TopTop
Begin typing your search above and press return to search.

2019ലെ ഇന്ത്യ, സാമൂഹ്യ വിഭജനവും സാമ്പത്തിക പ്രതിസന്ധിയും എങ്ങനെ മറികടക്കും?

2019ലെ ഇന്ത്യ, സാമൂഹ്യ വിഭജനവും സാമ്പത്തിക പ്രതിസന്ധിയും എങ്ങനെ മറികടക്കും?

നിങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രാജ്യത്തിന്റെ ഭാവിയെ പറ്റി പദ്ധതികള്‍ക്കും സ്വപ്നനങ്ങള്‍ക്കും രൂപംനല്‍കാം. എന്നാല്‍ ചരിത്രം നമ്മളെ പഠിപ്പിക്കുന്ന വലിയൊരു സത്യമുണ്ട്, ഭരണാധികാരികളുടെ ഉദ്ദേശ്യങ്ങളും അവരുടെ പ്രവര്‍ത്തികളുടെ അനന്തരഫലങ്ങളും തമ്മിലുള്ള വിടവ് എപ്പോഴും വളരെ വലുതായിരിക്കും എന്നതാണത്. വലിയ ഭൂരിപക്ഷത്തില്‍ തങ്ങള്‍ക്കു ലഭിച്ച രണ്ടാം വട്ട ഭരണത്തിന്റെ അനുകൂല്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഹിന്ദു ഭൂരിപക്ഷാധികാരത്തിന്റെ കീഴില്‍ രാഷ്ട്രത്തെ പിടിച്ചടക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കാണാം. തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറെ വിവാദം നിറഞ്ഞ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിലൂടെ രാജ്യമാകെ നിരാശ നിറഞ്ഞ ഒരന്തരീക്ഷം ഉണ്ടാക്കിയെടുത്തിരിക്കുകയാണ് ഈ സര്‍ക്കാര്‍.

തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു ലഭിച്ച ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ 2019 ലെ ഇന്ത്യന്‍ രാഷ്ട്രീയം ഏറെ കലുഷിതമായിരുന്നെന്ന് കാണാന്‍ സാധിക്കും. 2019 ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്താനും ഏകദേശം യുദ്ധത്തോടടുക്കുന്ന സാഹചര്യമുണ്ടായി, പുല്‍വാമയിലെ സൈനിക ട്രക്കുകള്‍ക്കുനേരെ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തിനുശേഷമായിരുന്നു ഇത്തരമൊരു സാഹചര്യം സംജാതമായത്. ആക്രമണത്തിനുശേഷം തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട മോദി വ്യോമസേനയുടെ യുദ്ധവിമാനങ്ങളുപയോഗിച്ചു തീവ്രവാദി ക്യാമ്പുകള്‍ ഉണ്ടെന്നു കരുതപ്പെടുന്ന പാകിസ്താനിലെ ഉള്‍പ്രദേശങ്ങളിലൊരിടത്തു ബോംബാക്രമണം നടത്തി. അപ്രതീക്ഷിതമായി നടത്തിയ ഈ ആക്രമണത്തില്‍ ഒരടി പിന്നോട്ടു പോയ പാകിസ്താനി വ്യോമ സേന ഇന്ത്യക്കാര്‍ക്ക് ആകെ നശിപ്പിക്കാന്‍ സാധിച്ചത് ചില മരങ്ങള്‍ മാത്രമാണെന്നും കളിയാക്കിയെങ്കിലും അല്‍പ ദിവസങ്ങള്‍ക്കു ശേഷം ജമ്മു കാശ്മീരില്‍ തിരിച്ചൊരു ആക്രമണം നടത്തുകയുണ്ടായി. നിയന്ത്രണരേഖയ്ക്കു സമീപത്തു വച്ചുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുവെന്ന പേരില്‍ ഇന്ത്യന്‍ വൈമാനികനെ പാക്കിസ്ഥാന്‍ സൈന്യം ബന്ദിയാക്കി, അതിനോടൊപ്പം തന്നെ ഒരു എഫ് 16 വിമാനം തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ വൈമാനികനെ സുരക്ഷിതമായി കൈമാറാമെന്ന പാക്കിസ്ഥാന്റെ ഉറപ്പോടുകൂടി സംഘര്‍ഷാവസ്ഥയ്ക് അല്പം അയവു വന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് ശേഷം ഏറെ കഴിയുന്നതിനു മുന്‍പ് തന്നെ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിച്ച നേതാവെന്ന നിലയില്‍ മോദിയുടെ പ്രശസ്തി വാനോളമുയര്‍ന്നു. മോദി പ്രധാനമന്ത്രിയായതിനു ശേഷം പാകിസ്താനില്‍ ഇന്ത്യ നടത്തുന്ന രണ്ടാമത്തെ മിന്നലാക്രമണം ആയിരുന്നു ഇത് ആദ്യ മന്ത്രിസഭയുടെ കാലഘട്ടത്തില്‍ ഉറി തീവ്രവാദി ആക്രമണത്തിന് പ്രതികാരമായി കരസേനയെ ഉപയോഗിച്ചും മിന്നലാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം പെട്ടെന്നുയര്‍ത്തിക്കൊണ്ടുവന്ന ദേശീയ വികാരത്തിന്റെ ബലത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി തിരഞ്ഞെടുപ്പു രംഗത്തെ സ്വന്തം റെക്കോര്‍ഡുകള്‍ പോലും തിരുത്തി ഭരണത്തിലേറി. 545 പേരുള്ള ലോക്‌സഭയില്‍ 300 ലധികം സീറ്റുകള്‍ നേടി കരുത്ത് തെളിയിച്ച ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം പാര്‍ട്ടി പ്രസിഡന്റ് ആയിരുന്ന അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. ഇതിനു ശേഷം ഏറെ നാളുകളായി കോടതിയില്‍ നടന്നുകൊണ്ടിരുന്നു ബാബ്റി മസ്ജിദ് കേസില്‍ വിധി വരികയും, ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാനായി വിട്ടുനല്കണമെന്നു ഈ വിധിയിലൂടെ കോടതിയാവശ്യപ്പെടുകയും ചെയ്തു. ഇതിന് മുമ്പ് തന്നെ ഭരണഘടനയിലെ 370 -ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ താഴ്വരയില്‍ ഇത് അസ്വാസ്ഥ്യം വിതച്ചുവെങ്കിലും സംസ്ഥാനത്തെ മറ്റു പ്രദേങ്ങളായ ജമ്മു, ലഡാക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ നാല് മാസമായി കശ്മീര്‍ താഴ്വരയാകെ അടച്ചിട്ടിരിക്കുകയാണ്, കശ്മീര്‍ വിഷയം പരിഹരിക്കുന്നതിനു മുന്‍പായി അത്രത്തോളം തന്നെ വിവാദമായ പൗരത്വ ഭേദഗതി ബില്ല് രണ്ടു സഭകളിലും അവതരിപ്പിക്കുവാനും പാസ്സാക്കിയെടുക്കുവാനും സര്‍ക്കാരിന് കഴിഞ്ഞു. പ്രസ്തുത ബില്ല് പ്രകാരം അഫ്ഘാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വംശീയ വിദ്വേഷം അനുഭവിക്കുന്ന മുസ്ലിങ്ങളല്ലാത്ത ഏതൊരാള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നു ഉറപ്പു നല്‍കുന്നു. മേല്പറഞ്ഞവയെല്ലാം ഇസ്ലാമിക രാഷ്ട്രങ്ങളായതിനാല്‍ മുസ്ലിങ്ങള്‍ വിദ്വേഷമോ അക്രമണമോ നേരിടുന്നില്ല എന്നതാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. കടുത്ത വിവേചനങ്ങളാണ് ഈ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷവും മറ്റു സംഘടനകളും ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം രണ്ടു സഭകളിലും ബില്ല് പാസ്സാക്കിയെടുക്കുവാന്‍ സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ ഇതിനു ശേഷം നടന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു . ലക്ഷകണക്കിന് ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കുന്നതോടുകൂടി തങ്ങളുടെ അവസരങ്ങളും മറ്റു വിഭവങ്ങളും നഷ്ടപ്പെടുമെന്നു ഭയന്നു അസമിലെ തദ്ദേശീയ ജനത കടുത്ത പ്രക്ഷോഭത്തിനിറങ്ങി. മറ്റു ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ബില്ലില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ഇതിനോടൊപ്പം തന്നെ രാജ്യമാകെയുള്ള സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ തകര്‍ക്കാന്‍ പോന്നതാണ് പുതിയ നിയമഭേദഗതി എന്ന വാദമുന്നയിച്ചുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെ ബലം പ്രയോഗിച്ച് നേരിട്ട പോലീസിന്റെ നടപടി, പ്രത്യേകിച്ച് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ നേരെ നടത്തിയ പോലീസ് നരനായാട്ട് രാജ്യത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ചു കളഞ്ഞു. ഇതിനു സമാനമായി അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് അഴിഞ്ഞാടി. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യസുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന ഗൂഢാലോചനക്കാരായാണ് സര്‍ക്കാര്‍ നേരിടുന്നത്. ബി ജെ പിയുടെ തന്നെ നിരവധി സഖ്യകക്ഷികള്‍ ദേശയീയ പൗരത്വ റജിസ്റ്ററിനെയും, പൗരത്വ ഭേദഗതി ബില്ലിനെയും എതിര്‍ത്തുകൊണ്ട് പരസ്യമായി രംഗത്തിറങ്ങി. പ്രതിഷേധങ്ങള്‍ ശക്തമായപ്പോൾ സര്‍ക്കാരും തങ്ങളുടെ നിലപാടുകള്‍ തിരുത്താന്‍ തുടങ്ങിയതായി കാണാം. ഒടുവില്‍ പ്രധാനമന്ത്രി ദേശിയ പൗരത്വ റജിസ്റ്ററും, പൗരത്വഭേദഗതി ബില്ലും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നുറപ്പു കൊടുക്കുന്ന അവസ്ഥ വരെയെത്തി. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ നിര്‍മ്മിച്ച പ്രസ്തുത നിയമം സര്‍ക്കാരിനെ വല്ലാത്ത കുഴപ്പത്തിലാണ് കൊണ്ടുചാടിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ച്ചയായി തള്ളിപ്പറയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വരെ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ അഭിപ്രായ പ്രകാരം പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിച്ചതിനാലാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് എന്നാണ്. എന്നുമാത്രമല്ല എന്‍ ആര്‍ സിയില്‍ ഈ രാജ്യത്തെ ഒരു പൗരനും ഹാനികരമായതൊന്നും തന്നെ ഉണ്ടാകില്ല എന്നാണ് സര്‍ക്കാരിന്റെ വാദം. സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പിലാക്കിയെടുക്കുന്നതിനിടയ്ക് സര്‍ക്കറിനു സാമ്പത്തിക രംഗത്തിനു മുകളിലുള്ള മുഴുവന്‍ നിയന്ത്രണവും നഷ്ടമായി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ജി ഡി പി വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തിലും താഴേയ്ക്കു വീണു. അടുത്ത കാലത്തു ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ നാം കടന്നു പോകുന്നത് എന്ന് സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. സകല അന്തര്‍ദേശീയ ഏജന്‍സികളും ഇന്ത്യന്‍ വിപണിയുടെ പിന്നൊട്ടു പോക്കിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, ഈ അവസ്ഥയില്‍ നിന്നും കരകയറേണ്ടതെങ്ങനെ എന്നതിനെ സംബന്ധിച്ച് സര്‍ക്കാരിന് വല്യ ധാരണയില്ല. 2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കാന്‍ പോകുന്നത് തീര്‍ത്തും വിഭജിതമായ ഒരു സമൂഹത്തെയായിരിക്കും. രാഷ്ട്രീയപരമായും, സാമ്പത്തികപരമായും, സാമൂഹിക പരമായും ഒട്ടനവധി അഴിച്ചുപണികള്‍ ആവശ്യമായൊരു സമൂഹം. പോലീസ് നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ ഞെട്ടിച്ചിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനു വേണ്ടത് സമാശ്വാസമാണ്. എന്നാല്‍ ഈ ഭൂരിപക്ഷാധിപത്യ രാഷ്ട്രീയത്തിന് അത് നല്കാന്‍ സാധിക്കുമോ?


Next Story

Related Stories