TopTop
Begin typing your search above and press return to search.

ഗോംബെ ഗറില്ല യുദ്ധം, ജെയിൻ ഗുഡാൾ എന്ന ദൈവം, പിന്നെ ചെകുത്താൻ എന്ന ഉപകാരിയും

ഗോംബെ ഗറില്ല യുദ്ധം, ജെയിൻ ഗുഡാൾ എന്ന ദൈവം, പിന്നെ ചെകുത്താൻ എന്ന ഉപകാരിയും

1974 മുതൽ 78 വരെ നടന്ന പൊരിഞ്ഞ ഒരു യുദ്ധമാണ് ഗോംബെ യുദ്ധം. വളരെ പ്രശസ്ത യുദ്ധമാണ്. കേട്ടിട്ടില്ലേ? കേൾക്കണം. കേട്ടേ പറ്റൂ. എല്ലാവരും കേൾക്കണം. കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. അത്ര പ്രധാനം ആണോ? ആണ്. ആഫ്രിക്കയിൽ ടാൻസാനിയയുടെ അടുത്തുള്ള ഗോംബെയിൽ രണ്ടു ഗോത്രങ്ങൾ തമ്മിൽ ഉണ്ടായ ഒരു യുദ്ധമാണ് ഇത്. ഒരു ഗോത്രം കാസകീല. മറ്റേ ഗോത്രത്തിന്റെ പേര് കഹാമ. ഒരൊറ്റ ജനത ആയിരുന്നു ഇവർ. പിന്നീട് എങ്ങനെയോ തെറ്റിപ്പിരിഞ്ഞു ഒരു പ്രദേശത്തിന്റെ രണ്ടു ഭാഗങ്ങളിൽ ആയി പാർപ്പുറപ്പിച്ചു. 74 ൽ ആണ് ശരിക്കും യുദ്ധം തുടങ്ങുന്നത്. ഒരു കഹാമ ചെക്കനെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ആറ് കാസകീല ആണുങ്ങൾ എടുത്തിട്ടടിച്ചു. ഇടിച്ചു. ഒരു ദയയും ഇല്ലാതെ. അവൻ കരഞ്ഞു. ജീവന് വേണ്ടി കെഞ്ചി. ആരും മൈൻഡ് ചെയ്തില്ല. പേപ്പട്ടിയെ എന്ന പോലെ തല്ലി. മാംസ കഷ്ണങ്ങൾ പറിച്ചെടുത്തു. വൃഷ്ണ സഞ്ചി തകർത്തു വൃഷണങ്ങൾ പുറത്താക്കി. അവനെ കൊന്നു. പിന്നങ്ങോട്ട് യുദ്ധം ആയിരുന്നു, സുഹൃത്തുക്കളെ, പൊരിഞ്ഞ യുദ്ധം. എന്ന് വച്ച് ഒരു മൈതാനത്തു അപ്പുറവും ഇപ്പുറവും നിന്നുള്ള യുദ്ധമല്ല. കുറെ ഏറെ ഒളിയുദ്ധങ്ങൾ. മറ്റേ ഗ്രൂപ്പിലെ ആരെ എങ്കിലും താപ്പിന് കിട്ടിയാൽ അപ്പൊ കാച്ചും. ദയ ഇല്ലാതെ. നാല് കൊല്ലം കൊണ്ട് കഹാമ നാമാവശേഷം ആയി. എല്ലാ ആണുങ്ങളെയും കുറെ പെണ്ണുങ്ങളെയും കാസകീലക്കാർ കൊന്നു. ബാക്കി വന്ന പെണ്ണുങ്ങളെ അടിച്ചു പരുവമാക്കി പിടിച്ചോണ്ട് പോയി. യുദ്ധം കഴിഞ്ഞു. കഹാമയുടെ വംശം മൊത്തം മുടിപ്പിച്ച ഈ യുദ്ധത്തിന്റെ ഓരോ ചെറിയ വിശദാശങ്ങളും നമുക്കറിയാം. എങ്ങനെ അറിയാം? ദൈവങ്ങൾ അത് നോക്കി റെക്കോർഡ് ചെയ്തു. ഓരോ നീക്കങ്ങളും റജിസ്റ്ററുകളിൽ എഴുതി വച്ചു. വെറും പത്തു പതിനഞ്ചു ആളുകളെ ഓരോ ഗോത്രത്തിലും ഉണ്ടായിരുന്നുള്ളു. ഏതാണപ്പാ ഇത്ര ചെറിയ ഗോത്രങ്ങൾ? ചിമ്പാൻസി കൂട്ടങ്ങൾ! ആരാണീ ദൈവങ്ങൾ? ജെയിൻ ഗുഡാൾ എന്ന ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ഉള്ള കുറെ ശാസ്ത്രജ്ഞന്മാർ. ഗോംബെ യുദ്ധം ഒരു സംഭവം ആയിരുന്നു. ആദ്യമായാണ് ഇത്രയും വാശിയും ഉശിരും ഉള്ള ഒരു യഥാർത്ഥ വംശീയ യുദ്ധം സസ്തനികളിൽ കണ്ടെത്തിയത്. (ഉറുമ്പുകളിൽ യുദ്ധങ്ങൾ ഉണ്ട്. പക്ഷെ അവ എത്രത്തോളം ബുദ്ധിയോടെ ആണ് അത് ചെയ്യുന്നത് എന്ന് സംശയമാണ്.) അതിനു മനുഷ്യർ ചിമ്പാൻസികൾ അല്ലല്ലോ. അല്ല, പക്ഷെ നമ്മുടെ ഏറ്റവും അടുത്ത ബന്ധു ആണ്. അറുപതു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് നമുക്ക് ഒരേ പൂർവികർ ആയിരുന്നു. ഏതോ ഒരാൾക്കുരങ്ങു കൂട്ടം. ചിമ്പാൻസിക്ക് പക്ഷെ അ. ഇ. ക മാത്രമേ ഉള്ളു. – അടി, ഇടി, കടി. കഴുത്തു ഞെക്കി കൊല്ലാൻ പോലും അവർക്ക് അറിയില്ല. മനുഷ്യർക്ക് ആ, മ, അ ഉണ്ട്. ആറ്റം ബോംബ്, മിസൈൽ, പിന്നെ അനന്തമായ കുരുട്ടു ബുദ്ധി. ഈ ഭൂമിയെ അങ്ങനെ തന്നെ ചുടാൻ വേണേൽ പറ്റും. അതിനുള്ള വാശിയും ഉണ്ട്. ശത്രു ഭൂമിയുടെ ഒപ്പം ചാവുമല്ലോ. അതെ – കുരങ്ങന്മാരെ, കുരങ്ങികളെ – എൻ രത്തത്തിൻ രത്തമാന വാലില്ലക്കൂട്ടങ്ങളെ... നമ്മൾ സഹജീവി സ്നേഹികൾ ആണ്. പരസ്പര ഉപകാരികൾ ആണ്. മക്കൾക്ക് വേണ്ടി നാം ചാകും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ചാകും. രാജ്യക്കാർക്കും മതക്കാർക്കും കൂട്ടക്കാർക്കും വേണ്ടി ചാവും. ത്യാഗങ്ങൾ ചെയ്യും. ജീവൻ മാത്രമല്ല; ജീവിതം മൊത്തം ചിലപ്പോൾ ത്യജിക്കും. മഹത്തായ മനുഷ്യ സംസ്കാരം അങ്ങനെ ഉണ്ടായത് ആണ്. ചെസ് കളിച്ചു നമ്മെ തന്നെ തോൽപ്പിക്കുന്ന കമ്പ്യൂട്ടറുകൾ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട്. ജീനുകൾ എടുത്ത് അമ്മാനമാടി പുതിയ ജീവികളെ സൃഷ്ടിക്കാം. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഭൂമിയെ നോക്കി കൊണ്ടിരുന്നു വെടി പറയാം. നമുക്ക് തലച്ചോർ ഉണ്ട്, തലച്ചോർ തുറന്നു ഓപ്പറേഷൻ ചെയ്യാൻ നമുക്കറിയാം. പക്ഷെ ഈ തലച്ചോറിൽ തന്നെ – നമ്മുടെ ഉള്ളിൽ തന്നെ – ഒരു ചെകുത്താൻ ഉണ്ട്. രണ്ടു തലയുള്ള ഒരു ചെകുത്താൻ, ഓരോ തലക്കും ഓരോ പേരാണ്. ഒന്ന് : എത്നോസെന്ററിസം (ethno centrism)- സ്വന്തം ഗോത്രം, വർഗം, കൂട്ടം, രാജ്യം, മതക്കാർ. മനുഷ്യരേക്കാൾ മനുഷ്യത്വം ഉണ്ട്. സ്വന്തം ആളുകൾ കൂടുതൽ മനുഷ്യത്വം അർഹിക്കുന്ന ആൾക്കാർ ആണ്. രണ്ട്: ക്സീനോ ഫോബിയ (xeno phobia )- മറ്റുള്ള കൂട്ടങ്ങൾ നമ്മുടെ അത്രയും പോരാ. അലവലാതികൾ ആണ്. ഈ തോന്നലുകളുടെ ഒക്കെ വ്യാപ്തി റേഡിയോയുടെ ഒക്കെ വോളിയം കൂട്ടുന്ന പോലെ സാഹചര്യങ്ങൾ അനുസരിച്ചു കൂട്ടാം, കൂടാം. അലവലാതികൾ, മലരന്മാർ ആകാം. മൃഗങ്ങൾ ആവാം. പിടയുന്ന, വേദനയോ വികാരങ്ങളോ ഇല്ലാത്ത, നിഷ്കരുണം ഉപദ്രവിച്ചു കൊല്ലാവുന്ന പുഴുക്കളും ആവാം. 1954 – ൽ മുസാഫാർ എന്ന് പേരുള്ള ഒരു മനഃശാസ്ത്രജ്ഞൻ അമേരിക്കയിൽ രണ്ടു ഗ്രൂപ്പ് ആൺകുട്ടികളെ ഒരു കാമ്പിൽ കൊണ്ട് വന്നു, തമ്മിൽ മത്സരങ്ങൾ ഒക്കെ നടത്തി, ഒരു പരീക്ഷണം നടത്തി. പരസ്പരം ശത്രുത ഉള്ള ഗ്രൂപ്പുകൾ ആക്കാൻ പറ്റുമോ എന്നായിരുന്നു അങ്ങേര് നോക്കിയത്. അങ്ങേർക്ക് തീരെ വിയർക്കേണ്ടി വന്നില്ല. രണ്ടു ഗ്രൂപ്പായി തിരിച്ച്, ആ പാർക്കിന്റെ രണ്ടു ഭാഗത്തായി ക്യാമ്പ് ചെയ്യിച്ചു കുറച്ചു മത്സരങ്ങൾ ഒക്കെ വച്ചതേ ഉള്ളു. നേതാക്കന്മാർ ഉണ്ടായി. അനുചരന്മാർ ഉണ്ടായി. ഓരോ ഗാങിന് പേരും ഉണ്ടായി. കൊടി, യൂണിഫോം, ഒക്കെ ഉണ്ടായി. ശത്രുതയും അടിയും പിടിയും ഉന്തും തള്ളും ചുമ്മാ അങ്ങ് ഉണ്ടായി. അവസാനം ഇത് ഒരു പരീക്ഷണം ആണെന്ന് പറഞ്ഞിട്ടും ശത്രുത തീർന്നില്ല. രണ്ടാഴ്ച കഴിഞ്ഞു ഒരേ വാഹനത്തിൽ തിരിച്ചു യാത്ര ചെയ്യാൻ പോലും കുട്ടികൾ തയാറായില്ല. രണ്ടു ലക്ഷം വര്‍ഷം ചെറു ഗോത്രങ്ങൾ ആയി നടന്ന മനുഷ്യർ പതിനായിരം വർഷങ്ങൾക്ക് മുൻപ് ഗ്രാമങ്ങളിൽ ആയി. അയ്യായിരം വർഷങ്ങൾക്കു മുൻപ് രാജ്യങ്ങളും നഗരങ്ങളും ആയി. പണ്ട് കാലങ്ങളിൽ – ഒരേ ഗോത്രം എന്നാൽ– ഒരേ വർഗം, ഒരേ വർണം, ഒരേ ആചാരങ്ങൾ, ഒരേ ദൈവം അഥവാ ദൈവങ്ങൾ, ഒരേ മതം. ഇങ്ങനെ ആയിരുന്നു. പിന്നീട് ഇവ കൂടിക്കുഴഞ്ഞു. ചെകുത്താന്റെ ശക്തി കുറഞ്ഞു. എന്നാലും ചെകുത്താൻ ഒരു സംഭവം ആണ്. ചെകുത്താനെ മെരുക്കുന്നവർക്ക് എന്തും കിട്ടും. അധികാരം. അളവില്ലാത്ത ബഹുമാനം. രാജ്യം ഇലക്ഷനിൽ ജയം. ചെകുത്താനെ മെരുക്കാൻ എളുപ്പമാണ്. നമ്മൾ ഭയങ്കര സംഭവം. ദൈവത്തിന്റെ സ്വന്തം ജനം. മറ്റവന്മാർ ഊളകൾ നമ്മുടെ പ്രശ്നങ്ങൾക്ക് കാരണക്കാർ അവന്മാർ ദേ വരുന്നു!! നിങ്ങൾ പേടിക്കണ്ട ഞങ്ങൾ ഉണ്ട് കൂടെ. ഇങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കണം. ഇത് വിശ്വസിക്കാൻ റെഡി മണി മുണ്ടക്കയം ആയി നിക്കുക ആണ് സകല മാന ജനങ്ങളും. ചെകുത്താൻ ഉള്ളിൽ ആൾറെഡി ഉണ്ടല്ലോ. ചെകുത്താനെ അകറ്റണം എങ്കിൽ, അവനവന്റെ അപ്പുറം ഉള്ള സെൻസ് വേണം, സെന്സിബിലിറ്റി വേണം – അവന്റെ പല്ലു പുളിപ്പിക്കുന്ന കൗശലം ഏൽക്കാതിരിക്കാനുള്ള സെൻസോഡൈനും വേണം. ഇച്ചിരി പാടാ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories