TopTop
Begin typing your search above and press return to search.

യുഎപിഎ എന്ന് ചോദിക്കുമ്പോൾ മാവോയിസ്റ്റ് എന്ന് മറുപടി പറയുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും

യുഎപിഎ എന്ന് ചോദിക്കുമ്പോൾ മാവോയിസ്റ്റ് എന്ന് മറുപടി പറയുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും

എല്ലാ സംശയങ്ങളും മാറ്റി നിര്‍ത്തി മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഒരു കാര്യം ഇന്നലെ വ്യക്തമാക്കി. കോഴിക്കോട് യു എ പി എ ചുമത്തപ്പെട്ട രണ്ട് പേര്‍ യഥാര്‍ത്ഥത്തില്‍ സിപിഎം പ്രവര്‍ത്തകരായിരുന്നില്ല. അവര്‍ മാവോയിസ്റ്റുകളാണ്. അതോടെ ചോദ്യങ്ങള്‍ അവസാനിച്ചെന്നാണ് തോന്നുന്നത്. ഈ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമതത്തിയതിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ അസാധുവാണെന്ന് ഫലത്തില്‍ വ്യക്തമാക്കി കൊണ്ട് ഒരു തീര്‍പ്പ് കേരള മുഖ്യമന്ത്രി നടത്തിയിരിക്കുന്നു.

മറ്റ് യുഎപിഎ കേസുകളില്‍നിന്ന് അലന്റെയും താഹയുടെയും അറസ്്റ്റുകള്‍ക്ക് വാര്‍ത്ത പ്രാധാന്യം കിട്ടിയതിന്റെ പ്രധാനകാരണം അവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നതുകൊണ്ടായിരുന്നു. അവരുടെ മാതാ പിതാക്കളും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും അവര്‍ സിപിഎമ്മുകാരാണെന്ന് പറഞ്ഞു. യു എ പി എ ചുമത്തിയതിനെതിരെ സിപിഎമ്മിന്റെ പൊളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം എ ബേബിയും രംഗത്തെത്തി. അറസ്റ്റിലായ രണ്ടു പേരും സിപിഎം പ്രവര്‍ത്തകരാണെങ്കിലും അലന്റെ വീട്ടില്‍ എത്തി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഡോ. തോമസ് ഐസക് ബന്ധുക്കളെആശ്വസിപ്പിച്ചു. ആദ്യ ദിവസങ്ങളിലെ സൂചനകള്‍ അനുസരിച്ച് ഈ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ സഹായം പോലും പാര്‍ട്ടി നല്‍കുമെന്ന വാര്‍ത്തകള്‍ വന്നു. അത് പിന്നീട് നിഷേധിക്കപ്പെട്ടു. യുഎപിഎ ചുമത്തിയതിനെതിരെ ശക്തമായ രാഷ്ട്രീയ വിമര്‍ശനം ഉണ്ടായ ഘട്ടങ്ങളിലെല്ലാം പൊലീസ് അലൻ്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തെ 'തെളിയിക്കുന്ന' കഥകള്‍ മാധ്യമങ്ങള്‍ക്ക് പറഞ്ഞു കൊടുത്തു. അവരത് വലിയ വാര്‍ത്തകളാക്കി. ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോഴല്ലൊം സിപിഎമ്മിന് ഉണ്ടെന്ന് അവർ അവകാശപ്പെടുന്ന യുഎപിഎ വിരുദ്ധ നിലപാടുകള്‍ മാറ്റി നിര്‍ത്തി പൊലീസ് പ്രതികള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടു. സ്വാഭാവികമായും അവര്‍ക്ക് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. ഇപ്പോഴും ആ ചെറുപ്പക്കാർ ജയിലിൽ തുടരുന്നു.

ദിവസങ്ങൾ കഴിഞ്ഞതോടെ അലനില്‍നിന്നും താഹയില്‍നിന്നും മാധ്യമങ്ങള്‍ ശ്രദ്ധ തിരിച്ചു. അങ്ങനെയുള്ള ഘട്ടത്തിലാണ് വിദേശ സന്ദര്‍ശനം കഴിഞ്ഞ് അതിന്റ നേട്ടങ്ങള്‍ വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് നേരത്തെ പറഞ്ഞ കാര്യം അര്‍ത്ഥശങ്കക്കിടയില്ലാതെ വിധത്തില്‍ പറഞ്ഞത്. അവര്‍ സിപിഎമ്മുകാരല്ല, മറിച്ച് മാവോയിസ്റ്റുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇതിൽ യഥാർത്ഥത്തിൽ അത്ഭുതമില്ല. മുഖ്യമന്ത്രി പൊലീസിനെ അങ്ങനെ തിരുത്തിയ സംഭവങ്ങളുണ്ടോ എന്ന് പോലും അറിയില്ല. ഇവിടെയും അതുതന്നെ സംഭവിച്ചു. ആദ്യം പൊലീസ് പറഞ്ഞു. പിന്നെ അവരുടെ ആത്മവീര്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പിണറായി വിജയൻ അതേറ്റു പറഞ്ഞു. സിപിഎമ്മിന് സ്ഥിരമായി അനുഭവപെടാറുളഅളത് പോലെ യു എ പി എ എന്ന് പറയുമ്പോള്‍ മാവോയിസ്റ്റ് എന്നാണ് പിണറായി വിജയനും കേള്‍ക്കുന്നത്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് എത്രത്തോളം ആശയപരമായും സംഘടനപരമായുമൊക്കെ സ്വാധീനമുണ്ടെന്നത് സമൂഹത്തെ നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകാവുന്ന കാര്യമെ ഉള്ളൂ. എന്നിട്ടും കേരളത്തില്‍ എപ്പോഴെങ്കിലും ആരെങ്കിലും യു എ പി എ എന്ന് പറഞ്ഞോ അപ്പോ നമുക്ക് കേള്‍ക്കാവുന്നത് മാവോയിസ്റ്റ് മാവോയിസ്റ്റ് എന്ന ഭരണകൂടത്തിൻ്റെയും അതിനെ നയിക്കുന്ന പാർട്ടിയുടെയും അട്ടഹാസമാണ്.

കേരളത്തിലെ പൗരസമൂഹവും ഭരണ മുന്നണിയിലെ ഘടകകക്ഷിയും അലന്റെയും താഹയുടെയും അറസ്റ്റിനെതിരെ രംഗത്തുവന്നത് അവര്‍ക്കെതിരെ യുഎപിഎ ചുമത്തപ്പെട്ടതു കൊണ്ടാണ്. അറസ്റ്റ് ചെയ്യാന്‍ മാത്രം എന്ത് വിധ്വംസക പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തതെന്ന് ചോദിച്ചുമാണ്. അല്ലാതെ അവരുടെ രാഷ്ട്രീയനിലപാടുമായി ബന്ധപ്പെട്ടായിരുന്നില്ല. യുഎപിഎ പോലെ സിപിഎം എതിര്‍ക്കുന്നുവെന്ന് പറയുന്ന നിയമങ്ങള്‍ ചുമത്തപ്പെടാന്‍ എന്തായിരുന്നു അവരുടെ കുറ്റം എന്നതായിരുന്നു പൊതുവില്‍ ഉന്നയിക്കപ്പെട്ട വിമര്‍ശനം. ഇതിനെല്ലാമുള്ള മറുപടിയായി വേണം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാന്‍. അവര്‍ മാവോയിസ്റ്റുകളാണെന്ന്. ഇതോടെ യുഎപിഎ അറസ്റ്റ് വളരെ സ്വാഭാവികമാണെന്ന് വന്നിരിക്കുന്നു. യുഎപിഎ യുഎപിഎ എന്ന് പറയുമ്പോള്‍ അയ്യോ മാവോയിസ്റ്റ് എന്ന് കുറച്ചുകാലമായി പിണറായി അനുകൂലികള്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ അദ്ദേഹവും അതുതന്ന ആവര്‍ത്തിച്ചിരിക്കുന്നു. യുഎപിഎ വരുന്നത് മാവോയിസ്റ്റായതുകൊണ്ടാണെന്ന്. മനുഷ്യാവാകാശങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും കുറിച്ച് പറയുമ്പോഴെല്ലാം സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും ബന്ധപ്പെട്ട വിധികള്‍ ഓര്‍ത്തെടുത്ത് പറയുന്നവരില്‍ ഏറെ ശ്രദ്ധ കാണിക്കുന്നവരാണ് സിപിഎമ്മിന്റ നേതാക്കള്‍. മാവോയിസ്റ്റ് ആരോപണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്ന ശ്യാം ബാലകൃഷ്ണന്റെ കേസ് തള്ളി കളഞ്ഞു കൊണ്ട് കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിക്ക് എന്നാൽ ഓർക്കാൻ കഴിയുന്നുണ്ടാവില്ല. അല്ലെങ്കില്‍ ബിനായക് സെന്നിന്റെ കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പറയാന്‍ സൗകര്യം കാണില്ലായിരിക്കും. മാവോയിസ്റ്റ് അനുഭാവിയാകുക എന്നത് ഒരു ക്രിമിനല്‍ കുറ്റമല്ലെന്നാണ് ഈ കോടതികള്‍ ആവര്‍ത്തിച്ചത്. അതായത് ഇന്ത്യയെന്ന് ജനാധിപത്യ രാജ്യത്ത് 'ചിന്താകുറ്റം' എന്നൊന്നില്ല. എന്തെങ്കിലും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ അതിന് സഹായകരമായ നിലപാട് സ്വീകരിക്കുകയോ ചെയ്താല്‍ മാത്രമെ ക്രിമിനല്‍ കുറ്റമാകുവെന്നായിരുന്നുകോടതി പറഞ്ഞത്. എന്നാല്‍ പൊലീസുകാരുടെ വാക്കുകളും ഉപദേശങ്ങളും നയങ്ങളായി മാറി, അതിന് താഴെ മതി രാഷ്ട്രീയ നിലപാടുകളെന്ന് തീരുമാനിച്ച മുഖ്യമന്ത്രിക്ക് പക്ഷെ ഇതൊന്നും ബാധകമല്ല. അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു അവര്‍ ആ വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റുകളാണെന്ന്. അതുകൊണ്ട് യുഎപിഎ ചുമത്തുക തന്നെ. അതിൽ അസ്വാഭാവികമായ രാഷ്ട്രീയം ഒന്നുമില്ല. മഹാരാഷ്ട്രയില്‍ ഭീമാ കൊറാഗാവ് സംഭവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാർ പോലും പറയുന്നു എന്ന വാർത്തകൾ വരുമ്പോഴാണ് ഇവിടെ സിപിഎം സര്‍ക്കാര്‍ മാവോയിസ്റ്റ് എന്ന് 'കണ്ടെത്തി' രണ്ട് ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലിലടച്ചത്. മാവോയിസ്റ്റ് എന്ന് ആക്ഷേപിച്ചാല്‍ ഏത് യുഎപിഎയും സിപിഎമ്മിന് വഴങ്ങും. നിലനില്‍ക്കുന്നസംവിധാനങ്ങളെ അലോസരപ്പെടുത്താത്ത പ്രായോഗിക വിമര്‍ശനങ്ങള്‍ മാത്രമെ പാടുള്ളുവെന്ന പ്രായോഗിക ബുദ്ധി സിപിഎമ്മിനുണ്ട്. അതുകൊണ്ടാണ് എന്തിന് യുഎപിഎ എന്ന് ചോദിക്കുമ്പോൾ മാവോയിസ്റ്റ് എന്ന് വിളിച്ച് മറുപടി പറയുന്നത്.


Next Story

Related Stories