TopTop
Begin typing your search above and press return to search.

അട്ടിപ്പേര്‍: ഭൂമി കൈമാറ്റപരമായ പദം എങ്ങനെ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് എത്തി?

അട്ടിപ്പേര്‍: ഭൂമി കൈമാറ്റപരമായ പദം എങ്ങനെ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് എത്തി?

ഉപതെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പരാമര്‍ശം മൂലം മാധ്യമങ്ങളില്‍ ഏറെ ദിവസങ്ങളില്‍ തലക്കെട്ടായ പദമാണ് അട്ടിപ്പേറ്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ വിശ്വാസിയാണെന്നും ആചാരങ്ങള്‍ പുലര്‍ത്തുന്നയാളാണെന്നും തുറന്നുപറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് അടക്കം ഏറെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഈ പശ്ചാത്തലത്തിലാണ് വിശ്വാസത്തിന്റെ അട്ടിപ്പേര്‍ ആരും ഏറ്റെടുക്കേണ്ടെന്ന് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിരോധം ചമച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗം വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വലിയൊരു രാഷ്ട്രീയ ചര്‍ച്ചയായി അത് തീരുകയും ചെയ്തു.

എന്നാല്‍ അക്കാര്യം ചര്‍ച്ച ചെയ്തവരാരും അട്ടിപ്പേറ് എന്നവാക്കിനെ കുറിച്ച് ആലോചിച്ച് കാണില്ല. ഭൂമി കൈമാറ്റപരമായ ഒരു പദം എങ്ങനെ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് എത്തിയെന്നത് ചിന്തിക്കുക കൗതുകകരം ആയിരിക്കും. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ പഴയ ഫ്യൂഡല്‍ ഭൂമി കൈമാറ്റപരമായ പ്രയോഗത്താല്‍ പ്രതിരോധിക്കപ്പെടുന്നതിലെ സാമൂഹിക തലം ചിന്തനീയം തന്നെ. നമ്മുടെ സാമൂഹിക ബോധത്തില്‍ ആഴത്തില്‍ വേരോടിക്കിടക്കുന്ന ചിന്താശീലങ്ങളിലേക്കും മനസിന്റെ സ്റ്റീരിയോടൈപ്പ്ഡ് ആയ സഞ്ചാരപഥങ്ങളിലേക്കും കൂടി അത് നമ്മെ കൊണ്ടുപോകുന്നു. പ്രതിരോധിക്കുമ്പോള്‍ നമുക്ക് പഴയ ആധിപത്യത്തിന്റെ പദാവലികള്‍ പലപ്പോഴും അനിവാര്യമായി തീരുകയും ചെയ്യുന്നു. അട്ടിപ്പേറ് രാജാവിലോ നാടുവാഴിയിലോ നാട്ടുപ്രമാണിയിലോ സഞ്ചയിക്കപ്പെട്ട അധികാരമായിരുന്നു ആദ്യകാലത്ത്. അത്തരമൊന്ന് മറ്റാരും ഏറ്റെടുക്കേണ്ടെന്ന് ഒരു മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നുവെന്ന് വേണമെങ്കില്‍ ഒരു പാഠഭേദം ചമയ്ക്കുകയും ആവാം. അട്ടിപ്പേറ് എന്ന വാക്കിന്റെ സാമൂഹിക വ്യാവഹാരിക തലം ഇന്ന് മറ്റൊന്നായി രൂപപ്പെട്ടിരിക്കുന്നുവെങ്കില്‍ പോലും. പരമാധികാരമെന്നോ ചോദ്യം ചെയ്യാന്‍ കഴിയാത്ത ഉടമസ്ഥത എന്നൊക്കെയോ ഉള്ള അര്‍ഥത്തില്‍ പൊതുവില്‍ ഉപയോഗിച്ച് പോരുന്ന വാക്കായിത്തീര്‍ന്നിരിക്കുന്നു ആ പദം ഇന്ന്. മുഴുവന്‍ അധികാരവും എന്ന അര്‍ഥത്തിലാണ് പദത്തിന്റെ ഇക്കാലത്തെ ഉപയോഗം.

യഥാര്‍ഥത്തില്‍ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുവന്ന പദമാണിത്. ഫ്യൂഡല്‍ ക്രമത്തില്‍ ഭൂമിയുടെ ഉടമസ്ഥതയെ സൂചിപ്പിക്കുന്ന വിപുലമായ അര്‍ഥം കൈവന്നിരുന്ന പദമാണിത്. പേറ് എന്നാല്‍ ജന്മം. സ്വത്ത് എന്ന ലാക്ഷണികാര്‍ഥവുമതിനുണ്ട്. രാജാവ് അധവാ ജന്മി ഒരു ഭൂമിയുടെ മേലുള്ള സകല അവകാശങ്ങളും മറ്റൊരുവന് എഴുതി കൈവശം കൊടുക്കുന്നതിനെയാണ് ഇത്തരത്തില്‍ സൂചിപ്പിക്കുന്നത്. താമ്രശാസനം വഴിയോ, ധര്‍മ്മദാനം വഴിയോ ഭൂമി എന്നെന്നേക്കുമായി കൊടുക്കുകയോ എഴുതിവാങ്ങുകയോ ചെയ്യുന്നതിനേയും അട്ടിപ്പേര്‍ എന്നുപറയാറുണ്ട്. വില തീറായി എഴുതിവാങ്ങുന്നതിനുള്ള ഓലയ്ക്കു അട്ടിപ്പേറോല എന്നാണ് അറിയപ്പെടുന്നത്. ഇക്കാലത്തതിനെ തീറാധാരം എന്നും പറയും. ഭൂമിയുടെ മേലുള്ള അവകാശം ജന്മിയില്‍ നിന്നും കുടിയാനിലേക്ക് എത്തിച്ചേരുന്ന അട്ടിപ്പേറിലെ നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണങ്ങളാണ്. അട്ടിപ്പേറിനു മുന്‍പ് അഞ്ച് തരത്തിലുള്ള കരണങ്ങള്‍ നടന്നിരിക്കണമെന്നായിരുന്നു പണ്ടുണ്ടായിരുന്ന വ്യവസ്ഥ. ഇതില്‍ ആദ്യ കരണത്തിനു പറയുന്നത് കുഴിക്കാണം എന്നാണ്. കുഴിക്കാണത്തിലൂടെ ഭൂമിയുടെ എട്ടിലൊന്ന് അവകാശം ജന്മിക്ക് നഷ്ടമാകുന്നു. രണ്ടാമത്തേതാണ് കാണം. ഇതിലൂടെ ജന്മിക്ക് ഭൂമിയുടെ നാലിലൊന്ന് അവകാശം നഷ്ടമാകുന്നു. അടുത്തത് ഒറ്റി. ഇതിലൂടെ ജന്മിക്ക് രണ്ടിലൊന്ന് അവകാശം നഷ്ടമാകുന്നു. നാലാമത്തേത് ഒറ്റിക്കുമ്പുറം. ഇതിലൂടെ ഭൂമിയുടെ നാലില്‍ മൂന്ന് അവകാശം ജന്മിക്ക് നഷ്ടമാകുന്നു. അഞ്ചാമത്തേത് ജന്മപ്പണയം. ഇതിലൂടെ ഭൂമിയുടെ എട്ടിലേഴ് അവകാശവും ജന്മിക്ക് നഷ്ടമാകും. ജന്മപ്പണയം വരെ വസ്തു വീണ്ടെടുക്കാനുള്ള അവകാശം ജന്മിക്ക് ഉണ്ടായിരിക്കും എന്നായിരുന്നു ഫ്യൂഡല്‍ കാലഘട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ അട്ടിപ്പേറു കഴിഞ്ഞാല്‍ അത് സാധ്യമാകില്ല. ഭൂമി പൂര്‍ണമായും കുടിയാന്റേതായിരിക്കും. അതായത് ഭൂമിയില്‍ കുടിയാന് പൂര്‍ണ്ണാധികാരം സാധ്യമാക്കുന്ന കരണമാണ് അട്ടിപ്പേറ്. നീരട്ടിപ്പേറ് എന്ന ഒരു പ്രയോഗം കൂടിയുണ്ട്. നിര്‍വീഴ്ത്തിക്കൊണ്ടുള്ള ജന്മം എന്നര്‍ഥം. നീരട്ടിപ്പേറ് കഴിഞ്ഞ വസ്തുവിന്മേല്‍ ദാതാവിന് പിന്നെ യൊതുരധികാരവും ഇല്ല. നീരട്ടിപ്പേറ് നടക്കുമ്പോള്‍ താഴെ പറയുന്നയാളുകള്‍ സാക്ഷികളായി ഉണ്ടാകണമെന്നതായിരുന്ന പഴയ കാലത്തെ നീയമം. 1.സ്വജാതി(സ്വജാതീയനായ ഒരാള്‍) 2. ബന്ധു, പുത്രന്‍(അനന്തരാവകാശി), 3.നരപതി(രാജസാന്നിധ്യം), 4. തത്രസംബന്ധി(സമീപവാസി). ഇതില്‍ രാജസാന്നിധ്യം സാധാരണഗതിയില്‍ ഉണ്ടാകാറില്ല. അട്ടിപ്പേറ് എന്ന പദം പക്ഷെ, മറ്റ് വാക്കുകളുടെ കാര്യത്തില്‍ സംബന്ധിച്ചതുപോലെ കാലാന്തരത്തില്‍ അത് രൂപപ്പെട്ടപ്പോഴുള്ള ഭൂമിയുടെ അധികാര ബന്ധിയായ അര്‍ഥത്തില്‍ നിന്നും മാറി കൂടുതല്‍ വിപുലമായ അര്‍ഥതലം കൈവരിച്ചു. ഏത് തരത്തിലുമുള്ള പരമാധികാരം എന്ന അര്‍ഥത്തിലാണിപ്പോള്‍ അത് ഉപയോഗിക്കപ്പെടുന്നത്. അവലംബം:

1. കേരള ജാതി വിവരണം: നെല്ലിക്കല്‍ മുരളീധരന്‍, റെയിന്‍ബോ ബുക്‌സ്, ചെങ്ങന്നൂര്‍ 2. പദവിവര വിജ്ഞാന കോശം, ജേക്കബ് നായത്തോട്, കേരള ഭാഷ ഇനിസ്റ്റിററ്യൂട്ട്, തിരുവനന്തപുരം (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories