TopTop
Begin typing your search above and press return to search.

വന്‍കിട മൂലധനത്തിന്റെ കളിക്കളമാവുന്ന കാര്‍ഷിക മേഖല

വന്‍കിട മൂലധനത്തിന്റെ കളിക്കളമാവുന്ന കാര്‍ഷിക മേഖല

കെ.പി. സേതുനാഥ്

'ആത്മഹത്യയ്ക്കും, കൊലക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം' (1) ഓര്‍ത്ത് നടുങ്ങുന്ന കവിത പിറക്കുമ്പോള്‍ കര്‍ഷക ആത്മഹത്യയെന്ന പ്രയോഗം ഭാഷയിലെ പദസമ്പത്തില്‍ ഇല്ലായിരുന്നു. കര്‍ഷക ആത്മഹത്യ എന്ന പ്രയോഗം ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) പ്രത്യേക ഗണമായി രേഖപ്പെടുത്തുവാന്‍ തുടങ്ങിയത് 1995-മുതലാണ്. 2019-ലെ എന്‍സിആര്‍ബി-യുടെ കണക്കുകള്‍ വിശകലനം ചെയ്യുന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം മാസം ശരാശരി 948 കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നു. ദിനംപ്രതി കണക്കാക്കിയാല്‍ ആര്‍ഷ ഭാരതത്തിലെ 31-കര്‍ഷകര്‍ ദിവസവും ആത്മഹത്യയുടെ പാത തെരഞ്ഞെടുക്കുന്നു (2).

കര്‍ഷകരുടെ ആത്മഹത്യ സാമൂഹ്യജീവിതത്തില്‍ മാത്രമല്ല ഇന്ത്യന്‍ ഭാഷകളിലെ പദസമ്പത്തിന്റെയും അവിഭാജ്യഘടകമായി മാറി 25-കൊല്ലം തികയുന്ന വേളയിലാണ് കാര്‍ഷിക മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം സൃഷ്ടിക്കുവാന്‍ സാധ്യതയുളള രണ്ടു നിയമനിര്‍മ്മാണങ്ങളും, ഒരു നിയമഭേദഗതിയും കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയത്. കാര്‍ഷികമേഖല നേരിടുന്ന അടിസ്ഥാന വിഷയങ്ങള്‍ക്കുപകരം കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും, വിപണനവുമായി ബന്ധപ്പെട്ട മേഖലകളാണ് ഇപ്പോള്‍ പാസ്സാക്കിയ നിയമങ്ങളുടെ അന്തസത്തയായി തീര്‍ന്നിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്ന സംഭരണ-വിപണന മേഖല പൂര്‍ണ്ണമായും വന്‍കിട മൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ നിലയില്‍ പുനസംഘടിപ്പിക്കുന്ന ദൗത്യമാണ് അവ നിര്‍വഹിക്കുന്നത്.

ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളും കാര്‍ഷിക മേഖലയില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളുടെ ഒരു ഹ്രസ്വവിവരണം ഈ സ്ഥിതിവിശേഷം മനസ്സിലാക്കുവാന്‍ ഉപയുക്തമാകും. ഉയരുന്ന ഉല്‍പ്പാദന ചെലവ്, ഇടിയുന്ന ഉല്‍പ്പന്ന വില, കൃഷി ഭൂമിയുടെ തുണ്ടുവല്‍ക്കരണം, കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുന്നതിനുള്ള തടസ്സം, മണ്ണിന്റെ ഉര്‍വരത നഷ്ടം, കാലവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശം, ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത, മൂലധന നിക്ഷേപത്തിന്റെ അപര്യാപ്തത, വിപണികളുടെ അഭാവം, ഭൂരാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കാര്‍ഷിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍. ഇപ്പോള്‍ പാസ്സാക്കിയ നിയമങ്ങള്‍ ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നില്ല.

കാര്‍ഷികോല്‍പ്പന്നങ്ങളെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്ന ഭേദഗതി, രാജ്യവ്യാപകമായി കരാര്‍ കൃഷിക്ക് വഴിയൊരുക്കുന്ന നിയമം, കാര്‍ഷികോല്‍പ്പന്ന കമ്പോള സമിതികളെ (എപിഎംസി) മറികടന്ന് ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും വില്‍ക്കുന്നതിന് കര്‍ഷകര്‍ക്ക് സ്വാതന്ത്യം നല്‍കുന്ന നിയമം തുടങ്ങിയവയാണ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍. അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങളെ നീക്കം ചെയ്യുന്നതോടെ ഓണ്‍ലൈനിലും, അല്ലാതെയും മൊത്ത-ചില്ലറ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് യഥേഷ്ടം കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും, സൂക്ഷിക്കുന്നതിനും കഴിയും. ആവശ്യത്തിലധികം സംഭരണ-ശേഖരണ സംവിധാനങ്ങള്‍ കൈമുതലായുള്ള വമ്പന്‍ വ്യാപാര ശൃംഖലകള്‍ മൊത്ത-ചില്ലറ വ്യാപാരത്തിന്റെ വില നിര്‍ണ്ണയിക്കുന്ന ശക്തികളായി മാറുന്നതിനാവും ഈ ഭേദഗതി സഹായിക്കുകയെന്നു കരുതപ്പെടുന്നു.

വിപണിയിലെ സംഭരണവും, ശേഖരണവും നിയന്ത്രിക്കുന്നതില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ലാത്ത കര്‍ഷകന് ഈ നിയമഭേദഗതിയുടെ ഫലമായി എന്തെങ്കിലും ഗുണപരമായ നേട്ടുമുണ്ടാവുമെന്നു കരുതാനാവില്ല. സമാനമായ സംവിധാനങ്ങള്‍ നിലവിലുള്ള മറ്റു ദേശങ്ങളിലെ അനുഭവം നല്‍കുന്ന സൂചനകളും അതു തന്നെയാണ്. അവശ്യവസ്തു നിയമത്തിലെ ഭേദഗതിയെക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എപിഎംസി-യെ മറികടക്കാനുള്ള നിയമവും, കരാര്‍ കൃഷിയുടെ വ്യാപനത്തിനുള്ള നിയമവുമാണ്. എപിഎംസി-യെ മറികടക്കുന്ന കാര്‍ഷികോല്‍പ്പന്ന വ്യാപാര-വാണിജ്യ നിയമമാണ് ഇപ്പോള്‍ ഏറ്റവും വിവാദം സൃഷ്ടിച്ചിട്ടുളളത്.

എപിഎംസി അഥവ കാര്‍ഷികോല്‍പ്പന്ന വിപണന സമിതികള്‍ നിലവില്‍ വരുന്നത് 1960-കളിലാണ്. സംസ്ഥാന സര്‍ക്കാരുകള്‍ പാസ്സാക്കിയ നിയമമനുസരിച്ചാണ് എപിഎംസി-കളുടെ രൂപീകരണം. കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ എപിഎംസി -കളുടെ നിയന്ത്രണത്തിലുള്ള കമ്പോളം വഴി മാത്രം വിപണനം നടത്തണം എന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സമിതികള്‍ നിലവിലില്ല. കേരളം ഉദാഹരണം. എപിഎംസി നിലവിലുള്ള സംസ്ഥാനങ്ങളിലും ഭാഗികമായി മാത്രമാണ് സമിതികളുടെ നിയന്ത്രണത്തിലുള്ള കമ്പോളങ്ങള്‍ വഴിയുള്ള ഉല്‍പന്നങ്ങളുടെ വിപണനം. ഭക്ഷ്യധാന്യങ്ങളുടെ വിപണനമാണ് സമിതിയുടെ കമ്പോളങ്ങള്‍ വഴി പ്രധാനമായും നടക്കുന്നത്. കൊളോണിയല്‍ കാലഘട്ടത്തിലാണ് ഈ നിയമത്തിന്റെ ആവിര്‍ഭാവം.

ബ്രിട്ടനിലെ ടെക്സ്‌റ്റൈല്‍ ഫാക്ടറികള്‍ക്ക് പരുത്തി കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിനു വേണ്ടി കൊളോണിയല്‍ ഭരണകൂടമാണ് വിപണിയിലെ വില നിയന്ത്രണത്തിന് തുടക്കമിടുന്നത്. 1887-ലെ ബെരാര്‍ കോട്ടണ്‍ ആന്റ് ഗ്രെയിന്‍ നിയമമാണ് അതിന്റെ തുടക്കം. അതനുസരിച്ച് നിയമത്തില്‍ പറഞ്ഞ ഉല്‍പന്നങ്ങള്‍ അതാതു പ്രവിശ്യകളില്‍ മുന്‍നിശ്ചയിച്ച സ്ഥലത്ത് അതിനായി രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ കാര്‍മികത്വത്തില്‍ മാത്രം വിപണനം നടത്തുന്നതിന് ഉത്തരവിടാന്‍ ബ്രട്ടീഷ് റസിഡണ്ടിനെ അധികാരപ്പെടുത്തുന്നതായിരുന്നു ഈ നിയമം. ഇതിന്റെ ചുവടുപിടിച്ച് സമാനമായ നിയമങ്ങള്‍ നടപ്പിലാക്കി. 1928-ലെ റോയല്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകളും, 1938-ല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മാതൃക നിയമവും ആണ് കൊളോണിയല്‍ കാലഘട്ടത്തില്‍ കാര്‍ഷികമേഖലയില്‍ നടന്ന ശ്രദ്ധേയമായ ഇടപെടലുകള്‍.

സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്യം നല്‍കുന്ന നിയമം കര്‍ഷകരെ ഇടത്തട്ടുകാരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിപ്പിക്കുമെന്നും അതിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ അനുയായികളും അവകാശപ്പെടുന്നു. ഉല്‍പ്പന്നങ്ങളുടെ സ്വതന്ത്ര വിപണനവും, ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുന്ന വിളകള്‍ ആവശ്യക്കാരുമായി മുന്‍കൂട്ടി നിശ്ചയിക്കുന്ന കരാര്‍ കൃഷി വഴി നടത്തുന്നതിനുള്ള അവസരവും സംജാതമാവുന്നതോടെ കാര്‍ഷിക മേഖലയിലെ മുരടിപ്പും, ഏങ്കോണിപ്പുകളും ഇല്ലാതാവുമെന്നും കര്‍ഷകര്‍ കൂടുതല്‍ സജീവമായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുമെന്നും സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ വാദിക്കുന്നു.

വിപണനത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന നിയമ നിര്‍മ്മാണങ്ങള്‍

'ഏട്ടിലെ പശു പുല്ലു തിന്നില്ല' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന നിയമനിര്‍മാണ-നയരൂപീകരണ ചരിത്രം അറിയുന്നവര്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ മുഖവിലക്കെടുക്കില്ല. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും, പണ്ഡിതരും, സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നു. കാര്‍ഷിക നയം, കാര്‍ഷിക മേഖലയിലെ സര്‍ക്കാരിന്റെ സാന്നിദ്ധ്യം ഏതു വിധത്തിലാവണം തുടങ്ങിയ വിശാലമായ പരിപ്രേക്ഷ്യങ്ങളെ അവഗണിക്കുന്ന, വിപണനത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന നിയമനിര്‍മ്മാണങ്ങള്‍ ഫലപ്രദമാവില്ലെന്നാണ്, ഇന്ദിര ഗാന്ധി ഗവേഷണ വികസന ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐആര്‍ഡിഐ) അസ്സോസിയേറ്റ് പ്രൊഫസര്‍ സുധ നാരായണന്റെ വിലയിരുത്തല്‍.(3) എപിഎംസി-യുടെ കാര്യം ഉദാഹരണമായി അവര്‍ ചുണ്ടിക്കാട്ടുന്നു.

സ്വകാര്യ വ്യാപാരികളുടെ സാന്നിദ്ധ്യം ഇല്ലാതെയുള്ള എപിഎംസി-യുടെ കുത്തകാധിപത്യമാണ് നിലവിലുള്ളതെന്ന ധാരണയാണ് ഈ നിയമനിര്‍മാണം മുന്നോട്ടു വയ്ക്കുന്നു. അത് തികച്ചും തെറ്റായ ധാരണയാണ്. എപിഎംസി-യുടെ കമ്പോളത്തില്‍ സ്ഥിതി ചെയ്യുന്ന വില സുചകമായി സ്വീകരിച്ച് സ്വകാര്യ വ്യാപാരികള്‍ കാലങ്ങളായി വിപണനത്തില്‍ ഏര്‍പ്പെടുന്നു. പുതിയ നിയമപ്രകാരം എപിഎംസി-യുടെ കമ്പോളത്തിന്റെ കമ്പോള ഫീസും, നികുതിയും ബാധകമല്ലാത്ത പുതിയ ഒരു കമ്പോള സംവിധാനം സൃഷ്ടിക്കുകയാണ്. രണ്ടുതരത്തിലുള്ള അനഭിലഷണീയതകളാണ് തല്‍ഫലമായി ഉണ്ടാവുന്നത്. ഉല്‍പ്പന്നത്തിന്റെ റഫറന്‍സ് വില നിശ്ചയിക്കുന്ന പണി എപിഎംസി തുടരും. യഥാര്‍ത്ഥത്തില്‍ അതൊരു അര്‍ത്ഥശൂന്യമായ പ്രവര്‍ത്തിയാവും.

സ്വകാര്യ വ്യാപരികള്‍ എപിഎംസിയുടെ റഫറന്‍സ് വില സൂചകമായി സ്വീകരിക്കുന്ന പ്രവണത തുടരുന്ന പക്ഷം കാര്യക്ഷമതയില്ലാത്ത എപിഎംസി സംവിധാനം ഇല്ലാതാക്കുകയെന്ന സര്‍ക്കാരിന്റെ ആശയം നടപ്പിലാവില്ല. അങ്ങനെയാണെങ്കില്‍ എപിഎംസി സംവിധാനവും, താങ്ങുവിലയും പോറലൊന്നുമില്ലാതെ നിലനിര്‍ത്തുമെന്നു പറയുന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ വൈരുദ്ധ്യം ഇവിടെ പ്രത്യക്ഷമാവുന്നു. കച്ചവടം എപിഎംസി-യുടെ നിയന്ത്രണത്തിലുള്ള കമ്പോളത്തിന് പുറത്താവും എന്നതാണ് നടക്കാന്‍ സാധ്യതയുള്ള കാര്യം. കാരണം കമ്പോള ഫീസ് നല്‍കേണ്ടി വരില്ല. കമ്പോള ഫീസിനത്തിലും, നികുതിയായും 8.5 ശതമാനം നിരക്കില്‍ ഒരോ ഇടപാടിലും പഞ്ചാബില്‍ എപിഎംസി സമിതികള്‍ ഈടാക്കുന്നു.

പരമ്പരാഗതമായി ഉരുത്തിരിഞ്ഞു വന്ന കമ്മീഷന്‍ ഏജന്റുമാര്‍ വഴിയാണ് എപിഎംസി കമ്പോളങ്ങളില്‍ വാണിജ്യം നടക്കുന്നത്. കമ്മീഷന്‍ ഏജന്റുമാരുടെ കര്‍ഷക ചൂഷണം അവസാനിപ്പിക്കുന്നതിന് പുതിയ നിയമം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. 8.5 ശതമാനം നിരക്കിലുള്ള നികുതി-ഫീസ് എന്നിവ ഒഴിവാകുന്നതോടെ വിപണനം സ്വാഭാവികമായും ആ വിപണിയിലേക്കു മാറും. പഞ്ചാബില്‍ ഇക്കൊല്ലം നെല്ലിന്മേലുള്ള നികുതി ക്വിന്റലിന് 155 രൂപയും, ഗോതമ്പിന് 165 രൂപയുമാണ്. എപിഎംസി-കമ്പോളങ്ങളെ ഒഴിവാക്കി പുതിയ വിപണികളുമായി ഇടപാടിലേര്‍പ്പെടുന്ന സ്വകാര്യ കച്ചവടക്കാര്‍ക്ക് ക്വിന്റലിന് 155-165 രൂപ ലാഭിക്കുമെന്നര്‍ത്ഥം. എപിഎംസി-യിലെ കച്ചവടക്കാരും ആ വഴി സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാകും.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പുതിയ കാര്യമല്ല എന്നാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലശാലയിലെ അസ്സോസിയേറ്റ് പ്രൊഫസറമായ അരിന്ദാം ബാനര്‍ജിയുടെ അഭിപ്രായം.(4) വന്‍കിടക്കാരുടെ കടന്നുവരവിന് വഴിയൊരുക്കുന്നതാണ് ഇപ്പോള്‍ പാസ്സാക്കിയ നിയനിര്‍മാണങ്ങളുടെ സവിശേഷത. വന്‍കിടക്കാരുടെ വരവോടെ സമ്പന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുകയും അവര്‍ സ്വകാര്യ വ്യാപാരികളുമായി മാത്രം ഇടപാടുകള്‍ ഉറപ്പിക്കുന്ന അവസ്ഥയിലുമാവും. ക്രമേണ എപിഎംസി സംവിധാനവും സര്‍ക്കാര്‍ തലത്തിലെ സംഭരണവും അവസാനിക്കും.

കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിന്റെ തലത്തില്‍ ആഗോളതലത്തില്‍ തന്നെ വലിയ കുത്തകകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ഇത്തരം കുത്തകകളാണ് പലപ്പോഴും വില നിര്‍ണ്ണയിക്കുന്നത്. ഇത്തരം സ്ഥാപങ്ങള്‍ അവരുടെ സ്വാധീനം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ശ്രമങ്ങളെ തടയുന്നതിന് അമേരിക്കയും, യൂറോപ്യന്‍ യൂണിയനും വരെ ശ്രമിക്കുന്ന കാലമാണ്. ഇന്ത്യയുടെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ കര്‍ഷകനും, കച്ചവടക്കാരനും തമ്മിലുളള ബന്ധം വെറും കൊടുക്കല്‍ വാങ്ങല്‍ മാത്രമല്ല. പലതരം ഇടപാടുകള്‍ അവര്‍ തമ്മിലുണ്ടാവും. എപിഎംസി സംവിധാനം ശക്തമായ പഞ്ചാബ്-ഹരിയാന മേഖലയിലാണ് പുതിയ നിയമത്തിനെതിരായ പ്രക്ഷോഭം ഏറ്റവും ശക്തമായി രൂപം കൊണ്ടിട്ടുള്ളതെന്ന വസ്തുത അതിനുള്ള തെളിവാണ്.

മധ്യവര്‍ത്തികളെ പുതിയ രീതികളില്‍ പുനക്രമീകരിക്കും

സ്വകാര്യ മേഖലയിലെ വന്‍കിട വിപണന കമ്പനികള്‍ വരുന്നതുകൊണ്ട ചെറുകിട കര്‍ഷകര്‍ക്ക് മെച്ചം ഉണ്ടാവില്ലെന്ന് പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയിലെ സുഖ്പാല്‍ സിംഗ് അഭിപ്രായപ്പെടുന്നു. (5) ഇന്ത്യയിലെ കര്‍ഷകരില്‍ 86-ശതമാനവും അഞ്ച് ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ള ചെറുകിട കൃഷിക്കാരാണ്. അതില്‍ തന്നെ 67 ശതമാനം രണ്ടര ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ്. പുതുതായി ഉയര്‍ന്നു വരുന്ന സ്വകാര്യ വിപണന കമ്പോളത്തില്‍ ഫലപ്രദമായി ഇടപെടാനുള്ള ശേഷിയില്ലാത്ത ബഹുഭൂരിപക്ഷം ചെറുകിട കര്‍ഷകര്‍ ക്രമേണ കൃഷി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരാകും. ചെറുകിടക്കാരില്‍ നിന്നും ഭൂമി വന്‍കിട കര്‍ഷകരിലേക്കു കൂടുതലായി കേന്ദ്രീകരിക്കുന്ന പ്രവണത ശക്തിപ്പെടാനാണ് പുതിയ നിയമനിര്‍മാണം പരോക്ഷമായി സഹായിക്കുക.

ഇന്ത്യയിലെ ഏകദേശം 50 ശതമാനം കര്‍ഷകരും സ്വകാര്യ പണമിടപാടുകാരെയാണ് കാര്‍ഷിക വായ്പകള്‍ക്കായി ആശ്രയിക്കുന്നത്. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ എപിഎംസി-യുമായി ബന്ധപ്പെട്ടു നില്‍കുന്ന അര്‍തിയാസ്മാര്‍ ആണ് മിക്കവാറും ചെറുകിട കര്‍ഷകരുടെ വായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. തലമുറകളായുള്ള ഈയൊരു ബന്ധം പുതിയ നിയമത്തിലൂടെ ഇല്ലാതാവുന്നതിനുള്ള സാധ്യത ഏറെയാണെന്നു കരുതപ്പെടുന്നു. വന്‍കിടക്കാരായ സ്വകാര്യ കച്ചവടക്കാര്‍ വിപണി മുഴവന്‍ ഉടനെ സ്വന്തം നിലയില്‍ കൈയടക്കുമെന്നല്ല ഇതിന്റെ അര്‍ത്ഥം. സാധാരണ നിലയില്‍ അവരുടെ പ്രവര്‍ത്തന രീതി ഇങ്ങനെയാണ്. നിലവിലുള്ള കച്ചവടക്കാരെ സ്വന്തം സംവിധാനത്തിലേക്കു സ്വാംശീകരിക്കുകയാണ് ആദ്യപടി. കര്‍ഷകരേയും കര്‍ഷകരുടെ സഹകരണസംഘങ്ങളെയും അവര്‍ സ്വാംശീകരിക്കും. ചുരുക്കത്തില്‍ മധ്യവര്‍ത്തികള്‍ ഇല്ലാതാവുന്നതിനുപകരം പുതിയ രീതികളില്‍ അവരെ പുനക്രമീകരിക്കുന്ന പ്രക്രിയ ആണ് യഥാര്‍ത്ഥത്തില്‍ അരങ്ങേറുന്നത്. ഒരോ കര്‍ഷകനുമായി വെവ്വേറ ഇടപാടുകള്‍ നടത്തുന്നതിനു പകരം അതെല്ലാം ക്രോഡീകിക്കുാവാന്‍ കഴിവുള്ളവരെ പണി ഏല്‍പ്പിക്കുന്ന സമ്പ്രദായം അവര്‍ ക്രമേണ നടപ്പിലാക്കും.

ആഗോള തലത്തില്‍ ഭക്ഷ്യമേഖലയിലെ കോര്‍പറേറ്റുകളുടെ സാന്നിദ്ധ്യം പരിശോധിക്കുകയാണെങ്കില്‍ കാണാനാവുക ഒറ്റ കമ്പനിയുടെ കുത്തക അല്ലെങ്കില്‍ രണ്ടു പേരുടെ എന്ന അവസ്ഥയാണ്. ഇന്ത്യയില്‍ 2015-ല്‍ ഉഴുന്നിനും, മറ്റു പയര്‍ വര്‍ഗങ്ങള്‍ക്കുമുണ്ടായ ഭീമമായ വിലക്കയറ്റത്തിന്റെ പ്രധാന ഉത്തരവാദികള്‍ ഏതാനം കാര്‍ഷികോല്‍പ്പന്ന വിപണന കമ്പനികളും, അവധി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനികളുമാണെന്നു, ഇതു സംബന്ധമായി ആദായനികുതി വകുപ്പ് തയ്യാറാക്കിയ വിലയിരുത്തലിനെ ആസ്പദമാക്കിയുള്ള വിശദമായ ലേഖനം എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ 2017 ജൂലൈയില്‍ സുബിര്‍ ഘോഷ്(6) എഴുതിയിരുന്നു. മൂന്നു നിരകളിലായി പടര്‍ന്നു കിടക്കുന്ന 12-13 വാണിജ്യ-ധനകാര്യ സ്ഥാപനങ്ങളായിരുന്നു ഉഴുന്നു പരിപ്പിന്റെ വില കിലോക്ക് 64-80 രൂപയില്‍ നിന്നും 105-125 രുപയില്‍ എത്തിച്ചത്. ഗ്ലെന്‍കോര്‍, ഇടിജി, എഡല്‍വെയ്സ് തുടങ്ങിയവ ഒന്നാം നിരയിലും, ജിന്‍ഡാല്‍ ഗ്രൂപ്പിലെ 3-കമ്പനികളും, രണ്ടാം നിരയിലും, മൂന്നാം നിരയില്‍ പെട്ട മറ്റു ചില സ്ഥാപനങ്ങളുമായിരുന്നു ഈ വിലക്കയറ്റത്തിന്റെ സൂത്രധാരന്മാര്‍. ആദായനികുതി വകുപ്പ് തയ്യാറാക്കിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടികള്‍ ഉണ്ടായിട്ടില്ലെന്നു ഘോഷ് പറയുന്നു.

സ്വദേശിയും, വിദേശിയും ആയ വന്‍കിട മൂലധനത്തിന്റെ അധീശത്വം ഇന്ത്യയുടെ രാഷ്ട്രീയ-സമ്പദ്ഘടനയില്‍ സുദൃഢീകരിയ്ക്കുന്ന ദൗത്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഹൈന്ദവികത നിര്‍വഹിക്കുന്ന രാജധര്‍മം. രാജ്യത്തിന്റെ വിഭവ സ്ത്രോതസ്സുകളാകെ സ്വവരുതിയിലാക്കുന്ന ഇരപിടിയന്‍ മുതലാളിത്തത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള ഉത്തമോപകരണമായി ഭരണകൂടാധികാരം മറയില്ലാതെ വിനിയോഗിക്കുന്നതാണ് മോദി ഭരണകൂടത്തെ അതിന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമാക്കുന്ന സുപ്രധാന ഘടകം. വിദ്വേഷം നിറഞ്ഞ മിഥ്യാത്മകമായ ദേശക്കൂറിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന രാഷ്ട്രീയ ഹൈന്ദവികതയുടെ ബലത്തില്‍ ബഹുഭുരിപക്ഷം വരുന്ന ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ആശയപരമായ നീതീകരണം ഭരണകൂടം നേടിയെടുക്കുന്നു. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട മുഴവന്‍ രംഗങ്ങളിലും ഈയൊരു പ്രവണത കാണാം. അതിന്റെ തുടര്‍ച്ചയാണ് കാര്‍ഷിക-തൊഴില്‍ മേഖലകളിലെ പരിഷ്‌ക്കാരങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമ നിര്‍മാണങ്ങള്‍. വിദ്വേഷഭരിതമായ ശത്രുനിര്‍മിതകളിലൂടെ നിരന്തരം പുനരുല്‍പ്പാദിക്കുന്ന കപടാവബോധത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനു ശേഷിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഈ സ്ഥിതിവിശേഷം മറികടക്കുന്നതിന് സഹായകരമാവും. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നു വരുന്ന കര്‍ഷകപ്രക്ഷോഭം അത്തരമൊരു രാഷ്ട്രീയത്തിന്റെ ഉണര്‍വിന് പ്രേരണയാവുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

.

1: മാപ്പുസാക്ഷി- ബാലചന്ദ്രന്‍ ചുള്ളിക്കാട്

2: നവംബര്‍ 8, 2019: ദ വയറില്‍ വന്ന റിപ്പോര്‍ട്ട്്

3&4: സെപ്തംബര്‍ 25,2020: ദ ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ട്്

5: സെപ്തംബര്‍ 26, 2020: ദ ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ട്്

6: സുബിര്‍ ഘോഷ്: എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വിക്ക്ലിയില്‍ വന്ന ലേഖനം ജൂലൈ 6, 2017ല്‍ ദ വയര്‍ പുനപ്രസിദ്ധീകരിച്ചു.


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories