TopTop
Begin typing your search above and press return to search.

വിദ്വേഷം, മതഭ്രാന്ത്, ഗീബൽസിയൻ പ്രചരണങ്ങൾ, ജാതി, മത, വംശീയതയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ; ജനാധിപത്യത്തിനു മേൽ ഫാസിസ്റ്റുകൾ അടയിരിക്കുമ്പോൾ

വിദ്വേഷം, മതഭ്രാന്ത്, ഗീബൽസിയൻ പ്രചരണങ്ങൾ, ജാതി, മത, വംശീയതയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ; ജനാധിപത്യത്തിനു മേൽ ഫാസിസ്റ്റുകൾ അടയിരിക്കുമ്പോൾ

നമ്മളിൽ പലർക്കും 'ഫാസിസം' എന്നത് ചരിത്ര പുസ്തകങ്ങളിൽ നിന്നുള്ള ഒരു പദം മാത്രാണ് . ആ വാക്ക് കേൾക്കുമ്പോൾ ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളായി ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളാണ് മനസ്സിൽ തെളിയുക. ഫാസിസ്റ്റ് എന്ന വാക്ക് 'ഫാസെസ്' എന്ന ഇറ്റാലിയൻ പദത്തിൽനിന്നും ഉരുത്തിരിഞ്ഞതാണ്. ഒരു കോടാലി തിരുകിയതോ മഴു കെട്ടിയിരിക്കുന്നതോ ആയ വിറകുകളുടെയോ കമ്പികളുടെയോ ബണ്ടിലുകളാണ് ഫാസെസുകൾ. ഈ ചിഹ്നം പുരാതന റോമൻ നേതാലെ അധികാരത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി ഉപയോഗിച്ചു. പത്രപ്രവർത്തകനും പട്ടാളക്കാരനുമൊക്കെയായിരുന്ന ബെനിറ്റോ മുസ്സോളിനി 1919 ൽ ഇറ്റലിയിൽ ഒരു ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ചു.1922 ൽ അധികാരത്തിലേറി 1925 ആയപ്പോഴേക്കും ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് - സ്വേച്ഛാധിപത്യ ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തു. മുപ്പതുകളോടെ , പല യൂറോപ്യൻ രാജ്യങ്ങളിലും ഫാസിസ്റ്റുകൾ നിയന്ത്രണം ഏറ്റെടുത്തു, അതിൽ പ്രധാനം 1933-ൽ ജർമ്മനിയിൽ നടന്ന അഡോൾഫ് ഹിറ്റ്ലറുടെ ദേശീയ സോഷ്യലിസ്റ്റ് (നാസി) വിപ്ലവമാണ്. ഫാസിസ്റ്റുകളായ മുസ്സോളിനിയും ഹിറ്റ്ലറും നല്ല ബന്ധത്തിൽ ഒരേ അച്ചുതണ്ടുകളായാണ് പ്രവർത്തിച്ചിരുന്നത്.

ഹിറ്റ്‌ലർ, മുസ്സോളിനി തുടങ്ങിയ സ്വേച്ഛാധിപതികളിൽ മാത്രമായി ഫാസിസത്തിന്റെ ചരിത്രം അവസാനിച്ചുവോ? ഫാസിസം നാം വിചാരിക്കുന്നതിലും കൂടുതൽ ഇടങ്ങളിലേക്ക് വളർന്നു കഴിഞ്ഞു എന്നതാണ് യാഥാർഥ്യം .നാല്പതുകളിൽ ലോകത്തെ ജനാധിപത്യ രാജ്യങ്ങൾ എണ്ണത്തിൽ കുറവും (12 )മിക്കവയും അസ്ഥിരവുമായിരുന്നു. എന്നാൽ, അറുപതുകളിൽ ജനാധിപത്യ രാജ്യങ്ങളുടെ എണ്ണം മുപ്പതായി വർദ്ധിച്ചു. പ്രശസ്തമായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 2019 -ൽ പുറത്തുവിട്ട ജനാധിപത്യ സൂചികയുടെ കണക്കനുസരിച്ച് ഇന്ന് ലോകത്ത് 167 രാജ്യങ്ങളിൽ ഇരുപത്തിരണ്ടോളം രാജ്യങ്ങൾ മാത്രമാണ് പൂർണ്ണ ജനാധിപത്യ രാജ്യങ്ങൾ എന്ന പട്ടികയിൽ ഉൾപ്പെടുത്താൻ പറ്റുകയുള്ളൂ. ലോകമെമ്പാടുമുള്ള ധാരാളം സര്‍ക്കാരുകൾ ജനാധിപത്യ വിരുദ്ധപ്രവണതകളാണ് പ്രകടിപ്പിക്കുന്നത്. ഇക്കണോമിസ്റ്റ് വാരിക ഈ പട്ടിക തയ്യാറാക്കിയത് പ്രസ്തുത രാജ്യങ്ങളുടെ സർക്കാരുകളെയും രാഷ്‌ടീയ സംസ്കാരം , തിരഞ്ഞെടുപ്പ് പ്രക്രിയ, പൗരാവകാശങ്ങൾ, സർക്കാരിന്റെ പ്രവർത്തനം എന്നിവ നിരീക്ഷിച്ച് വിലയിരുത്തിയതിന് ശേഷമായിരുന്നു. ഇവയിൽ ഓരോന്നിലും ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ നാലായി തിരിക്കുകയായിരുന്നു. പൂർണ്ണ ജനാധിപത്യം, അപര്യാപ്തമായ ജനാധിപത്യം, ജനാധിപത്യ - ഏകാധിപത്യ സങ്കരം, ഏകാധിപത്യം എന്നിങ്ങനെയാണാ തരംതിരിവ്. ജനാധിപത്യ മുൻ നിര രാജ്യങ്ങളായിരുന്ന അമേരിക്ക മുതൽ ഇന്ത്യ വരെയുള്ള പല രാജ്യങ്ങളിലെയും ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഏറെ ആശങ്കപ്പെടേണ്ടതുണ്ട്. അപര്യാപ്ത ജനാധിപത്യത്തിലാണ് ഇന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും സ്‌ഥാനം. സൂചികയനുസരിച്ച് അമേരിക്കയുടേത് 25 ആണെങ്കിൽ ഇന്ത്യയുടേത് 51ാം സ്ഥാനമാണ്.

ലോക രാഷ്ട്രീയത്തിലെ സമീപകാല ചലനങ്ങൾ വിലയിരുത്തിയാൽ കൂടുതൽ ആപൽക്കരമായ ഫാസിസ്റ്റ് ചായ്‌വുള്ള അവസ്ഥയിലേക്ക് പല രാജ്യങ്ങളും നീങ്ങിയതായി കാണാം. അമേരിക്കയിലും ഇന്ത്യയിലുമെല്ലാം സ്വേച്ഛാധിപതിയുടെ ആവരണം ധരിച്ച ഭരണാധികാരികൾ എങ്ങനെയാണ് നാസി പ്രസ്ഥാനവുമായി അടുത്ത് നിൽക്കുന്നത് എന്ന് പരിശോധിക്കാൻ ഫാസിസത്തിന്റെ വംശീയവും ഭിന്നിപ്പിക്കുന്നതുമായ ചരിത്രം പരിശോധിച്ചാൽ മതി. ഫാസിസം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല, മറിച്ച് അധികാരം പിടിച്ചെടുക്കാനും കൈവശം വയ്ക്കാനുമുള്ള സമീപനമാണ്. ഒരൊറ്റ അട്ടിമറിയിലൂടെ പെട്ടെന്നല്ല ഫാസിസ്റ്റുകൾ അധികാരത്തിൽ വരുന്നത്; മറിച്ച്, ജനാധിപത്യ പ്രക്രിയയുടെ നിയമങ്ങൾ പാലിക്കുന്നതായി തോന്നിക്കും വിധം സമർത്ഥമായ ചുവടുവെപ്പുകളിലൂടെയാണ് അവർ അധികാരത്തിലേറുന്നത്. നിയമവിരുദ്ധവും ജനാധിപത്യപരവുമായ മാർഗ്ഗങ്ങൾ സമന്വയിപ്പിച്ച ഹിറ്റ്ലറുടെ അധികാരത്തിലേക്കുള്ള ഉയർച്ചയിൽ ഇത് വളരെ വ്യക്തമാണ്. അവിശ്വസ്തരായ ജീവനക്കാരെ സിവിൽ സർവീസിൽ നിന്ന് ഒഴിവാക്കിയ ശേഷമാണ് ഹിറ്റ്‌ലർ ഏകാധിപത്യ ഭരണകൂടം അരക്കിട്ടുറപ്പിച്ചതെന്ന് കാണാം.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിൽ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ രാഷ്ട്രീയത്തിന്റെ ഒരുപൊതു സവിശേഷതയായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യത്തിന് പ്രതിരോധം തീർത്തതിനെ അഭിമാനത്തോടെ തിരിഞ്ഞുനോക്കുന്ന ഒരു രാജ്യമായ ബ്രിട്ടനിൽ പോലും ഇത് കാണാൻ കഴിയും. ഹിറ്റ്‌ലർ മീശയും മുസ്സോളിനിയുടെ സ്വാഭാവ രീതികളുമുള്ള വിചിത്രനായ വ്യക്തിയായി വിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാരനായ സർ ഓസ്വാൾഡ് മോസ്ലിയാണ് അന്ന് (1936 ) ബ്രിട്ടീഷ് യൂണിയൻ ഓഫ് ഫാസിസ്റ്റ് എന്ന ഫാസിസ്റ്റ് രാഷ്‌ടീയ പ്രസ്ഥാനം സ്ഥാപിച്ചത്. പൊതുമേഖലയിൽ നിക്ഷേപത്തിനുള്ള അവസരം , സാമ്പത്തിക പരിരക്ഷണം വിദേശികൾക്കെതിരെ നടപടി എന്നിങ്ങനെയായിരുന്നു അയാളുടെ വാഗ്ദാനങ്ങൾ. പല രാജ്യങ്ങളും സമാനമായ ഫാസിസ്റ്റ് മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യയിൽ, ഹിന്ദുത്വവാദികൾ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും മാതൃകയിൽ യുദ്ധകാലാടിസ്ഥാനത്തിൽ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി . സ്പെയിൻ, ഐസ്‌ലാന്റ്, റൊമാനിയ, ചെക്കോസ്ലോവാക്യ, അമേരിക്ക എന്നിവിടങ്ങളിൽ പോലും ഫാസിസ്റ്റ് ഗ്രൂപ്പുകൾ ഉയർന്നുവന്നു.

ജോലികൾ, കുടിയേറ്റം, അസംതൃപ്തരായ രാഷ്ട്രീയക്കാർ എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്ക് പരിഹാരം വാഗ്ദാനം ചെയ്താണ് ഫാസിസ്റ്റുകൾ പലപ്പോഴും അധികാരത്തിലെത്തുന്നത്. ഉദാഹരണത്തിന്, മുസോളിനിയുടെ കാര്യം; പല ഇറ്റലിക്കാരും തങ്ങളുടെ രാജ്യത്തിന്റെ അന്നത്തെ അവസ്ഥയിൽ നിരാശരാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഇറ്റലിക്കാരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന മുതലാളിമാർ, അവരുടെസമൂഹത്തെ തകർക്കാൻ ശ്രമിക്കുന്ന ബോൾഷെവിക്കുകൾ, വെറുതെ സംസാരിക്കുകയും എന്നാൽ ഒന്നും ചെയ്യാതിരിക്കുന്ന രാഷ്ട്രീയക്കാർ ഇവരെയും അത് പോലെ ഒന്നിനും കൊള്ളാത്ത 35,000-ത്തിലധികം സർക്കാർ ഉദ്യോഗസ്ഥരെയും നീക്കംചെയ്ത് 'ചതുപ്പുനിലം വൃത്തിയാക്കാമെന്ന' വാഗ്ദാനത്തിലൂടെയാണ് മുസ്സോളിനി അന്ന് അധികാരത്തിലേറിയത്.

ഇന്ന് നമുക്ക് ചുറ്റും നോക്കുമ്പോൾ, ഭരണകൂടങ്ങൾ ഫാസിസവുമായി പൂർണ്ണമായും ആലിംഗനം ചെയ്യുന്നതിന്റെ പല അടയാളങ്ങളും കാണാം.

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ പരിപൂർണ്ണ ജനാധിപത്യ വിരുദ്ധ പ്രസിഡണ്ടായി വിശേഷിപ്പിക്കാവുന്ന ഡൊണാൾഡ് ട്രംപിന്റെ ഇലക് ഷൻ പ്രചരണ രീതികളും ഫാസിസ്റ്റ് മാതൃകയിലായിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ മോഷണത്തിന് പതിറ്റാണ്ടുകളായി അമേരിക്ക ഇരയാക്കപ്പെടുകയായിരുന്നു എന്നായിരുന്നു ട്രംപ് വ്യാപകമായി അഴിച്ചുവിട്ട പ്രചാരണം. അതിന്റെ ഫലമായാണ് അമേരിക്കയിൽ ഫാക്ടറികൾ അടച്ചു പൂട്ടിയതെന്നും, ജോലികൾ വിദൂര രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെട്ടതെന്നും ട്രംപ് അമേരിക്കൻ ജനതയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇരയാക്കപ്പെടുന്നതിനെതിരായുള്ള വോട്ടഭ്യർത്ഥനയോടെ തിരഞ്ഞെടുപ്പുകാലത്ത് ട്രംപ് നടത്തിയ വാചാടോപങ്ങൾ വിലയിരുത്തിയാൽ ആർക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരത്തിലേക്ക് വന്നത് ഇത് പോലുള്ള വാഗ്ദാനങ്ങളിലൂടെയായിരുന്നു.

മനുഷ്യരെ ശ്രേണീപരമായി മാസ്റ്റർ റേസുകളായും താഴ്ന്ന വംശങ്ങളായും വിഭജിച്ചിരിക്കുന്നു എന്ന നുണയാണ് ഫാസിസ്റ്റ് വംശീയത മുന്നോട്ട് വെക്കുന്നത്. ദുർബലരായ വംശജർ ശ്രേഷ്ഠരായവരെ കീഴടക്കാൻ ലക്‌ഷ്യമിടുന്നുവെന്നും അത് കൊണ്ടുതന്നെ ദുർബലർക്കെതിരെ സംഘടിക്കേണ്ടതുണ്ടെന്നുമുള്ള തികച്ചും ഭ്രാന്തമായ ഫാന്റസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാസിസ്റ്റ് തത്വശാസ്ത്രം.ഫാസിസത്തെ ഒരു കേവല നുണയായി വേണം വിശേഷിപ്പിക്കാൻ. ഭയാനകമായ രാഷ്ട്രീയ ഫലങ്ങളുള്ള ഒരു നുണ. ഫാസിസ്റ്റുകൾ ബോധപൂർവ്വം നുണകളെ യാഥാർത്ഥ്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒരു ആധുനിക സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാനായി ജനാധിപത്യത്തെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുക എന്നതാണ് ഫാസിസത്തിന്റെ പ്രാഥമിക ലക്ഷ്യം. ഫാസിസ്റ്റ് ഭരണകൂടങ്ങൾ, സ്വതന്ത്ര മാധ്യമങ്ങളുടെ വായടക്കുകയും നിയമവാഴ്ച പൂർണ്ണമായും നശിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത് .ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ലക്ഷണം ഭിന്നിപ്പിക്കലാണ്. ഒരു ജനതയെ 'നാം' എന്നും 'അവർ' എന്നും വേർതിരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജനങ്ങളുമായും രാജ്യവുമായും ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നതായ ഒരു നേതാവിനെ പ്രതിഷ്ഠിച്ചുകൊണ്ട് പ്രസ്തുത നേതൃത്വത്തെ ഒരു ദിവ്യമായ തലത്തിൽ അമാനുഷിക പരിവേഷം നൽകി പ്രതിഷ്ഠിക്കുകയാണ് ഫാസിസം ചെയ്യുന്നത് .ഇന്ത്യയിലും ഈ ലക്ഷണങ്ങൾ ഇന്ന് പ്രകടമായിതന്നെ കാണാൻ സാധിക്കും

1919 ൽ ഇറ്റലിയിലാണ് ഫാസിസം ഔദ്യോഗികമായി സ്ഥാപിതമായെങ്കിലും പിന്നീട്‌ അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ലോകമെമ്പാടും പടരുകയായിരുന്നു. ജപ്പാൻ, ബ്രസീൽ, ജർമ്മനി, അർജന്റീന, ഇന്ത്യ, ഫ്രാൻസ്‌ എന്നീ രാജ്യങ്ങളിലേക്കെല്ലാം ഫാസിസം പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ തീവ്ര , അക്രമ, വംശീയ രാഷ്‌ട്രീയം പടർന്നു. ഈ രാജ്യങ്ങളിലെല്ലാം അത്‌ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പതിപ്പുകൾ ലോകത്ത് ജനാധിപത്യത്തിലൂടെയാണ് പുനർജ്ജനിക്കുന്നത്. അവരുടെ വമ്പൻ നുണകൾ വിരിഞ്ഞു വീഴുന്നത് സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) രാഷ്ട്രീയത്തിലേക്കാണ്. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രസ്തുത നുണകളുടെ പ്രചാരത്തിലൂടെ ഭ്രമാത്മകമായ ഒരവബോധം ജനങ്ങളിലുണ്ടാക്കുകയാണ് സത്യാനന്തര രാഷ്ട്രീയം ചെയ്യുന്നത്. ജനങ്ങളിൽ കൃത്രിമമായ വൈകാരികത ഉണർത്തി വിട്ട് ഇത് രാഷ്ട്രീയമായ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണിവർ ചെയ്യുന്നത്. മോദിയും ട്രംപുമെല്ലാം ചെയ്യുന്നതും ഇതു തന്നെയാണ് .

വിദ്വേഷം, മതഭ്രാന്ത്, ഗീബൽസിയൻ പ്രചരണങ്ങൾ, വിയോജിപ്പ്, ജാതിയുടെയും മതത്തിന്റെയും വംശീയതയുടെയും പേരിൽ നടക്കുന്ന അതിക്രമങ്ങൾ ഇങ്ങനെയുള്ള വലതുപക്ഷ തീവ്രവാദവത്ക്കരണത്തിനെതിരെ ശക്തമായ പ്രതിരോധ നിരയും ഐക്യവും ഉയർന്നു വരണമെങ്കിൽ ജനങ്ങൾക്ക് ഫാസിസത്തിന്റെ അപകടങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം തൊഴിലാളിവർഗ്ഗത്തിന്റെയും സാധാരണക്കാരന്റെയും അസംതൃപ്തിയുടെയും ഉത്കണ്ഠയുടെയും തിരമാലകൾക്കിടയിലും വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകൾകൊണ്ട് തെരുവുകളെ വംശീയമായി പ്രചോദിപ്പിക്കാൻ ഫാസിസ്റ്റുകൾക്ക് എന്ത് കൊണ്ട് സാധിക്കുന്നു എന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ജനാധിപത്യം ബലാൽക്കാരമായി അപഹരിക്കപ്പെടുന്നതിൽനിന്നും ഇന്ത്യയിലുള്‍പ്പടെയുള്ള രാജ്യങ്ങളെ രക്ഷിക്കാനാവൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories