TopTop
Begin typing your search above and press return to search.

എന്‍ഐഎ, യുഎപിഎ, മാവോയിസ്റ്റ് വേട്ട, അടുത്തത് തടങ്കല്‍ പാളയം? മോദിയുടെ നയങ്ങള്‍ക്ക് താഴെ ഒപ്പിട്ട് മുന്നേറുന്ന 'ഇടതുബദല്‍'

എന്‍ഐഎ, യുഎപിഎ, മാവോയിസ്റ്റ് വേട്ട, അടുത്തത് തടങ്കല്‍ പാളയം? മോദിയുടെ നയങ്ങള്‍ക്ക് താഴെ ഒപ്പിട്ട് മുന്നേറുന്ന ഇടതുബദല്‍

കേരളത്തില്‍ തടങ്കല്‍പാളയം വരുന്നുവെന്ന ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട വാര്‍ത്തയെക്കുറിച്ചുള്ള ചര്‍ച്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചതിലുള്ള അത്ഭുതവും ഞെട്ടലും പ്രകടിപ്പിക്കുകയാണ് പലരും സോഷ്യല്‍ മീഡിയയില്‍.

അനധികൃത നുഴഞ്ഞുകയറ്റക്കാരെയും യാത്രാരേഖകളുടെ അഭാവത്തിലും ഇവിടെ തുടരുന്നവരെയും വിവിധ കേസുകളില്‍ വിചാരണ നേരിടുന്നവരെയും നാടുകടത്തിവിടാന്‍ തീരുമാനിച്ചവരെയും പാര്‍പ്പിക്കുന്നതിനാണ് സാമുഹ്യ നീതി വകുപ്പ് തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതെന്നാണ് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിൻ്റെയും വിശദീകരികണം ഇനി വരുമായിരിക്കും. എന്തായാലും അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിനും പാര്‍പ്പിക്കുന്നതിനും തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സാമൂഹ്യ നീതി വകുപ്പ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ തടവറകളില്‍ വിദേശികള്‍ എത്രയുണ്ടെന്നതിനെ സംബന്ധിച്ചുള്ള കണക്കുകള്‍ ആഭ്യന്തര വകുപ്പില്‍നിന്ന് സാമൂഹ്യ നീതി വകുപ്പ് തേടിയതായാണ് സൂചന. എന്നാല്‍ ഇത് പൗരത്വ റജിസ്റ്റര്‍ തയ്യാറായാല്‍ അതില്‍നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ളതല്ലെന്നും മറ്റുമുള്ള വിശദീകരണങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ഇക്കാര്യത്തില്‍ വരുമായിരിക്കും. അസമിലും കര്‍ണാടകത്തിലും പോലുള്ള തടങ്കല്‍ കേന്ദ്രമാണോ, അതൊ ഇത് സവിശേഷ തടവറയാണോ എന്നതടക്കമുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് കരുതാം എന്നാല്‍ കേന്ദ്ര നയം സര്‍ക്കാര്‍ പിന്തുടരുന്നുവെന്ന് ചില നിഷ്‌കളങ്കരായ രാഷ്ട്രീയ നിരീക്ഷകര്‍ അത്ഭുതം കൂറുന്നത് കാണുമ്പോഴാണ് ശരിക്കും അത്ഭുതപെടേണ്ടത്. കാരണം തടങ്കല്‍ കേന്ദ്രത്തിന്റെ കാര്യം എന്തോ ആകട്ടെ, മോദി സര്‍ക്കാരിന്റെ നിയോ ലിബറല്‍ ഫാസിസ്റ്റ് നയങ്ങളില്‍ ഏതാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ നടപ്പിലാക്കാതിരുന്നത് എന്ന് നോക്കുമ്പോഴാണ് ഇപ്പോഴത്തെ ചിലരുടെ അത്ഭുതപ്പെടുത്തല്‍ ചില നിയന്ത്രിത രാഷ്ട്രീയ കാഴ്ചയുടെ ഭാഗമായാണെന്ന് പറയേണ്ടിവരിക. അതിന് നിരവധി ഉദാഹരണങ്ങളാണുള്ളത്. രാജ്യത്തെ ഏക നികുതി സമ്പ്രദായം നടപ്പിലാക്കുകയെന്നത് എത്രയോ കാലമായി നിയോ ലിബറല്‍ വക്താക്കള്‍ ആഗ്രഹിക്കുന്ന കാര്യമാണ്. യു പി എ സർക്കാരിൻ്റെ കാലത്താണ് ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അന്ന് നടന്നില്ല. മോദി വന്നപ്പോള്‍ നടത്തി. രാജ്യത്തെ നികുതി ഏകീകരിച്ചു. ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതാക്കുന്നതാണ്, അതുകൊണ്ട് ഭരണഘടനയ്ക്ക് വിരുദ്ധമാണ് ജിഎസ്ടി എന്ന് ഇടതു സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നിയോ ലിബറല്‍ കാലത്തെ ഈ പ്രധാന ചുവടുവെയ്പ്പിന് വലിയ പിന്തുണ നല്‍കിയത്, ജിഎസ് ടിയോടെ കേരളം വല്ലാതെ മെച്ചപ്പെടുമെന്ന് ആവര്‍ത്തിച്ചത് കേരളത്തിന്റെ ധനകാര്യ മന്ത്രിയായിരുന്നു. ഇടതു സാമ്പത്തിക വിദഗ്ദരുടെ നിലപാടുകൾ കേരളം പരിഗണിച്ചില്ല. ജിഎസ് ടി വന്നു. ഒന്നും നടന്നില്ല. കിട്ടാനുള്ള പണം പോലും കേന്ദ്രം തരുന്നില്ലെന്ന് ഖേദിച്ച് നടക്കുന്നു ഇപ്പോള്‍ ധനമന്ത്രി. ഇക്കാര്യം സൂചിപ്പിച്ചത് മോദിയുടെ നയങ്ങള്‍ ആവേശത്തോടെ നടപ്പിലാക്കിയതും അതിനുവേണ്ടി പിണറായി വിജയന്റെ സര്‍ക്കാര്‍ നിലകൊണ്ടതും ഇതാദ്യമായല്ലെന്ന് വിശദീകരിക്കാന്‍ വേണ്ടിയാണ്. നികുതി സമ്പ്രദായത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മോദി നയങ്ങളുടെ നടത്തിപ്പുകാരായി കേരളത്തിലെ ഇടതു സര്‍ക്കാര്‍ മാറിയത്. യുഎപിഎയുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ. ജനാധിപത്യ വിരുദ്ധ നിയമം എന്ന് പറഞ്ഞുകൊണ്ട് തന്നെ കേരളത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുള്ളവര്‍ക്ക് എതിരെ വ്യാപകമായി യുഎപിഎ ചുമത്തിയത് പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെയാണ്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്കെതിരെ പോലും യുഎപിഎ ചുമത്തി ആ ഭീകരനിയമത്തിന്റെ സാധ്യതകള്‍ ജനവിരുദ്ധ ഭരണാധികാരികള്‍ക്ക് ബോധ്യപെടുത്തി കൊടുക്കും വിധമായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാടുകളും പ്രവർത്തനങ്ങളും. കോഴിക്കോട് സിപിഎം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതും ഇതിന്റെ മറ്റൊരു ഉദാഹരണം. യുഎപിഎ ഭീകര നിയമമാണെന്ന് സിപിഎമ്മിന്റെ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍തന്നെയാണ് നിരവധി രാഷ്ട്രീയപ്രവര്‍ത്തകരെ ഇതേ നിയമം ഉപയോഗിച്ച് ജയിലിടുന്നത്. അന്വേഷണം പൂർത്തിയാകാതെ തന്നെ ഭരണകര്‍ത്താക്കള്‍ കേസില്‍ ഉള്‍പ്പെടുന്നവരെ കുറിച്ച് തീര്‍പ്പ് കല്‍പ്പിക്കുകയെന്നത് അമിതാധികാര പ്രവണതയുളള ഭരണാധികാരികളുടെ സവിശേഷതയാണ്. കോഴിക്കോട് നിന്ന് അറസ്റ്റിലായ താഹയും അലനും മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീര്‍പ്പിലും അത് കാണാം. ഒരു രാഷ്ട്രീയ ചിന്തയെന്ന നിലയില്‍ മാവോയിസ്റ്റ് ആകുക കുറ്റമല്ലെന്നും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമെ നിയമപ്രകാരം കുറ്റം ചുമത്തേണ്ടതുള്ളൂവെന്ന് കോടതികള്‍ ആവര്‍ത്തിച്ചപ്പോഴാണ് രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റാക്കിയതും ജയിലിലടച്ചതും. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ആ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്ന് കണ്ടെത്തലുമായി പാര്‍ട്ടി രംഗത്തെത്തി. എന്‍ഐഎ യുഎപിഎ കേസ് ഏറ്റെടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് പ്രത്യേകിച്ച് ഒരു കുറ്റവും ചെയ്യാത്ത രണ്ട് ചെറുപ്പക്കാരെ ജയിലിലാക്കിയിട്ട് അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ പാര്‍ട്ടി ഉച്ചരിച്ചത്. വിമതാഭിപ്രായങ്ങളോടുള്ള കേരള ഇടതിൻ്റെ സമീപനം എന്തായാലും മോദി ഭരണകൂടത്തെ സന്തോഷിപ്പിക്കുന്നത് തന്നെയാവുമെന്ന കാര്യത്തിൽ സംശയമില്ല. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിയമങ്ങള്‍ കേന്ദ്രം കൊണ്ടുവന്നാല്‍ നടപ്പിലാക്കില്ലെന്ന് പൗരത്വ ഭേദഗതിയോട് പ്രതികരിച്ച നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി. എന്നാല്‍ കേന്ദ്രത്തിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണഘടന മൂല്യങ്ങള്‍ക്കെതിരായ നിരവധി കാര്യങ്ങള്‍ ഉത്തരവാദിത്തോടെ ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറയുന്നതെന്നതാണ് ഏറെ വിചിത്രം. രാഷ്ട്രീയഭിന്നാഭിപ്രായമായിരുന്നാലും നിയോ ലിബറല്‍ വികസന സമീപനമായാലും, മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുബന്ധമായുളള സമീപനം മാത്രമാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചത്. കേന്ദ്രവുമായുള്ള ചെറു ചെറു തര്‍ക്കങ്ങളെയാണ് സിപിഎമ്മിന്റെ അനുചര വൃന്ദം ബദല്‍ നയങ്ങളുടെ ആവിഷ്‌ക്കാരമായി അവതരിപ്പിച്ചു പോന്നത്. അങ്ങനെ പറഞ്ഞത് വിശ്വസിച്ചുപോയവരും വിശ്വസിക്കാന്‍ വിധിക്കപ്പെട്ടവരുമാണ് തടങ്കല്‍ പാളയ നിര്‍മ്മാണത്തെ ചൊല്ലിയുളള (അതിന്റെ യാഥാര്‍ത്ഥ്യം എന്തായാലും) വാര്‍ത്ത കണ്ട് കേരള സര്‍ക്കാരും ഇങ്ങനെയോ എന്ന് അമ്പരക്കുന്നത്. ഞെട്ടാന്‍ നേരത്തെയും നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരിന്നുവെന്ന് മാത്രം ഇവർ ഓർക്കുന്നില്ല.


Next Story

Related Stories