TopTop
Begin typing your search above and press return to search.

കക്കി വച്ചത് തന്നെ വീണ്ടും കഴിക്കുന്ന നീര്‍നായ്ക്കളായ ചില രാഷ്ട്രീയ വക്താക്കളും അവരുടെ മാധ്യമസഹോദരങ്ങളും; മുന്‍ എംപി എ. സമ്പത്ത് എഴുതുന്നു

കക്കി വച്ചത് തന്നെ വീണ്ടും കഴിക്കുന്ന നീര്‍നായ്ക്കളായ ചില രാഷ്ട്രീയ വക്താക്കളും അവരുടെ മാധ്യമസഹോദരങ്ങളും; മുന്‍ എംപി എ. സമ്പത്ത് എഴുതുന്നു

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ബിജെപിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്നതു കണ്ട് കേരളത്തെ കലാപ കലുഷിതമാക്കാനുള്ള വ്യാജപ്രചരണങ്ങളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. കോവിഡ്-19 മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ ലോകം അമര്‍ന്നിരിക്കവേ അനിവാര്യമായ കരുതലും ജാഗ്രതയും പൂര്‍ണ്ണമായും ഉപേക്ഷിച്ചുകൊണ്ട് രോഗികളുടെ എണ്ണം പെരുപ്പിക്കാനും മരണസംഖ്യ ഉയര്‍ത്താനും ബോധപൂര്‍വ്വം ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല.

വിയോജിപ്പിന്‍റെയും വിമര്‍ശനത്തിന്‍റെയും വിമത സ്വരങ്ങളുടെയും ഇടം എപ്പോഴും ഒരു ബഹുകക്ഷി ജനാധിപത്യ സംവിധാനത്തിന് ഉണ്ടാകുക തന്നെ ചെയ്യും. എന്നാല്‍ നുണപ്രചരണങ്ങളും അര്‍ദ്ധ സത്യങ്ങളും തേജോവധം ചെയ്യലും കൊണ്ട് അസത്യങ്ങളുടെ പെരുമഴക്കാലമായി ഈ മഹാമാരിക്കാലത്തെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ 'മരണത്തിന്‍റെ വ്യാപാരികള്‍' അല്ലാതെ മറ്റാരാണ്?

കഴിഞ്ഞ വര്‍ഷം ശൈത്യകാലത്തോടെയാണ് 'ഒരു പ്രത്യേകതരം ന്യുമോണിയ' പടരുന്നതായി ചൈനയില്‍ വൂഹാനില്‍ ശ്രദ്ധയില്‍ പെടുന്നത്. 2020 ജനുവരി മുപ്പതോടെ കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോകാരോഗ്യ സംഘടന നല്കിയ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ആദ്യം മുതല്‍ അക്ഷരം പ്രതി അനുസരിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. അന്ന് യുഡിഎഫ് - ബിജെപി നേതാക്കളില്‍ നിന്നു തന്നെ പരിഹാസവും ആക്ഷേപവും ഒത്തിരി നേരിടേണ്ടതായി വന്നു. കേരളസര്‍ക്കാരും, വിശിഷ്യാ ആരോഗ്യ വകുപ്പും രോഗം വ്യാപിക്കാതിരിക്കാനും രോഗികളെ ചികിത്സിക്കാനും നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിച്ച പ്രവാസികളായ മലയാളികളെ മാത്രമല്ലാ, അതിഥി തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ക്ക് കൈത്താങ്ങാവുകയായിരുന്നു. ലോകം ഒരിക്കലും നേരിട്ടിട്ടില്ലാത്ത ഭീകരമായ ആരോഗ്യ ഭീഷണിയുടെ കാലത്താണ് ഈ രക്ഷാദൗത്യങ്ങള്‍ നടന്നത്. അപ്പോഴും പ്രകോപനങ്ങളും നുണപ്രചരണങ്ങളും കെട്ടഴിച്ചു വിടാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് എത്ര മനുഷ്യത്വരഹിതമായാണ് കുബുദ്ധികളായ മസ്തിഷ്ക കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചതെന്ന് മറന്നുപോകരുത്.

''നാം രോഗത്തെയാണ് നേരിടുന്നത് രോഗിയോട് വിവേചനം പാടില്ല'' എന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ തന്നെ നിരവധി തവണ അഭ്യര്‍ത്ഥിച്ചു. ഒരാളും പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ട നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. വളര്‍ത്തു പക്ഷികളും മൃഗങ്ങളും മാത്രമല്ല തെരുവു നായ്ക്കളും വാനരന്മാരും ആകാശ പറവകളും വരെ മലയാളി മനസ്സിന്‍റെ നന്മ തിരിച്ചറിഞ്ഞ നാളുകള്‍.

എന്നാല്‍ കഴുകന് വേണ്ടത് ശവങ്ങളാണ്. കഴുതപ്പുലിയുടെ വിശപ്പാകട്ടെ ഒരിക്കലും അടങ്ങുന്നുമില്ലാ താനും. സമീപകാല കേരള രാഷ്ട്രീയത്തില്‍ ചില വ്യവസ്ഥാപിത കുത്തക മാധ്യമങ്ങളും യുഡിഎഫ്-ബിജെപി നേതൃത്വവും 'സംയുക്ത ഇടതുപക്ഷ വിരുദ്ധ മുന്നണി'യായിരിക്കുന്നുവെന്ന് മാത്രമല്ല കേരളവിരുദ്ധവും ആയിരിക്കുന്നു. മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടികളായി മാറിയപ്പോള്‍ അവരുടെ കുടുംബാംഗങ്ങളുടെ പേരുകള്‍ കൂടി തങ്ങളുടെ അമേധ്യവര്‍ഷങ്ങള്‍ക്ക് ഇരയാക്കാനുള്ള ദുഷ്ടലാക്ക് സമൂഹം വെച്ചുപൊറുപ്പിക്കണമെന്നാണോ അവര്‍ ആവശ്യപ്പെടുന്നത്? ബിജെപിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ചില സമൂഹ മാധ്യമങ്ങളെ ജുഗുപ്ത്സാവഹമായ സംഭാഷണങ്ങളുടെ സാമൂഹിക വിരുദ്ധ താവളമാക്കിയതു പോലെ.

പൊതുസമൂഹത്തില്‍ വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്ന ചിലര്‍ തങ്ങളല്ല ഉത്തരവാദി, ചില മാധ്യമ റിപ്പോര്‍ട്ടുകളാണ് ആധാരമെന്ന് മറ പിടിക്കുന്നു. തങ്ങളുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാനാവാത്തതാണെന്ന അഹങ്കാരത്തിലും ചില മാധ്യമങ്ങളാകട്ടെ പറയുന്നത്, അവ യുഡിഎഫ് നേതാക്കളുടെ പ്രസ്താവന മാത്രമാണെന്നും തങ്ങള്‍ നുണ പറഞ്ഞിട്ടില്ലായെന്നുമാണ്. ചുരുക്കത്തില്‍ ഇതൊരു 'പരസ്പര സഹായ സഹകരണ സംഘം ക്ലിപ്തം' ആണ്. 'ഞങ്ങള്‍ ആര്‍ക്കെതിരെയും എന്തും പറയും' എന്ന് ശഠിക്കുന്നവര്‍ അവരെക്കുറിച്ച് മാത്രം (അവരുടെ വീട്ടുകാരെ കുറിച്ചും) പൊതിഞ്ഞു വെയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്തേ? ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നാണ് ചില മാധ്യമ ചക്രവര്‍ത്തിമാരുടെ ആജ്ഞാനുവര്‍ത്തികളായി പണിയെടുക്കുന്ന ചില സുഹൃത്തുക്കളുടെ തെറ്റിദ്ധാരണ. ചോദ്യങ്ങള്‍ക്കപ്പുറം ഉത്തരങ്ങളും അവരുടെ ഉത്തരവാദിത്തത്തിന്‍റെ ഭാഗമാണെന്ന് മറന്നു പോകാതിരിക്കട്ടെ. മലയാള മാധ്യമ പ്രവര്‍ത്തകര്‍ കുലഗുരുവായി അംഗീകരിക്കുന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ കൃതികള്‍ ദയവായി ഒരു കണ്ണാടിയ്ക്കു മുന്നിലിരുന്ന് വായിച്ചാലും.

കേരള സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ സ്വത്തും ആസ്തിയും മൂലധന സമ്പത്തും മാധ്യമ രംഗത്ത് ഇടതുപക്ഷ വിരുദ്ധ കരങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും നിക്ഷിപ്ത താല്പര്യങ്ങളുടെ സുന്ദര കളേബര മുഖാവരണമായി മാറുകയും ചെയ്തുവെങ്കില്‍ മാധ്യമ പ്രവര്‍ത്തകരും ആത്മപരിശോധന നടത്തുന്നത് അനിവാര്യമല്ലേ?

സംസ്ഥാന ചരിത്രത്തിലെ അഭിമാനകരമായ വികസന പ്രവര്‍ത്തനങ്ങള്‍ അനേക ലക്ഷം കുടുംബങ്ങള്‍ക്ക് അനുഭവവേദ്യമാക്കിയ സര്‍ക്കാരാണ് എല്‍ഡിഎഫിന്‍റേത്. വിശപ്പുരഹിത കേരളം, എല്ലാവര്‍ക്കും ഭവനമെന്ന സ്വപ്നസാക്ഷാത്കാരത്തിലേയ്ക്ക് നടന്നടുക്കുകയാണ്. അസാധ്യമെന്ന് പലരും വിശേഷിപ്പിച്ച വികസന പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും. മഞ്ഞക്കാതല്‍ അസുഖം ബാധിച്ചവന്‍ എല്ലാം മഞ്ഞയായി കാണുന്നതു പോലെ ചില ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ക്കും മാരകമായ ഈ അസുഖം ബാധിച്ചുവോ?

ചോദ്യങ്ങള്‍ ചോദിക്കാനും ചോദിക്കാതിരിക്കനുമുള്ള അവകാശങ്ങള്‍ പോലെ തന്നെ മറുപടികള്‍ പറയാനും പറയാതിരിക്കാനുമുള്ള അവകാശവുമുണ്ട്; വിചാരണക്കോടതിയിലുള്‍പ്പെടെ. മാധ്യമ ചര്‍ച്ചകള്‍ മാധ്യമ വിചാരണകള്‍ ആകരുതെന്ന് ജുഡീഷ്യറി തന്നെ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. 'ലക്ഷ്മണ രേഖ'കള്‍ എല്ലാവര്‍ക്കും ബാധകമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ അനുച്ഛേദം 19 (1) (a) അഭിപ്രായ പ്രകടന സ്വതന്ത്ര്യം ഉറപ്പു നല്‍കുന്നത് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കുമാണ്. അതിന്‍റെ നിയന്ത്രണങ്ങള്‍ അനുച്ഛേദം 19 (2)ല്‍ പരാമര്‍ശിക്കുന്നുമുണ്ട്. ഈ മൗലികാവകാശവും നിയന്ത്രണവും നമുക്കെല്ലാം ഒരുപോലെ ബാധകമാണു താനും. ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി ഇക്കാര്യത്തില്‍ പ്രത്യേക അധികാരാവകാശങ്ങളില്ലായെന്ന് തങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ മാത്രം ആക്രോശിക്കുന്ന ആ മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്കണം. മാധ്യമ വേട്ടകളും മാധ്യമ വിചാരണകളും നിരവധി ജീവനുകള്‍ അപഹരിച്ചിട്ടുള്ള നാടാണ് നമ്മുടേത്. 'മീഡിയാ മര്‍ഡര്‍' എന്ന് ഞാന്‍ വിളിക്കുന്നില്ലായെങ്കിലും എന്തെങ്കിലും അഹങ്കാരമുള്ള മാധ്യമ സുഹൃത്തുക്കള്‍ കുടുംബത്തോടൊപ്പം പങ്കിടുന്ന സ്വകാര്യ നിമിഷങ്ങളിലെങ്കിലും കുമ്പസാരിക്കുന്നത് ശാന്തി നല്‍കും എന്നു പ്രതീക്ഷക്കട്ടെ.

സെപ്റ്റംബര്‍ 16-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അരക്കോടി കവിഞ്ഞിരിക്കുകയാണ്. മരണസംഖ്യ 82066 ആയിരിക്കുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക,ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുളളത്. അസം, ഛത്തീസ്ഖട്ട്, ഒഡീഷ, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം മരണസംഖ്യയില്‍ 29.4 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഇന്ത്യാ ഗവണ്‍മെന്‍റ് തന്നെ രാജ്യസഭയില്‍ അറിയിക്കുകയുണ്ടായി. രോഗലക്ഷണങ്ങളില്ലാത്ത രോഗികളും വീണ്ടും SARS-COVID രോഗികളാകുന്നവരുടേയും സാധ്യത ന്യൂഡല്‍ഹിയില്‍ നിന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം ഒരു ലക്ഷത്തോളം കോവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇന്ത്യയില്‍ മൊത്തം ദേശീയ വരുമാനത്തിന്‍റെ അഞ്ചിലൊന്ന് ഇല്ലാതായിരിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്‍റ് സംസ്ഥാനങ്ങള്‍ക്ക് നല്കേണ്ടുന്ന ജിഎസ്ടി നഷ്ടപരിഹാരം യഥാസമയം നല്കാതെ ''ലെറ്റര്‍ ഓഫ് കംഫര്‍ട്ട്'' നല്‍കി സംസ്ഥാനങ്ങളുടെ റവന്യൂ വിടവ് നികത്താന്‍ കടമെടുക്കാന്‍ ഉപദേശിക്കുന്നത്, ''നിന്‍റെ കൈയ്യിലെ പൊതിച്ചോറ് ഇങ്ങു താ, നിനക്ക് വിശക്കാതിരിക്കാന്‍ ഒരു മന്ത്രം പറഞ്ഞു തരാം'' എന്ന് പറയുമ്പോലെയാണ്.

നാലു കൊല്ലക്കാലത്തിനിടയില്‍ അതികഠിനമായ നിരവധി പ്രകൃതി ദുരന്തങ്ങളെയാണ് കേരളം നേരിടേണ്ടി വന്നത്. ആ അവസരങ്ങളിലെല്ലാം ഭാരത സര്‍ക്കാര്‍ കൊച്ചു കേരളത്തെ അര്‍ഹമായ വിധത്തില്‍ സഹായിച്ചില്ലായെന്നു മാത്രമല്ല സഹായങ്ങള്‍ തട്ടിത്തെറിപ്പിക്കാന്‍ ചില രാഷ്ട്രീയ കുബുദ്ധികള്‍ വക്രമനസ്സോടെ പ്രവര്‍ത്തിച്ചുവെന്നും ആരോപണങ്ങള്‍ ഉണ്ടായതാണ്. 2001 ജനുവരി 26 ന്‍റെ ഗുജറാത്തിലെ പ്രകൃതി ദുരന്തത്തെ (ഇന്നത്തെ പ്രധാനമന്ത്രി അന്ന് സംസ്ഥാന മുഖ്യമന്ത്രിയും എ.ബി.വാജ്പേയ് പ്രധാനമന്ത്രിയുമായിരിക്കവേ) ദേശീയ ദുരന്തമായി പ്രഖ്യാപിക്കുവാനും വിദേശത്തു നിന്നുള്‍പ്പെടെ വന്‍ തോതില്‍ സഹായങ്ങള്‍ സ്വീകരിക്കുവാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. എന്നാല്‍ കേരളത്തോടുള്ള വിവേചനത്തെ പല ബിജെപി നേതാക്കളും ന്യായീകരിക്കുകയും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ മിണ്ടാതിരിക്കുകയുമായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിന്‍റെ ബി ടീമാണ് ബിജെപി എന്നു മാത്രമല്ല; കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സംഭാഷണം മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപി അല്ല സിപിഎം ആണ് എന്നതാണ്. കോ-ലീ-ബി സഖ്യം ആരൊക്കെ നിഷേധിച്ചാലും കെ.ജി മാരാരുടെ വെളിപ്പെടുത്തലുകള്‍ സത്യമായി തന്നെ അവശേഷിക്കുന്നു. ആരൊക്കെ മത്സരിക്കണമെന്നും മന്ത്രിയാകണമെന്നും ചില സമുദായ നേതാക്കളും ചില മാധ്യമ കുടുംബങ്ങളും തീരുമാനിക്കുകയെന്നത് കേരളീയ സമൂഹത്തിന് നിരക്കുന്നതല്ല.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, 'ജനാധിപത്യത്തെ സംരക്ഷിക്കാന്‍' ഇറങ്ങിപ്പുറപ്പെട്ടവര്‍ ഇല്ലത്തുമില്ലാ, അമ്മാത്തെത്തിയതുമില്ല എന്നു പറഞ്ഞതു പോലെയാണിപ്പോള്‍. രാഷ്ട്രത്തിന്‍റെ പൊതുസമ്പത്ത് കൊള്ളയടിക്കപ്പെടുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കപ്പെടുകയും സാമൂഹിക നീതി അപ്രത്യക്ഷമാകുകയും ചെയ്യുമ്പോള്‍ നമ്മുടെ പാര്‍ലമെന്‍റേറിയന്മാര്‍ പലരും നിശ്ശബ്ദത പാലിക്കുകയോ പരോക്ഷമായി ഒത്താശ ചെയ്യുകയോ ചെയ്യുന്നത് എന്തുകൊണ്ട്?.

ഇടതുപക്ഷ നേതാക്കന്മാര്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും എന്ത് കള്ളവും പറയുക, പിന്നീട് ഉരുണ്ടു കളിക്കുക, അതിനുശേഷം ആ ആരോപണങ്ങളെ തന്നെ 'നട തള്ളുക'- ഈ പ്രവണത പതിറ്റാണ്ടുകളായി നാം കാണുന്നതാണ്; അനുഭവിക്കുന്നതുമാണ്. ചില വലതുപക്ഷ രാഷ്ട്രീയ വക്താക്കളും അവരുടെ ജിഹ്വകളായി മാറിയിട്ടുള്ള സഹോദര മാധ്യമങ്ങളും നീര്‍നായയുടെ സ്വഭാവമാണ് പ്രദര്‍ശിപ്പിക്കുന്നത്. കഴിച്ച ഭക്ഷണം പകുതി ദഹിക്കുമ്പോള്‍ കക്കി വെയ്ക്കുക, അതുതന്നെ വീണ്ടും ശാപ്പിടുക. ഇത്തരം മാനസികാവസ്ഥയുളളവരെ ഇംഗ്ലീഷില്‍ ''polished crooks'' എന്നു വിളിച്ചാല്‍ ആംഗലേയ സാഹിത്യം പോലും കലഹിക്കും. ഇവരുടെ ഉദ്ദേശശുദ്ധിയെ പൈശാചികം എന്നു വിശേഷിപ്പിച്ചാല്‍ പിശാചുക്കള്‍ പോലും പ്രതിഷേധ പ്രകടനം നടത്തിയേക്കും. ''ഖേദം'' എന്ന ഒരു മലയാള വാക്ക് ഇല്ലായിരുന്നെങ്കില്‍ ഇവരൊക്കെ എങ്ങനെ വീണ്ടും യാതൊരു ഉളുപ്പുമില്ലാതെ നമുക്കിടയിലേയ്ക്ക് വരുമായിരുന്നോ എന്തോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


എ .സമ്പത്ത്

എ .സമ്പത്ത്

മുന്‍ എംപി, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി

Next Story

Related Stories