TopTop
Begin typing your search above and press return to search.

സാമ്പത്തിക തകർച്ച തടയാൻ അയോധ്യയിലെ അമ്പലം മതിയാവില്ല, ജി ഡി പിയിലെ ഇടിവ്, സമഗ്രാധിപത്യത്തിന്റെ ശക്തിപ്പെടലിന് വഴിയൊരുക്കുമോ

സാമ്പത്തിക തകർച്ച തടയാൻ അയോധ്യയിലെ അമ്പലം മതിയാവില്ല,  ജി ഡി പിയിലെ ഇടിവ്, സമഗ്രാധിപത്യത്തിന്റെ ശക്തിപ്പെടലിന് വഴിയൊരുക്കുമോ

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം അഥവാ ജിഡിപി, 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 24 ശതമാനം (കൃത്യം പറഞ്ഞാല്‍ 23.9 ശതമാനം) ഇടിവു രേഖപ്പെടുത്തിയതിന്റെ കണക്കുകളാണ് തിരുവോണനാളില്‍ ഡല്‍ഹിയില്‍ നിന്നും പുറത്തുവന്ന ഏറ്റവും ചൂടുള്ള വാര്‍ത്ത. സാമ്പത്തിക മേഖലയുടെ കാതലായ വശങ്ങളെല്ലാം - ഉപഭോക്തൃ ചെലവും, സ്വകാര്യ നിക്ഷേപവും, കയറ്റുമതിയും -- വലിയ തകര്‍ച്ചയാണ് ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ നേരിട്ടതെന്ന് ദേശീയ സ്ഥിതിവിവര ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഡിപി നിരക്കിലെ ഈ വലിയ ഇടിവുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞതുകൊണ്ടാവണം ധനമന്ത്രി നിര്‍മല സീതാരാമന്‍ 'ദൈവത്തിന്റെ കൈപ്പിഴയെ' പറ്റി ദിവസങ്ങള്‍ക്കു മുമ്പ് വിലപിക്കുവാന്‍ തുടങ്ങിയത്. ചരക്കു-സേവന നികുതി കൗണ്‍സിലിന്റെ 41-ാമതു യോഗത്തിലാണ് ധനമന്ത്രി ദൈവദോഷത്തെ പറ്റി വാചാലയായത്.

നികുതി പിരിവിലെ കുറവ് ദൈവത്തിന്റെമേല്‍ പഴിചാരി മറികടക്കുവാന്‍ സീതാരാമന് കഴിഞ്ഞേക്കും. എന്നാല്‍ ദൈവത്തിന്റെ കൈപ്പിഴയുടെ തിക്തഫലങ്ങള്‍ -- ദാരിദ്യവും, രോഗവും മറ്റു വറുതികളും, ഇല്ലായ്മകളും -- ജന്മനാ അനുഭവിക്കുവാന്‍ നൂറ്റാണ്ടുകളായി വിധിക്കപ്പെട്ട കോടിക്കണക്കിന് മനുഷ്യരുടെ സ്ഥിതി അതല്ല. അവരുടെ ഇപ്പോഴത്തെ അവസ്ഥയുടെ കാഠിന്യം കൂടുതല്‍ ദയനീയമായി മാറുമെന്നതാണ് ജിഡിപി നിരക്കുകളിലെ വലിയ ഇടിവിന്റെ പ്രത്യക്ഷത്തിലുള്ള അടിയന്തര ഫലം. അതിന്റെയര്‍ത്ഥം പട്ടിണിക്കാരും അര്‍ദ്ധപട്ടിണിക്കാരുമായ ഈ രാജ്യത്തെ ജനങ്ങള്‍ ജിഡിപി വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ആയിരുന്നുവെന്നല്ല. 'സമ്പന്നര്‍ അവരുടെ നല്ല കാലം ദരിദ്രരുമായി പങ്കു വയ്ക്കാറില്ലെങ്കിലും കഷ്ടകാലം തീര്‍ച്ചയായും പങ്കുവെയ്ക്കുമെന്നു' കവിയും എഴുത്തുകാരനുമായ ബ്രഹ്തോള്‍ഡ് ബ്രെഹ്ത് ചൂണ്ടിക്കാണിച്ചതിന്റെ തനിയാവര്‍ത്തനം ചുറ്റിലും നിത്യേന അരങ്ങേറുന്നതിനാല്‍ അങ്ങനെയൊരു വ്യാമോഹം ആര്‍ക്കുമുണ്ടാവില്ല. വിണ്ടുകീറീയ പാദങ്ങളുമായി ആയിരക്കണക്കിനു മൈലുകള്‍ താണ്ടി ജന്മനാടുകളിലേക്കു പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിനു മനുഷ്യര്‍ ദയാരഹിതമായ ഈ കെട്ട കാലത്തെപ്പറ്റിയുള്ള ബ്രെഹ്തിന്റെ വരികളുടെ നേര്‍ക്കാഴ്ചയായിരുന്നു. ജിഡിപിയുടെ വളര്‍ച്ചയുടെ കാലത്തെ കമനീയമായ വര്‍ത്തമാനങ്ങളില്‍ ഈ മനുഷ്യര്‍ ഒരിക്കലും ഇടം പിടിച്ചിരുന്നില്ല. വളര്‍ച്ചയുടെ കാലത്തു പോലും അസ്പൃശ്യരായ ഈ മനുഷ്യരുടെ ഗതി, വീഴ്ചയുടെ നാളുകളില്‍ കൂടുതല്‍ പരിതാപകരമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്താവും അതിന്റെ രാഷ്ട്രീയ വിവക്ഷകള്‍. ജനജീവിതവുമായി ബന്ധമില്ലാത്ത ശുഷ്‌ക്കമായ ചില അക്കങ്ങള്‍ മാത്രമല്ല ജിഡിപി എന്നു തിരിച്ചറിയുന്നവരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യം വളരെ നിര്‍ണ്ണായകമാണ്. അതിന്റെ ഉത്തരത്തിലേക്കു കടക്കുന്നതിനും മുമ്പ് ജിഡിപിയിലുണ്ടായ വീഴ്ചയുടെ ചില വിശദാംശങ്ങള്‍ പരിശോധനയര്‍ഹിക്കുന്നു.

ചുവടെ പറയുന്ന കണക്കുകളുമായുള്ള താരതമ്യം നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ ജിഡിപി വീഴ്ചയുടെ ആഴം ശരിയായി ബോധ്യപ്പെടുന്നതിന് സഹായിക്കും. 2020 ജനുവരി- മാര്‍ച്ച് ത്രൈമാസത്തില്‍, അതായത് തൊട്ടു മുമ്പുള്ള മൂന്നു മാസം, ജിഡിപി 3.1 ശതമാനം വളര്‍ച്ചയും, 2019-20-ലെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5.2 ശതമാനം വളര്‍ച്ചയും കൈവരിച്ച സ്ഥാനത്താണ് ഇപ്പോഴത്തെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിന്റെ മൂര്‍ദ്ധന്യത്തിലാണ് ഏപ്രില്‍-ജൂണ്‍ ത്രൈമാസം കടന്നു പോയതെന്നും, അടച്ചുപൂട്ടല്‍ ഏതാണ്ട് അവസാനിച്ചതോടെ സാമ്പത്തിക മേഖലയിലെ സ്ഥിതിഗതികള്‍ ഗുണപരമായി മെച്ചപ്പെടും എന്നാണ് ഔദ്യോഗിക വക്താക്കളുടെ വിശദീകരണം. ഇന്ത്യയുടെ സാമ്പത്തികമേഖല 'V' ആകൃതിയുടെ രൂപത്തില്‍ താമസിയാതെ തിരിച്ചുവരുമെന്നാണ് ധനമന്ത്രാലയത്തിലെ ചീഫ് എക്കണോമിസ്റ്റ് ആയ കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്റെ അഭിപ്രായം. റെയില്‍ വഴിയുള്ള ചരക്കു നീക്കം, ഇലക്ട്രസിറ്റി ഉപഭോഗം, നികുതി പിരിവ് തുടങ്ങിയ മേഖലകളിലെ വര്‍ദ്ധന നല്‍കുന്ന സൂചന സാമ്പത്തിക മേഖല തിരിച്ചു വരവിന്റെ പാതയിലാണെന്നതിന്റെ ലക്ഷണമായി അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് മറ്റു പല സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ജിഡിപി 10 ശതമാനം താഴേക്കു പോകുമെന്നാണ് അവരുടെ വിലയിരുത്തലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ 1947 -ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും പുറത്തു വന്നതിനുശേഷം രേഖപ്പെടുത്തുന്നു ഏറ്റവും വലിയ വീഴ്ചയാവും അത്. സാമ്പത്തിക മേഖലയുടെ തിരിച്ചു വരവ് വളരെ പതിയ ആയിരിക്കുമെന്നു വിലയിരുത്തുന്ന പണ്ഡിതരുടെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ മാന്ദ്യം 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി വരെയെങ്കിലും തുടരുമെന്നാണ്.

സാമ്പത്തിക പ്രക്രിയയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന മേഖലകളായ ഖനനം, മാനുഫാക്ചറിംഗ്, നിര്‍മാണം, വാണിജ്യം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ യഥാക്രമം 23.3, 39.3, 50.2, 47 ശതമാനം വീതമാണ് ആദ്യപാതത്തില്‍ ഇടിവു രേഖപ്പെടുത്തിയിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ രേഖപ്പെടുത്തിയ 3.4 ശതമാനം വളര്‍ച്ചയാണ് ഒരേ ഒരു രജതരേഖ. സാമ്പത്തിക മേഖല തലകുത്തി വീണതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കോവിഡിന്റെ തലയില്‍ കെട്ടിവയ്ക്കാനാവില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മുതലുള്ള കാലഘട്ടത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ ഗതി പടവലങ്ങയുടെ ആകൃതിയിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ജിഡിപി കണക്കു കൂട്ടുന്നതിന്റെ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമായി വളര്‍ച്ചയെക്കുറിച്ചുളള പുകമറകള്‍ ഔദ്യോഗകമായി സൃഷ്ടിച്ചുവെങ്കിലും യാഥാര്‍ത്ഥ്യവുമായി അതിന് പൊരുത്തമില്ലായിരുന്നു. ഈ മുരടിപ്പ് ഇന്ത്യയുടെ മാത്രം പ്രശ്‌നം മാത്രമായിരുന്നില്ല. 2008-ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ആഗോളതലത്തില്‍ മുതലാളിത്ത സമ്പദ്ഘടന നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയുമായി ഈ വിഷയം കൂട്ടി വായിക്കേണ്ടതുണ്ട്. ഈ സ്ഥിതിവിശേഷത്തെ 'ആഗോള വിപണിയില്ലാത്ത ആഗോളവല്‍ക്കരണം', എന്നു മുംബെ കേന്ദ്രമായുള്ള റിസര്‍ച്ച് യൂണിറ്റ് ഫോര്‍ പൊളിറ്റിക്കല്‍ എക്കോണമി (RUPE) 2016-ഏപ്രിലില്‍ ഒരു പഠനത്തില്‍ വ്യക്തമാക്കിയരുന്നു. 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയ 4.2 ശതമാനം ജിഡിപി വളര്‍ച്ച 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നുവെന്ന വസ്തുത RUPE- പോലുള്ള സ്ഥാപനങ്ങളുടെ പഠനങ്ങളുടെ പ്രസക്തി വെളിവാക്കുന്നു.

ജിഡിപി-യില്‍ രേഖപ്പെടുത്തിയ വീഴ്ചയുടെ ആഘാതം സാമ്പത്തിക മേഖലയില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രതിഭാസം മാത്രമല്ലെന്ന് ആഗോളതലത്തില്‍ വലതുപക്ഷ രാഷ്ട്രീയം കൈവരിച്ച, കൈവരിക്കുന്ന അധീശത്വത്തിന്റെ ഇതുവരെയുള്ള ചരിത്രം തെളിയിക്കുന്നു. ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. ബഹുഭൂരിഭാഗം ജനങ്ങളുടെയും ഇല്ലായ്മകളും, കഷ്ടപ്പാടും, ദുരിതവും അസഹനീയമായ നിലയില്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിനെതിരെ സ്വാഭാവികമായും ഉയരുന്ന ജനരോഷത്തെ വഴിതിരിച്ചുവിടുന്ന ദൗത്യമാണ് വലതുപക്ഷ രാഷ്ട്രീയം നിര്‍വഹിക്കുന്നത്. വലതുപക്ഷ ജനപ്രിയത (Right Populism) ഇന്നൊരു സൈദ്ധാന്തിക വിഷയം മാത്രമല്ല. ഔപചാരികമായ ജനാധിപത്യ പ്രക്രിയയും, ഭരണകൂടാധികാരവും അതിസമ്പന്നരുടെയും, സമ്പന്നരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാത്രമായി മാറുന്ന പ്രക്രിയക്കെതിരായ പ്രതികരണമെന്ന നിലയില്‍ വലതുപക്ഷ ജനപ്രിയതയെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങള്‍ വലതുപക്ഷ ജനപ്രിയത ഒരു സാംസ്‌ക്കാരിക പ്രതിഭാസം മാത്രമല്ലെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു.

ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ വാരന്‍ ബഫറ്റ് 2006-ല്‍ നടത്തിയ നിരീക്ഷണം അതിന്റെ ഒരുദാഹരണമാണ്. 'ശരിയാണ്. ഒരു വര്‍ഗസമരം നടക്കുകയാണ്. എന്റെ വര്‍ഗം, സമ്പന്നവര്‍ഗമാണ് അതില്‍ ഏര്‍പ്പെട്ടിരിക്കുന്നതും, വിജയിക്കുന്നതും'. അതിസമ്പന്നരുടെയും സമ്പന്നരുടെയും ഈ വിജയത്തിനെതിരായ ജനരോഷം വലതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഒരു പരിധിവരെ നിമിത്തമായെന്ന നിഗമനങ്ങള്‍ സമകാലീന ഇന്ത്യയുടെ അനുഭവത്തില്‍ നിന്നും പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല. 1980-ല്‍ ഇന്ദിരാ ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയ കാലം മുതല്‍ ചെറിയ തോതില്‍ തുടങ്ങിയ ഉദാരവല്‍ക്കരണം, 1990-കളില്‍, ഇരപിടിയന്‍ മുതലാളിത്തമെന്നു ഇപ്പോള്‍ തിരിച്ചറിയുന്ന നവ-ലിബറല്‍ നയങ്ങളായി മാറുന്നതിനു സമാന്തരമായാണ് അക്രമോത്സുകമായ രാഷ്ട്രീയ ഹൈന്ദവികത ഇന്ത്യയിലെ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായി വളര്‍ന്നത്. സമ്പത്തിന്റെ കേന്ദ്രീകരണം ഒരു ധ്രുവത്തില്‍ മാത്രമായി ഒതുങ്ങുകയും അതിനെ നിയന്ത്രിക്കുന്ന ഭരണസംവിധാനത്തിന്റെ നിര്‍ണ്ണായക തലങ്ങളുടെ അധീശത്വം പൂര്‍ണ്ണമായും 'മാനേജീരീയല്‍ എലീറ്റ്' എന്നു വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടരൂടെ കൈകളില്‍ എത്തുകയും ചെയ്യുന്നതോടെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജന്മദൗത്യം പൂര്‍ത്തിയാവുന്നു. ഈയൊരു സമഗ്രാധിപത്യ രാഷ്ട്രീയ സംവിധാനം ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കുന്നവരായി അക്രമോത്സുകമായ രാഷ്ട്രീയ ഹൈന്ദവികത വളര്‍ന്നിരിക്കുന്നു. അതൊരു സ്വാഭാവികമായ വളര്‍ച്ചയല്ലെന്ന് സമകാലീന ഇന്ത്യയുടെ ചരിത്രം പഠിക്കുന്നവര്‍ക്ക് ബോധ്യമാകുന്നതാണ്. നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായ സംവിധാനം, മാധ്യമങ്ങള്‍ തുടങ്ങിയ ഭരണകൂടസംവിധാനത്തിന്റെ എല്ലാ ഘടകങ്ങളും ഉപയോഗിച്ചു കൊണ്ടാണ് ഈ വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും അനുഭവിക്കുന്ന കടുത്ത ചൂഷണവും വിഭവരാഹിത്യവും രാഷ്ട്രീയതലത്തില്‍ ആവിഷ്‌ക്കാരം നേടുന്നതിനെ അടിച്ചമര്‍ത്തുന്നതിനും, വഴിതിരിച്ചു വിടുന്നതിനുമുള്ള പ്രധാന ഉപാധിയായി ഭരണസംവിധാനം മാറിയിരിക്കുന്നു.

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രക്ഷോഭം, ഭീമ കൊറേഗാണ്‍, വിദ്യാര്‍ത്ഥി-ബഹുജന പ്രക്ഷോഭങ്ങള്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ സമഗ്രാധിപത്യത്തിന് എതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളായി നിലനില്‍ക്കുന്നുവെങ്കിലും സാമ്പത്തിക മേഖലയിലെ പ്രതിസന്ധി ഗുരുതരമാവുന്നതിന്റെ പശ്ചാത്തലത്തില്‍ അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയം വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ പ്രകടവും രൂക്ഷവുമാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ ഭീകരാക്രമണത്തിന്റെയും, ശത്രുരാജ്യങ്ങളില്‍ നിന്നുള്ള പ്രകോപനങ്ങളുടെയും പേരിലുള്ള ഭീതിയുടെ രാഷ്ട്രീയം പുതിയ തലങ്ങളില്‍ എത്തുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ഉദിത് മിശ്രയും, നുഷൈബ ഇക്ബാലും ചേര്‍ന്നെഴുതിയ ലേഖനത്തില്‍ പറയുന്നത് ഇപ്പോഴത്തെ നിലയില്‍ 2020-21 സാമ്പത്തിക വര്‍ഷം ജിഡിപി ഏറ്റവും ചുരുങ്ങിയത് 7 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ്. 1991-മുതലുള്ള കണക്കനുസരിച്ച് ജിഡിപി രേഖപ്പെടുത്തുന്ന ശരാശരി 7 ശതമാനം വളര്‍ച്ചയാണ്. അതിനുപകരം 7 ശതമാനം ഇടിവിനെ മറികടക്കുവാന്‍ അയോധ്യയിലെ അമ്പലം മാത്രം മതിയാവില്ലെന്ന് അക്രമോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ കാവലാളുള്‍ക്ക് ഉറപ്പാണ്. കൊറോണ വൈറസ് ഏറ്റവും വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതും, സാമ്പത്തിക മേഖലയില്‍ പെട്ടെന്നുള്ള തിരിച്ചുവരവിന്റെ സാധ്യതകള്‍ മങ്ങുന്നതും സമഗ്രാധിപത്യത്തിന്റെ രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടുന്നതിനുള്ള വഴിയൊരുക്കുമെന്നു കരുതുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories