ലോകം മുഴുവന്‍ ഒരു വലിയ കമ്പോളമായി തീര്‍ന്നിരിക്കുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. ലോകത്തോളം വളര്‍ന്ന കമ്പോളമാകട്ടെ മനുഷ്യാവസ്ഥയെ ആകെത്തന്നെ നിയന്ത്രിക്കുന്ന ചാലകശക്തിയും. ജീവിതാവശ്യങ്ങള്‍ക്കുള്ള വസ്തുവകകള്‍ ശേഖരിയ്ക്കുകയും വിപണനം നടത്തുകയുമായിരുന്നു പഴയകാലത്ത് കമ്പോളങ്ങളില്‍ നടന്നിരുന്നതെങ്കില്‍ മാറിയ കാലത്ത് കമ്പോളധര്മ്മങ്ങളില് ഏറെ പരിണാമങ്ങള്‍ സംഭവിച്ചു. മനുഷ്യാവസ്ഥയെ തന്നെ അത് അനുനിമിഷം പുനര്‍നിര്‍വചിക്കുന്നു. കമ്പോളങ്ങളിലേക്ക് എത്തുന്ന വിഭവങ്ങളുടെ കാര്യത്തില്‍ ഓരോ നിമിഷവും ചടുലമായ മാറ്റങ്ങള്‍. പഴയകാലത്തെ സേവനങ്ങള്‍ ഇക്കാലത്ത് കമ്പോളങ്ങളിലെ വിഭവങ്ങളായി തീര്‍ന്നിരിക്കുന്നു. കമ്പോളം വര്‍ത്തമാനകാലത്തില്‍ ഏറ്റവും വലിയ പഠനശാഖകളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു. സൂക്ഷ്മത്തിലും സ്ഥൂലത്തിലും കമ്പോളശക്തികള്‍ ചെന്നെത്തിയിരിക്കുന്നു, കൈയടക്കിയിരിക്കുന്നു. നിയന്ത്രണത്തിലാക്കിയിരിക്കുന്നു. തീര്‍ത്തും അതിഭൗതികമായ വിശ്വാസധാരകളിലേക്കു പോലും ഈ കമ്പോളത്തിന്റെ കരാംഗുലികള്‍ നീളുന്നു. അവ രാഷ്ട്രങ്ങളെ ഭരിക്കുന്നു, രാഷ്ട്രീയത്തെ ഗ്രസിക്കുന്നു. വ്യക്തികളുടെ വികാരങ്ങളേയും വിചാരങ്ങളേയും അപഹരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെ ചന്തകളേയും അങ്ങാടികളേയും അവയുടെ രൂപപരിണാമങ്ങളേയും കുറിച്ച് നമ്മള് ചിന്തിക്കുന്നത്. വസ്തുവകകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇടങ്ങളാണ് ചന്തകള്‍. മനുഷ്യസംസ്കാരത്തിന്റെ സവിശേഷമായ ഘട്ടത്തിലാണ് ചന്തകള്‍ അഥവാ വിപണികള്‍ രൂപപ്പെടുന്നത്. ചരക്കുകളോ സേവനങ്ങളോ വിവരങ്ങളോ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ആയി സജ്ജീകരിക്കപ്പെട്ട ഒരു പ്രത്യേക സ്ഥലമോ സ്ഥാപനമോ സംവിധാനമോ ആണ് വിപണി എന്ന് പൊതുവില്‍ നിര്‍വചിക്കാം. കാര്‍ഷിക സംസ്കൃതിയില്‍ ആഴത്തില്‍ വേരൂന്നിയ മലയാളികളുടെ സ്വത്വരൂപീകരണത്തിലും അവരുടെ പൊതുഇട സംസ്കാരത്തിലും ചന്തകള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്. ആധുനിക കാലത്തെ സൂപ്പര്‍മാര്‍ക്കറ്റുകളുടേയും മാളുകളുടേയും പ്രാഗ് രൂപങ്ങളാണ് ഇത്തരം അങ്ങാടികള്‍. കാലം മാറുന്നത് അനുസരിച്ച് അവയ്ക്കുള്ള ധര്‍മ്മങ്ങളും മാറി എന്നു മാത്രം. നിത്യപ്രവാസിയായ മലയാളി ലോകത്തെവിടേയും കാണുന്ന വിപണി സ്വരൂപങ്ങള്‍ സ്വന്തം നാട്ടിലും രൂപപ്പെടുത്താനായി ശ്രമിയ്ക്കുന്നുവെന്നത് മറ്റൊരു ഘടകമാകുന്നു. ലോകത്തെവിടേയായാലും മനുഷ്യസംസ്കാരത്തിന്റെ സവിശേഷമായ ഘട്ടത്തിലാണ് ചന്തകള്‍ അഥവാ വിപണികള്‍ രൂപപ്പെടുന്നത്. കാര്ഷികോത്പ്പാദനവുമായി ബന്ധപ്പെട്ടാണ് അവ നിലവില്‍ വരുന്നത് തന്നെ. പ്രാദേശികമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന വിഭവങ്ങള്‍ കൈമാറുന്ന ഇടമായിരുന്നു തുടക്കത്തില്‍ ചന്തകള്‍. കൈമാറ്റത്തിലൂന്നിയായിരുന്നു വ്യാപാരം. ഒരു വസ്തു നല്കി മറ്റൊന്നു സമ്പാദിക്കുന്ന രീതി. നാണയ വ്യവസ്ഥയും മറ്റും വ്യാപകമായതോടെ ഈ രീതിയ്ക്കും മാറ്റം വന്നു. കാര്‍ഷിക വിഭവങ്ങള്‍, മത്സ്യമാംസാദികള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ ക്രയവിക്രയങ്ങളായിരുന്നു ചന്തകളില്‍ പ്രധാനമായും നടന്നിരുന്നത്. എന്നാല്‍ വാണിഭങ്ങള്‍ അവയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയായിരുന്നില്ല. വസ്ത്രവും പണി ആയുധങ്ങളും യോദ്ധാക്കള്‍ക്കുള്ള സാമഗ്രികളും എന്നുവേണ്ട സകലമാന വസ്തുക്കളും ഇത്തരം ചന്തകളിലേക്ക് ഒരോ കാലങ്ങളിലായി എത്തിക്കൊണ്ടിരുന്നു. കേരളത്തിലെ പ്രാക്തന സമൂഹത്തിന്റെ ജീവിത രീതിയെ കുറിച്ച് ചില പൊതുധാരണകളില്‍ മാത്രമാണ് എത്തിച്ചേരാനാവുകയെന്നാണ് ചരിത്രകാരന്മാരില് അധിക പങ്കും അഭിപ്രായപ്പെടുന്നത്. ശിലായുഗത്തിലും മറ്റും ഭക്ഷ്യശേഖരണമായിരുന്നു പ്രധാന ഉത്പ്പാദന മാര്‍ഗം. മഹാശിലാസ്മാരകങ്ങളില് നിന്നും ലഭിക്കുന്ന തെളിവുകള്‍ കൂടാതെ സംഘം കൃതികളും മറ്റും നല്കുന്ന സൂചനകളും ഇപ്രകാരം തന്നെയാണെന്നും അവര്‍ പറയുന്നു. സംഘകാലം ഉത്പ്പാദന വിനിമയ മാര്‍ഗങ്ങളുടെ വലിയ വളര്‍ച്ചയുടെ കാലമായിരുന്നു. പശുവിന്കൂട്ടങ്ങളെ തട്ടിക്കൊണ്ടുപോകുന്നതിന് എതിരായുള്ള യുദ്ധങ്ങള്‍, കന്നുകാലികളെ തിരിച്ചു പിടിക്കുന്നതിനുള്ള യുദ്ധങ്ങള്‍ തുടങ്ങിയവ ആദിമകാലത്തെ വിതരണ സബ്രദായങ്ങളുമായി ബന്ധപ്പെട്ട് ഗോത്രത്തലവന്മാര് നടത്തിയ പോരാട്ടങ്ങളെ സൂചിപ്പിക്കുന്നുവെന്ന് മാത്രമല്ല അക്കാലത്തെ സാമൂഹിക ജീവിതം എപ്രകാരമായിരുന്നുവെന്നു കൂടി വെളിപ്പെടുത്തുന്നുണ്ട്. കൃഷി, കൈത്തൊഴിലുകള്‍, തൊഴിലുപകരണങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും സംഘം കൃതികളില്‍ കാണാം. കാലം മാറുന്നതിന് അനുസരിച്ച് ഉല്‍പ്പാദകരുടെ ഘടനയിലും സമ്പ്രദായങ്ങളിലും മാറ്റം സംഭവിച്ചു. സംഘകാലത്തെ ഉഴവര് എന്ന പൊതുഉല്പ്പാദക വിഭാഗം കാരാളര്, കുടികള്‍, അടിയാര് എന്നിങ്ങനെ പലതായി പില്ക്കാലത്ത് പിരിഞ്ഞു. കൃഷിയും കൈത്തൊഴിലുകളും തമ്മിലുള്ള വിഭജനം കൂടുതല്‍ ശക്തിപ്പെട്ടു. പറമ്പ്, തോട്ടം, വിള എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഉല്‍പ്പാദനത്തിന്റെ വികാസം മലയാള നാടിനെ സംബന്ധിച്ചിടത്തോളം മറ്റൊരു നിര്‍ണായക ഘട്ടമായിരുന്നു.
അങ്ങാടികളുടേയും നാണയ വ്യവസ്ഥയുടേയും വ്യാപനം പറമ്പുല്പ്പാദനത്തിന്റെ വളര്ന്നുവരലുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡോ. കെ. എന്‍. ഗണേഷ് 'കേരളത്തിന്റെ ഇന്നലെകള്‍' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പറമ്പുകളില്‍ നിന്നുള്ള പാട്ടത്തിന്റെ പ്രധാന രൂപം പണമാണ്. ക്ഷേത്രങ്ങളുടേയും നാടുവാഴികളുടേയും വീടുകളില്‍ നിന്ന് തേങ്ങയും അടയ്ക്കയും മാത്രം പാട്ടമായി പിരിക്കും. പില്ക്കാലത്ത് അതു പണമായിത്തന്നെ പിരിച്ചു. പറമ്പുല്പ്പനങ്ങള് അധികമധികം അങ്ങാടികളിലെത്തി. പറമ്പുല്പ്പാദനത്തിന്റെ വളര്‍ച്ച കൃഷിക്കാരെ ധനസമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു. തെക്കന്‍ കേരളത്തിലെ ' കട ' കളും വടക്കന്‍ കേരളത്തിലെ ' അങ്ങാടി ' കളും
ആദ്യകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മധ്യകാലമെത്തിയതോടെ കൈത്തൊഴിലുകാര്‍ വ്യത്യസ്ത ജനവിഭാഗക്കാരായി മാറി. കേരളത്തിലെ പല ഭാഗങ്ങളിലും നെയ്ത്തു കുലത്തൊഴിലായി സ്വീകരിച്ച ചാലിയരുടെ തെരുവുകളുണ്ടാക്കി. ക്ഷേത്ര പരിസരങ്ങളിലടക്കം പല ഇടങ്ങളിലും കൈത്തൊഴിലുകള്‍ ചെയ്തു ഉപജീവനം നടത്തുന്ന കമ്മാളരുടെതായ തെരുവുകള്‍ ഉയര്‍ന്നുവന്നു. 15-ാം നൂറ്റാണ്ടില്‍ നാഗര്‍ കോവലിനടുത്തുള്ള പരശുരാമപ്പെരുന്തെരുവില് ചാലിയരെ വരുത്തി താമസിപ്പിച്ചിരുന്നു. കോഴിക്കോട്ടെ കലവാണിഭത്തെരുവ്, ചക്കരവാണിഭത്തെരുവ് മുതലായവയും വാണിജ്യ കേന്ദ്രങ്ങളായിരുന്നു. തിരുവനന്തപുരത്തെ ശ്രീപദ്മനാഭപ്പെരും തെരുവ്, കൊല്ലത്തെ ചിന്നക്കട മുതലായവയും കച്ചവടക്കാരുടേയും കൈത്തൊഴിലുകാരുടേയും തെരുവുകളായിരുന്നു. തെക്കന്‍ കേരളത്തിലെ നിരവധി സ്ഥലങ്ങള്‍ക്ക് കട എന്നും വടക്കന്‍ കേരളത്തിലെ പല സ്ഥലങ്ങള്‍ക്കും അങ്ങാടിയെന്നും പേരുവന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നുമാണ് ചരിത്രകാരന്മാരുടെ നിഗമനം. ഉല്‍പ്പാദകരും കച്ചവടക്കാരും തമ്മിലുള്ള ബന്ധം പല തരത്തില്‍ വളര്‍ന്നു വരുന്നതാണ് പില്ക്കാലം കണ്ടത്. കൈത്തൊഴിലുകാരുടെ തെരുവുകള്‍ അടങ്ങുന്ന അങ്ങാടികള്‍ വളര്‍ന്നുവന്നു. ആദ്യമായി വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിച്ചത് വാണിയര്(എണ്ണയാട്ടും വില്പനയും നടത്തിയിരുന്നവര്‍), ചാലിയര്‍ മുതലായവരായിരുന്നു. കടല്‍ത്തീരത്തുള്ള പന്തലായനി, കൊടുങ്ങല്ലൂര്‍ മുതലായ അങ്ങാടികള്‍ക്കു പുറമെ തിരുവനന്തപുരത്തെ ചാലയങ്ങാടി, ഇരിങ്ങാലക്കുട, തിരുമരുതൂര്‍, എരമം, വാണിയംകുളം തുടങ്ങിയ അങ്ങാടികളും പല തരത്തില്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ക്ഷേത്രങ്ങള്‍ക്കു സമീപത്തയാണ് പല അങ്ങാടികളും വളര്ന്നുവന്നതെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്ഷേത്രങ്ങള്‍ സാമൂഹിക ജീവിതത്തില്‍ പല തരത്തില്‍ സ്വാധീനതകള്‍ ചെലുത്തിയിരുന്നതാണ് ഇത് കാണിക്കുന്നത്. ഉല്‍പ്പാദകരും ഉപഭോക്താക്കളും തമ്മില്‍ സജീവമായ ക്രയവിക്രയങ്ങള്‍ അങ്ങാടികളില്‍ നടന്നിരുന്നു. ഇതൊക്കെ കാണിക്കുന്നത് നാടൊട്ടുക്ക് പടര്‍ന്നു കിടക്കുന്ന ഒട്ടേറെ ചെറിയ-ആഭ്യന്തര- അങ്ങാടികളുടെ ഒരു ശൃംഖലതന്നെ വിവിധ ഭരണകാലഘട്ടങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്നു. ഇത്തരം ചെറുതും വലുതുമായ അങ്ങാടികളിലേക്ക് വ്യാപകമായി വര്‍ത്തക സംഘങ്ങള്‍ എത്തിയിരുന്നു. ചേരകാലം മുതല്‍ ഇവരുടെ സന്ദര്‍ശനങ്ങള്‍ പതിവായിരുന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. നാനാദേശികള്‍, വളഞ്ചിയര്‍, ദിശൈ ആയിരത്തി അയ്നൂറ്റവര്, നാല്പ്പത്തെണ്ണായിരവര്, വളഞ്ചിയര്‍ തുടങ്ങിയവര്‍ ഇത്തരം വര്‍ത്തക സംഘങ്ങളില്‍ പെടുന്നു. കേരളത്തിലെ പ്രാദേശിക കൈമാറ്റ കേന്ദ്രങ്ങളായ അങ്ങാടികളെ ദക്ഷിണേന്ത്യയിലെ ബൃഹത്തായ കച്ചവട ശൃംഖലകളുമായി ബന്ധിപ്പിച്ചിരുന്നത് ഇത്തരം സംഘങ്ങളായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. ക്ഷേത്ര സങ്കേതങ്ങളുടെ വളര്‍ച്ചയും അങ്ങാടികളുടെ വളര്‍ച്ചയും അന്യോന്യം ബന്ധപ്പെട്ടിരുന്നു. തുറമുഖ നഗരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെയുള്ള പ്രധാന കച്ചവട കേന്ദ്രങ്ങളൊക്കെ ക്ഷേത്രപ്പറമ്പുകളായിരുന്നു. ക്ഷേത്രത്തിനുവേണ്ട വിലപിടിപ്പുള്ള വസ്തുവകകളും പുറത്തുനിന്നുള്ള ഉല്പന്നങ്ങളും എത്തിച്ചുകൊടുത്തതും ഇത്തരം കച്ചവട സംഘങ്ങളായിരുന്നു.
ചാലിയര്‍, വാണിയര്, കമ്മാളര്‍ മുതലായവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടാതെ മലഞ്ചരക്കുകളും അങ്ങാടികളിലേക്ക് എത്തിയിരുന്നു. ഉള്ളാടര്‍, ഊരാളികള്‍ മുതലായ സമുദായക്കാര്‍ മലഞ്ചരക്കുകളുമായി അങ്ങാടികളിലേക്ക് എത്തിയിരുന്നതിന്റെ സൂചനകള്‍ കാണാം. മലഞ്ചരക്കുകള്‍ വലിയ കച്ചവട സംഘങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും അത്തരം അങ്ങാടികളിലൂടെയായിരുന്നു. തിണകള് തമ്മില്‍ പ്രാക്തന കാലം മുതല്‍ നിലനിന്നിരുന്ന കൈമാറ്റ ബന്ധങ്ങള്‍ ഇത്തരം അങ്ങാടികളിലേക്ക് പുനക്രമീകരിക്കപ്പെട്ടു. തീരപ്രദേശങ്ങിലും വലിയ കമ്പോള കേന്ദ്രങ്ങള്‍ ഉയര്‍ന്നു. അഞ്ചു വണ്ണം, മണിഗ്രാമം പോലുള്ള വലിയ കച്ചവട സംഘങ്ങള്‍ക്കായിരുന്നു ഇവയുടെ നിയന്ത്രണം. ഇവര്‍ വിദേശ വ്യാപാരികളുടെ സംഘമായിരുന്നുവെന്ന മതവും ചരിത്രകാരന്മാര്ക്കിടയിലുണ്ട്. ചേരന്മാരും പിന്നീടുവന്ന നാടുവാഴികളും ഇവരെ അംഗീകരിക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്തു. അറബികളും ജൂതന്മാരും ക്രൈസ്തവരും അടങ്ങുന്ന വിദേശ വ്യാപാരികളും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. കുരുമുളക്, കറുവാപ്പട്ട, ഇഞ്ചി, രക്ത ചന്ദനം, മരങ്ങള്‍, ആനക്കൊമ്പ്, പവിഴങ്ങള്‍ മുതലായവ കയറ്റി അയക്കുകയും പാത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ മുതലായവ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു. ചെമ്പ്, സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹ വസ്തുക്കള്‍ വിദേശങ്ങളില്‍ നിന്നും ഇവിടേക്ക് എത്തിച്ചിരുന്നു. പലം, തുലാം തുടങ്ങിയ അളവുകളാണ് ലോഹങ്ങളെ അളക്കുന്നതിനുവേണ്ടി അക്കാലത്ത് ഉപയോഗിച്ചിരുന്നത്. കേരളതീരത്തെ തുറമുഖങ്ങളില്‍ വിദേശികള്‍ സ്ഥരമായ കച്ചവട കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ചൈനക്കാരുമായി അതിവിപുലമായവാണിജ്യ ബന്ധമാണ് ഉണ്ടായിരുന്നത്. ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് എത്തിയിരുന്നത് നാടൊട്ടുക്കുണ്ടായിരുന്ന അങ്ങാടി ശൃംഖലകള്‍ വഴിയായിരുന്നു. ഉല്‍പ്പന്നങ്ങളുടെ കൈമാറ്റങ്ങളും ക്ഷേത്രങ്ങളും നാടുവാഴികളും വഴിയുള്ള പുനര്‍വിതരണവും മധ്യകാലത്തും തുടര്‍ന്നു. പോകപ്പോകെ ഉല്‍പ്പന്നങ്ങളുടെ വിനിമയത്തില്‍ പണത്തിന്റെ പങ്ക് വര്‍ധിച്ചു. അങ്ങാടികളുടെ വളര്‍ച്ച കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ട് കച്ചവടക്കാരന് കൈമാറ്റം നടത്താന്‍ ഉല്‍പ്പാദകനെ സഹായിച്ചു. പണം, കാശ്, അച്ച് മുതലായ നാണയങ്ങള്‍ പ്രചാരത്തില്‍ വന്നു. മധ്യകാലത്തും ചക്രമുള്ള വണ്ടികള്‍ പ്രചാരത്തില്‍ വന്നിരുന്നില്ല.തലച്ചുമടായോ കാളപ്പുറത്തോ ഒക്കെയായിരുന്നു സാധനങ്ങള്‍ കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. ഭാരിച്ച ചരക്കുകള്‍ കൊണ്ടുപോകുന്നതിനായി വര്‍ത്തക സംഘങ്ങളാണ് പ്രധാനമായും വണ്ടികള്‍ ഉപയോഗിച്ചിരുന്നത്. അപൂര്‍വമായി കുതിരകളേയും ഉപയോഗിച്ചിരുന്നു. ചുമട്ടുകാര്‍ക്ക് നെല്ലായും പണമായും കൂലി നല്കിപ്പോന്നിരുന്നു. ഇത്തരം അങ്ങാടികളെ കുറിച്ചുള്ള വര്‍ണ്ണനകള്‍ നമ്മുടെ വാമൊഴി വഴക്കത്തിലും എഴുത്ത് സാഹിത്യത്തിലും എമ്പാടും കാണാം. ഉണ്ണുനീലി സന്ദേശം, ഉണ്ണിയച്ചി ചരിതം, അനന്തപുര വര്‍ണ്ണനം തുടങ്ങിയ കൃതികളിലും ഇത്തരം ചന്തകളെ കുറിച്ചുള്ള പരമാര്‍ശങ്ങള്‍ സമൃദ്ധമായി കാണുന്നു. പുത്തിടം ചന്ത, കൊല്ലം ചന്ത, കായംകുളം അങ്ങാടി, കരിയനാട്ട് ചന്ത തുടങ്ങിയവയെ കുറിച്ച് ഉണ്ണുനീലി സന്ദേശത്തില്‍ വിശദമായി തന്നെ വര്‍ണ്ണിച്ചിട്ടുണ്ട്. അനന്തപുരവര്ണ്ണനത്തില് തിരുവനന്തപുരം നഗരത്തിലെ രണ്ടങ്ങാടികളെ പറ്റിയുള്ള സുചനകളാണ് നല്‍കുന്നത്. ശ്രീപദമനാഭ സ്വാമിക്ഷേത്രത്തിന്റെ ഈശാനകോണിലുള്ള അങ്ങാടിയില്‍ സാധനകൈമാറ്റത്തിലൂടെ നടക്കുന്ന വാണിഭത്തെ കുറിച്ചും മറ്റൊരിടത്ത് നാണയ കൈമാറ്റത്തിലൂടെയുള്ള വാണിഭത്തെ കുറിച്ചും സൂചനകള്‍ നല്കുന്നു. അപ്പം, നെരിപ്പട പോലുള്ള പലഹാരങ്ങള്‍, പൊന്ന്, മുത്ത്, വൈരം തുടങ്ങിയ ആഭരണങ്ങള്‍ ഉണ്ടാക്കാനുള്ള വസ്തുക്കള്‍, കാറ, മോതിരം, തോള്പ്പന്തി തുടങ്ങിയ ആഭരണങ്ങള്‍, ചട്ടി, വട്ടക, ചട്ടുകം, കിണ്ടി, കോരിക, ചരക്ക്, ഉരുളി, താലം, തളിക, പിഞ്ഞാണം പോലുള്ള പാത്രങ്ങള്‍, കരിമ്പടം, കമ്പിളി, പട്ട്, പരുത്തി, കോണകം, മുലക്കച്ച തുടങ്ങിയ വസ്ത്രങ്ങള്‍, അമ്പ്, വില്ല്, അരിവാള്‍, ചുരിക, കരവാളം തുടങ്ങിയ ആയുധങ്ങള്‍ തുടങ്ങിയവയൊക്കെ പഴയ കാലത്തെ വിപണികളില്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഓരോ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ക്കൂട്ടങ്ങളും ഇത്തരം ചന്തകളില്‍ നിലനിന്നിരുന്നതായി ചരിത്രകാരന്മാര് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവിടെ ഉത്പ്പാദിപ്പിച്ചിരുന്നവ കൂടാതെ ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കളും ഇത്തരം ചന്തകളില്‍ എത്തിയിരുന്നു. പ്രാക്തനകാലം മുതല്‍ തന്നെ അന്യദേശക്കാരുമായി വ്യാപാരത്തിലായിരുന്നു മലയാള നാട്ടിലെ പല നാട്ടുരാജ്യങ്ങളും എന്നതിനാല്‍ പരദേശങ്ങളില്‍ നിന്നും വസ്തുവകകള്‍ ഇവിടേയ്ക്ക് ഏറെ നാളുകള്‍ക്കു മുന്‍പെ എത്തിത്തുടങ്ങിയിരുന്നു. മണിപ്രവാള കൃതികളിലെ പരമാര്‍ശങ്ങളില്‍ വ്യാപാര സാധനങ്ങളുടെ കൂട്ടത്തില്‍ തലൈത്തൊപ്പിയെ പറ്റിയുള്ള പരാമര്‍ശം കാണാം. ഇത് മുസ്ലിം സമുദായാംഗങ്ങളുടെ അക്കാലത്തെ വിപുലമായ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.
കേരളീയരുടെ വിദേശ വ്യാപരാത്തെ കുറിച്ചും നമുക്ക് സൂചനകള്‍ ലഭിക്കുന്നത് സംഘകാലത്തെ അടക്കമുള്ള കൃതികളില്‍ നിന്നാണ്. മുസിരിസ്സില്‍ നടന്നിരുന്ന കുരുമുളക് വ്യാപാരത്തെ പറ്റി സംഘകൃതികളില്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ നിന്നുണ്ടായിട്ടുള്ള വ്യാപകമായ കപ്പലോട്ടങ്ങളെപ്പറ്റി പതിറ്റുപ്പത്തില്‍ പരാമര്‍ശം കാണാം. വെളിയന്‍ എന്ന നാടുവാഴിയുടെ കപ്പലുകള്‍ സ്വര്‍ണ്ണത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനെപ്പറ്റി അകംകവിതയില് പരാമര്‍ശം കാണാം. ഇതെല്ലാം കാണിക്കുന്നത് വിദേശത്തുനിന്നുമുള്ള വസ്തുക്കള്‍ ഇവിടേക്ക് ഏറെ കാലങ്ങള്‍ക്കു മുന്‍പ് തന്നെ എത്തിയിരുന്നുവെന്നകാര്യമാണ്. ഇത്തരം വസ്തുവകകള്‍ മലയാളനാട്ടിലെ പല അങ്ങാടികളൂടേയും ആളുകളിലേക്ക് എത്തിയിരുന്നു. നാട്ടുരാജ്യങ്ങളുടെ പ്രധാന വരുമാനസ്രോതസ് ഇവരില്‍ നിന്നും പരിച്ച ചുങ്കങ്ങളും മറ്റുമായിരുന്നു. ഇത്തരത്തില്‍ കച്ചവടത്തിനത്തിയവര് ഇവിടെ രാഷ്ട്രീയാധികാരം സ്ഥാപിച്ചതും ഈ നാട് കോളനിയാക്കിയതുമൊക്കെ ചരിത്രത്തിന്റെ മറ്റൊരു വശം. 11-ാം നൂറ്റാണ്ടിനുശേഷം ചൈനക്കാരും മധ്യപൗരസ്ത്യ ദേശക്കാരും അടക്കമുള്ളവരുമായി വാണിജ്യം നടത്തിയിരുന്ന നഗര വ്യൂഹങ്ങള്‍ കേരളത്തിന്റെ തീരപ്രദേശത്ത് വ്യാപകമായി വളര്‍ന്നുവന്നിരുന്നു. 14-ാം നൂറ്റാണ്ടോടെ തുറമുഖ വാണിജ്യകേന്ദ്രങ്ങളായ കോഴിക്കോട് അറബി വ്യാപാരികളുടേയും കൊല്ലം സിറിയന്‍ ക്രിസ്ത്യാനികളുടേയും നിയന്ത്രണത്തിലായി. കൊല്ലത്ത് അറബികളും കച്ചവടം നടത്തിയിരുന്നു. കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ചീനത്തെരുവുകള് തന്നെയുണ്ടായിരുന്നു. 14-ാം നൂറ്റാണ്ടുവരെ ഏറെ പ്രാധാന്യത്തോടെ നിലകൊണ്ട കൊടുങ്ങല്ലൂര്‍ അധഃപതിക്കുകയും അടുത്ത നൂറ്റാണ്ടില്‍ കൊച്ചി തുറമുഖം വികസിക്കുകയും ചെയ്തു. കൊച്ചി, ചേന്ദമംഗലം, മാള, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ജൂതന്മാര് അടക്കമുള്ളവര്‍ അവിടെ വ്യാപാരം നടത്തി. കണ്ണനൂര്‍, വളപട്ടണം, ധര്‍മ്മടം, കായംകുളം, പുറക്കാട് തുടങ്ങിയ സജീവങ്ങളായ വ്യാപാര കേന്ദ്രങ്ങള്‍ ഏറെയുണ്ടായിരുന്നു. വള്ളുവനാട്ടിലെ അങ്ങാടിപ്പുറം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളും പ്രമുഖ വാണിജ്യകേന്ദ്രങ്ങളായിരുന്നു. ഉള്‍നാട്ടിലെ വ്യാപകമായിരുന്ന അങ്ങാടികള്‍ കരവഴിയും കടല്‍വഴിയുമുള്ള വാണിജ്യത്തിന്റെ സമ്മേളനത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. നാട്ടുരാജ്യങ്ങള്‍ ബ്രിട്ടണ് അടക്കമുള്ള വിദേശശക്തികളുടെ കോളനികളായതോടെ നമ്മുടെ വാണിജ്യ കേന്ദ്രങ്ങള്‍ക്കും അങ്ങാടികള്‍ക്കും മേലെ അത്തരത്തില്‍ നേരിട്ടുള്ള സ്വാധീനതകള്‍ കൂടുതല്‍ കൂടുതല്‍ ദൃശ്യമായി.
ഇത്തരത്തില്‍ നിരന്തരമായ ആദാനപ്രദാനങ്ങളിലൂടേയും രൂപപരിണാമങ്ങളിലൂടേയുമാണ് നമ്മുടെ വാണിജ്യകേന്ദ്രങ്ങളൊക്കെ വികസിച്ച് വന്നത്. രാജ്യം സ്വതന്ത്രമായതോടെ അങ്ങാടികളും വാണിജ്യ കേന്ദ്രങ്ങളുമൊക്കെ വിവിധ സര്‍ക്കാരുകളുടേയും പ്രാദേശിക ഭരണകൂടങ്ങളുടേയും മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായി. വിദേശത്തുനിന്നും മറ്റും സാധങ്ങള്‍ എത്തിക്കുന്നതില്‍ പല വിധത്തിലുള്ള കര്‍ശന നിയന്ത്രണങ്ങളും തീരുവകളും സര്‍ക്കാര്‍ ഏജന്‍സികള്‍ ചുമത്തി. എന്നാല്‍ 1990 കളില്‍ ആരംഭിച്ച ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നടപടികള്‍ നമ്മുടെ വാണിജ്യത്തിന്റെ അലകും പിടിയും മാറ്റി. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞു. തുറന്ന വിപണികള്‍ നിലവില്‍ വന്നു. ആഗോള വിപണിയുടെ നേരിയ ചലനം പോലും ഇവിടേയും സ്പന്ദിയ്ക്കപ്പെട്ടു. പക്ഷെ, ഇതുണ്ടാക്കിയ മാറ്റം ദൂരവ്യാപകമായിരുന്നു. പരമ്പരാഗതമായ വാണിജ്യ കോയ്മയകള് അവസാനിക്കുകയും പുതിയതരം വിപണിശക്തികളും മൂല്യങ്ങളും പിടിമുറുക്കുകയും ചെയ്തു. ആഗോള റീട്ടെയില്‍ ഭീമന്മാര് പട്ടണങ്ങളിലും എന്തിന് കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലേക്ക് വരെ എത്തിയതോടെ പഴയ വ്യാപാരി സമൂഹം പിന്‍വാങ്ങാന്‍ വിധിക്കപ്പെട്ടു. നമ്മുടെ അങ്ങാടികളും ചന്തകളും പുത്തന്‍രൂപങ്ങളും ഭാവങ്ങളും മൂല്യങ്ങളും എടുത്തണിഞ്ഞു.
തുറന്ന വിപണികള്‍ ഉണ്ടാക്കിയ സാധ്യതകള്‍ വലുതായിരുന്നു. എന്നാല്‍ അതുണ്ടാക്കിയ ആഘാതങ്ങളും അതുപോലെ തന്നെ വലുതായിരുന്നു. പരമ്പരാഗതമായിരുന്ന സമ്പ്രദായങ്ങള്‍ക്കെല്ലാം വലിയ തിരിച്ചടി നേരിട്ടു. വല്ലാതെ മത്സരാത്മകമായ വിപണിയില്‍ പിടിച്ചു നില്ക്കാനാവാതെ പഴയ ശക്തികള്‍ കിതച്ചു. ഇതിന്റെ സാധ്യതകളിലും നിരന്തര അനുരണനങ്ങളിലും തിരയടികളിലും പെട്ട് വിപണികള്‍ സൃഷ്ടിച്ചെടുത്ത, പുറമേതെന്നു കാണാനാവാത്ത ലാബറിന്തുകളില്‍ കുടുങ്ങിക്കിടക്കുകയാണ് മലയാളി സ്വത്വം- സാധ്യതകളില്‍ വ്യാമോഹിതരായും തിരച്ചടികളില്‍ പങ്കിലചിത്തരായും അവര്‍ മത്സരിച്ചുകൊണ്ടേയിരിക്കുന്നു, അവനവനോടും ലോകത്തോടും ഒരുപോലെ.
(അടുത്തലക്കം: മലയാളികളുടെ നാണയങ്ങളുടെ നാള്‍വഴികള്‍) അവലംബം: 1. കേരളത്തിന്റെ ഇന്നലെകള്‍-കെ.എന്‍. ഗണേഷ്, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2. മലബാര്‍ പഠനങ്ങള്‍, സാമൂതിരി നാട്-ഡോ.എന്‍.എം. നമ്പൂതിരി, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 3. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം- പി. ഭാസ്ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 4. കേരളത്തിന്റെ സാംസ്കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 5. മലയാള സംസ്കാരം കാഴ്ചയും കാഴ്ചപ്പാടും, ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം