TopTop
Begin typing your search above and press return to search.

പാലം വലി രാഷ്ട്രീയ കൊറോണ, 'ബ്രേക്ക് ദി ചെയിന്‍' കണ്ണൂര്‍ മോഡല്‍

പാലം വലി രാഷ്ട്രീയ കൊറോണ, ബ്രേക്ക് ദി ചെയിന്‍ കണ്ണൂര്‍ മോഡല്‍

മാർച്ച് 20 . ഇന്നലത്തേത് ഒരു നിർണായക ദിവസം തന്നെയായായിരുന്നു പലർക്കും. നിർഭയ കേസിലെ പ്രതികൾ തൊട്ടു മധ്യ പ്രദേശിലെ കോൺഗ്രസ് സർക്കാരിന് മാത്രമായിരുന്നില്ല കൊച്ചു കേരളത്തിന്റെ വടക്കൻ ജില്ലയിൽ ഒന്നായ കണ്ണൂരിലെ കോർപറേഷൻ ഭരണത്തെ സംബന്ധിച്ചും ഈ ദിവസം നിർണായകമായിരുന്നു. നിർഭയയുടെ കാര്യത്തിൽ തൂക്കു കയർ ലഭിച്ചവർ ഇന്നലെ പുലർച്ചക്കു തൂക്കിലേറ്റപ്പെട്ടു. രാജ ഭരണം നിലവിൽ ഇല്ലെങ്കിലും ഗ്വാളിയോർ രാജ കുടംബത്തിൽ നിന്നുള്ള യുവരാജാവ് ഓപ്പറേഷൻ കമലയുടെ ഭാഗമായി പാലം വലിച്ചതോടെ കമൽ നാഥിന്റെ നേതൃത്വത്തിലുള്ള അവിടുത്തെ കോൺഗ്രസ് സർക്കാരും വീണു. പേരിൽ താമര ഉണ്ടായിരുന്നിട്ടും കമൽ നാഥിന് പിടിച്ചു നിൽക്കാനായില്ല. റിസോര്‍ട്ട് രാഷ്ട്രീയമോ എന്തിനേറെ ഒടുവിൽ തുണക്കുമെന്നു കരുതിയ കൊറോണ പോലും ടിയാനെ തുണച്ചില്ല. അല്ലെങ്കിലും സംഘ് പരിവാർ വിട്ടു കോൺഗ്രസിൽ ചേക്കേറിയ മാധവ റാവു സിന്ധ്യയുടെ മകന്‍ തനി സ്വഭാവം കാട്ടിയതിൽ അത്ര അത്ഭുത പെടേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല. അച്ഛന്റെ സ്ഥിരം മണ്ഡലമായ ഗുണ പോലും കൈവിടുമ്പോൾ കാറ്റിനൊപ്പം തൂറ്റുക എന്ന നിലപാട് സ്വീകരിച്ചു എന്നേ കാണേണ്ടതുള്ളൂ. ഗതി കേട്ടാൽ പുലി പുല്ലും തിന്നുമെന്നല്ലേ. പഴ രാജ കുടുംബം എന്നൊക്കെ പറഞ്ഞിരിന്നിട്ടു കാര്യമില്ലല്ലോ. ഏറെ കൊതിച്ചിരുന്ന മുഖ്യ മന്ത്രി കസേരയല്ലേ പേരിൽ കമൽ ഉള്ളതുകൊണ്ട് കമൽ നാഥിന് നൽകിയത്. പാർട്ടി വിട്ടതിനും എം എൽ എ മാറി കൂട്ടത്തോടെ കൂറ് മാറ്റിച്ചതിനും ചക്രമായി എന്തെങ്കിലും കിടഞ്ഞോ എന്നറിയില്ല. ഇനിയിപ്പോൾ കോടികൾ മറിഞ്ഞാൽ തന്നെ തല്ക്കാലം ആരുണ്ടിവിടെ ചോദിയ്ക്കാൻ? സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ച ഉടൻ തന്നെ താമര പാർട്ടിയുടെ ആശീര്‍വാദത്തോടെ രാജ്യ സഭ അംഗമായതോടെ നീതി പീഠം എന്ന സങ്കൽപം പോലും വെറും ഒരു സങ്കല്പമായി മാറിയില്ലേ? ഗാന്ധി സങ്കൽപ്പ്‌ യാത്രയൊക്കെ അതിന്റെ ഭാഗം തന്നെ. അല്ലെങ്കിലും യാഥാർഥ്യം വെടിയുക സങ്കല്പ ലോകത്തിൽ ജീവിക്കുക എന്ന ആർ എസ് എസ് തന്ത്രം കൊറോണ വൈറസിനേക്കാൾ എത്ര വേഗത്തിലാണ് ഇന്ത്യയിൽ വ്യാപനം ചെയ്യുന്നത് ! രോഗം പടർത്തുന്ന വൈറസിനേക്കാൾ അപടകാരികൾ തന്നെയാണ് രാഷ്ട്രീയ വൈറസും. ഇവയെ കൃഷിയിൽ എന്ന പോലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ശത്രു കീടവും മിത കീടവുമാണ്. ഇത്തരത്തിൽ ഒന്നിനെ വെച്ചുള്ള ഒരു ഞാണിന്മേൽ കളിയായിരുന്നു ഇത്രകാലവും കണ്ണൂർ കോര്‍പ്പറേഷനിൽ നടന്നു വന്നിരുന്നത്. ഒരിക്കൽ തങ്ങൾക്കു മിത്രമായി വർത്തിച്ച പി കെ രാഗേഷ് എന്ന കോൺഗ്രസ് വിമതനെ ഒടുവിൽ അവിശ്വാസ പ്രമേയത്തിലൂടെ ഡെപ്യൂട്ടി മേയർ സ്ഥാനത്തു നിന്നും എൽ ഡി എഫ് പുറത്താക്കിയിരിക്കുന്നു, അതും മുസ്ലിം ലീഗ് ജില്ലാ നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പി എ സലീമിന്റെ പിന്തുണയോടെ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിനു തൊട്ടു മുൻപായാണ് കണ്ണൂർ മുനിസിപ്പാലിറ്റിയെ കോര്‍പ്പറേഷനായി ഉയർത്തിയത്. കൂട്ടത്തിൽ മേയർ സ്ഥാനം വനിതാ സംരണം ആക്കി. ആയിടക്കാണ് കണ്ണൂരിലെ കോൺഗ്രസ് പുലി കെ സുധാകരനുമായി തെറ്റിപ്പിരിഞ്ഞ പി കെ രാഗേഷ് സേവ് കോൺഗ്രസ് ഫോറം ഉണ്ടാക്കി മറ്റു നാല് അനുചരന്മാർക്കൊപ്പം മത്സര രംഗത്തിറങ്ങിയതും സ്വാഭാവികമായും കോൺഗ്രസ്സും ലീഗും ചേർന്നാൽ വെന്നിക്കൊടി പാറിക്കാവുന്ന കണ്ണൂരിലെ ഫലം അട്ടിമറിച്ചതും. ഫലം വന്നപ്പോൾ 55 അംഗ കോര്പറേഷനിൽ യു ഡി എഫിനും എൽ ഡി എഫിനും 27 കൗൺസിലർ വീതം. അങ്ങനെ വിമത പക്ഷത്തു നിന്നും വിജയിച്ച രാഗേഷ് നിർണായക ശക്തിയായി. ഇരു പക്ഷവും രാഗേഷിനെ വിടാതെ പിന്തുടർന്നെങ്കിലും അയാൾ തുണച്ചത് എൽ ഡി എഫിനെ. അങ്ങനെ എൽ ഡി എഫ് ഭരണത്തിലേറി. രാഗേഷ് വെച്ച കണ്ടീഷൻ അനുസരിച്ചു അയാൾ ഡെപ്യൂട്ടി മേയറും. അനുനയ നീക്കങ്ങൾ വീണ്ടും നടന്നെങ്കിലും രാഗേഷ് മറുകണ്ടം ചാടാൻ തയ്യാറായത് ഭരണം ഏതാണ്ട് നാല് വര്‍ഷം തികയാൻ പോകുന്ന വേളയിൽ മാത്രം. മേയർക്ക് പുതിയ കാർ വാങ്ങിയപ്പോൾ തന്നെ തഴഞ്ഞു എന്നൊക്കെയായിരുന്നു പരിദേവനം. എന്തായാലും രാഗേഷ് കാലുമാറിയതോടെ യു ഡി എഫിന്റെ മാത്രമല്ല കണ്ണൂരിലെ പ്രഥമ വനിതാ മേയർ എന്ന പദവി സ്വപ്നം കണ്ടിരുന്ന സുമ ബാലകൃഷ്ണൻെറയും യോഗം തെളിഞ്ഞു. കാലുമാറുമ്പോൾ വീണ്ടും രാഗേഷ് ഒരു കണ്ടീഷൻ വെച്ചിരുന്നു. താൻ തന്നെ ഡെപ്യൂട്ടി മേയർ എന്ന്‌. ആകെ ഒന്നര വർഷത്തിൽ താഴെയേ ഉള്ളെങ്കിലും പപ്പാതി ഭരിക്കാമെന്ന ധാരണയിൽ കോൺഗ്രസ്സും ലീഗും എത്തി കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടയിലാണ് മുസ്ലിം ലീഗിൽ നിന്നും മറ്റൊരു മിത്രത്തെ എൽ ഡി എഫിന് വീണു കിട്ടിയതും അവിശ്വാസം വന്നതും രാഗേഷ് വീണതും. രാഗേഷിന്റെ പതനത്തിൽ എത്ര പേർ സന്തോഷിക്കുന്നു എത്ര പേർ ദുഖിക്കുന്നു എന്നൊന്നൊന്നും അറിയില്ല. തന്നെ ധിക്കരിച്ചു രാഗേഷ് വിമതനായി രംഗത്ത് വന്നപ്പോൾ പുകഞ്ഞ കൊള്ളി പുറത്തു എന്നു പറഞ്ഞ കെ സുധാകരൻ തന്നെ പിന്നീട് പലവട്ടം രാഗേഷുമായി ചർച്ച നടത്തിയ ശേഷമാണ് ടിയാൻ എൽ ഡി എഫ് ഭരണം അട്ടിമറിച്ചത്. പുകഞ്ഞ കൊള്ളി തിരിച്ചെത്തിയപ്പോഴും മുന്നണിക്കുള്ളിൽ പുകച്ചിൽ തന്നെയായിരുന്നു എന്നായിരുന്നു അണിയറ സംസാരം. സത്യത്തിൽ ഇരു മുന്നണികളെയും നിറുത്തി പുകച്ച രാഗേഷാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അതിനു വഴിവെച്ച മുസ്ലിം ലീഗിൽ നിന്നുള്ള ആളുടെ ഭാവി എന്തെന്നൊക്കെ ഇനി അറിയാൻ ഇരിക്കുന്നതേയുള്ളു. ഈ മാര്‍ച്ച് 31 നു മേയർ സ്ഥാനം മുസ്ലിം ലീഗിന് വെച്ച് മാറണ്ടേതുണ്ട് എന്നതിനാൽ ഇനിയെല്ലാം മുസ്ലിം ലീഗിന്റെ മാത്രം തലവേദന എന്നു കോൺഗ്രസ് ചിന്തിച്ചു കളയുമോ എന്നും വരും ദിവസങ്ങളിൽ അറിയാം .


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories