TopTop
Begin typing your search above and press return to search.

ചോദ്യം ചോദിക്കുന്നവരെ കുറ്റവാളികളാക്കുന്ന ഡല്‍ഹി കലാപക്കേസ് കുറ്റപത്രം, അമിത് ഷാ സംഘത്തിന്റെ മറ്റൊരു കുടില തന്ത്രം

ചോദ്യം ചോദിക്കുന്നവരെ കുറ്റവാളികളാക്കുന്ന ഡല്‍ഹി കലാപക്കേസ് കുറ്റപത്രം, അമിത് ഷാ സംഘത്തിന്റെ മറ്റൊരു കുടില തന്ത്രം


പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും അലയടിച്ച പ്രതിഷേധവും അതിന്റെ ഭാഗമായി പ്രക്ഷോഭം നടത്തിയ ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പോലീസും ഗുണ്ടകളും ചേർന്ന് നടത്തിയ നരനായാട്ടും തുടർന്ന് പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ തല്ലിച്ചതക്കുകയും കള്ളക്കേസുകളിൽ കുടുക്കി തുറുങ്കിലടക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു ഡൽഹിയിലെ ഷഹീൻ ബാഗിൽ അമ്മമാരും കുഞ്ഞുങ്ങളും ചേർന്ന് നടത്തിയ 101 ദിവസം നീണ്ട ഐതിഹാസിക സമരവും ഒന്നും ആരും മറന്നിട്ടുണ്ടാവില്ല. അതുപോലെ തന്നെ ഷഹീൻ ബാഗ് സമരത്തിന് പിന്തുണയേറുന്നതു കണ്ടു വിളറിപൂണ്ട യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അടക്കമുള്ള ബി ജെ പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും വഴിമരുന്നിട്ട വടക്കു- കിഴക്കൻ ഡൽഹിയിലെ ലഹളയും ആരുടേയും മനസ്സിൽ നിന്നും അത്രയെളുപ്പത്തിൽ മാഞ്ഞുപോകാൻ ഇടയില്ല. 'Desh ke gaddaron ko, goli maaro salon ko' ( ഈ രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലൂ) , 'Rapists and murders' (ഇവർ റേപ്പിസ്റ്റുകളും കൊലപാതകികളും) എന്നൊക്കെയായിരുന്നു ബി ജെ പി നേതാവും മന്ത്രിയുമായ അനുരാഗ് ഠാക്കൂറും ബി ജെ പി യുടെ തന്നെ നേതാക്കളായ കപിൽ മിശ്രയും പർവേശ് വർമയുമൊക്കെ ആക്രോശിച്ചത്. ഫെബ്രുവരി 23 നു പൊട്ടിപ്പുറപ്പെട്ട ആ ലഹളയിൽ വ്യാപകമായ തീവെപ്പും കൊള്ളയും കൊലയുമൊക്കെ അരങ്ങേറി. ഔദ്യോഗിക കണക്കനുസരിച്ചു മാത്രം 53 പേർ കൊല ചെയ്യപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ലഹളച്ചൂടിലും അണയാതെ ജ്വലിച്ചുനിന്ന ഷഹീൻ ബാഗിലെ സമരം ഒടുവിൽ കോവിഡിന്റെ പേരു പറഞ്ഞു ഡൽഹി പോലീസ് ഒഴിപ്പിച്ചെടുത്തു.
എന്നാലിപ്പോൾ വടക്കു-കിഴക്കൻ ഡൽഹിയിലെ ലഹളയുടെ കാരണങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അമിത് ഷായുടെ പോലീസ് സംഘം കുറ്റപത്രത്തിൽ നിന്നും യഥാർത്ഥ കുറ്റവാളികൾ ആകേണ്ടിയിരുന്നവരെ കൂളായി ഒഴിവാക്കുകയും പകരം കലാപവുമായി യാതൊരു ബന്ധവുമില്ലാത്ത ആനി രാജ, ബൃന്ദാ കാരാട്ട്, കവിത കൃഷ്ണൻ തുടങ്ങിയ വനിതാ നേതാക്കൾ അടക്കമുള്ള ഒട്ടേറെ പൊതുപ്രവർത്തകരെ പ്രതി ചേർക്കുകയും ചെയ്തിരിക്കുന്നു. പ്രതികൾക്ക് ക്‌ളീൻ ചിറ്റ് നൽകുകയും വാദിയെ പ്രതിയാക്കുകയും ചെയ്യുന്ന അന്വേഷണ സംഘത്തിന്റെ 2695 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ സി പി ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയെ കൂടാതെ സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദ്, മുൻ എം പി ഉദിത് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഗവേഷണ വിദ്യാർത്ഥി ഷർജിൽ ഇമാം തുടങ്ങിയവരും ഉണ്ട്. ഇതിൽ ഇടതുപക്ഷ വനിതാ നേതാക്കൾ അടക്കമുള്ളവർക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിൽ സൽമാൻ ഖുർഷിദിനും മറ്റുമെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രകോപനപരമായ പ്രസംഗം നടത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇടതുപക്ഷ വനിതാ നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടിപ്പിക്കപ്പെട്ട 'മഹിളാ ഏകതാ യാത്ര' കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്നും 'ഡൽഹി പ്രൊട്ടെസ്റ്റ് സപ്പോർട്ട് ഗ്രൂപ്പ് ' എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി ഇവർ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള വിചിത്ര വാദമാണ് അന്വേഷണസംഘം ഉന്നയിക്കുന്നത്. ജെ എൻ യു വിൽ ഗവേഷണ വിദ്യാർത്ഥിയായ ഷർജീൽ ഇമാമിനെതിരെ ഡൽഹി പോലീസ് നിരത്തുന്ന തെളിവുകളിൽ വിഭജനകാലത്തെ കലാപങ്ങളെക്കുറിച്ചുള്ള അയാളുടെ ഗവേഷണ പ്രബന്ധത്തിൽ നിന്നുള്ള ഭാഗങ്ങളും ശശി തരൂരിന്റെ ' വൈ ഐആം എ ഹിന്ദു ' എന്ന പേരിലുള്ള പുസ്തകവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങളുമാണ് എന്നുകൂടി അറിയുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ വാദിയെ പ്രതിയാക്കുന്ന തറവേല ലക്ഷ്യമിടുന്നത് എന്താണെന്നു ഏറെക്കുറെ വ്യക്തം.
ഡൽഹി പോലീസിന്റെ ഈ അടവ് തന്നെയാണ് വിദ്വേഷ പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കും ബി ജെ പി നേതാക്കൾക്കെതിരെ തെളിവുണ്ടായിരുന്നിട്ടും അവരെ കുറ്റവിമുക്തരാക്കുക വഴി നേരത്തെ ഡൽഹി കോടതിയും ചെയ്തത്. ഡൽഹി കോടതിയുടെ പ്രസ്തുത നടപടിയെ ചോദ്യം ചെയ്തവർ കൂടിയാണ് ഇപ്പോൾ ഡൽഹി പോലീസിന്റെ അനുബന്ധ കുറ്റപത്രത്തിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട പലരും. വടക്കു-കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തെക്കുറിച്ചും അതിൽ ബി ജെ പി നേതാക്കൾക്കുള്ള പങ്കിനെക്കുറിച്ചും ഡൽഹി മുൻ പോലീസ് കമ്മീഷണർ ആയിരുന്ന അജയ് ശർമ നടത്തിയ പ്രസ്താവനയിൽ നിന്നും മനസ്സിലാവുന്നത് യഥാർത്ഥ നീതി നിർവഹണം ആയിരുന്നു അമിത് ഷായുടെ കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ ലക്ഷ്യമെങ്കിൽ ബി ജെ പി നേതാക്കളായ യോഗി ആദിത്യ നാഥും കപിൽ മിശ്രയും അനുരാഗ് ഠാക്കൂറും പർവേശ് വർമയുമൊക്കെ ഉറപ്പായും കുറ്റപത്രത്തിൽ പ്രതിപ്പട്ടികയിൽ സ്ഥാനം പിടിക്കുമെന്നു തന്നെയാണ്.

ആദ്യം ആടിനെ പട്ടിയാകുക എന്നിട്ടതിനെ പേപ്പട്ടിയായി പ്രഖ്യാപിക്കുക തുടർന്നതിനെ എറിഞ്ഞുകൊല്ലുക എന്ന കുടില തന്ത്രം തന്നെയാണ് ബി ജെ പി യും ഡൽഹി പോലീസും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഹിറ്റ്ലറെപ്പോലുള്ള ഫാസിസ്റ്റുകളുടെ ഭരണത്തിന് കീഴിൽ നടപ്പിലാക്കിയിരുന്ന ഏതാണ്ടതേ തന്ത്രങ്ങൾ തന്നെയാണ് അമിത് ഷായും അയാളുടെ പോലീസും ഒട്ടും മോടിയില്ലെങ്കിലും മോദിതമെന്നും മനോജ്ഞമെന്നും ഒക്കെ സംഘപരിവാർ കണ്ഠങ്ങൾ പാടിപ്പുകഴ്ത്തുന്ന മോദിയുടെ ഭരണത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നു എളുപ്പത്തിൽ മനസ്സിലാക്കാനാവും. ഇത് പറയുമ്പോൾ ഹാൻസ് മേയർ എന്ന ഷോൺ എമേറി (Jeans Amery) യെ ഓർമ്മവരുന്നു. വിയന്നയിൽ ഒരു ജൂത പിതാവിന്റെയും റോമൻ കത്തോലിക്കാ വിശ്വാസിയായ മാതാവിന്റെയും മകനായി ജനിച്ച ഹാൻസ് മേയർ എന്ന ഷോൺ എമേറി ഒരു കാതോലിക്കനായാണ് വളര്‍ന്നതെങ്കിലും പ്രത്യേക മതവിശ്വാസങ്ങൾ ഒന്നുമില്ലാതെയാണ് ജീവിച്ചത്. നാസി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ചു ബെൽജിയത്തിൽ വെച്ച് അറസ്റ്റിലായ അയാളെ ഏറെക്കാലം രാഷ്ട്രീയ തടവുകാരനായി കൈകാര്യം ചെയ്‌തെങ്കിലും അയാളിൽ നിന്നും തങ്ങൾക്കു ഗുണകരമായ ഒന്നും കിട്ടാനില്ലെന്നു ബോധ്യമായപ്പോൾ ഒരു ജൂത തടവുകാരനായി തരംതാഴ്ത്തി. അയാൾക്ക് നൽകാവുന്ന പരമാവധി ശിക്ഷ എന്ന നിലക്കാണ് അങ്ങനെ ചെയ്തത്. ഓഷ്വിറ്റ്സ്, ബുഷൻവാൾഡ് ഉൾപ്പെടെ കുപ്രസിദ്ധമായ നാസി തടങ്കൽ പാളയങ്ങളിൽ നിരവധി വർഷങ്ങൾ കഠിന പീഡനങ്ങള്‍ക്കു ഇരയായെങ്കിലും ഭാഗ്യം കൊണ്ട് മാത്രം അതിജീവിച്ചു. ഒരിക്കലും ഒരു ജൂതനായി തന്നെ സങ്കല്പിച്ചിട്ടില്ലാത്ത ഷോൺ എമേറി പിന്നീട് ഇങ്ങനെ എഴുതുകയുണ്ടായി - 'എന്റെ ജൂതത്വം ഇടതു കൈത്തണ്ടയിൽ പച്ചകുത്തിയ ഓഷ്വിറ്റ്സ് തടങ്കൽ പാളയത്തിലെ അക്കങ്ങളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഏതൊരു ജൂത മതഗ്രന്ഥങ്ങളിലേക്കാളും ഹൃസ്വമായി, അതിലും ആധികാരികമായി.'

നാസികളും ഓഷ്വിറ്റ്സ് തടവറയും ഷോൺ എമേരിയോട് ചെയ്തത് തന്നെയാണ് മോദിയുടെയും അമിത് ഷായുടെയും ബി ജെ പി ഭരണകൂടം അതിനെ ചോദ്യം ചെയ്യുന്നവരോട് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം ജനതയെ വർഗീയമായി വിഭജിക്കുക, അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുക ഒടുവിൽ ഇല്ലാതാക്കുക. ഇങ്ങനെയൊരു തന്ത്രം കൃത്യമായി നടപ്പിലാക്കാൻ പോന്ന ഒന്നാക്കി ഇന്ത്യയെ എത്രയെളുപ്പത്തിൽ മാറ്റിയെടുക്കാനാവുമോ അത്രയും എളുപ്പത്തിൽ അത് ചെയ്യുക എന്ന ലക്ഷ്യത്തോടെ മോദിയും അമിത് ഷായുമൊക്കെ മുന്നോട്ടുപോകുമ്പോൾ രാജ്യദ്രോഹികൾ ആക്കപ്പെടുമെന്ന ഭയം നിമിത്തം എതിർ ശബ്ദങ്ങൾ നിലച്ചുപോകും എന്ന ഭരണകൂട സിദ്ധാന്തത്തിന്റെ പ്രതിഫലനം ഡൽഹി കലാപവുമായി ബന്ധപ്പെട്ടു പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലും കാണാം.

കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories