TopTop
Begin typing your search above and press return to search.

അവിശ്വാസത്തില്‍ മലര്‍ത്തിയടിച്ചു എന്നാഘോഷിക്കാന്‍ വരട്ടെ, പെരിയ ഇരട്ടക്കൊല കേസില്‍ നിന്നും ഇനി കൈ കഴുകാനാകില്ല

അവിശ്വാസത്തില്‍ മലര്‍ത്തിയടിച്ചു എന്നാഘോഷിക്കാന്‍ വരട്ടെ, പെരിയ ഇരട്ടക്കൊല കേസില്‍ നിന്നും ഇനി കൈ കഴുകാനാകില്ല


ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ തികഞ്ഞ ലാഘവത്തോടെയും വലിയ ഭൂരിപക്ഷത്തിനും പരാജയപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഒന്നിരുട്ടി വെളുത്തപ്പോൾ കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെ കാത്തിരുന്നത് ഒരു കനത്ത തിരിച്ചടി തന്നെയായിരുന്നു. അതും സർക്കാരിന്റെ എതിർപ്പുകൾ മറികടന്നു പെരിയ ഇരട്ടക്കൊല കേസിന്റെ അന്വേഷണം സി ബി ഐ ക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ രൂപത്തിൽ. കേസിന്റെ അന്വേഷണം സി ബി ഐ ക്കു വിട്ടുകൊണ്ട് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഇന്നത്തെ ഉത്തരവ്. വലിയ ഫീസ് നൽകി സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകരെ കൊണ്ടു വന്നു കേസ് നടത്തിക്കുന്നു എന്ന പഴി സർക്കാർ നേരിടുന്നതിനിടയിൽ തന്നെയാണ് സി ബി ഐ അന്വേഷണത്തെ എതിർത്തുകൊണ്ടുള്ള സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ സർക്കാരിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നതു സംബന്ധിച്ച വ്യക്തവുമായ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിൽ അമ്പേ പരാജയപ്പെട്ടുപോയ പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ആഹ്ലാദിക്കാൻ ഏറെ വക നൽകുന്ന ഒന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇന്നത്തെ ഉത്തരവ്. അവർ അത് വലിയ ആഘോഷമാക്കി മാറ്റുന്നുമുണ്ട്. പിണറായി വിജയൻ സർക്കാറിന് ഇത് തിരിച്ചടികളുടെ കാലമാണ് എന്നായിരുന്നു ഹൈക്കോടതി ഉത്തരവിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പെരിയ ഇരട്ടക്കൊലക്കേസു സി ബി ഐ ക്കു വിടണമെന്നും കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്ന രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവും സ്ഥലം എം പി യുമായ രാജ് മോഹൻ ഉണ്ണിത്താൻ ഉപവാസം അനുഷ്ഠിച്ചു വരുന്നതിനിടയിലായിരുന്നു കോടതിയുടെ അനുകൂല ഉത്തരവ് എന്നത്‌ കുറച്ചുകാലത്തേക്കെങ്കിലും അദ്ദേഹത്തിനും പാർട്ടിക്കും മുന്നണിക്കും നൽകുന്ന രാഷ്ട്രീയ മൈലേജും ചെറുതൊന്നുമല്ല.

ഇക്കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു (കൃത്യമായി പറഞ്ഞാൽ 2019 ഫെബ്രുവരി 17 നു ) യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊലചെയ്യപ്പെട്ടത്. തുടക്കം മുതൽക്കു തന്നെ സി പി എമ്മിന്റെ പ്രാദേശിക നേതാവായ എ പീതാംബരൻ എന്നയാൾ പ്രതി സ്ഥാനത്തു ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ വടകരയിലെ ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ,തളിപ്പറമ്പിലെ എം എസ് എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് എന്നിവരുടെ എന്നതുപോലെ തന്നെ സി പി എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകമായി ഇതിനെയും എതിരാളികൾ ഉയർത്തിക്കാട്ടിയിരിന്നു. എന്നാൽ കേവലം വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടന്ന ഒരു സംഭവം ആയാണ് സി പി എമ്മും അന്വേഷണ സംഘവും സർക്കാരും പെരിയ ഇരട്ടക്കൊലയെ ചിത്രീകരിച്ചത്. തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ നടന്ന ഒരു സംഭവം എന്ന നിലയിൽ കൊലപാതകം അരങ്ങേറിയ കാസർകോട് ജില്ലയിൽ മാത്രമല്ല സംസ്ഥാനമൊട്ടുക്കു തന്നെ യു ഡി എഫും ബി ജെ പി യും ഇതിനെ വലിയൊരു പ്രചാരണായുധമാക്കി മാറ്റി. ലോക് സഭ തിരെഞ്ഞെടുപ്പിൽ എൽ ഡി എഫിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണമായ പ്രധാന ഘടകങ്ങളിൽ ഒന്ന് പെരിയ ഇരട്ടക്കൊലപാതകം ആയിരുന്നു.

കൊലപാതക കേസുകൾ സി ബി ഐ ക്കു വിട്ടാൽ കേന്ദ്രം ഭരിക്കുന്ന ബി ജെ പി കേരളത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കും എന്ന വാദം നിരത്തിയാണ് സി പി എമ്മും സർക്കാരും ഈ കേസിലും തുടക്കം മുതൽക്കേ സി ബി ഐ അന്വേഷണത്തെ എതിർത്തുപോന്നത്. കേന്ദ്രം ഭരിക്കുന്നവരുടെ കൂട്ടിലടച്ച തത്തയാണ് സി ബി ഐ എന്ന സുപ്രീം കോടതിയുടെ ഒരു പഴയ നിരീക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ എതിർപ്പ്. എന്നാലിപ്പോൾ പെരിയ ഇരട്ടക്കൊല കേസിന്റെ അന്വേഷണത്തിൽ നിന്നും സി ബി ഐയെ മാറ്റിനിറുത്താനുള്ള പാർട്ടിയുടെയും സർക്കാരിന്റെയും ശ്രമങ്ങൾക്കാണ് കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്റ്റംബർ 30 നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് ഡിവിഷൻ ബെഞ്ച് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. ഉടൻ തന്നെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെയെന്നോണം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ കോടതിയുടെ ഈ ഉത്തരവ് സി പി എമ്മിനും സംസ്ഥാന സർക്കാരിനും ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories