TopTop
Begin typing your search above and press return to search.

ഫാസിസത്തെയും മഹാമാരിയേയും ഒരേ കാലത്ത് അനുഭവിക്കേണ്ടിവരുന്ന ഗതികേട്

ഫാസിസത്തെയും മഹാമാരിയേയും ഒരേ കാലത്ത് അനുഭവിക്കേണ്ടിവരുന്ന ഗതികേട്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട അവസ്ഥയില്‍ ഇന്ത്യ രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ക്വാറന്റൈന്‍ ദിനങ്ങള്‍ക്ക് ശേഷം ലോകം മറ്റൊന്നായിരിക്കു മെന്ന് എഴുത്തുകാരനും മലയാളം സര്‍വകലാശാലാ അധ്യാപകനുമായ എന്‍ വി മുഹമ്മദ് റാഫി പറയുന്നു. മഹാമാരികളും ഫാസിസവും ചരിത്രത്തിന്റെ പല കാലഘട്ടങ്ങളിലായി മനുഷ്യര്‍ അനുഭവിച്ചതാണെന്നും എന്നാല്‍ ഇവ രണ്ടും ഒരേ കാലഘട്ടത്തില്‍ അനുഭവിക്കേണ്ടതായ ഗതികേടിലാണ് നമ്മളിപ്പോഴൊന്നും അദ്ദേഹം പറയുന്നു

കൊറോണക്കാലത്തിന് മുമ്പുണ്ടായിരുന്ന സാധാരണ ജീവിതത്തില്‍ ഒന്നിനും സമയം തികഞ്ഞിരുന്നില്ല. യൂണിവേഴ്‌സിറ്റിയില്‍ ആഴ്ചയില്‍ അഞ്ച് ദിവസങ്ങളാണ് പ്രവര്‍ത്തി ദിവസങ്ങള്‍. രാവിലെ ആറ് ആറരയ്ക്ക് എഴുന്നേറ്റാല്‍ മാത്രമേ ഏഴരയ്ക്ക് റെയില്‍വേ സ്റ്റേഷനിലെത്താന്‍ സാധിക്കുകയുള്ളൂ. ആറരയ്ക്കും എഴരയ്ക്കും ഇടയിലുള്ള ഒരു മണിക്കൂറില്‍ വ്യക്തിപരമായ ആരോഗ്യ പരിപാലനത്തിനോ എന്തിന് ഒന്ന് നടക്കാന്‍ പോകാന്‍ പോലുമുള്ള സമയം ലഭിക്കാറില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും ചെറിയ തോതില്‍ പ്രഭാത ഭക്ഷണം കഴിക്കാനും മാത്രമുള്ള സമയമേ ഇതിനിടയ്ക്ക് ഉണ്ടാകാറുള്ളൂ. റെയില്‍വേ സ്റ്റേഷനില്‍ നിന്നും യൂണിവേഴ്‌സിറ്റിക്കുള്ള ട്രെയിനില്‍ അവിടെയെത്തി അവിടെ നിന്നും യൂണിവേഴ്‌സിറ്റി ബസില്‍ ക്യാമ്പസിലെത്തുകയും ചെയ്യുന്നു. അവിടെ നിന്നും തിരിച്ച് എഴരയോടെ കോഴിക്കോട് എത്തും. മിക്ക ദിവസങ്ങളിലും ടൗണില്‍ ഒരു മണിക്കൂറെങ്കിലും ചെലവഴിച്ചിട്ടാണ് വീട്ടിലെത്തുക. ഒരു പത്ത് പത്തരയോടെ വീട്ടിലെത്തുകയും പതിനൊന്ന് മണിയോടെ ഉറങ്ങുകയും ചെയ്യുന്നതായിരുന്നു എന്റെ രീതി. ശനിയും ഞായറും അവധിയാണെങ്കിലും അന്നത്തെ ദിവസങ്ങളില്‍ എന്തെങ്കിലുമൊക്കെ പരിപാടികള്‍ കാണും. പലപ്പോഴും ആ ദിവസങ്ങളിലും അക്കാദമിക് ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയില്‍ തന്നെയായിരിക്കും. എന്നാലും ശനിയും ഞായറും അവധി ദിവസം എന്ന നിലയ്ക്ക് കിട്ടും. ആ സമയത്ത് ശനിയും ഞായറും കുടുംബത്തോടൊപ്പം ചെലവഴിക്കുകയെന്നതാണ് ആ സമയത്ത് ചെയ്യാറുള്ളത്. മക്കളോടൊപ്പം ചെലവഴിക്കുക, വീട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെങ്കില്‍ അതൊക്കെ ചെയ്യുക. ഇതില്‍ നിന്നും വ്യത്യസ്തമായി എന്താണ് ഇപ്പോള്‍ സംഭവിച്ചതെന്നാണ് ഇനി ആലോചിക്കേണ്ടത്. ഇപ്പോള്‍ പത്ത് ദിവസത്തോളമായല്ലോ? സത്യത്തില്‍ വീട്ടില്‍ അടഞ്ഞിരിക്കാന്‍ തുടങ്ങിയിട്ട് എത്ര ദിവസമായെന്ന് പോലും ഓര്‍ക്കാന്‍ പറ്റുന്നില്ല. മാല്‍ഗുഡി ഡെയ്‌സ് എന്നൊക്കെ പറയുന്നത് പോലെ ക്വാറന്റൈന്‍ ഡെയ്‌സ് എന്നൊക്കെ നമുക്കിതിനെ പറയേണ്ടി വരും. കൊറോണ ബാധ സംശയിക്കുന്നവര്‍ മാത്രമല്ല, എല്ലാ ആള്‍ക്കാരും ഇപ്പോള്‍ ക്വാറന്റൈനിലായിരിക്കുകയാണ്. എന്നാല്‍ ഈ ദിവസങ്ങളിലെ ജീവിതം മുമ്പ് ശനിയും ഞായറും കിട്ടിയിരുന്ന അവധി ദിവസങ്ങളിലേത് പോലെയല്ല. ഇതില്‍ പ്രധാനപ്പെട്ട സംഗതി ഞാന്‍ നേരത്തെ പറഞ്ഞല്ലോ ശനിയും ഞായറും മക്കള്‍ക്കൊപ്പം ചെലവഴിക്കുമെന്ന്. അന്നത്തെ ദിവസം നമ്മള്‍ മക്കള്‍ക്കൊപ്പം ചെലവഴിക്കുമെങ്കിലും മക്കള്‍ക്ക് നമ്മളോടൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായെന്ന് വരില്ല. അവര്‍ എന്തെങ്കിലുമൊക്കെ തിരക്കില്‍ പലപ്പോഴും പുറത്തായിരിക്കും. ഒരു മകന്‍ കുറച്ച് മുതിര്‍ന്നയാളാണ്, എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെയാളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. അപൂര്‍വ ദിവസങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുകയും കുളത്തില്‍ ഇറങ്ങി കുളിക്കുകയും യാത്ര പോകുകയുമൊക്കെ ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും നമ്മള്‍ പൂര്‍ണമായും കുടുംബത്തോടൊപ്പമല്ല ചെലവഴിക്കുന്നത്. അതിന് വ്യത്യസ്തമായി ഈ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ പൂര്‍ണമായും കുടുംബത്തോടൊപ്പം അടച്ചിട്ട ഒരു അവസ്ഥയിലാണ് ഉള്ളത്. ഞാനിപ്പോള്‍ താമസിക്കുന്നത് ഒരു ഫ്‌ലാറ്റിലാണ്. ഫ്‌ലാറ്റിന്റെ രൂപഘടന നിങ്ങള്‍ക്ക് അറിയാമല്ലോ? നാട്ടിന്‍പുറത്ത് കുറെക്കൂടി സ്ഥലമുണ്ടാകും. അവിടുത്തെ വീട്ടുജീവിതത്തിന് കുറെക്കൂടി സ്‌കോപ് ഉണ്ട്. തൊടിയിലും മുറ്റത്തും ഒക്കെ നടക്കാനും ജീവിതത്തിന്റെ സ്വകാര്യതയ്ക്കും ഉള്ള സാധ്യതകള്‍ അവിടെയുണ്ട്. മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകാതെ സ്വസ്ഥമായി പാട്ടുകേള്‍ക്കാനും സിനിമ കാണാനും വായിക്കാനുമുള്ള ഇടം അവിടെയുണ്ടാകും. എന്നാല്‍ രണ്ട് കിടപ്പു മുറികളുള്ള ഫ്‌ലാറ്റില്‍ അതിനുള്ള ഇടം കുറവാണ്. ഒരു ലോഡ്ജ് മുറിയില്‍ അടച്ചിടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് അത്. ഞാനെന്റെ ശരീരത്തെയും മനസ്സിനെയും അടുത്ത് ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഒരു സൂക്ഷ്മമായ കാര്യം. കുളിമുറിയിലെ സ്വന്തം നഗ്‌നതയെ കുറെ സമയം പരിചരിക്കാന്‍ സമയം കിട്ടിയിരിക്കുന്നു. വിരലുകള്‍ കൊണ്ട് മോണകളെ മസാജ് ചെയ്തിട്ടുണ്ടോ നിങ്ങള്‍? ശരീരത്തിലെ ഓരോ അവയവത്തെയും ഓരോ ഭാഗത്തെയും എത്രയും പ്രിയപ്പെട്ട ഒരു കാമുകിയെ പോലെ കണ്ട് പരിചരിച്ചിട്ടുണ്ടോ ! എപ്പോഴെങ്കിലും? അത് വഴി ഞാന്‍ എന്നെ സ്‌നേഹിക്കാനും സന്തോഷിപ്പിക്കാനും ആദ്യമായി ശ്രമം തുടങ്ങിയിരിക്കുന്നു. ഇഷ്ടപ്പെട്ട സംഗീതം എന്നെ കൂടുതല്‍ കേള്‍പ്പിക്കുന്നു. മെഹ്ദി ഹസനും ജഗജീത് സിംഗും രവിശങ്കറും എന്നെ വേദനയിലേക്ക് എടുത്തെറിയുന്നത് കൊണ്ട് ഞാന്‍ ബോബ് മെര്‍ളിയെ കേള്‍ക്കുന്നു. കുറച്ച് കാലം കൂടി ക്വാറന്റയ്ന്‍ ദിനങ്ങള്‍ ആവര്‍ത്തിച്ചാല്‍ എന്നെ ഇവിടെ വെച്ച് മറന്നു പോകുമോ എനിക്ക്? അറിയില്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പ്രധാന മാറ്റമെന്നത് കുടുംബാംഗങ്ങളുമായി അടുത്തിടപഴകാനാകുന്നു എന്നതാണ്. രാവിലെ മുതല്‍ മകനെ കാണുന്നു, അവന്റെ കൂടെ ചെസ് കളിക്കുന്നു, പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കുന്നു. ഒരുമിച്ചിരുന്ന് സിനിമ കാണുന്നു. നമ്മുടെ അഭിരുചികള്‍ അവനും അവന്റെ അഭിരുചികള്‍ നമ്മളും മനസിലാക്കുന്നു. ആ രീതിയില്‍ ഇതൊരു നല്ല മാറ്റമാണ്. മുമ്പ് അവധി ദിവസങ്ങളില്‍ പോലും ഇങ്ങനെയായിരുന്നില്ലല്ലോ? അടച്ചിട്ട അവധി ദിവസങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തേക്ക് ഇറങ്ങുന്നേയില്ല. സാധാരണ എല്ലാവരും പുറത്തു പോകുന്നത് സാധനങ്ങള്‍ വാങ്ങാനാണ്. അതിന് പോലും ഇപ്പോള്‍ പേടിയാണ്. അതുകൊണ്ട് തന്നെ ഏറ്റവും തൊട്ടടുത്തുള്ള കടയില്‍ പോയി ആവശ്യത്തിന് സാധനം മേടിക്കുകയെന്ന രീതിയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കൊന്നും പോകാറില്ല. വീടിനടുത്തുള്ള ചില്ലറ വില്‍പ്പന നടത്തുന്ന ചെറിയ കടകളിലാണ് പോകുന്നത്. മൂന്നോ നാലോ ദിവസത്തേക്കുള്ള സാധനങ്ങളാണ് വാങ്ങുന്നത്. അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പഴയ ആര്‍ഭാടങ്ങളൊന്നുമില്ല. അത്യാവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കും. അതും ലഭ്യമാകുന്നവ മാത്രം.

താമസിക്കുന്നിടത്ത് ജിമ്മും മറ്റ് സൗകര്യങ്ങളുമുണ്ട്. ജിമ്മെന്ന് പറഞ്ഞാല്‍ ചെറിയ ട്രെഡ് മില്ലും സൈക്കിളുമൊക്കെയാണ് ഉള്ളത്. മുമ്പൊന്നും ഞാനവിടെ പോയിട്ടില്ല. ഇപ്പോള്‍ ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കുന്നുണ്ട്. പിന്നെ മുമ്പ് കണ്ട ചില സിനിമകള്‍ ഇപ്പോള്‍ യൂടൂബിലൊക്കെ ലഭ്യമാണ്. അടൂരിനെയും പത്മരാജനെയുമൊക്കെ പോലുള്ള മസ്റ്റേഴ്‌സിന്റെ സിനിമകളും വിദേശ സിനിമകളും വീണ്ടും കാണുകയാണ്. കണ്ടതും കാണാന്‍ വിട്ടുപോയതുമായ സിനിമകള്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പിന്നെ ഖസാക്കിന്റെ ഇതിഹാസം പോലുള്ള ക്ലാസിക് കൃതികളും ഒരിക്കല്‍ക്കൂടി വായിക്കുന്നു. സത്യത്തില്‍ പുറത്തിറങ്ങാന്‍ മടിയുള്ളയാളാണ് ഞാന്‍. എവിടെയെങ്കിലും ചടഞ്ഞു കൂടിയിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതാണ് സഹജമായ വാസന. എന്നാല്‍ അതിന് വിരുദ്ധമായി നമ്മള്‍ നിര്‍ബന്ധിതരാകുന്നതിനാലാണ് രാവിലെ എഴുന്നേറ്റ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. ജീവിക്കണമെന്നുണ്ടെങ്കില്‍ തൊഴിലില്‍ ഏര്‍പ്പെട്ടല്ലേ പറ്റൂ. എന്നാല്‍ ഇപ്പോഴത്തെ നിര്‍ബന്ധിതാവസ്ഥ. അതൊരു വിധത്തില്‍ എന്നെ സംബന്ധിച്ച് രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്ന അവസ്ഥയാണ്. എവിടെങ്കിലും കൊണ്ടിട്ടാല്‍ വീണിടം വിഷ്ണുലോകം എന്ന രീതിയില്‍ ആ കിട്ടിയ അവസ്ഥയില്‍ ആനന്ദിക്കുകയെന്നതാണ് എന്റെയൊരു രീതി. നമുക്ക് ചുറ്റിലും നമുക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ ലഭ്യമാണ്. എല്ലാവരുടെയും താല്‍പര്യങ്ങള്‍ ഒരുപോലെയാകണമെന്നില്ല. എങ്കിലും വായനയായാലും എഴുത്തായാലും സംഗീതമായാലും ഓരോരുത്തര്‍ക്കും താല്‍പര്യമുള്ളവ എല്ലാവരുടെയും കയ്യെത്തും ദൂരത്തുണ്ട്. ഇന്റര്‍നെറ്റ് ലഭ്യമായതുകൊണ്ട് തന്നെ ഇവയൊന്നും ലഭിക്കാന്‍ യാതൊരു തടസ്സവുമില്ല. അതും ആസ്വദിച്ച് പൂര്‍ണ്ണമായും അതില്‍ മുഴുകി കഴിയാന്‍ ആഗ്രഹിക്കുന്ന എന്നെ സംബന്ധിച്ച് പുറത്ത് പോകാത്തത് വലിയൊരു പ്രശ്‌നമായി ഇപ്പോള്‍ തോന്നുന്നില്ല. ഒരു മാസം ഒക്കെയാകുമ്പോഴേക്കും ചിലപ്പോള്‍ എനിക്ക് അസ്വസ്ഥതയുണ്ടായേക്കാം. മദ്യത്തോടോ മറ്റേതെങ്കിലും ലഹരിയോടോ ഒഴിച്ചു കൂടാന്‍ പറ്റാത്ത ആസക്തിയില്ലാത്തത് കൊണ്ട് തന്നെ അതെനിക്ക് ജീവിച്ചിരിക്കാന്‍ വേണ്ടി ഉപയോഗിക്കേണ്ട മരുന്നായി തോന്നിയിട്ടില്ല. അതിനാല്‍ തന്നെ അവ ലഭ്യമല്ലാത്തതും ബാധിക്കുന്നില്ല. ഇപ്പോള്‍ എല്ലാം വിര്‍ച്വല്‍ ബന്ധങ്ങള്‍ ആയതിനാല്‍ ലോക് ഡൗണ്‍ മൂലം സുഹൃത്തുക്കളെ കാണാനാകാത്തതിന്റെ വിഷമവും ഇല്ല. സുഹൃത്തുക്കളുടെയെല്ലാം വിശേഷങ്ങളും വിഷമങ്ങളും ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍ ധാരാളം സമയം കിട്ടുമ്പോള്‍ ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ഒരു പക്ഷെ, സാമ്പത്തിക മേഖല, പ്രൊഫഷന്‍ ഇതൊക്കെ ക്വാറന്റൈന് മുമ്പും ശേഷവും എന്നുള്ള രൂപത്തില്‍ പകുക്കപ്പെടാനാണ് സാധ്യത. ഒരു ഉദാഹരണമായി മനുഷ്യ ബന്ധങ്ങളെ ചൂണ്ടിക്കാട്ടാം. ഇപ്പോള്‍ നമുക്ക് ആരെയും കാണാനാകുന്നില്ല. അയല്‍വക്കത്തുള്ളവരും അടുത്ത ബന്ധുക്കളും പോലും നമ്മുടെ വീട്ടിലേക്ക് വരാന്‍ ഭയപ്പെടുന്നു. നമ്മള്‍ അങ്ങോട്ടും പോകുന്നില്ല. നിലവില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് നമ്മുടെ ചുറ്റിലുമുള്ളത്. മനുഷ്യര്‍ തമ്മില്‍ അകലം വന്നിരിക്കുന്നു. ക്വാറന്റൈന്‍ ദിനങ്ങള്‍ക്ക് ശേഷവും ഈ അകലം എത്രകാലം കൂടി നീണ്ടു നില്‍ക്കുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇപ്പോള്‍ത്തന്നെ മനുഷ്യര്‍ തമ്മിലുള്ള അകലം ഒന്നര മീറ്ററായി നിശ്ചയിച്ചിരിക്കുന്നു. ഈ ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് മനുഷ്യര്‍ തമ്മിലുള്ള സംവാദങ്ങളും നടക്കുന്നത്. പരസ്പരം പങ്കുവയ്ക്കുന്ന ശീലം മനുഷ്യര്‍ക്കിടയില്‍ തടയപ്പെട്ടിരിക്കുകയാണ്. അത് എത്രകാലം നീണ്ടുപോകുമെന്നാണ് ആശങ്ക. മനുഷ്യര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ഭീതി എപ്പോള്‍ അകലും അല്ലെങ്കില്‍ അകലുമോ എന്ന് കണ്ടറിയണം. ഞാനിങ്ങനെ പറയാന്‍ കാരണം സ്വന്തം വീട്ടിലുള്ളവര്‍ക്കിടയിലും പങ്കാളികള്‍ക്കിടയിലും പോലും ഈ അകലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായതിനാലാണ്. ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സാമൂഹിക അകലം കുറയ്‌ക്കേണ്ടതുണ്ട്. റദ്ദ് ചെയ്യപ്പെട്ടിരിക്കുന്ന സാമൂഹിക ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള പലതും ഇനി സാധ്യമായി വരണം. ബഷീറിന്റെ മതിലുകളില്‍ മതിലിനപ്പുറത്തും ഇപ്പുറത്തും നിന്നാണ് കഥാനായകനും നാരായണിയും സംവദിക്കുന്നത്. അവര്‍ പരസ്പരം ഷെയര്‍ ചെയ്യുന്നതും ഒരു മതിലിനെ ഇടയ്ക്ക് നിര്‍ത്തിയാണ്. അതുപോലെ തന്നെയാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരിക്കുന്ന അകല്‍ച്ചയും. ഒരാള്‍ മറ്റൊരാളെ സംശയത്തോടെ കാണുന്നു. ഒരു അദൃശ്യമായ മതിലിനപ്പുറത്തും ഇപ്പുറത്തും നിന്ന് അടിയന്തിര ഘട്ടത്തില്‍ മാത്രം പരസ്പരം കാണുന്നു, മിണ്ടുന്നു! രണ്ടാഴ്ചയായി ഒരു സംശയരോഗിയുടെ അവസ്ഥയിലാണ് ഞാന്‍ ജീവിക്കുന്നത്. ഫ്‌ലാറ്റിന് പുറത്തെവിടെയെങ്കിലും എന്തിലെങ്കിലും തൊട്ടാല്‍ അവിടെ വച്ച് തന്നെയോ അല്ലങ്കില്‍ തിരിച്ചെത്തിയാലുടന്‍ തന്നെയോ സാനിറ്റേഷന്‍ ചെയ്യുന്നു. രണ്ട് നേരം കുളിച്ചിരുന്ന ഞാനിപ്പോള്‍ മൂന്ന് നേരമൊക്കെയാണ് കുളിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കാലും കയ്യും കഴുകുന്നു. മനുഷ്യന് അടിസ്ഥാനപരമായി ജീവിതത്തോട് ആസക്തിയുണ്. എനിക്ക് ആസക്തിയുണ്ട്. ജീവിതത്തോട് ആസക്തിയുള്ള ഒരു മനുഷ്യന്‍ മരണത്തെയും രോഗത്തെയുമെല്ലാം ഭയത്തോടെ കാണുന്നു എന്നുള്ളത് ഒരു വാസ്തവമാണ്. അതുകൊണ്ടാണല്ലോ നമ്മള്‍ ഇതിനെയെല്ലാം ഭയപ്പെട്ട് വീടിനുള്ളില്‍ കഴിയുന്നത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന സാമൂഹിക മാറ്റം ലോക സാമ്പത്തിക ക്രമത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി നോക്കേണ്ടത്. ഇന്ത്യയില്‍ സാമ്പത്തികപരമായി തകര്‍ന്ന അവസ്ഥയാണ് അല്ലങ്കില്‍ തന്നെ ഉണ്ടായിരുന്നത്. ആ ഒരു അവസ്ഥയില്‍ കൂനിന്മേല്‍ കുരു എന്നതുപോലെ നമ്മുടെ സാമ്പത്തിക അവസ്ഥയെ ഇപ്പോഴത്തെ സാഹചര്യം പൂര്‍ണമായും തകര്‍ത്തേക്കാം. രാഷ്ട്രീയ ഉത്ക്കണ്ഠകളുള്ളയാള്‍ എന്ന നിലയ്ക്ക് ഈ രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് നോക്കാതിരിക്കാനാകില്ല. നോട്ട് നിരോധനത്തേക്കാള്‍ ഭീതികരമായ രീതിയിലാണ് രാജ്യത്തെ ഭരണകൂടം ഇതിനെ സമീപിച്ചിട്ടുള്ളത്. അതാലോചിക്കുമ്പോള്‍ എനിക്ക് ഉറക്കവും ലഭിക്കുന്നില്ല ഭക്ഷണം കഴിക്കാനും തോന്നുന്നില്ല. നല്ല രീതിയില്‍ ഭക്ഷണം കഴിച്ചിരുന്ന ഞാനിപ്പോള്‍ ഒന്നോ രണ്ടോ നേരം മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ. രാത്രി ഒരു മണിക്കും രണ്ട് മണിക്കുമൊക്കെയാണ് ഉറങ്ങുന്നത്. എത്ര മനുഷ്യരാണ് തെരുവിലുള്ളത്. നോട്ട് നിരോധനം പ്രഖ്യാപിച്ചത് അര്‍ദ്ധരാത്രിയിലാണെങ്കില്‍ ഇതും ഒരു ഇടിത്തീ പോലെയാണ് ജനങ്ങള്‍ക്ക് മേല്‍ വീണത്. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കിയത്. പകരം സംവിധാനങ്ങളോ നിര്‍ദ്ദേശങ്ങളോ ഒന്നും നല്‍കാതെ അതിന്റെ പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ത്യ പോലൊരു രാജ്യത്ത് ഇത് പെട്ടെന്ന് നടപ്പാക്കിയില്ലെങ്കില്‍ എന്നൊക്കെ നമുക്ക് പറയാം. പക്ഷെ, രാത്രി പന്ത്രണ്ട് മണിക്ക് രാജ്യം ലോക്ക് ചെയ്യുമ്പോള്‍ ഡല്‍ഹിയിലും യുപിയിലും ഗുജറാത്തിലും മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്നവരെക്കുറിച്ച് ചിന്തിച്ചില്ല. നമ്മുടെ കേരളത്തില്‍ ഭക്ഷണവും താമസവുമെല്ലാം ലഭ്യമാണെങ്കിലും സ്വന്തം ജന്മനാട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയ അതിഥി തൊഴിലാളികളെ പോലെയല്ല അവര്‍. ഞാന്‍ മനസിലാക്കിയിടത്തോളം അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്നും വീട്ടുടമകള്‍ രോഗാണു ബാധയും മറ്റും പേടിച്ച് പുറത്താക്കിയപ്പോഴാണ് അവര്‍ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. താമസ സ്ഥലം നഷ്ടമായവരും ജോലിയില്ലാതായപ്പോള്‍ അവിടെ നില്‍ക്കാനാകാതായവരുമാണ് അവിടെ പുറത്തിറങ്ങിയത്. പതിനായിരക്കണക്കിന് ആളുകളാണ് തെരുവില്‍ക്കൂടി അലഞ്ഞു കൊണ്ടിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ വീട്ടുസാധനങ്ങളും ചുമന്ന് മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോ ഞാന്‍ കണ്ടിരുന്നു. ഭക്ഷണം കാണുമ്പോള്‍ ഓടിവന്ന് അതെടുത്ത് തിന്നുകയാണ് അവര്‍. വിശപ്പ് അത്രമാത്രം അവരെ തകര്‍ത്തിരിക്കുന്നു. ഇന്ത്യയുടെ തെരുവുകളിലൊക്കെ പെണ്‍കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ അച്ഛനു അമ്മയ്ക്കുമൊപ്പം പലായനത്തിലാണ്. നീണ്ട ഒരു പലായനത്തിന്റെ കാലമാണ് ഇത്. പലായനത്തെക്കുറിച്ചുള്ള ചില യൂറോപ്യന്‍ സിനിമകള്‍ കണ്ടിട്ടുണ്ട്. മനുഷ്യരിവിടെ ചത്തുവീഴുകയാണ്. ഈ പലായനത്തിനിടെ എട്ട് പേര്‍ മരിച്ചെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കണ്ടത്. അതൊക്കെ പുറത്തുവന്ന കണക്കുകള്‍, പുറത്തു വരാത്ത കണക്കുകള്‍ വേറെയുമുണ്ട്. നടന്ന് നടന്ന് മനുഷ്യനിവിടെ കുഴഞ്ഞ് വീണ് മരിക്കുകയാണ്. അവരെ ഷിഫ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങളൊന്നും ചെയ്യാതെ സര്‍ക്കാര്‍ ഇവിടെ പാമ്പും കോണിയും കളിക്കുകയാണ്. ആഭ്യന്തരമന്ത്രിയെയൊന്നും നമ്മള്‍ ഇപ്പോള്‍ കാണുന്നില്ല. അദ്ദേഹമിപ്പോള്‍ പുതിയ സംസ്ഥാനം വല്ലതും വിലക്കെടുക്കാന്‍ പോയിക്കാണും. പൗത്വ ബില്‍ സംബന്ധിച്ച പ്രതിരോധങ്ങളെല്ലാം മുങ്ങിപ്പോയെന്നതാണ് ഇതിനിടെയില്‍ സംഭവിച്ച മറ്റൊരു കാര്യം. അമ്പതിലേറെ പേരെ വെടിവച്ച് കൊന്നും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയും സര്‍ക്കാര്‍ നിയമം കൊണ്ടുവരാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ പ്രതിക്കൂട്ടിലാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അത് ആര്‍ക്കും ഒരു പ്രശ്‌നമില്ലാതായി. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹം പോലെയായി കൊറോണ. നമ്മളെ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും 2019ല്‍ ഇവരെത്തന്നെ വീണ്ടും അധികാരമേല്‍പ്പിച്ചത് കേരളമല്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരു രീതിയിലും വേരോട്ടമുണ്ടാകാത്ത സംസ്ഥാനം കേരളം മാത്രമാണ്. ഇവരെ രണ്ടാമതും അധികാരത്തിലേറ്റിയവര്‍ തന്നെയാണ് ഇപ്പോള്‍ തെരുവില്‍ അലയുന്നത്. അതിന്റെയൊരു വൈരുദ്ധ്യം കൂടി വല്ലാതെ ഫീല്‍ ചെയ്യുന്നു. ഒരു കണക്കിന് ആലോചിച്ചാല്‍ കേരളത്തില്‍ ജനിച്ച നമ്മള്‍ ഭാഗ്യവാന്‍മാര്‍ തന്നെ! പ്ലേഗും വസൂരിയും പോലുള്ള മഹാമാരികളും ഫാസിസവും ഏകാധിപത്യവും രാജാധിപത്യവുമൊക്കെ ചരിത്രത്തിന്റെ നാള്‍വഴികളില്‍ സംഭവിച്ചതാണ്. മനുഷ്യരാശിയെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമൊന്നുമല്ല. പക്ഷെ മഹാമാരിയും ഫാസിസവുമെല്ലാം ഒരേ ഘട്ടത്തില്‍ ഒരേ കാലത്തില്‍ അനുഭവിക്കേണ്ടതായ ഗതികേടിലാണ് നമ്മളിപ്പോള്‍. കോര്‍പ്പറേറ്റുകളും ഹിന്ദുത്വ അജണ്ടയുമെല്ലാം ചേര്‍ന്ന് മനുഷ്യനെ ഒരു ഭാഗത്ത് ദ്രോഹിക്കുന്നു. രാജ്യത്തിന്റെ സമ്പത്തുകള്‍ കൊള്ളയടിക്കുന്നു. റിസര്‍വ് ബാങ്കില്‍ കരുതി വച്ചിരിക്കുന്ന ധനം പോലും എടുക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് കാശാക്കുന്നു. നോട്ട് നിരോധനം നടത്തി രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്നു. ക്വാറന്റൈന്‍ ദിനങ്ങള്‍ക്ക് ശേഷം ലോകം മറ്റൊന്നായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇനി പഴയതു പോലെ മനുഷ്യന്‍ അടുത്തിടപഴകുമോയെന്ന് സംശയമാണ്. രോഗാണുവിന്റെ മൂന്നാംഘട്ട വ്യാപനം വിദേശത്തു നിന്നും വന്നവരുമായി യാതൊരു രീതിയിലും സമ്പര്‍ക്കപ്പെടാത്തവര്‍ക്കിടയിലാണ്. സാമൂഹിക വ്യാപനത്തിന്റെ ഈ ഘട്ടം നമ്മുടെ നാട്ടില്‍ ഭീതിതമാകാതിരിക്കട്ടെയെന്ന് പ്രതീക്ഷിക്കാം. അതിന് വേണ്ട മുന്‍കരുതല്‍ നാമെടുക്കണം. ശക്തമായ ഭരണകൂടം നമുക്കുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റാനും ആശ്വാസമേകാനും അവര്‍ക്കാകുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ജീവിക്കാന്‍ വേണ്ടി പലായനം ചെയ്യുന്ന മനുഷ്യരെയോര്‍ത്തും അവര്‍ നേരിടുന്ന ജനാധിപത്യ വിരുദ്ധമായ മര്‍ദ്ദനങ്ങളിലും അതിയായ വേദനയുമുണ്ട്. മത വിശ്വാസികളുടെ കൂടെ കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. ഹിന്ദുമതത്തിലും കൃസ്ത്യന്‍ മതത്തിലും മുസ്ലിം മതത്തിലുമെല്ലാം പെട്ടവര്‍ ഈ ക്വാറന്റയ്ന്‍ ദിനങ്ങളില്‍ ചിലയിടത്ത് ഒത്തുകൂടിയതായി വാര്‍ത്തകള്‍ കണ്ടു. ഒരു തരം റിലീജ്യന്‍ ഹിസ്റ്ററ്റീരിയയില്‍ അകപ്പെട്ടു പോയ ഈ മനുഷ്യര്‍ ഒരു പക്ഷെ, ഈ ഭൂമിയില്‍ ജീവിക്കുന്നതിനെക്കാള്‍ മരിച്ചു കഴിഞ്ഞതിനു ശേഷം ലഭിക്കുന്ന ജീവിതം കൊതിച്ചിട്ടായിരിക്കാം ഇങ്ങനെ ചെയ്യുന്നത് തയ്യാറാക്കിയത് അരുണ്‍ ടി വിജയന്‍


Next Story

Related Stories