TopTop
Begin typing your search above and press return to search.

മരണം എപ്പോഴും പടിവാതില്‍ക്കലുണ്ട്; ജീവിതത്തെ പുതുക്കിപ്പണിതുകൊണ്ടേയിരിക്കുക

മരണം എപ്പോഴും പടിവാതില്‍ക്കലുണ്ട്; ജീവിതത്തെ പുതുക്കിപ്പണിതുകൊണ്ടേയിരിക്കുക

സ്വീഡിഷ് ഭാഷയിൽ 'Dostadning' എന്നൊരു വാക്കുണ്ട്. മരണം എന്നർത്ഥമുള്ള 'Do' എന്ന സ്വീഡിഷ് വാക്കും വൃത്തിയാക്കൽ എന്നർത്ഥമുള്ള 'Stadning' എന്ന വാക്കും കൂടി ഉണ്ടായ പദമാണിത്. മരണത്തെ മുന്നിൽക്കണ്ട് ജീവിതത്തെ വൃത്തിയാക്കുന്ന സ്വീഡിഷ് രീതിയെയാണ് ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നത്. ഇതേപ്പറ്റി സ്വീഡിഷ് ആർട്ടിസ്റ്റായ മാർഗരേറ്റ മാഗ്നസ്സോൻ (Margareta Magnusson) "The Gentle Art of Swedish Death Cleaning" എന്ന കൃതിയിൽ എഴുതിയിരുന്നു. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം മരണമാണ്. അത് മുന്നിൽ കണ്ട് വേണ്ട തയ്യാറെടുപ്പുകൾ നടത്തുക എന്നത്‌ ഒരു സിവിലൈസ്ഡ് സമൂഹത്തിന്റെ രീതിയാണ്. മാർഗരേറ്റ പറയുന്നത് മരണം എപ്പോൾ വേണമെങ്കിലും വരാം. അതിനാൽ ഈ വൃത്തിയാക്കൽ ജീവിതത്തിൽ നിരന്തരം നടക്കേണ്ടതുണ്ട് എന്നാണ്. മരണത്തിലേക്ക് അധികസമയമില്ലെന്ന തോന്നലോടെ കാര്യങ്ങളെ നോക്കിക്കാണുന്ന ഒരു സവിശേഷ രീതി. ഇത് ജീവിതത്തെ ക്ലേശരഹിതവും ഭാരരഹിതവും ആക്കിത്തീർക്കും എന്നാണ് അവർ പറയുന്നത്. മുമ്പെങ്ങോ വായിച്ച ഈ പുസ്തകമാണ് കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി വീട്ടിലടങ്ങിയിരിക്കുമ്പോൾ എനിക്കോർമ്മ വന്നത്. 37,000 മനുഷ്യരെ കൊറോണ ഇതിനകം മരണത്തിനു വിട്ടുകൊടുത്തു എന്ന് എൻ്റെ മുന്നിലെ ടെലിവിഷൻ പറയുന്നു. മരണത്തെപ്പറ്റി ഓർക്കാതെ, അതിനു വേണ്ട യാതൊരു തയ്യാറെടുപ്പുമില്ലാതെ അവർ ലോകത്തു നിന്ന് പെട്ടന്നങ്ങ് ഇല്ലാതായി.

എന്താണ് ദോസ്താദ്‌നിങ്? ഓരോ വ്യക്തിയും സ്വന്തം സ്വത്തുക്കളെ ഇഷ്ടാനുസരണം ഒഴിവാക്കുന്ന പ്രക്രിയ. സ്വത്ത് എന്ന് പറഞ്ഞാൽ ജീവിതത്തിൽ സ്വന്തമാക്കിയ എല്ലാ സാധനങ്ങളും ഉൾപ്പെടും. ഭൂമി, കെട്ടിടങ്ങൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകം, ബന്ധങ്ങൾ അങ്ങനെ എല്ലാം. ജീവിതത്തെ ആവശ്യമായ ഓർഡറിലാക്കിവെക്കുന്ന ഒരു രീതിയാണ് അത്. നമുക്ക് ചുറ്റുമുള്ള അനാവശ്യ സാധനങ്ങളെ നിരന്തരം ഒഴിവാക്കുകയും അതേ സമയം വേണ്ടതെല്ലാം അടുത്തുണ്ട് എന്നുറപ്പാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ. നാളേക്ക് എന്ന് കരുതി സൂക്ഷിക്കുന്ന പലതും പിന്നീട് ഭാരമായി ജീവിതകാലം മുഴുവൻ പേറുന്ന രീതിയിൽ നിന്നുള്ള ഒരു മാറ്റം. ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മരണാനന്തരം ബന്ധുമിത്രാദികൾക്കു ബുദ്ധിമുട്ടും വേദനയും നൽകാനിടയാവരുത് എന്ന ഒരു പ്രായോഗിക ദർശനം.

ഇപ്പോൾ ചുറ്റിനും മരണത്തിൻ്റെ മുഖം മാത്രം. വാർത്തകൾ നിരന്തരം ഭീതിപ്പെടുത്തുന്നു. മനുഷ്യരാശി അസാധാരണമായ ഭീതിയോടെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ലോകം മുഴുവൻ അടഞ്ഞുകിടക്കുന്നു. ആദ്യത്തെ ഒരമാന്തത്തിനു ശേഷം ഇവൻ ചില്ലറക്കാരനല്ല എന്ന ബോധ്യം ലോകനേതൃത്വത്തിനുമുണ്ടായി. കരുതിയിരിക്കണം എന്നൊരു തിരിച്ചറിവ് ലോകത്തിനിപ്പോഴുണ്ട്. ഭൂമിയിലെ മനുഷ്യരെയെല്ലാം ഈ വൈറസ് പ്രയാസത്തിലാക്കിക്കഴിഞ്ഞു. എത്രപേർ മരിക്കും എന്നതാണോ എത്ര പേർ ബാക്കിയാവും എന്നതാണോ ശരിയായ ചോദ്യം എന്ന് വരുംനാളുകളിൽ മാത്രമേ തീരുമാനിക്കാനൊക്കൂ.

ലണ്ടനിലെ The Economist വാരികയുടെ കഴിഞ്ഞ ലക്കത്തിൻ്റെ മുഖചിത്രം എന്നെ അമ്പരിപ്പിക്കുന്നു. ഭൂമിയുടെ ഒരു ചിത്രവും അതിൻ്റെ മേലെ ഒരു ബോർഡും തൂക്കിയിട്ടുണ്ട്. 'Closed' എന്നെഴുതിയ ബോർഡ്. The Economist വാരിക തുടങ്ങിയത് 177 കൊല്ലങ്ങൾക്കു മുൻപാണ്. അതായത് 1843-ൽ. അവരുടെ ഇത്രയും വർഷത്തെ ചരിത്രത്തിൽ ഒരിക്കലും ഇങ്ങനെ ഒരു കവർ രൂപകല്പന ചെയ്യേണ്ടി വന്നിട്ടുണ്ടാവില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അസാധാരണമായ മുന്നേറ്റങ്ങളുമായി ലോകം മുന്നേറും എന്ന് കരുതിയിരുന്നവരുടെ മുൻപന്തിയിലാണ് ഈ വാരിക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാനവരാശിയെ വലിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തും എന്നാണ് അവരെപ്പോലെ ലോകത്തെ ചിന്തിക്കുന്ന മനുഷ്യരെല്ലാം കരുതുന്നത്. നമ്മൾ മനുഷ്യരെ പോലുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുക എന്നതാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ എന്ന് ചുരുക്കപ്പേര്) ലക്ഷ്യമിട്ടിരിക്കുന്നത്. ഞാനേറ്റവും ഒടുവിലായി വാങ്ങിച്ച പുസ്തകവും എ.ഐയെപ്പറ്റിയുള്ളതായിരുന്നു. ആ സവിശേഷ വിജ്ഞാന ശാഖയിലെ അവസാന വാക്കുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മൈക്കൽ വൂൾഡ്രിഡ്ജ് എഴുതിയ The Road to Conscious Machines എന്ന പുസ്തകം.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെപ്പറ്റിയുള്ള ഒരു പോപ്പുലർ സയൻസ് രചന എന്നാണ് ഈ പുസ്തകത്തെക്കുറിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ഗ്രന്ഥകാരൻ അവകാശപ്പെടുന്നത്. ലോകത്തെ നിയന്ത്രിക്കുവാൻ പോകുന്ന ഈ പുതുവിഷയത്തെ ഒന്ന് മനസ്സിലാക്കിക്കളയാം എന്ന് കരുതിയാണ് കുറച്ചു ദിവസം മുൻപ് ഈ പുസ്തകം കൈക്കലാക്കിയത്. അപ്പോഴേക്കും കൊറോണ ചൈനയുടെ അതിർത്തികൾ കടന്നിരുന്നു. എൻ്റെ ആലോചനകളിൽ കൊറോണ വൈറസ് മെല്ലെ, മെല്ലെ സ്ഥാനം പിടിച്ചു. ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി. ഇറ്റലിയിലും ഇറാനിലും അതിൻ്റെ താണ്ഡവം തുടങ്ങുകയും ചെയ്തു. ഞാൻ വൂൾഡ്രിഡ്ജിൻ്റെ പുസ്തകം അടച്ചു വച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തത്ക്കാലം അവിടെ നിൽക്കട്ടെ. ഭാവിയെ മറ്റാരോ നിയന്ത്രിക്കുന്നതു പോലെ ഒരു തോന്നൽ. ഒരു വൈറസ് വില്ലൻ വേഷത്തിൽ ലോകത്ത് ആടിത്തിമർക്കുന്ന ചിത്രം പതുക്കെ പതുക്കെ അനാവരണം ചെയ്യപ്പെട്ടു. വൈകാതെ ഭയം വൈറസിനെക്കാൾ വേഗതയോടെ ലോകത്തെ കീഴടക്കി. കേരളവും നിർബന്ധിത ലോക്ക്ഡൗണിലേക്ക് പോയി. ബന്ദും ഹർത്താലും ആഘോഷമാക്കിയ മലയാളിക്ക് ആദ്യ ദിവസങ്ങളിൽ അതൊരു പുതിയ അനുഭവമായിരുന്നില്ല.

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. കൊറോണ വാർത്തകൾ കൊണ്ട് ടെലിവിഷൻ ചാനലുകൾ നിറഞ്ഞു. ഭരണാധികാരികൾ താക്കീതുകളും നടപടികളുമായി ജനങ്ങളുടെ മുമ്പിലെത്തി. ദൈനംദിനജീവിതം അസാധാരണ മാറ്റങ്ങൾക്ക് വിധേയമായി. പതിവുകളും ശീലങ്ങളും ഇല്ലാതായി. ഭയത്തിൻ്റെ വ്യാപനം അസാധാരണ വേഗത്തിലായി. അത് അകാരണമാണെന്നു പറയാനും വയ്യ. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ചാൾസ് രാജകുമാരനും കൊറോണ ബാധിതരുടെ പട്ടികയിൽ ഇടംനേടിയെങ്കിൽ സാധാരണക്കാര്‍ ഭയക്കാതിരിക്കുന്നതെങ്ങനെ. കൊറോണ ബാധിതനായ ഇറാനിലെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഇറാജ് ഹരിർചി പറഞ്ഞ വാചകം ഇടയ്ക്കൊക്കെ എൻ്റെ മനസ്സിലേക്ക് വന്നു. "This virus is democratic, and it doesn't distinguish between poor and rich or between statesman and an ordinary citizen". സമത്വത്തിൻ്റെ പുതിയൊരു പാഠം മാനവരാശി അറിയുകയാണ്. എൻ്റെ ഫ്ലാറ്റിൻ്റെ ഒമ്പതാം നിലയിലിരുന്ന് നിശ്ചലമായ കൊച്ചി നഗരം ഞാൻ കാണുന്നുണ്ട്. അതിനേക്കാൾ നിശ്ചലമാണ് ന്യൂയോർക്ക് പട്ടണമെന്ന് ടെലിവിഷൻ ലോകത്തെ കാണിച്ചു കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ഉറക്കമെന്തെന്നറിയാത്ത മഹാനഗരങ്ങളെ കൊറോണ ഭീതി നിശ്ചലമാക്കിയിരിക്കുന്നു. അവയിനി പതിവുപോലെ എന്ന് ചലിച്ചു തുടങ്ങും എന്ന് ആർക്കും നിശ്ചയമില്ല.

ഒന്നിനും നിശ്ചയമില്ലെങ്കിലും മടികൂടാതെ എല്ലാറ്റിലും നിരന്തരം പ്രവചനങ്ങൾ നടത്തിയിരുന്ന ആത്മീയ വ്യാപാരങ്ങൾ ലോകമെമ്പാടും നിശ്ചലമായിരിക്കുന്നു. ആരാധനാലയങ്ങൾ എല്ലായിടത്തും അടഞ്ഞുകിടക്കുന്നു. ദൈവം അവധിയിലാണ് എന്ന തോന്നൽ ലോകമാകെ പരന്നിട്ടുണ്ട്. കോടാനുകോടി വിശ്വാസികളുടെ നേതാവ് ഫ്രാൻസിസ് മാർപാപ്പ വിജനമായ സെയിൻറ് പീറ്റേഴ്സ് ചത്വരത്തിൽ ഒറ്റയ്ക്കു പ്രാർത്ഥന നടത്തുന്ന ചിത്രം എന്നിൽ കൗതുകമുണർത്തി. ഇനിയും ഒരു ദൈവത്തിൻ്റെ ആവശ്യമുണ്ടോ എന്ന പഴയ ചോദ്യം വീണ്ടും ഉറക്കെ ചോദിക്കാൻ എനിക്കു തോന്നി. രാവിലെ വരുന്ന പത്രങ്ങളിലാകെ ഉത്സവങ്ങളുടെ ചിത്രങ്ങൾ നിറയേണ്ട കാലമാണ്. പകരം ക്ഷേത്രമടച്ചതിൻ്റെ കണക്കുകൾ നിരന്നു തുടങ്ങി. സൌദി അറേബ്യയിൽ പള്ളി അടച്ചിട്ടും ഇങ്ങ് ചേലേരിയിലെ പള്ളിയിൽ നിസ്കരിക്കണം എന്ന് വാശി പിടിച്ച ജനങ്ങളെപ്പറ്റി എൻ്റെ സുഹൃത്തായ നാട്ടിലെ പോലീസുദ്യോഗസ്ഥൻ തമാശരൂപേണ സങ്കടം പറഞ്ഞു. ആളുകളെ വീട്ടിലിരുത്തുക എന്ന പുതിയ ജോലിയിലാണ് കാക്കി കുപ്പായക്കാർ. അവശ്യ സർവ്വീസ് എന്ന പരിഗണന വെച്ച് അവരെ കെറോണ വെറുതെ വിടുമായിരിക്കും!

തിയ്യതിയും ദിവസവും അറിയാൻ കലണ്ടർ തപ്പി കണ്ടെത്തി. മാർച്ച് മുപ്പത് തിങ്കളാഴ്ച. നാട് അടച്ചിട്ടിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ഫോണിൽ സുഹൃത്തിൻ്റെ ശബ്ദം. "തിരക്കിലല്ലല്ലോ..." എന്ത് തിരക്ക് എന്ന് എൻ്റെ മറുമൊഴി. ഈ വാക്കുകൾ കേട്ടിട്ടും പറഞ്ഞിട്ടും എത്രയോ കാലമായി. എല്ലാവരും തിരക്കിലായിരുന്നു. തിരക്കോട് തിരക്ക്. ഓരോ ഫോൺ കോളിനും "തിരക്കിലാണ്, പിന്നീട് വിളിക്കാം" എന്ന സന്ദേശങ്ങൾ നിരന്തരം പാഞ്ഞുകൊണ്ടിരുന്ന കാലം കഴിഞ്ഞുവോ? അതൊക്കെ ഇത്ര വേഗം മറഞ്ഞു പോകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. എനിക്ക് എൻ്റെ ചെറുപ്പകാലത്തെ ബസ് യാത്രകൾ ഓർമ്മ വന്നു. കൈലാസ് ബസ്സിൽ അച്ഛനോടൊപ്പം ഇരുന്ന് യാത്ര ചെയ്യുമ്പോൾ മരങ്ങളും കെട്ടിടങ്ങളും പുറകോട്ട് പോകുന്നത് കണ്ട് ഞാൻ അന്തം വിട്ടിരുന്നിട്ടുണ്ട്. പിന്നീട് ഒരിക്കലും അങ്ങനെയൊരനുഭവം ഓർമ്മയിലില്ല. വേഗത നമുക്കൊക്കെ ഹരമായി മാറി. വേഗത കൂടി കൂടി നമ്മളൊന്നും അറിയാതെയായി. തിരക്ക് കൂടി കൂടി നമുക്ക് അനുഭവങ്ങളും ഇല്ലാതായി. ഇന്നിപ്പോൾ വേഗതയില്ല; തിരക്കില്ല. ശ്രദ്ധയും കരുതലും നമ്മളറിഞ്ഞു തുടങ്ങി.

ഉള്ളിലെ ചോദ്യം മനസ്സിനെ ഇടയ്ക്കൊക്കെ അലട്ടിക്കൊണ്ടിരിക്കുന്നു. നമ്മൾ ബാക്കിയാവുമോ? നമ്മൾ എന്നാൽ മാനവരാശി. ഇത് മാനവരാശിയുടെ അന്തിമവിധിയായി മാറുമോ? എന്തുകൊണ്ടാണ് എല്ലാവരും പകച്ചു നിൽക്കുന്നത്? എന്തുകൊണ്ടാണ് ഇതിൻ്റെ വരവ് ആരും മുൻകൂട്ടി കാണാതെ പോയത്? ഇതിൻ്റെ കാഠിന്യം ശാസ്ത്രം അറിയാതെ പോയത്? ചോദ്യങ്ങൾ മാത്രമേയുള്ളൂ. ചോദ്യങ്ങളാവട്ടെ കൂടിക്കൂടി വരുന്നു. ഉത്തരങ്ങൾ എവിടെയും തെളിയുന്നില്ല. എന്ത് മോചനമാണ് നമ്മളെ കാത്തിരിക്കുന്നത്? എന്നായിരിക്കും അവസാന വിധി? ഭൂമിയുടെ വേദനയാണ് നമ്മളിന്ന് അനുഭവിക്കുന്നത് എന്ന വാദം എവിടെയെല്ലാമോ കേൾക്കുന്നുണ്ട്. പ്രകൃതി അതിൻ്റെ സ്വാഭാവികത തിരിച്ചു പിടിക്കുന്നു എന്ന വാർത്തയും വിശ്വസനീയമായ മാധ്യമങ്ങളിൽ വരുന്നുണ്ട്. എവിടെയാണ് മനുഷ്യന് പിഴച്ചത്? പ്രകൃതിയുടെ ഉടമസ്ഥാവകാശം നമുക്കാണ് എന്ന അഹങ്കാരമാണ് ഈ സ്ഥിതിയിലെത്തിച്ചത് എന്നാണ് ഞാനും കരുതുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച് എനിക്കേറെ പ്രിയപ്പെട്ട ഒരു വാചകമുണ്ട്. പോർച്ചുഗീസ് എഴുത്തുകാരനായ ജോസേ സരാമാഗോയുടെ വാചകം. "Liking is probably the best form of ownership, and ownership the worst form of liking". പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തെ പുതുക്കിപ്പണിയേണ്ടതുണ്ട്. ഇഷ്ടപ്പെടുക എന്ന ബന്ധത്തിലേക്ക് നമ്മൾ തിരിച്ചു പോകണം. ആർക്കും ഒന്നിലും ഉടമസ്ഥാവകാശമില്ല. പ്രകൃതിയുടെ ഭാഗം മാത്രമാണ് നമ്മളെന്ന് ശാസ്ത്രം നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. പ്രകൃതിയെ ആഴത്തിൽ അറിയുക എന്നതാണ് ശാസ്ത്രം ഏറ്റെടുത്ത ഉത്തരവാദിത്തം. ആ ശാസ്ത്രം മാത്രമാണ് മാനവരാശിയുടെ നിലനില്പിനായി ഈ ദുരിതകാലത്ത് പോരാടിക്കൊണ്ടിരിക്കുന്നത്.

'ദോസ്താദ്‌നിങ്' നമ്മൾ ജീവിതരീതിയാക്കണം. മരണം എപ്പോഴും നമ്മുടെ പടിവാതില്‍ക്കലുണ്ട്.

ആവശ്യമില്ലാത്തതൊക്കെ അപ്പപ്പോൾ ഉപേക്ഷിച്ച് ജീവിതത്തെ വൃത്തിയാക്കി വെക്കണം. ഇല്ലാതായി പോകാനുള്ള ഒരു തയ്യാറെടുപ്പ്. അതൊരു ശാസ്ത്രീയ രീതിയാണ്. അന്തസ്സായ മരണം ഒരു തിരഞ്ഞെടുപ്പാണ്. അതൊരു മനുഷ്യാവകാശവുമാണ്. കൊറോണക്കാലത്തെ ചിന്തകൾ ഇങ്ങനെ പല വഴിക്കും ചുറ്റി നടക്കുന്നു. വീണ്ടും അവ കുറിക്കാനിടയാവട്ടെ. വീടുകളുടെ ചുമരുകൾക്കുള്ളിൽ നമ്മൾ സുരക്ഷിതരായിരിക്കട്ടെ. ഇപ്പോൾ നമ്മോടൊപ്പം ഏറ്റവും ആവശ്യമായവ മാത്രമേ കൂട്ടിനുള്ളൂ.

അതൊരാശ്വാസമാണ്. ചെറുതല്ലാത്ത ആശ്വാസം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories