേഹത്തിന്റെ സാമൂഹിക മൂലധനം കൂടിയാണ് ' എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന തന്റെ മുഖപ്രസംഗത്തിൽ കമൽറാം മുസ്ലിം എന്നതിനെ ഒരു അപര ഐഡന്റിറ്റിയായി മാറ്റാനുള്ള പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രത്യക്ഷ ശ്രമങ്ങൾ കേന്ദ്ര ഭരണകൂടം തന്നെ ആസൂത്രിതമായി നടപ്പാക്കുന്ന ഇക്കാലത്തു എന്തുകൊണ്ട് ഡോ. മുബാറക് പാഷ ശ്രീനാരായണഗുരു സർവകലാശാലയുടെ വി സി ആകണം എന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. 'ജാതി-സമുദായ സമ്മർദ്ദ സംഘര്‍ഷങ്ങളുടെ ആവശ്യങ്ങളുമായി ഒത്തുതീർപ്പു നടത്തുന്ന നിയമനങ്ങളാണ് വി സി മാരുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എസ് എൻ ഡി പി യോഗം എന്ന സംഘടനയെയും അതിന്റെ നേതാവിനെയും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള സർവകലാശാലയുടെ ഉത്ഘാടന ചടങ്ങുപോലും പുരോഗമനപരമാകുന്നത് ഇതുകൊണ്ടു കൂടിയാണെന്ന് പറയുന്ന മുഖപ്രസംഗം 'വിജ്ഞാനത്തെ ആധിപത്യപരമായും നിഷേധാത്മകമായും പ്രതിഷ്ഠിക്കുന്ന, ക്ഷേത്രവും ദൈവുമായി ശ്രീനാരായണ ദര്‍ശനളെയും ഗുരുവിനെയും സ്ഥാപിക്കുന്ന ഇത്തരം വാദങ്ങൾ വീണ്ടും ഉയരുമ്പോൾ, പ്രതിവാദമെന്ന നിലക്ക് , മുസ്ലിം എന്നു പറഞ്ഞുകൊണ്ടുതന്നെ ഡോ. മുബാറക് പാഷയുടെ പ്രതിനിധാനത്തെ അടയാളപ്പെടുത്തേണ്ടത് അനിവാര്യമാകുന്നു' എന്നുകൂടി പറഞ്ഞുവെക്കുന്നു. 'സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തി' എന്ന വെള്ളാപ്പള്ളിയുടെ കരച്ചിൽ അക്ഷരാർത്ഥത്തിൽ തന്നെ എടുക്കുകയാണെങ്കിൽ, ആ കണ്ണുകൾ ഇനിയെങ്കിലും ഒന്ന് തുറന്ന് ലോകത്തെ കാണാനുള്ള കാരണവും അവസരവുമായി സർക്കാർ നടപടിയെ അദ്ദേഹം കാണേണ്ടതുണ്ടെന്നും മുഖപ്രസംഗം പറയുന്നു.
ഇതൊക്കെ പറയുമ്പോഴും ഈയുള്ളവന്റെ സംശയം വെള്ളാപ്പള്ളി നടേശൻ അവറുകളിൽ നിന്നും നാം എന്തൊക്കെയോ വെറുതെ പ്രതീക്ഷിക്കുകയല്ലേ എന്നതാണ്. താൻ ഒരു തനി പിന്തിരിപ്പനും തികഞ്ഞ വർഗീയ വാദിയുമാണെന്നു നടേശൻ അവറുകൾ ഇതിനകം എത്രവട്ടം തെളിയിച്ചുകഴിഞ്ഞതാണ്. വെറുമൊരു അബ്‌കാരിയായിരുന്ന നടേശൻ സ്വാമി ശ്വാശതീകാനന്ദയുടെ കൃപയാൽ എസ് എൻ ഡി പി യുടെ തലപ്പത്തു എത്തിയതും കഴിഞ്ഞ 24 വർഷമായി അവിടെ തന്നെ തുടരുന്നതിനു പിന്നിലെ കൗശലവും സ്വാമിയുടെ മുങ്ങിമരണത്തിനു പിന്നിലെ ദുരൂഹതയും മൈക്രോ ഫിനാൻസ് തട്ടിപ്പു വിവാദങ്ങളും അങ്ങനെയങ്ങനെ പലതും മറന്നാലും അഞ്ചുവർഷം മുൻപ് കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ ആന്ധ്ര സ്വദേശികളായ രണ്ടു തൊഴിലാളികളെ അവരുടെ ഊരും പേരും മതവും ജാതിയുമൊന്നും തിരക്കാതെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ ജീവൻ നഷ്ട്ടപ്പെട്ട നൗഷാദ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ ഏതു കണ്ണിലൂടെയാണ് ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണുന്ന നമ്മുടെ നടേശൻ അവറുകൾ കണ്ടതെന്നത് എങ്ങനെ മറക്കാനാവും? വായ തുറന്നാൽ മതവും ജാതിയും മാത്രം പറയുന്ന ഒരാളെ പിടിച്ചു നവോത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷനാക്കിയാൽ കേരളത്തിൽ നവോത്ഥാനം വരുമെന്ന് കരുതിയവർ കുറുക്കനെ കോഴിക്കൂടിനു കാവലേൽപ്പിക്കുന്ന പണിയല്ലേ ചെയ്തത് എന്നും കൂടി ഒന്നാലോചിച്ചുനോക്കുന്നതു നന്നായിരിക്കും എന്നേ ഈ അവസരത്തിൽ പറയാനുള്ളു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories