TopTop
Begin typing your search above and press return to search.

പ്രത്യയശാസ്ത്ര മേല്‍ക്കൈനേടി ബിജെപി, തിരിച്ചടിക്ക് തയ്യാറെടുത്ത് സിപിഎം

പ്രത്യയശാസ്ത്ര മേല്‍ക്കൈനേടി ബിജെപി, തിരിച്ചടിക്ക് തയ്യാറെടുത്ത് സിപിഎം

കഴിഞ്ഞ നൂറ്റാണ്ടില്‍, ലോകം ഫാസിസത്തിന്റെ ഭീകരത അനുഭവിച്ചറിയുന്നതിനു മുന്‍പുള്ള വര്‍ഷങ്ങളിലൊന്നില്‍, ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റും ഫെമിനിസ്റ്റുമായിരുന്ന ക്ലാര സെറ്റ്കിന്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മൂന്നാം പ്ലീനത്തില്‍ പ്രധാനപ്പെട്ട ഒരു പേപ്പര്‍ അവതരിപ്പിച്ചു. ഫാസിസത്തിന്റെ ഉദയത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും പ്രവചിക്കുന്നതായിരുന്നു ആ പേപ്പര്‍. അതില്‍ സെറ്റ്കിന്‍ ഇപ്രകാരം പറഞ്ഞു: 'മുതലാളിത്തവ്യവസ്ഥ വരുത്തിവയ്ക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുമായും അതിന്റെ ഫലമായി ആ വ്യവസ്ഥയുടെ ഭാഗമായ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന തകര്‍ച്ചയുമായും ഫാസിസം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിനുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതും സമൂഹത്തിലെ മധ്യവര്‍ഗം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നത് ഇത്തരമൊരു പ്രതിസന്ധിയുടെ ലക്ഷണങ്ങളാണ്.' 1923ല്‍ ഇറങ്ങിയ ഈ റിപ്പോര്‍ട്ടില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വം ഇത്തരമൊരു പ്രതിസന്ധിയില്‍ പരാജയപ്പെടുന്നത് തൊഴിലാളികളെയും സോഷ്യലിസത്തിലൂടെ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന് മോചനം പ്രതീക്ഷിക്കുന്ന സമൂഹത്തിലെ മറ്റു വിഭാഗങ്ങളെയും നിരാശപ്പെടുത്തുമെന്നും സെറ്റ്കിന്‍ പറഞ്ഞു വച്ചു.

1857ല്‍ ജനിച്ച, ജര്‍മന്‍ സോഷ്യലിസ്റ്റ് ആയ സെറ്റ്കിന്‍ ഈ വാക്കുകള്‍ തീര്‍ച്ചയായും ഇന്ത്യയെ ഉദ്ദേശിച്ച്‌ എഴുതിയതല്ല. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ മുന്‍പൊന്നുമില്ലാത്ത തരത്തില്‍ ഫാസിസ്റ്റു പ്രവണതകളും തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തിന്റെ പരാജയവും പ്രകടമാണ്. കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി, ആര്‍.ജെ.ഡി, ടി.ഡി.പി, ജെ.ഡി.എസ് എന്നിങ്ങനെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പി ഭരണകൂടത്തോട് ഏറ്റുമുട്ടാനുള്ള ഇച്ഛാശക്തി ഇല്ലാതെ പിന്‍വാങ്ങുന്നതാണ് നമ്മള്‍ കാണുന്നതു. സാമ്ബത്തിക മാന്ദ്യം, കാര്‍ഷിക പ്രതിസന്ധി, തൊഴില്‍ നഷ്ടം, ബാങ്കിങ് രംഗത്തെ അനിശ്ചിതത്വം, ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ഇടയില്‍ പടരുന്ന അതൃപ്തി, വിവാദമായ എന്‍.സി.ആര്‍, കാശ്മീര്‍ പ്രശ്‌നം എന്നിങ്ങനെ കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ ഉണ്ടായിട്ടും, പ്രതിപക്ഷം ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നതാണ് വാസ്തവം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ മെല്ലെപ്പോക്കും നിഷ്‌ക്രിയത്വവും തുടര്‍ന്നാല്‍, അത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചയിലാകും അവസാനിക്കുക.

തൃണമൂല്‍ കോണ്‍ഗ്രസിനും ഡി.എം.കെയ്ക്കും പുറമെ ആശയതലത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ മാത്രമാണ് രാജ്യത്തെ രാഷ്ട്രീയ ഇടം ആര്‍.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിന് അടിയറവ് വയ്ക്കുന്നതിലെ അപകടം മനസിലാക്കിയിട്ടുള്ളത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും കേരളത്തിലും തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടെങ്കിലും പൊരുതാനുറച്ചു തന്നെയാണ് സി.പി.എം. ബൂര്‍ഷ്വാ പാര്‍ട്ടി ആയ കോണ്‍ഗ്രസ്സുമായും മറ്റു പ്രാദേശിക പാര്‍ട്ടികളുമായും നയപരമായ യോജിപ്പിലെത്തണോ എന്നത് സംബന്ധിച്ച്‌ വര്‍ഷങ്ങളായി പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളെ എല്ലാം മറികടന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതിന്റെ മുന്‍ഗണന എന്താകണമെന്നു ഒടുവില്‍ മനസ്സിലാക്കിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വച്ച്‌ നടന്ന പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന 'വര്‍ഗ്ഗീയ, ഫാസിസ്റ്റു ശക്തികള ' യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടണമെന്ന ആഹ്വാനത്തില്‍ നിന്ന് അതാണ് വ്യക്തമാകുന്നത്.

'ഹിന്ദുത്വ ശക്തികള്‍ വര്‍ദ്ധിതവീര്യത്തോടെ നടത്തുന്ന ആക്രമണങ്ങള്‍' പാര്‍ലമെന്ററി ജനാധിപത്യത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യകിച്ചും സൃഷ്ടിക്കുന്ന ഭീഷണികള്‍ കേന്ദ്ര കമ്മിറ്റി പരിശോധിച്ചു. പാര്‍ട്ടിയെ തകരാതെ സംരക്ഷിക്കുന്നതിനൊപ്പം ബി.ജെ.പിയ്ക്കെതിരെ രാഷ്ട്രീയ, ബഹുജന പ്രക്ഷോഭം നടത്താനും കെല്പുള്ള ഒരു സംഘടനാ സംവിധാനം എങ്ങനെ വാര്‍ത്തെടുക്കാനാകും എന്നതാണ് സി.പി.എമ്മിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

രാജ്യത്ത് വലതുപക്ഷ ശക്തികള്‍ സംഘടിക്കുന്നതിനു സഹായകമാകുന്ന പ്രധാന ഘടകം ബി.ജെ.പിക്ക് വലിയ കോര്‍പറേറ്റുകളില്‍ നിന്നും ആഗോള സാമ്ബത്തിക മൂലധനം നിയന്ത്രിക്കുന്നവരില്‍ നിന്നും കിട്ടുന്ന പിന്തുണയാണെന്നു പാര്‍ട്ടി വിലയിരുത്തിയതായാണ് അറിവ്. ഈ പിന്തുണയ്ക്ക് പകരമായി ഭൂമിയും മറ്റു വിഭവങ്ങളും ഇത്തരം ശക്തികള്‍ക്കു തടസ്സങ്ങളൊന്നുമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നു 'സ്വേച്ഛാധിപത്യ ശക്തിയായ ഹിന്ദുത്വയുടെ ഏകീകൃത രൂപം' ശ്രദ്ധിക്കുകയും ചെയ്യും.

ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇന്നൊരു വാര്‍ത്തയല്ല. എന്നാല്‍ ഇതിനു പുറമേ രാജ്യത്തെ വലതുപക്ഷ പ്രവണതകള്‍ക്കെതിരെ കൃത്യതയോടെ, നിരന്തരമായി പ്രതികരിക്കുന്നവര്‍ എന്ന നിലയ്ക് സി.പി.എമ്മിനെയും ഇടതു കക്ഷികളെ ആകെ തന്നെയും ബി.ജെ.പി-ആര്‍.എസ്.എസ് പ്രത്യേകമായി ലക്ഷ്യം വയ്ക്കുമെന്ന് സഖാക്കള്‍ കരുതുന്നു. 'ഒട്ടേറെ വിഭവങ്ങളുള്ള, വിപുലമായ സംഘടനാ സംവിധാനത്തിന്റെയും സാമൂഹ്യ ബന്ധങ്ങളുടെയും പിന്‍ബലമുള്ള, ഉറച്ച ഇച്ഛാശക്തിയുള്ളവരും, അവരുടെ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും, തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധരുമായ ഒരു കൂട്ടം ആളുകളെയാണ് നമുക്ക് നേരിടാനുള്ളത് ', ഒരു പാര്‍ട്ടി സൈദ്ധാന്തികന്റെ വാക്കുകളാണിത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, മുതലാളിത്ത വ്യവസ്ഥ ഒരു സാമൂഹിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കും ജീവിതക്രമത്തിനും നേരെ വര്‍ധിച്ചു വരുന്ന കയ്യേറ്റങ്ങളും അനുദിനം രൂക്ഷമാകുന്ന സാമൂഹിക ധ്രുവീകരണവും ഇതിനുള്ള തെളിവുകളാണ്. 'കടുത്ത വംശീയ പരാമര്‍ശങ്ങളും സമാനതകളില്ലാത്ത വലതുപക്ഷ നയപ്രഖ്യാപനങ്ങളും നിറഞ്ഞു നിന്ന പ്രചാരണത്തിന് ശേഷവും, 2016 നവംബറിലെ തിരഞ്ഞെടുപ്പില്‍ മുതലാളിത്തത്തിന്റെ ആള്‍രൂപമായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഈ പ്രതിസന്ധിയുടെ പ്രതിഫലനവും അത് കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയുമാണ്.' ഇത്തരം വലതുപക്ഷ മുന്നേറ്റങ്ങള്‍ മുതലാളിത്ത വ്യവസ്ഥയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതിനു പകരം സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി എന്ന് പഴി ചാരാന്‍ ബലിയാടുകളെ കണ്ടെത്തുന്നു- അഭയാര്‍ത്ഥികള്‍, കറുത്ത വര്‍ഗക്കാര്‍, ജൂതന്മാര്‍, സ്വതന്ത്രരും ആത്മവിശ്വാസമുള്ളവരുമായ സ്ത്രീകള്‍, എല്‍.ജി.ബി.ടി വിഭാഗക്കാര്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഇതിനു പുറമെ, പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമായ സാമ്ബത്തിക,സാമൂഹിക വ്യവസ്ഥിതിയുടെ പാളിച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പടച്ചു വിടുകയും ചെയ്യുന്നു. ഇന്ത്യയിലും ഇത്തരമൊരു സാഹചര്യമാണ് നിലവിലുള്ളത്. തൊഴിലാളി വര്‍ഗ്ഗത്തെ ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റുകളുടെ തന്ത്രങ്ങളെ ചെറുക്കാന്‍ ദേശ, വംശ, ലിംഗ ഭേദമില്ലാതെ അരികുവത്ക്കരിക്കപ്പെട്ടവരുടെയും മര്‍ദ്ദിതരുടെയും പൊതുമുന്നേറ്റത്തിലൂടെയേ കഴിയൂ എന്നാണ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ അഭിപ്രായപ്പെടുന്നത്.

ആഗോളതലത്തില്‍ വലതുപക്ഷ നയങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ വെളിച്ചത്തിലാണ് ഇന്ത്യയിലെ വലതുപക്ഷ കക്ഷികളുടെ ഏകീകരണം വിലയിരുത്തപ്പെടുന്നത്. നവമുതലാളിത്തം കടന്നുപോകുന്ന സുദീര്‍ഘമായ പ്രതിസന്ധിയാണ് ആഗോള സമൂഹങ്ങള്‍ വലതുപക്ഷത്തേയ്ക് നീങ്ങുന്നതിനു കാരണമെന്നു സി.പി.എമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസ്സാക്കിയ രാഷ്ട്രീയപ്രമേയം പറയുന്നുണ്ട് . ഭരണവര്‍ഗം ഈ ദുര്‍ഘടാവസ്ഥയെ മറികടക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും സാധാരണക്കാര്‍ക്കിടയില്‍ പടരുന്ന അതൃപ്തിയും വംശീയത രൂക്ഷമാക്കുകയും തീവ്രവലതു കക്ഷികളുടെയും നവഫാസിസ്റ്റുകളുടെയും ഉദയത്തിനു കാരണമാകുകയും ചെയുന്നു. ഈ പ്രക്രിയ തന്നെയാണ് ഇന്ത്യയിലും നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍, ബി.ജെ.പി-ആര്‍.എസ്.എസ്സിനെ അടിസ്ഥാനപരമായി നേരിടാന്‍, സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ പ്രത്യേകിച്ചും, പാര്‍ട്ടിയുടെ 'അടവുനയം' അപര്യാപ്തമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു.

പൈസയോട് മാത്രം പ്രതിപത്തിയുള്ള, അക്രമാസക്തരായ, പ്രലോഭനങ്ങള്‍ക്കു പെട്ടെന്ന് അടിമപ്പെടുന്ന വ്യക്തിത്വങ്ങള്‍ മാത്രമല്ല ഒരു ഹിംസാധിഷ്ഠിതമായ ഫാസിസ്റ്റ് സംവിധാനത്തില്‍ ഉണ്ടാകുക എന്ന് സെറ്റ്കിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 'സാമൂഹിക ഘടനാക്രമത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലരായ കണ്ണികളെയും അവര്‍ക്കിടയില്‍ കാണാനാകും. അവരാണ് വികസനത്തിന് ഏറ്റവുമധികം പാകപ്പെട്ടവര്‍. അടിയുറച്ച വിശ്വാസത്തോടെയും അവരുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു അവബോധത്തോടെയും വേണം അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍', സെറ്റ്കിന്‍ പറയുന്നു. സെറ്റ്കിന്റെ അഭിപ്രായത്തില്‍, യുവജനങ്ങള്‍ ഫാസിസത്തിലേയ്ക് ആകര്‍ഷിക്കപ്പെടുന്നതു 'ആ കൂട്ടത്തിലെ മികച്ചവര്‍ ആത്മാവിനെ ആഴത്തില്‍ ബാധിക്കുന്ന വേദനയില്‍ നിന്ന് മുക്തി തേടുന്നവരാണ്' എന്നതുകൊണ്ടാണ്.

യുവജനങ്ങളെ പാര്‍ട്ടിയിലേയ്ക് ആകര്‍ഷിക്കാനും നേതൃസ്ഥാനങ്ങളില്‍ അവരുടെ കടന്നുവരവിന് കളമൊരുക്കാനും ലക്ഷ്യമിട്ടു, പ്രധാനപ്പെട്ട പാര്‍ട്ടി കമ്മിറ്റികളിലേക്കുള്ള പ്രായ പരിധിയില്‍ മാറ്റം വരുത്താന്‍ സി.പി.എം ആലോചിക്കുന്നുണ്ട്. നിലവില്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 80 വയസ്സാണ്. ഇപ്പോഴത്തെ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ ശരാശരി പ്രായം 66.2 വയസ്സാണ്. ഈ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രായപരിധി 75 ആക്കി കുറയ്ക്കാനാണ് തീരുമാനം. ഇതിനു സമാനമായി, സംസ്ഥാന കമ്മിറ്റികളിലും താഴേയ്ക്കുള്ള മറ്റു കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി മാറാനും സാധ്യതയുണ്ട്.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രം സമൂഹത്തിലെ വര്‍ഗ വ്യത്യാസങ്ങളെയും വര്‍ഗ താല്പര്യങ്ങളെയും അപ്രസക്തമാക്കി അതിനെല്ലാം മുകളില്‍ രാഷ്ട്രം എന്ന ആശയത്തെ പ്രതിഷ്ഠിക്കുമെന്നത് സി.പി.എമ്മിന്റെ ജോലി ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ദേശീയത എന്ന വ്യാജേന 'ഹിന്ദുത്വ ദേശീയത' ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ ബി.ജെ.പിക്ക് സമൂഹത്തിലെ നല്ലൊരു വിഭാഗത്തിന്റെ ഇടയില്‍ ആശയപരമായ ഒരു സാധുത നേടാനായിട്ടുണ്ട്. അതിനാല്‍ത്തന്നെ, ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടലാകും സി.പി.എമ്മിന്റെ ഏറ്റവും കഠിനമായ ദൗത്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories